നീണ്ട എണ്ണൂറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് തെക്ക് പടിഞ്ഞാറൻ ഐസ്ലൻഡിലെ പ്രശസ്തമായ ഫാഗ്രഡാൽസ്ഫ്യൽ ( Fagradalsfjall ) അഗ്നിപർവതം പൊട്ടിത്തെറിച്ചത്. തുടർച്ചയായ ചെറുഭൂചലനങ്ങളുടെ ഫലമായിട്ടാണ് ഫാഗ്രഡാൽസ്ഫ്യൽ സജീവമായത്. പർവതത്തിൽ നിന്ന് ഒഴുകുന്ന ലാവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫാഗ്രഡാൽസ്ഫ്യല്ലിന് സമീപ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കിലോമീറ്ററുകളോളം പ്രദേശത്താണ് ഫാഗ്രഡാൽസ്ഫ്യല്ലിൽ നിന്നുള്ള ലാവ വ്യാപിച്ച് കിടക്കുന്നത്. ഇത് കാണാനായി നിരവധി സന്ദർശകരുമെത്തുന്നുണ്ട്. ഫാഗ്രഡാൽസ്ഫ്യല്ലിലെ മനോഹരമായ കാഴ്ച കാണാൻ ലൈവ് സ്ട്രീമിംഗ് നേരത്തെ ഏർപ്പെടുത്തിയിരുന്നു. ലാവയും മഞ്ഞും ഇടകലർന്ന ഫാഗ്രഡാൽസ്ഫ്യൽ അഗ്നിപർവതത്തിന്റെ അതിമനോഹരമായ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുക്കാൻ വരുന്നവർ ഏറെയാണ്.
സെൽഫികളെടുക്കാൻ മാത്രമല്ല, വിവാഹച്ചടങ്ങുകൾ നടത്താൻ ഇവിടേക്കെത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഒരു മ്യൂസിക് വീഡിയോയും ഇവിടെ ചിത്രീകരിച്ചു കഴിഞ്ഞു. ഐസ്ലൻഡിക് റോക്ക് ബാൻഡ് ' കാലിയോ " ആണ് ' സ്കിന്നി " എന്ന തങ്ങളുടെ പുതിയ മ്യൂസിക് വീഡിയോ ഫാഗ്രഡാൽസ്ഫ്യൽ അഗ്നിപർവതത്തിന്റെ ചുട്ടുപൊള്ളുന്ന ലാവയ്ക്ക് സമീപം ചിത്രീകരിച്ചിരിക്കുന്നത്.
കാലിയോയിലെ മുൻനിര ഗായകനായ ജെ.ജെ. ജൂലിയസ് സൺ ആണ് സജീവ അഗ്നിപർവതത്തിന് മുന്നിൽ ലൈവ് പ്രകടനം കാഴ്ചവച്ചത്. ഇതാദ്യമായല്ല കാലിയോ ബാൻഡ് മ്യൂസിക് വീഡിയോയ്ക്കായി വ്യത്യസ്ത ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നത്. നേരത്തെ കടലിന് നടുവിലെ കൂറ്റൻ പാറയിലും ഐസ്ബർഗിലും നിഷ്ക്രിയമായ ഒരു അഗ്നിപർവ്വതത്തിനുള്ളിലും ഇവർ മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |