SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.03 AM IST

കോട പുളിക്കാൻ കെമിക്കൽ ചാരായ നിർമ്മാണത്തിലും ‘തലമുറ മാറ്റം’  മദ്യദുരന്തം പടിവാതിലിൽ

arrack

കൊല്ലം : ലോക്ക് ഡൗണിന്റെ ഭാഗമായി ബാറുകൾ അടയ്ക്കുകയും വാറ്റും വിൽപ്പനയും പെരുകുകയും ചെയ്തതോടെ സംസ്ഥാനത്ത് മദ്യദുരന്തത്തിനുള്ള സാദ്ധ്യതയേറി. നാടൊട്ടുക്ക് വാറ്റും വിൽപ്പനയും പൊടിപൊടിക്കുന്നതിനിടെ ചാരായ നിർമ്മാണത്തിന് പുതുതലമുറ നടത്തുന്ന പരീക്ഷണങ്ങളും ദുരന്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ചാരായ നിർമ്മാണം പണ്ടുകാലം മുതൽ പതിവുള്ളതാണെങ്കിലും ലോക്ക് ഡൗൺ കാലത്ത് ചാരായത്തിന് ആവശ്യക്കാർ ഏറിയതോടെ ചാരായനിർമ്മാണത്തിലും വിൽപ്പനയിലും ‘തലമുറ മാറ്റം’ പ്രകടമായതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പഴയ ചാരായവാറ്റുകാർ പരമ്പരാഗത രീതിയിലുള്ള വാറ്റുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, പുത്തൻ തലമുറ സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പരതി ഹൈടെക് വിദ്യകളിലൂടെയാണ് കാര്യം സാധിക്കുന്നത്. ഒരാഴ്ചയിൽ കൂടുതൽ പഴക്കമുള്ള കോടയാണ് വാറ്റാൻ സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ, ചാരായത്തിന് ആവശ്യക്കാർ കൂടിയതോടെ കോട പെട്ടെന്ന് പുളിച്ച് പരുവമാകാൻ രാസവസ്തുക്കൾ ചേർക്കുന്നതായാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ കോട വാറ്റാൻ പാകത്തിലാക്കാനാണിത്. ശരീരത്തിന് ഹാനീകരമായ രാസപദാർഥങ്ങൾ ആദ്യം തന്നെ തിളച്ച് ആവിയായി ചാരായത്തിൽ കലരുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.കോട തയ്യാറാക്കാൻ ശർക്കര കലക്കുമ്പോൾ അത് വേഗം പുളിച്ച് പൊന്താൻ ഈസ്റ്റ്,​ സോഡാക്കാരം തുടങ്ങിയ വസ്തുക്കൾ അമിതമായി കലർത്തുന്നുണ്ട്. ഇത് കൂടാതെയാണ് ചാരായത്തിന് ലഹരി കൂട്ടാനുളള രാസപ്രയോഗങ്ങൾ. അന്നനാളം,​ആമാശയം,​ കരൾ,​ പിത്താശയം,​ കിഡ്നി എന്നിവയുടെ പ്രവർത്തനം തകരാറിലാക്കുകയും മാരക രോഗങ്ങൾക്ക് അടിമകളാക്കുകയും ചെയ്യുന്ന വസ്തുക്കളാണ് ചാരായത്തിനൊപ്പം മനുഷ്യശരീരത്തിലെത്തുന്നത്.

ടെക്കികൾ മുതൽ ക്രിമിനലുകൾ വരെ റെഡി!

മദ്യം കിട്ടാനില്ലാതാകുകയും ചാരായത്തിന് വൻ വിലനൽകുകയും ചെയ്യേണ്ടി വന്നതോടെ സംസ്ഥാനത്ത് മദ്യപാന ശീലക്കാരിൽ അമ്പത് ശതമാനവും വാറ്റുകാരായി മാറിയിട്ടുണ്ടെന്ന് എക്സൈസ് പറയുന്നത്. ടെക്നോ പാർക്കിലും മറ്റും ജോലി ചെയ്തിരുന്നവർ മുതൽ നാട്ടിലെ കൂലിപ്പണിക്കാരും ക്രിമിനലുകളും വരെ ഇപ്പോൾ വ്യാജ ചാരായ നിർമ്മാണ രംഗത്ത് സജീവമാണ്. ലോക്ക് ഡൗണിൽ നഗരത്തിലും നാട്ടിൻപുറങ്ങളിലും ഉൾപ്പെടെ തൊഴിൽ മേഖലകൾ നിശ്ചലമാകുകയും സാമ്പത്തിക അടിത്തറ തകരുകയും ചെയ്തു. സാമ്പത്തിക പരാധീനതകൾക്കൊപ്പം മദ്യത്തിന് അമിത വില നൽകേണ്ടിവരുന്ന സാഹചര്യം കൂടിപരിഗണിച്ചാണ് ടെക്കികൾ ഉൾപ്പെടെയുള്ളവർ ചാരായനിർമ്മാണത്തിൽ സ്വയം പര്യാപ്തരായത്. തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടം ഉൾപ്പെടെ പല സ്ഥലങ്ങളിലെയും ടെക്കികൾക്കിടയിൽ വ്യാജ ചാരായത്തിന്റെയും കഞ്ചാവിന്റെയും വിൽപ്പന വർദ്ധിച്ചതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ മുമ്പ് അനധികൃത മദ്യനിർമ്മാണത്തിനും വിൽപ്പനയ്ക്കും പിടിയിലായിട്ടുള്ള പലരും പഴയ കലങ്ങളും കുടങ്ങളും കന്നാസുകളുമായി വാണിജ്യഅടിസ്ഥാനത്തിൽ ചാരായനിർമ്മാണം തുടങ്ങിയിട്ടുണ്ട്. പണ്ടത്തേതു പോലെ നാടിളക്കി കോടകലക്കിയും വിറക് അടുപ്പിൽ വാറ്റിയും അല്ലെന്ന് മാത്രം. നിത്യവും നൂറ് ലിറ്റർ ചാരായം വരെ വാറ്റുന്ന നാടൻ ഡിസ്റ്റിലറികളാണ് നാട്ടിൻപുറങ്ങളിൽ പലയിടങ്ങളിലുമുള്ളത്. ഒറ്റുകാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ തുടർന്ന് പിടിയിലാകുന്നവർ വിരളമാണെന്ന് മാത്രം.ചില്ലറ വിൽപ്പന നടക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് കുറ്റവാളികൾ പിടിക്കപ്പെടുന്നത്. കന്നാസ് കണക്കിന് ചാരായം വാറ്റി രഹസ്യമായി വിൽക്കുന്ന നിരവധി കേന്ദ്രങ്ങൾ പലയിടത്തും സജീവമായിട്ടുണ്ടെന്ന് എക്സൈസ് സമ്മതിക്കുന്നു. യുട്യൂബ് പോലുള്ള നൂതന വിദ്യകളുടെ സഹായത്തോടെ ആർക്കും എത്ര അളവിലും ചാരായം നിർമ്മിക്കാം. ചാരായത്തിന്റെ ഡിമാൻഡ് അനുസരിച്ച് വിലയും കൂടിയിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ 3500 രൂപവരെയാണ് ഇപ്പോൾ ഒരുലിറ്ററിന്റെ വില.വാട്ട്സ് ആപ്പ് ഉൾപ്പെടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ മുഖാന്തിരം നിമിഷങ്ങൾക്കകം സാധനം ആവശ്യക്കാരന്റെ കൈയിലെത്തും.

തൊണ്ടിമുതൽ നിറഞ്ഞ് റേഞ്ചുകൾ

അബ്കാരി കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിച്ചതോടെ ഇടവേളയ്ക്ക് ശേഷം എക്സൈസ് ഓഫീസുകൾ തൊണ്ടിമുതലുകൾ കൊണ്ടു നിറഞ്ഞു.സംസ്ഥാനത്തെ മിക്ക എക്സൈസ് ഓഫീസുകളും കൂറ്റൻ ബാരലുകളും കലങ്ങളും അലൂമിനിയം പാത്രങ്ങളും ഹോസുകളും ചട്ടിയും കുപ്പിയുമൊക്കെയായി. തൊണ്ടിമുതലുകൾക്കൊപ്പം ചാരായം കടത്തുന്നതിനിടെ പിടിയിലാകുന്ന വാഹനങ്ങൾ വേറെ. തൊണ്ടിയിൽ പ്രധാനമായ ചാരായത്തിന്റെ സാമ്പിളുകൾ സൂക്ഷിക്കുന്നതാണ് മറ്രൊരു തലവേദന. കോടതിയിൽ ഹാജരാക്കുന്ന സാമ്പിളുകൾ സൂക്ഷിക്കാൻ എക്സൈസിനെ തന്നെ ചുമതലപ്പെടുത്തുന്നതിനാൽ വിചാരണക്കാലം വരെ നിധി കാക്കുന്ന ഭൂതത്തെപ്പോലെ വാറ്റുചാരായ സാമ്പിളുകളും കാത്തുവയ്ക്കണം. സംസ്ഥാനത്താകമാനം ലോക്ക് ഡൗണിന് ശേഷം രണ്ടായിരം ലിറ്റർ‌ ചാരായം,​ നൂറോളം വാഹനങ്ങൾ,​ അഞ്ചുലക്ഷത്തോളം രൂപ തുടങ്ങിയവയാണ് കഴിഞ്ഞദിവസം വരെ പിടിക്കപ്പെട്ടത്.

സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും

ഹെടെക്ക് വാറ്റുകാരുൾപ്പെടെ അബ്കാരി കുറ്റവാളികളെ കണ്ടെത്തുന്നതിന് സംശയകരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കാനാണ് എക്സൈസിന്റെ തീരുമാനം. സമൂഹമാദ്ധ്യമങ്ങളിലൂടെ ചാരായ നിർമ്മാണത്തെപ്പറ്റി തെരയുന്നവരെയും വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി വിപണനം നടത്തുന്നവരെയും കണ്ടെത്താനാണിത്. സ്ഥിരം അബ്കാരി കുറ്റവാളികൾ ഉൾപ്പെടെ സംശയിക്കപ്പെടുന്നവരുടെ അക്കൗണ്ടുകൾ നിരീക്ഷിച്ചാൽ കുറ്റവാളികളെ കൈയ്യോടെ പൊക്കാമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.