SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.10 PM IST

ഇവർ സർക്കാരിന്റെ മക്കൾ

kk

കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവി എന്താവും? ഇവരെ ആര് പരിപാലിക്കും? വിദ്യാഭ്യാസം പൂർത്തിയാക്കി പ്രായപൂർത്തി നേടി സ്വന്തം കാലിൽ നില്ക്കാൻ ഇവർക്കിനിയും വേണം പത്തോ പതിനഞ്ചോ വർഷങ്ങൾ. ഇവരെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോൾ സുപ്രീം കോടതിയും പ്രകടിപ്പിക്കുയുണ്ടായി. സർക്കാരുകൾ ഇവരെ ഏറ്റെടുക്കുമെന്നും പരിപാലിക്കാൻ വേണ്ട പണം ചെലവിടുമെന്നും ബാങ്കിൽ നിക്ഷേപിക്കുമെന്നുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഈ വിഷയത്തിനോടുള്ള മാനവികമായ പ്രാഥമിക പ്രതികരണമായി കണ്ടാൽ മതി. സർക്കാരുകളുടെ ആശയശുദ്ധിക്കും ഫലപ്രദമായ നിർവ്വഹണത്തിനുമിടയ്ക്ക് ഒരുപാട് കാര്യങ്ങൾ വഴുതിപ്പോകാം. നിർവ്വഹണത്തിൽ സംഭവിക്കാവുന്ന പിഴവും സ്വാർത്ഥതാല്പര്യങ്ങളുടെ ഇടപെടലും ഇക്കാര്യത്തിൽ അനുവദിക്കാവുന്നതല്ല. രക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ നിരപരാധികളായ കുരുന്നുകളുടെ ജീവിതമാണ് മുന്നിൽ. അമ്മയും അച്ഛനും ജീവിച്ചിരുന്നെങ്കിൽ ഇവർ ജീവിതത്തിൽ എന്തായി തീരുമായിരുന്നുവോ അതിനേക്കാൾ മെച്ചപ്പെട്ട ജീവിതം ഇവർക്ക് നേടിക്കൊടുക്കുക എന്ന പരവിശിഷ്ടമായ ലക്ഷ്യമായിരിക്കണം സർക്കാരുകളെ നയിക്കേണ്ടത്. ഇത് പരാജയപ്പെടാനോ വികലമാക്കപ്പെടാനോ പാടില്ലാത്ത ജീവനദൗത്യം. ഇവരെ പരിരക്ഷിക്കാനുള്ള വിഭവശേഷിയും അധികാരവും ബാധ്യതയും സർക്കാരുകൾക്കല്ലാതെ മറ്റാർക്കാണ്?

അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാനായി ചിലർ മുന്നോട്ടു വന്ന സാഹചര്യത്തിൽ അതിൽ അന്തർഭവിച്ചിരിക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എല്ലാ ദത്തെടുക്കലും സദുദ്ദേശ്യത്തോടെ ആയിക്കൊള്ളണമെന്നില്ലല്ലോ. 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായി മാത്രമേ ദത്തെടുക്കൽ അനുവദിക്കാവൂ എന്നതിൽ തർക്കമില്ല. എന്നാൽ അത് കൊണ്ട് മാത്രം ചൂഷണസാധ്യതകൾ നിശ്ശേഷം നിവാരണം ചെയ്യാൻ സാധിക്കുമോ? രക്ഷകരില്ലാത്ത ഈ കുഞ്ഞുങ്ങളുടെ വിവരങ്ങൾ ചോർത്തിക്കൊടുത്ത് അവരെ അവിഹിതമായ പ്രവർത്തനങ്ങളിലേക്ക് തള്ളി വിടാനുള്ള സാധ്യതകളെക്കുറിച്ചും കമ്മിഷൻ ആശങ്കപ്പെടുന്നുണ്ട്. ഇത് കേവലം നിയമപരമായ പ്രശ്നമല്ല. ഈ കുഞ്ഞുങ്ങളുടെ അനാഥത്വം ഒരു ധാർമ്മികസമസ്യയും മാനുഷിക പ്രശ്നവുമാണ്.. സർക്കാരിന്റെ സാധാരണനിലയ്ക്കുള്ള പദ്ധതികൾക്കതീതമായി സമീപിക്കേണ്ട ഭരണപരമായ വെല്ലുവിളിയുമാണ് .

ദേശീയ ബാലാവകാശ കമ്മിഷന്റെ കണക്കനുസരിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട 3621 കുട്ടികളും, ഏതെങ്കിലും ഒരു രക്ഷിതാവ് നഷ്ടപ്പെട്ട 26176 കുട്ടികളും, ഉപേക്ഷിക്കപ്പെട്ട 274 കുട്ടികളുമാണ് രാജ്യത്തൊട്ടാകെയുള്ളത്. ഈ എണ്ണം വർദ്ധിക്കുകയുമാണ്. ഈ കണക്കുകൾ എത്ര കണ്ട് കൃത്യമാണെന്ന് അറിഞ്ഞുകൂടാ. കേരളത്തിൽ നൂറിൽ താഴെയാണ് സംരക്ഷണം വേണ്ട കുട്ടികൾ. എണ്ണം കൊണ്ട് സർക്കാരിന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് ഈ പ്രശ്നമെന്ന് തോന്നിയേക്കാം. ഇതിനെക്കാൾ എത്രയോ വിപുലമായ വിഷയങ്ങൾ നേരിടാൻ കഴിയുന്ന സർക്കാർ സംവിധാനത്തിന് ഇത് ലളിതമായി കൈകാര്യം ചെയ്യാൻ കഴിയും എന്ന് വിചാരിച്ചു പോകുന്നത് സ്വാഭാവികം. ആ നിഗമനത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇന്നലെ വരെ മാതാപിതാക്കൾക്കൊപ്പം ജീവിച്ചിരുന്ന കുരുന്നുകൾക്ക് അവരിപ്പോഴില്ല എന്ന യാഥാർഥ്യത്തിന്റെ ആഘാതം ഒരു പക്ഷെ പൂർണമായി ഉൾക്കൊളളാൻ പോലും ഇതുവരെ കഴിഞ്ഞിട്ടുണ്ടാവുകയില്ല. വൈകാരിക സൂക്ഷ്മത അനുപേക്ഷണീയമായ ഈ വിഷയത്തെ സമീപിക്കുമ്പോൾ ചില സത്യങ്ങൾ അംഗീകരിച്ചേ മതിയാവൂ.സർക്കാരിന് പണം മുടക്കാനേ കഴിയൂ. സ്‌നേഹം കൊടുക്കാനാവില്ല. സർക്കാർ വകുപ്പുകൾക്ക് മാത്രമായി നടത്തി വിജയിപ്പിക്കാവുന്ന ഒന്നല്ല ഈ സംരക്ഷണ ദൗത്യം. എന്നാൽ സർക്കാരിന്റെ പൂർണ്ണ പങ്കാളിത്തമില്ലാതെ ഇത് നടത്താൻ കഴിയുകയുമില്ല. പരമപ്രധാനമായ കാര്യം ഈ കുട്ടികൾ സ്വാഭാവികമായും അനുഭവിക്കുന്ന വൈകാരികമായ അരക്ഷിതാവസ്ഥ എങ്ങനെ ലഘൂകരിക്കാമെന്നതാണ്. ബന്ധുക്കളുടെ സഹകരണവും സന്നദ്ധതയും അവഗണിക്കാനാവുകയില്ല. എല്ലാ ബന്ധുക്കളും ഈ കുട്ടികളോട് മോശമായി പെരുമാറും എന്ന് സാമാന്യവത്കരിക്കുന്നത് ശരിയല്ല. മോശമായി പെരുമാറുന്നവർ ഉണ്ടാവുകയില്ല എന്നും നിരൂപിച്ചുകൂടാ. ഇപ്പോൾ അവരോടു കരുണയോടെ പെരുമാറുന്ന ബന്ധുക്കളുടെ സ്വഭാവം നാളെ മാറിക്കൂടെന്നുമില്ല. ഇവർക്കു സർക്കാർ അനുവദിക്കുന്ന പണം സംരക്ഷകന്റെ വേഷമട്ടു വരുന്ന ബന്ധുക്കൾ അപഹരിക്കുമോ? അർഹതപ്പെട്ട ആനുകൂല്യങ്ങളും അവസരങ്ങളും കുട്ടികൾക്ക് നിഷേധിക്കുമോ? അത് ഭയന്നിട്ടു നല്ല ബന്ധുക്കളെ സംശയിക്കുകയാണെങ്കിൽ അതും അപരാധമായിരിക്കും.

ഉചിതമായ ഒരു പദ്ധതി കരുപ്പിടിപ്പിക്കുകയെന്നത് സങ്കീർണ്ണമാണ്. അതംഗീകരിക്കുന്നതോടെ സങ്കീർണ്ണത കുറയുകയും ചെയ്യും. ശിശു മനഃശാസ്ത്രജ്ഞരോടും മറ്റു വിദഗ്ദ്ധരോടും, ആത്മാർത്ഥതയും സത്യസന്ധതയും പ്രതിബദ്ധതയും തെളിയിച്ചിട്ടുള്ള സന്നദ്ധ സംഘടനകളോടും വിശദമായി കൂടിയാലോചിച്ചു മാത്രമേ ഈ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി ആവിഷ്‌കരിക്കാൻ പാടുള്ളൂ. പെട്ടെന്ന് നടത്തുന്ന ഏതൊരു പ്രഖ്യാപനവും, സ്ഥിരം ശൈലിയിലുള്ള സർക്കാർ പദ്ധതികളും ഉദ്ദേശ്യത്തിന്റെ വിപരീത ദിശയിലേ ചെന്നെത്തൂ.

എന്തൊക്കെയായിരിക്കണം സർക്കാർ വിഭാവനം ചെയ്യുന്ന ഈ പദ്ധതിയുടെ ലക്ഷ്യങ്ങളും സവിശേഷതകളും? ഈ കുട്ടികൾക്ക് കൂട്ടുകാർക്കിടയിൽ മാന്യതയുണ്ടാവണം. സമൂഹത്തിൽ അവർ സർക്കാരിന്റെ ദത്തുപുത്രനോ /പുത്രിയോ ആയിരിക്കണം. എന്നാൽ സർക്കാരിന്റെ ഔദാര്യത്തിൽ കഴിയുന്നവരാണെന്ന ധാരണ ഉണ്ടാകാനും പാടില്ല. ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയുമനുസരിച്ച് വിദ്യാഭ്യാസത്തിലും പാഠ്യേതര മേഖലകളിലും ഇവർക്കു മുൻപോട്ടു പോകാൻ സാധിക്കണം. അമ്മയോ അച്ഛനോ ഉണ്ടായിരുന്നെങ്കിൽ കിട്ടുമായിരുന്ന സ്‌നേഹം പകരം വയ്ക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും തങ്ങൾ അനാഥരല്ലെന്നും തങ്ങൾക്കു രക്ഷകരുണ്ടെന്നുമുള്ള വിചാരം ഇവരിൽ ഊട്ടി വളർത്തണം. സർക്കാരുകൾ മാറുമ്പോഴും ഈ ക്രമീകരങ്ങൾ അഭംഗുരം തുടരണം. സർക്കാർ അനുവദിക്കുന്ന പണത്തിനു വേണ്ടി ഓഫിസുകൾ കയറിയിറങ്ങാൻ കുട്ടികൾക്കോ സംരക്ഷകർക്കോ ഇടവരാതിരിക്കണം. സ്‌നേഹത്തിന്റെ വെല്ലുവിളിയാണിത്. സർക്കാർ പദ്ധതിയിൽ സ്‌നേഹത്തിന്റെ സാന്നിധ്യം എങ്ങനെ ഉറപ്പുവരുത്താമെന്ന് അനുതാപപൂർവം ചിന്തിച്ചും, വ്യത്യസ്തമായി സമീപിച്ചും, ഓരോ കുട്ടിക്കും പ്രത്യേകതകളുണ്ടെന്നു അംഗീകരിച്ചും, ആ സവിശേഷതകളെ പരിചരിക്കാൻ സ്വാതന്ത്ര്യം കൊടുത്തും, വാർപ്പ് മാതൃകകളെ വർജ്ജിച്ചും ഒരുജ്ജ്വല സ്‌നേഹപദ്ധതിക്ക് രൂപം കൊടുക്കണം. ആ കേരള മാതൃക രാജ്യത്തിന് വഴികാട്ടിയാവണം. ഒരു പക്ഷെ കേരളതതിനു മാത്രമേ അതിനു കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.