SignIn
Kerala Kaumudi Online
Monday, 14 June 2021 7.13 AM IST

കോൺഗ്രസിൽ ഒരു മാസ് എൻട്രി

k-sudhakaran

കെ. സുധാകരന് എത്ര വയസായി എന്ന് ആരും ചോദിക്കില്ല. വീറുള്ള ചെറുപ്പമാണ് കുമ്പക്കുടി സുധാകരൻ. അണികളെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തെപ്പോലെ ഒരാൾ ഇപ്പോൾ കേരളത്തിലെ കോൺഗ്രസിൽ ഇല്ല. ചിലർ പറയുന്നതുപോലെ പരിണിത പ്രജ്ഞനായ ഒരാളല്ലായിരിക്കാം അദ്ദേഹം. അങ്ങനെയൊരാളെ കേരളരാഷ്ട്രീയം ഇപ്പോൾ ആവശ്യപ്പെടുന്നുമില്ല.

തലശ്ശേരി ബ്രണ്ണൻ കോളേജ് ഫുട്ബാൾ ടീമിന്റെ സ്റ്റോപ്പർ ബാക്കായിരുന്ന കെ.സുധാകരൻ സംസ്ഥാന കോൺഗ്രസിന്റെ ക്യാപ്ടനാവുകയാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല മാറിയപ്പോൾ മുതൽ കേൾക്കുന്നതാണ് സുധാകരന്റെ പേര്. ജാതി സമവാക്യങ്ങൾകൂടി അതിന് ബലമേകിയപ്പോൾ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ കാറ്റ് മുല്ലപ്പള്ളിയിലേക്ക് മാറി വീശുകയായിരുന്നു.

സുധാരന് ഒരു രാഷ്ട്രീയ ഗുരു ഉണ്ടാകാനിടയില്ല. കണ്ണൂർ പൊളിറ്റിക്സിനോട് സന്‌ധിയില്ലാതെ പൊരുതി സ്വയം രൂപപ്പെടുത്തിയ ഗുരുത്വമാണ് സുധാകരനുള്ളത്. അതിന്റെ ആകർഷണവലയത്തിൽ രൂപപ്പെട്ട വലിയൊരു ആരാധകവൃന്ദമുണ്ട്. അവാരാണ് 'സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്ന് ഒരു ദശാബ്ദമായി മുറവിളികൂട്ടിയത്. അവർക്ക് ആവേശം പകരുന്ന ഇന്ധനം സുധാകരനിൽ നിന്നുതന്നെ ലഭിച്ചിട്ടുമുണ്ടാവാം. ഒരു നേതാവിന്റെയും ആളായല്ല സുധാകരൻ വളർന്നു പന്തലിച്ചത്. അത് വലിയ യോഗ്യതയാണെങ്കിലും അയോഗ്യതയായാണ് പലപ്പോഴും വന്നു ഭവിച്ചത്. അതൊന്നും സുധാകൻ വകവച്ചിരുന്നുമില്ല. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റാവാതിരിക്കാൻ പലതരം കുന്തങ്ങൾകൊണ്ട് പലവഴി പിന്നിലൂടെ കുത്തിയവരെല്ലാം മുനയൊടിഞ്ഞ കുന്തങ്ങൾക്ക് മൂർച്ചകൂട്ടാനായി സ്വന്തം ലാവണങ്ങളിൽ തീകൂട്ടുന്ന സമയത്താണ് പകരക്കാരില്ലാത്ത നേതാവായി സുധാകരൻ അവരോധിതനാകുന്നത്.

കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും തേജസുള്ള മുഖമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. കോൺഗ്രസ് സംസ്കാരത്തിന്റെ എല്ലാ നല്ല വശങ്ങളും ഒത്തിണങ്ങിയ നേതാവ്. അദ്ദേഹത്തെ മാറ്റിയിട്ടാണ് 'വെട്ടൊന്ന് തലകൾ നൂറ് 'എന്ന മട്ടിലുള്ള മല്ലയുദ്ധവീരനെ കളത്തിലിറക്കിയിരിക്കുന്നത്. നിയമസഭ തിരഞ്ഞടുപ്പിനു രണ്ടുമാസം മുമ്പു മുതൽ സുധാകരനെ പ്രിഡന്റാക്കണമെന്ന നിലപാടിലേക്ക് രാഹുൽഗാന്ധിയുടെ മനസ് എത്തിയിരുന്നു. കെ. കരുണാകരൻ രൂപപ്പെടുത്തിയ ക്രൗഡ് പുള്ളർ പരിവേഷവും പ്രവർത്തകരെ ഒപ്പം നിറുത്താനുള്ള മാജിക്കും കെ. സുധാകരനുമുണ്ട്. അത് മുതലെടുക്കുകയാണ് അഭികാമ്യം എന്ന് ഹൈക്കമാൻഡിനും തോന്നിയിട്ടുണ്ടാവും. പ്രസിഡന്റു സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി സ്വയം പിൻമാറിനിൽക്കെ, മറ്റൊരു ഓപ്ഷൻ എന്ന നിലയിൽ താത്കാലിക പ്രസിഡന്റിനെപോലും വയ്ക്കാതെ നേരെ സുധാകരനിലേക്ക് എത്തിയതിൽ നിന്ന് വ്യക്തമാകുന്നത് അതാണ്. സി.പി.എം പാർട്ടിഗ്രാമങ്ങളും സംഘപരിവാർ കോട്ടകളും നിറഞ്ഞ കണ്ണൂരിൽ കോൺഗ്രസിനെ ശാക്തീകരിക്കാമെങ്കിൽ എന്തുകൊണ്ട് കേരളത്തെയാകെ സുധാകരന് നയിച്ചുകൂടായെന്ന് ഹൈക്കമാൻഡ് ചിന്തിച്ചിട്ടുണ്ടാവും.

പിണറായി വിജയന്റെ അഭിനവ ചാണക്യതന്ത്രങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതാവും കെ.സുധാകരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിലെ കോൺഗ്രസിനെ കെ. സുധാകരനെ ഏല്‌പിക്കൂ, എന്ന മുറവിളി ശക്തമായതും അതുകൊണ്ടാണ്. ഓരോ ശ്വാസോച്ഛ്വാസത്തിലും അധികാരം എന്ന് മന്ത്രിച്ച് നടക്കുന്ന നേതാക്കളെക്കൊണ്ട് നിറഞ്ഞ പാർട്ടിയാണ് ഇന്ന് സംസ്ഥാന കോൺഗ്രസ്. കോൺഗ്രസിന്റെ കൽപ്പിത സംസ്കാരവുമായി ചേരാത്ത സമീപനങ്ങളാണ് കെ.സുധാകരന്റേതെന്നും എല്ലാവർക്കും അറിയാം. ഇനി കാണാം പോര് എന്ന മട്ടിലാണ് കോൺഗ്രസിനകത്തും പുറത്തുമുള്ളവർ ആ വരവിനെ നോക്കുന്നത്.

'താൻ ഉപരിതല രാഷ്ട്രീയത്തിൽനിന്നു വളർന്നുവന്നവനല്ല, ഗ്രാസ് റൂട്ടിൽനിന്നു വന്നവനാണെന്നും സംഘടനാ രംഗത്തെ ദൗർബല്യമാണ് പാർട്ടിയെ തകർച്ചയിലേക്ക് തള്ളിയിട്ടത്' എന്നും തിരിച്ചറിയുന്ന കെ. സുധാകരൻ അതിന്റെ വെളിച്ചത്തിലാവും മുന്നോട്ട് നീങ്ങുക. ഓരോ നിഴലിനു പിന്നിലും പതിയിരിക്കുന്ന കുന്തമുനകളെയും കുപ്പിച്ചില്ലുകളെയും കുറിച്ച് നല്ല ബോദ്ധ്യമുള്ള സുധാകരന് പാർട്ടിക്കകത്തും പുറത്തും പലതും ചെയ്യാനാവും. കോൺഗ്രസിലുണ്ടായ ശൈഥില്യവും തകർച്ചയും വി.എം.സുധീരനോ മുല്ലപ്പള്ളിയോ സൃഷ്ടിച്ചതല്ല. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്ത, ആ പ്രക്രിയ തന്നെ വിസ്മരിച്ച നിലയിലാണ് കോൺഗ്രസ്. ആശ്രിതന്മാരെ പോറ്റാനുള്ള ഇരിപ്പിടങ്ങളാക്കി പാർട്ടി പദവികളെ ഗ്രൂപ്പ് മാനേജർമാർ പങ്കിട്ടെടുത്തതോടെ കോൺഗ്രസിന്റെ തകർച്ച വിശാലമായി. പാർട്ടി പറയുന്നതിനേക്കാൾ ഗ്രൂപ്പ് പറയുന്നതിനു പ്രാമുഖ്യം വരുന്ന നില മാറണം എന്നുതന്നെയാണ് പ്രസിഡന്റു സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും വന്നവരെല്ലാം പറഞ്ഞത്. അത് വാക്കാൽ ആവർത്തിക്കുകയല്ല, നടപ്പിലാക്കുകയാണ് തന്റെ ശൈലി എന്ന് കെ. സുധാകരൻ തെളിയിക്കുമെന്നാണ് സ്ഥാനലഭ്യതയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽനിന്ന് മനസിലാകുന്നത്. അടിത്തട്ടുമുതൽ മുകൾത്തട്ടുവരെ അഴിച്ചു പണിയണം. അണികൾക്ക് രാഷ്ടീയപരിശീലനം നൽകണം. ഗ്രൂപ്പ് നേതാവിന് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് സ്ഥാനമാനങ്ങൾ ഒപ്പിക്കുന്നവരെ മാറ്റി ആത്മാർത്ഥതയുള്ള പ്രവർത്തകരെ പാർട്ടിയുടെ വിവിധ തലങ്ങളിൽ കൊണ്ടുവരണം എന്നൊക്കെയാണ് കെ.സുധാകരന്റെ ആലോചന. ഗ്രൂപ്പ് മാനേജർമാർ പാർട്ടിയെ നയിക്കുന്ന നിലയെ അതിജീവിച്ച് സമഗ്രമായ ഒരു അഴിച്ചുപണി മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. വെറും വാക്ക് പറയുന്ന ആളല്ല കെ. സുധാകരൻ. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിനുള്ളത്. അത് ഗ്രൂപ്പുകൾക്കതീതമായിരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. 'എല്ലാവരുടെയും അഭിപ്രായം കേട്ട് കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും കൂട്ടായി തീരുമാനം എടുക്കും. അത് നടപ്പിലാക്കും. അതിന് തടസമുണ്ടാവില്ല.' എന്നാണ് ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. 'സി.പി.എമ്മിന്റെ തീക്കുണ്ഠത്തിൽ നിന്നു ജനിച്ചുവളർന്നവനാണ് ഞാൻ. ആ തീക്കുണ്ഠത്തിൽ പൊലിഞ്ഞുപോകാത്ത എന്റെ അഗ്നിജ്വാല ഇനി കെട്ടടങ്ങുമെന്ന് കരുതേണ്ട. ഞാൻ കോൺഗ്രസിൽ ജനിച്ചവനാണ്. കോൺഗ്രസിൽ ജീവിക്കുന്നവനാണ്. കോൺഗ്രസിൽ മരിക്കുമെന്നു' മാണ് സംഘപരിവാ‌ർ ബന്ധം ആരോപിക്കുന്നവരോടുള്ള കെ.സുധാകരന്റെ പ്രതികരണം. അണികളെ മാത്രമല്ല, അകന്നുനിൽക്കുന്നവരെയും ആവേശം കൊള്ളിക്കുന്ന ഈ ശൈലിയാണ് സുധാകരന്റെ സമ്പത്ത്. സി.പി.എം തന്നെ ഭയപ്പെടുന്നുണ്ടെന്നും അവരോട് സന്ധിചെയ്യാനാവില്ലെന്നും ആവർത്തിച്ചു പറയുമ്പോൾ അത് കോൺഗ്രസിന്റെ പരമ്പരാഗത തുറുപ്പുചീട്ടായ സമാധാനത്തിനും അഹിംസയ്ക്കും ചേരുന്നതാണോ എന്നൊന്നും സുധാകരൻ ചിന്തിക്കുന്നില്ല. കേരളരാഷ്ട്രീയത്തിന്റെ ജനാധിപത്യ ഫ്രെയിമിൽ ഒരു 'മാസ് എൻട്രി'യായി നിൽക്കുകയാണ് കെ.സുധാകരൻ. കോൺഗ്രസിൽ ഇനി പിരിഞ്ഞുപോക്കല്ല, തിരിച്ചുവരവാണ് ഉണ്ടാകുന്നത്. എൻ.സി.പിയിലേക്കും മറ്റും പോയവരും തിരിച്ചുവരുമെന്ന് പറയാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല. മഹാത്മഗാന്ധി ഗ്രാമങ്ങളെ അറിഞ്ഞത് അവിടെ പോയി താമസിച്ച് അവരോടൊപ്പം ജീവിച്ചും ഇടപഴകിയുമാണ്. തെരുവുജാഥ നടത്തിയോ വാഹനപര്യടനം നടത്തിയോ അല്ലെന്ന ബോദ്ധ്യം കെ.സുധാകരനുണ്ട്.

തീയായിരിക്കുമ്പോൾ തന്നെ അപ്രോച്ചബിളാണ് കെ.സുധാകരൻ. ദന്തഗോപുരവാസിയല്ല. സിഗരറ്റു കവർ കീറി അതിൽ റെക്കമെന്റേഷൻ കുറുപ്പടി എഴുതുന്ന ആളുമല്ല . 'എനിക്ക് ഞാനാകാനെ പറ്റൂ, എന്റെ ശൈലിക്ക് അനുസരിച്ചേ ചിന്തിക്കാൻ പറ്റൂ'. എന്നു പറയുന്ന സുധാകരൻ എന്തിനും പോന്ന നേതാവാണ്. അത് തൻപോരിമയല്ല. മുന്നേറ്റമാണ്. വിട്ടുവീഴ്ചയുടെ തേൻകുഴമ്പല്ല, പോരാട്ടത്തിന്റെ വീറാണ് കെ. സുധാകരനെ നയിക്കുന്നത്. കുത്സിത ബുദ്ധിക്കാരുടെ ഉദ്ദേശ്യമൊന്നും നടപ്പിലാവില്ല. ദൗത്യം ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. ഇന്ത്യയുടെ മണ്ണിൽനിന്ന് ഇല്ലാതായിപ്പോകേണ്ട പ്രസ്ഥാനമല്ല കോൺഗ്രസ്. ഭരണകൂടങ്ങൾക്ക് വന്നുപെടുന്ന എല്ലാ തിന്മകളും പിടിപെട്ട ഒരു രാഷ്ട്രീയപ്പാർട്ടി ആയിരിക്കെത്തന്നെ മരിച്ചു മണ്ണടിയേണ്ട പ്രസ്ഥനമായി കോൺഗ്രസിനെ കാണാനാവില്ല. അത് മുന്നോട്ടുവച്ചിരുന്ന പ്രത്യയശാസ്ത്രത്തിന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വായുവും വെളിച്ചവുമുണ്ട്. അതിനാൽ കോൺഗ്രസിനും വേണം പ്രത്യൗഷധം. നല്ല ഭിഷഗ്വരനാവാൻ കെ. സുധാകരനു കഴിയട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALLUM NELLUM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.