SignIn
Kerala Kaumudi Online
Monday, 14 June 2021 8.24 AM IST

പട്ടത്തുവി​ളയുടേത് വേറിട്ട പാത

pattthuvila

പട്ടത്തുവി​ള കരുണാകരൻ എന്ന കഥാകൃത്തിനെ ഇന്നത്തെ തലമുറയിൽ എത്രപേർ അറിയും...?

ബഷീറും ,എം.ടിയും ,ടി.പദ്മനാഭനും ,മാധവിക്കുട്ടിയുമൊക്കെ കഥാലോകത്ത് ജ്വലിച്ചുയരുന്ന കാലത്തുതന്നെയാണ് അവരിൽനിന്നൊക്കെ വ്യത്യസ്തമായി എഴുതി കരുണാകരൻ സാഹിത്യലോകത്ത് തന്റെ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ചത്. ഒരുപിടി കഥകളെ എഴുതിയുള്ളു.എന്നാൽ അവ ഓരോന്നും ഒന്നിനൊന്നു മെച്ചമായിരുന്നു.മലയാള ചെറുകഥാ രംഗത്തെ എല്ലുറപ്പുള്ള ,ദാർശനികനായ എഴുത്തുകാരനായിരുന്നു പട്ടത്തുവിള കരുണാകരൻ.

മഹാ സൗഹൃദങ്ങളുടെ നഗരമായിരുന്ന കോഴിക്കോട്ടാണ് ജീവിതത്തിന്റെ വലിയൊരു കാലയളവ് അദ്ദേഹം ചെലവഴിച്ചത് . ആ സൗഹൃദ കൂട്ടായ്മയിലേക്ക് പൊടിയൻ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന പട്ടത്തുവിള എത്തിയതിനെക്കുറിച്ച് എം.ടി.എഴുതിയത് ഇങ്ങനെയായിരുന്നു.

" കൗമുദിയിലും മറ്റും എഴുതാറുള്ള പട്ടത്തുവിള കരുണാകരൻ കോഴിക്കോട്ട് വന്നിരിക്കുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞു.കൗമുദി ബാലകൃഷ്ണന്റെ അടുത്ത സുഹൃത്താണ്.കൊല്ലത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ് .പിയേഴ്സ് ലെസ്ലി കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്.-ഇത്രയും വിവരങ്ങളാണ് അറിഞ്ഞത്. അതിലുമൊക്കെ വലുത് അമേരിക്കയിൽ പഠിച്ച ആളാണ് എന്ന വാർത്തയായിരുന്നു."

.( പൊടിയൻ-എം.ടി.വാസുദേവൻനായർ ).

കോഴിക്കോടൻ ജീവിതത്തെക്കുറിച്ച് പട്ടത്തുവിള കരുണാകരന്റെ ഭാര്യ സാറ ( സരസ്വതി )

എഴുതിയിട്ടുണ്ട്.-" കല്യാണം കഴിഞ്ഞ് ഡിസംബറിൽ കോഴിക്കോട്ടിന് പോയി.അതുവരെയും എന്റെ വീട് വിട്ടെങ്ങും പോയിട്ടില്ല.സാഹിത്യകാരൻമാരും മറ്റും വീട്ടിൽ വരുമ്പോൾ വിളിച്ചു പരിചയപ്പെടുത്തും.തിക്കോടിയൻ, വാസു (എം.ടി.) വി.കെ.എൻ, ദേവൻ,എൻ.പി.മുഹമ്മദ് ,കെ.എ.കൊടുങ്ങല്ലൂർ, അരവിന്ദൻ ,ആർട്ടിസ്റ്റ് നമ്പൂതിരി, ...ഇവരൊക്കെ വളരെ ഫ്രണ്ട്ലിയായിരുന്നു.ചിലപ്പോൾ ഇവരോടൊക്കെ എനിക്ക് ദേഷ്യവും വന്നിട്ടുണ്ട്. വന്നാൽ അവരങ്ങ് ഒരുപാടുനേരം തങ്ങും.ചിലപ്പോൾ എല്ലാരും കൂടി പോകും.കേരളകൗമുദിയിലെ എൻ.രാമചന്ദ്രൻ ഉറ്റ സുഹൃത്തായിരുന്നു. അടൂർഭാസിയുമായിട്ടും വളരെ അടുപ്പമായിരുന്നു.ബഷീറിനോടും തിക്കോടിയനോടും എം.ടിയോടും നല്ല ബന്ധമായിരുന്നു.വി.കെ.എൻ ഞാനുള്ളപ്പോൾ അങ്ങനെ വരികയില്ല.ഞാൻ വീട്ടിലോട്ട് പോകുമ്പോൾ കുഞ്ഞിരാമൻ എന്നൊരു അരിവയ്പുകാരനെയും കൂട്ടി വി.കെ.എൻ വരും.ഞാൻ വരുന്നുണ്ടെന്നറിയുമ്പോൾ സ്ഥലം വിടുകയും ചെയ്യും."

.( കരുണേട്ടനെക്കുറിച്ചുള്ള ചില ഓർമ്മകൾ-സാറാ കരുണാകരൻ ).

വിപ്ളവവും അതിന്റെ ദാർശനിക സമസ്യകളും പട്ടത്തുവിളയുടെ കഥകളിൽ പ്രതിഫലിച്ചിരുന്നു.സ്വപ്നം കണ്ട വിപ്ളവം യാഥാർത്ഥ്യമാകാതെ പോയത് എഴുത്തുകാരനെ അലട്ടിയിരുന്നു. മലയാള എഴുത്തുകാരിൽ വിപ്ളവത്തെ കുറിച്ച് ചിന്തിക്കുകയും അതിന്റെ അന്തർധാര രചനകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു പട്ടത്തുവിള.നക്സലിസത്തിൽ ആകൃഷ്ടനായിരുന്നു. കെ.വേണുവുമായി ഉറ്റബന്ധം പുലർത്തിയിരുന്നു." വിപ്ളവ പ്രസ്ഥാനങ്ങളുടെ നേരെയുള്ള തന്റെ കലവറയില്ലാത്ത ആദരവ് നിമിത്തം അതിന്റെ വ‌ൃദ്ധിക്ഷയങ്ങളെ വികാരപരതയോടെ തന്നെയാണ് പട്ടത്തുവിള നോക്കിക്കാണുന്നത്. " ബലി എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തിൽ പറയുന്നു.

' ബൂർഷ്വാസ്നേഹിതൻ, അല്ലോപനിഷത്, കണ്ണേ മടങ്ങുക, മുനി തുടങ്ങി ശ്രദ്ധേയമായ അനവധി കഥകൾ പട്ടത്തുവിളയുടേതായിട്ടുണ്ട്. മുനി എന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.പട്ടത്തുവിളയുടെ കഥകളുടെ സമ്പൂർണ്ണ സമാഹാരം പുറത്തിറങ്ങിയിരുന്നു.ശക്തമായ ഭാഷയായിരുന്നു പട്ടത്തുവിളയുടേത്.

കൊല്ലത്തെ പ്രശസ്തമായ പട്ടത്തുവിള കുടുംബത്തിലെ അംഗമായ കരുണാകരൻ കേരളകൗമുദി പത്രാധിപ സമിതി അംഗമായി കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്.തുടർന്നാണ് അമേരിക്കയിൽ എം.ബി.എ പഠനത്തിന് പോയത്.ന്യൂയോർക്കിലെ സിറാക്യൂസ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.പിയേഴ്സ് ലെസ്ലി കമ്പനിയിൽ ജനറൽ മാനേജരായിട്ടാണ് വിരമിച്ചത്.അരവിന്ദന്റെ ആദ്യ ചിത്രമായ ഉത്തരായണത്തിന്റെ നിർമ്മാതാവ് പട്ടത്തുവിള കരുണാകരനായിരുന്നു. കരുണാകരൻ -സാറാ ദമ്പതികൾക്ക് രണ്ട് മക്കളാണ്.അനിതയും അനുരാധയും.സാറ ഏതാനും വർഷം മുമ്പ് പോയി.

" പപ്പ മരിച്ചിട്ട് 36 വർഷമാകുന്നു.. വളരെ നേരത്തെയായിരുന്നു മരണം .മരിക്കുമ്പോൾ പപ്പയ്ക്ക് 59 വയസേ ഉണ്ടായിരുന്നുള്ളു .വലിയ സ്നേഹമായിരുന്നു.ഞങ്ങൾ എങ്ങോട്ടെങ്കിലും യാത്രപോയാൽ തിരികെ വരുന്നതുവരെ ഉത്ക്കണ്ഠയായിരിക്കും. കഥകളുടെ കാര്യമൊന്നും വീട്ടിൽ ചർച്ച ചെയ്യുമായിരുന്നില്ല. അനുരാധയുടെ മകൾ നേരത്തെ കവിതയൊക്കെ എഴുതിയിരുന്നതല്ലാതെ പുതിയ തലമുറയിൽ എഴുത്തുകാർ ആരുമില്ല. ." -മൂത്തമകൾ അനിത പറയുന്നു. ഭർത്താവ് ഡോ.വേണു വേലായുധനൊപ്പം ലണ്ടനിലും ഹോങ്കോംഗിലുമായിരുന്ന അനിത അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. അനുരാധ കുടുംബസമേതം ലണ്ടനിലാണ്.

" കോഴിക്കോടായിരുന്നുവെങ്കിലും വർഷത്തിൽ രണ്ടുതവണയെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും വരും.അച്ഛനുമായി നല്ല അറ്റാച്ച്മെന്റായിരുന്നു. അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. എന്തെങ്കിലുമൊക്കെ ആലോചിച്ച് കൊണ്ടിരിക്കും. " സഹോദരൻ പട്ടത്തുവിള ഭാസ്ക്കരന്റെ മകൻ മനോജ് ഭാസ്ക്കർ പറയുന്നു.കൊല്ലത്ത് കടപ്പാക്കടയാണ് സ്വദേശം.അവിടെ സ്പോർട്സ് ക്ളബ്ബിൽ പട്ടത്തുവിള കരുണാകരൻ സ്മാരക ഓഡിറ്റോറിയം ഉണ്ട്. യഥാർത്ഥ സ്മാരകം പട്ടത്തുവിളയുടെ കഥകൾ തന്നെയാണ്.ഇന്നും പ്രസക്തമായ കഥകൾ.

കഴിഞ്ഞ ശനിയാഴ്ച പട്ടത്തുവിള കരുണാകരന്റെ ചരമവാർഷികദിനമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAALAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.