SignIn
Kerala Kaumudi Online
Friday, 29 March 2024 5.23 AM IST

അത് കില്ലർ സ്ക്വാഡുകൾക്കുള്ള കല്പന,​ കലാപവും കൊലപാതകവും നടത്തി കുഴൽപ്പണ വിവാദത്തിൽ നിന്ന് തലയൂരണമെന്ന് ബിജെപി നേതാവ് ആഹ്വാനം ചെയ്തു, ആരോപണവുമായി തോമസ് ഐസക്

kk

തിരുവനന്തപുരം: നാട്ടിൽ കൊലപാതകവും കലാപവും അഴിച്ചുവിട്ട് കൊടകര കള്ളപ്പണ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കണമെന്ന് ബി.ജെ.പി നേതാവ് ടി ജി. മോഹന്‍ദാസ് ആവശ്യപ്പെട്ടെന്ന് മുൻമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ആരോപിച്ചു..
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, വി.വി രാജേഷ് തുടങ്ങിയര്‍ പങ്കെടുത്ത ക്ലബ്ബ്ഹൗസ് യോഗത്തിലാണ് മോഹന്‍ദാസ് തന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു,​ ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തന്‍ പദ്ധതികളാണ്. ഏതോ കില്ലര്‍ സ്‌ക്വാഡുകള്‍ക്കുള്ള കലതന്നെയാണിത്. അനുപാതം കവിഞ്ഞു നില്‍ക്കണം പ്രതികാരം എന്നു കല്‍പ്പിക്കുന്നതിലൂടെ സാധാരണ പ്രവര്‍ത്തകരെയൊന്നുമാവില്ല ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടതെന്നും ഐസക് പറയുന്നു. ഏതെങ്കിലും തരത്തില്‍ ആക്രമണം ആര്‍.എസ്,​എസിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അത് ഈ യോഗ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഡോ. ടി.എം. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

”കുഴല്‍പ്പണക്കേസില്‍ നിന്ന് തലയൂരാന്‍ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കള്‍ക്ക് ടി.ജി മോഹന്‍ദാസ് ഓതിക്കൊടുത്ത ഉപായം, ആ പാര്‍ടിയുടെ മാഫിയാ സ്വഭാവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ബൗദ്ധികവിഭാഗം സംസ്ഥാന കണ്‍വീനറാണത്രേ മോഹന്‍ദാസ്. കുഴല്‍പ്പണവിവാദത്തിലെ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ജനവിശ്വാസം ആര്‍ജിക്കണമെന്നല്ല ബുദ്ധിശാലി ഉപദേശിച്ചുകൊടുക്കുന്നത്. മറിച്ച് നാട്ടില്‍ കലാപവും കൊലപാതകവും അഴിച്ചു വിട്ട് എത്രയും വേഗം വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കണമെന്നാണ്. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തന്‍ പദ്ധതികളാണ്.
അദ്ദേഹത്തിന് എത്രയും വേഗം കുഞ്ഞുസ്‌ഫോടനങ്ങളെ അപ്രസക്തമാക്കുന്ന മെഗാ സ്‌ഫോടനങ്ങള്‍ വേണം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം ഒരു പല്ല് പറിക്കുന്നവരുടെ താടി അടിച്ചു പൊട്ടിക്കണം. ഡിസ്പ്രപ്പോഷണേറ്റ് റിട്ടാലിയേഷന്‍ എന്നും ഇംഗ്ലീഷ് പ്രയോഗവും നടത്തിയിട്ടുണ്ട്. അനുപാതം കവിഞ്ഞ തിരിച്ചടി എന്ന് തര്‍ജമ ചെയ്യാം, ആ പ്രയോഗത്തെ. അതിനുള്ള ആയുധങ്ങള്‍ ആവോളം കൈയിലുണ്ടത്രേ.”

”അന്തംവിട്ടാല്‍ എന്തും ചെയ്യുന്ന പ്രതിയുടെ ഭ്രാന്തുപിടിച്ച അവസ്ഥയിലേയ്ക്ക് ബിജെപി നേതൃത്വം നിലം പതിച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട യുവമോര്‍ച്ചക്കാര്‍ പങ്കെടുത്ത ക്ലബ്ബ്ഹൗസ് യോഗത്തിലാണ് ഈ ആഹ്വാനം എന്ന് ഓര്‍ക്കുക. ഏതോ കില്ലര്‍ സ്‌ക്വാഡുകള്‍ക്കുള്ള കല്‍പന തന്നെയാണിത്. വീര്യം നഷ്ടപ്പെട്ട അണികളെ ഉത്തേജിപ്പിക്കാന്‍ കുരുതിയ്ക്കുള്ള ആഹ്വാനം. അനുപാതം കവിഞ്ഞു നില്‍ക്കണം പ്രതികാരം എന്നു കല്‍പ്പിക്കുന്നതിലൂടെ സാധാരണ പ്രവര്‍ത്തകരെയൊന്നുമാവില്ല ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടത്. 2016ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ കണ്ണൂരിനെ ചോരക്കളമാക്കാന്‍ ആര്‍എസ്എസ് നടത്തിയ കളികളാണ് ഈ ഘട്ടത്തില്‍ ഓര്‍മ്മ വരുന്നത്. എല്‍ഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേയ്ക്ക് ബോംബെറിഞ്ഞാണ് സഖാവ് രവീന്ദ്രനെ വകവരുത്തിയത്. തൊട്ടുപിന്നാലെ സ. സി.വി ധനരാജിന്റെ കൊലപാതകം. അതിനുപിന്നാലെ സഖാവ് മോഹനന്റെ കൊലപാതകം. അടുപ്പിച്ചടുപ്പിച്ച് മൂന്നു കൊലപാതകങ്ങളാണ് അവര്‍ നടത്തിയത്.”

”അതില്‍ സ. ധനരാജിന്റെ കൊലയാളികളില്‍ പാറശാല പരശുവയ്ക്കല്‍ സ്വദേശിയും ഉണ്ടായിരുന്നു. പാറശാലക്കാരന് കണ്ണൂരുകാരനോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്തത് ഈ പാറശാല സ്വദേശിയാണ്. ഇത്തരത്തില്‍ ഇരയെ തെരഞ്ഞെടുക്കാനും കൊല ആസൂത്രണം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട കാര്യവാഹകന്മാര്‍ ആര്‍എസ്എസിലുണ്ട് എന്ന് സംശയലേശമെന്യെ സമൂഹത്തിന് ബോധ്യമായത് ഈ കൊലപാതകത്തിലെ പാറശാല സ്വദേശിയുടെ സാന്നിധ്യത്തിലൂടെയാണ്. ഇത്തരം ക്രിമിനലുകള്‍ ഉള്‍പ്പെട്ടിരുന്ന യോഗത്തിലാണോ ടി.ജി മോഹന്‍ദാസിന്റെ ആഹ്വാനം എന്ന് സംസ്ഥാന പോലീസും ഇന്റലിജന്‍സ് വിഭാഗവും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, വി.വി രാജേഷ് തുടങ്ങിയവരൊക്കെ സന്നിഹിതരായിരുന്ന ക്ലബ്ബ്ഹൗസ് യോഗത്തിലാണ് മോഹന്‍ദാസ് തന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചത്. ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഇനി നാം പ്രതീക്ഷിക്കുക തന്നെ വേണം. സംസ്ഥാനത്ത് നിലവില്‍ യാതൊരു രാഷ്ട്രീയസംഘര്‍ഷവും നിലനില്‍ക്കുന്നില്ല. ഈ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമം ആര്‍എസ്എസിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അത് ഈ യോഗതീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തം. കുഴല്‍പ്പണക്കേസ് ബിജെപി സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ പൂര്‍ണ്ണമായും തകര്‍ക്കും. ബിജെപിയുടെ വോട്ട് ശതമാനം 2016 തെരഞ്ഞെടുപ്പുവരെ അനുക്രമമായി വര്‍ദ്ധിച്ചുവന്നത് താഴ്ന്നുതുടങ്ങി. ഈ ഇടിവിന് കുഴല്‍പ്പണം ആക്കം കൂട്ടും. ഇത് എത്രമാത്രം അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ക്ലബ്ബ്ഹൗസിലെ അവരുടെ കൂടിച്ചേരലിലെ വര്‍ത്തമാനങ്ങള്‍. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ രഹസ്യമല്ല, പബ്ലിക് ഡൊമൈനില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കു ലഭ്യമാക്കാനാവും എന്നുപോലും ഈ നേതാക്കന്‍മാര്‍ക്കു തിരിച്ചറിവില്ലാതെ പോയിയെന്നതും വിസ്മയകരമാണ്.”

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, THOMAS ISAAC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.