SignIn
Kerala Kaumudi Online
Monday, 14 June 2021 7.28 AM IST

കമലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരുതനായകം ഇനി സംഭവിക്കുമോ? കെട്ടുകഥയായിരുന്നില്ല ആ പോരാളിയുടെ ജീവിതം

maruthanayakam

90'കളിൽ ഒരിക്കൽ പടച്ചട്ടയും തലപ്പാവും അണിഞ്ഞ്, വാളേന്തി കുതിരപ്പുറത്ത് യുദ്ധം നയിക്കുന്ന വേഷത്തിൽ കമൽ ഹാസന്റെ ഒരു ഗംഭീര കളർ പടം കണ്ടത് നാനയിലോ, അതോ ചിത്രഭൂമിയിലൊ എന്ന് ഓർക്കുന്നില്ല. ഏതായാലും അന്നത്തെ ആ സിനിമ വാരികയിൽ ഒരു മുഴുപേജ് നിറഞ്ഞു നിന്ന കഥാപാത്രത്തിന്റെ പേരും, ആ കഥാപാത്രം വരുന്ന സിനിമയുടെ പേരും 'മരുതനായകം' ആണെന്ന് മാത്രം ഓർക്കുന്നു. ബ്രിട്ടീഷ് റാണി എലിസബത്ത് തുടങ്ങി വച്ച കമൽ ഹാസന്റെ ആ സ്വപ്നചിത്രം എന്തുകൊണ്ടോ പൂർത്തിയായില്ല. ബ്രഹ്മാണ്ഡ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന ആ ചിത്രം ഇനി സംഭവിക്കുമോ? സാധ്യത കുറവാണ്.

എങ്ങുമെത്താത്ത മരുതനായകം ചർച്ച ഈ കഴിഞ്ഞ 20-25 വർഷങ്ങളായും തുടരുന്നു. ഇടയ്ക്കിടെ ചിലസോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ മരുതനായകം ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. പാതിയിൽ നിന്നുപോയ സിനിമയുടെ സാമ്പത്തിക പ്രതിസന്ധികളിൽ തുടങ്ങി അതിന്റെ ചരിത്ര പശ്ചാത്തലവും അത് ഉയർത്തിയ വിവാദങ്ങളും പലതും പിന്നീട് ശ്രദ്ധയിൽ പെടുകയുണ്ടായി. ആ വിവാദങ്ങൾ തന്നെയാണ് മരുതനായകം ആരായിരുന്നു എന്ന് അറിയാനുള്ളിൽ കൗതുകം വളർത്തിയതും. ദളിതനായ ഒരു തമിഴൻ/ദ്രാവിഡൻ ജാതി ജീർണ്ണത കൊണ്ട് മുസൽമാനായി എന്ന് ഒരു കൂട്ടർ. ഹിന്ദു രാജാക്കന്മാർക്കെതിരെ പോരെടുത്തു, പേരെടുത്തവനെന്ന് മറ്റൊരു കൂട്ടർ. ആംഗലേയരുമായി പൊരുതിയ സ്വാതന്ത്ര്യസമര സേനാനി എന്ന് വേറെ ചിലർ. ചരിത്രം എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് സ്വന്തം താല്പര്യവും ഭാവനയും പോലെ മെനഞ്ഞെടുക്കുന്ന കഥകൾ എഴുതി, അതിനെ ചരിത്രമെന്ന് വിളിച്ചു തലമുറകളെ പഠിപ്പിക്കുന്ന യാതൊരു അധികാരികതയോ, ധാർമ്മികതയോ ഇല്ലാത്ത ഒരു അടിസ്ഥാനവർഗ്ഗമാണ് നമ്മൾ എന്ന് തിരിച്ചറിവ് നേടുന്നത് ഇത്തരം ചരിത്രപുസ്തകങ്ങൾ വായിച്ച ശേഷം അതിന്റെ വാലെ പിടിച്ചു ചരിത്രം അന്വേഷിച്ചു പോയ അനുഭവങ്ങളിൽ നിന്നാണ്.

ചരിത്രം, ചരിത്രമാണ്. ജാതി-മത-രാഷ്ട്രീയപരമായ എല്ലാ താല്പര്യങ്ങളും മാറ്റിവച്ചുകൊണ്ട് ചരിത്രത്തെ ചരിത്രമായി അറിയാനും ഉൾക്കൊള്ളാനും ആത്മാർത്ഥമായി ശ്രമിക്കുക എന്ന ഉത്തരവാദിത്തം ഓരോ ചരിത്രവിദ്യാർത്ഥിയിലും ചരിത്രകാരനിലും ഉണ്ടായിരിക്കേണ്ടതുമാണ്. ആ ബോധത്തോടുകൂടി തന്നെ ഏതാണ്ട് മുപ്പത്തിയെട്ടു വയസ്സിൽ സ്വന്തം പേര് ചരിത്രത്തിൽ അടയാളപ്പെടുത്തി ചരിത്രമായി തീർന്ന മരുതനായകം / മുഹമ്മദ്‌ യൂസഫ് ഖാനെ അറിയാം.

പതിനെട്ടാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ ഇംഗ്ലീഷ് കൊല്ല വർഷം 1725-ൽ ഇന്നത്തെ രാമനാഥപുരം ജില്ലയിൽ, പരമക്കുടി താലുക്കിൽ ഉൾപ്പെടുന്ന പനൈയൂർ എന്ന തമിഴ് ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിലാണ് മരുതനായകം പിറക്കുന്നത്. ദരിദ്ര കുടുംബമാണ്.., അല്ലാതെ ദളിത് കുടുംബമായിരുന്നില്ല. വെള്ളാള പിള്ളൈ എന്ന തമിഴ് സവർണ്ണ സമുദായത്തിൽ ജനിച്ച മരുതനായകത്തിന്റെ പൂർണ്ണ നാമം 'മരുതനായകം പിള്ളൈ' എന്നായിരുന്നു. ദരിദ്ര സവർണ്ണർ, സവർണ്ണരിലെ അവർണ്ണരായിരുന്നു എന്ന് പല ചരിത്രവും ജീവിതാനുഭവങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ഏതായാലും പനൈയൂർ എന്ന ആ കുഗ്രാമത്തിൽ നിന്ന് ദരിദ്രനായ മരുതനായകം എന്ന കൗമാരക്കാരൻ ഒരു ദിവസം കടന്നു കളഞ്ഞു. വയറ് നിറച്ചു ഉണ്ണാൻ ചോറ്.., അതായിരുന്നു ആ കാലഘട്ടത്തിൽ മരുതനായകത്തിന്റെ സ്വപ്നം. അലഞ്ഞു തിരിഞ്ഞു നടന്ന അദ്ദേഹം ഒരു നാടോടി ഇസ്ലാമികവ്യാപാരികളുടെ സംഘത്തിൽ പെടുകയും അതോടുകൂടി മുഹമ്മദ്‌ യൂസഫ് ഖാൻ എന്ന മുസൽമാനായി മാറുകയും ചെയ്തു. പാശ്ചാത്യ സെറ്റിൽമെന്റ് ആയി മാറിയിരുന്ന പോണ്ടിച്ചേരിയിൽ ആ സംഘത്തോടൊപ്പം പ്രവേശിച്ച യൂസഫ് ഖാൻ അവിടെയൊരു പശ്ചാത്യ കുടുംബത്തിലെ ജോലിക്കാരനായി കൂടി. അവിടെ വച്ച് പ്രണയത്തിലായ മർസിയ എന്ന ഫ്രഞ്ച് പെൺകൊടിയെ പിന്നീട് അദ്ദേഹം ജീവിത സഖിയാക്കി.

വീട്ടുജോലി മതിയാക്കി തഞ്ചാവൂർ മാറാഠി സൈന്യത്തിലെ കാലാൾപ്പടയിൽ ചേർന്നതോടുകൂടിയാണ് മരുതനായകം അഥവാ മുഹമ്മദ്‌ യൂസഫ് ഖാൻ എന്ന പോരാളിയുടെ ജനനം സംഭവിക്കുന്നത്. പടയോട്ടങ്ങളും പിടിച്ചടക്കലുമായി നാട്ടുരാജ്യങ്ങൾ മത്സരിക്കുന്നു. മറ്റൊരുവശത്ത് ഈസ്റ്റ്‌ ഇന്ത്യ കമ്പനി മറ്റു പാശ്ചാത്യരേയും നാട്ടുരാജാക്കന്മാരെയും ഒതുക്കി സാമ്രാജ്യത്വ ശക്തിയായി വളരുന്നു. വൈകാതെ മാറാഠികളെയും മറവരേയുമൊക്കെ വീഴ്ത്തി സുൽത്താനേറ്റിന്റെ ഭാഗമായ ആർക്കോട്ട് നവാബ് തമിഴ് മണ്ണിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. അന്നേരം ആർക്കോട്ട് നവാബിന്റെ സിംഹാസനം പിടിച്ചെടുക്കുക എന്ന സ്വപ്നം കണ്ട് പട കൂട്ടിയിരുന്ന നിയുക്ത നവാബിന്റെ അടുത്ത ബന്ധു ആയ ചന്ദാ സാഹിബിന്റെ പടയിൽ ചേർന്നിരുന്നു മുഹമ്മദ്‌ യൂസഫ് ഖാൻ. എന്നാൽ ചന്ദാ സഹേബ് വിചാരിച്ചപോലെ അത് അത്ര എളുപ്പമായിരുന്നില്ല.. നവാബിന്റെ മകനായ മുഹമ്മദ്‌ അലിഖാൻ വല്ലാജ്ഹ് തന്റെ പാരമ്പര്യ അവകാശം സംരക്ഷിക്കുന്നതിന് അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പക്ഷത്തിൽ ബ്രിട്ടീഷ് സേന അണിനിരന്നപ്പോൾ, ചന്ദ സഹേബീന്റെ പക്ഷത്ത് ഫ്രഞ്ച് സേന നിരന്നു. നീണ്ട പല പോരാട്ടങ്ങൾക്കും ചെറിയ ചെറിയ വിജയങ്ങൾക്കും ഒടുവിൽ മുഹമ്മദ്‌ അലിഖാനായി ബ്രിട്ടീഷ് ക്യാപ്റ്റൻ റോബർട്ട്‌ ക്ലൈവ് നയിച്ച യുദ്ധം ജയിക്കയും ആർക്കട്ട് നവാബായി മുഹമ്മദ്‌ അലിഖാൻ വല്ലാജ്ഹിനെ സിംഹാസനാരൂഢനാക്കുകയും ചെയ്തു. അതിനെ തുടർന്ന് ചന്ദാ സാഹേബിന്റെ പട്ടാളത്തിലെ പ്രതിഭകളെ തിരഞ്ഞെടുത്തു സ്വന്തം പട്ടാളത്തിൽ ചേർക്കുക എന്ന നടപടി ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ അനുവാദത്തോടെ ആർക്കോട്ട് നവാബ് തുടങ്ങി കഴിഞ്ഞു. കേവലം ശിപായി ആയി തുടങ്ങിയ മരുതനായകം/മുഹമ്മദ്‌ യൂസഫ് ഖാന്റെ പോരാട്ട വീര്യം റോബർട്ട് ക്ലൈവിനെ ആകർഷിക്കുകയും, അദ്ദേഹം മരുതനായകത്തിന്റെ വളർച്ചയ്ക്ക് വഴി ഒരുക്കുകയും ചെയ്തു. തങ്ക പതക്കത്തോടെ ആർക്കോട്ട്-ബ്രിട്ടീഷ് ആർമിയിലെ സകല ശിപായിമാരുടെയും കമാൻഡർ ഓഫീസർ എന്ന ഉന്നത പദവി അലങ്കരിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ മരുതനായകം എന്ന മുഹമ്മദ്‌ യൂസഫ് ഖാൻ ആയിരുന്നു.

'പാളയം' എന്ന പേരിൽ ചിന്നി ചിതറി കിടന്നിരുന്ന ശക്തവും സമ്പന്നവുമായ പല നാട്ടുരാജ്യങ്ങളിലേക്കും ആധിപത്യം ഉറപ്പിക്കാനും സമ്പത്ത് ഏകോപിപ്പിച്ചു വർധിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ ബുദ്ധിയും ശക്തിയും ഒരുമിച്ച് പ്രവർത്തിപ്പിച്ചു വിജയം നേടിയ മരുതനായകത്താൽ ആർക്കോട്ട്-ആംഗലേയ അധികാരം വർധിച്ചു. പ്രബല പാളയപതികളായ അഴക് മുത്തുകോനും പൂലി തേവരും മരുതനായകത്താൽ വീഴ്ത്തപ്പെട്ടു. അതോടെ മുഹമ്മദ്‌ യൂസഫ് ഖാൻ കൂടുതൽ ഉയരങ്ങളിലേക്ക് സ്വയം നടന്നുകയറി. നികുതി വർധനവിന് കാരണഭൂതനായ മരുതനായകത്തെ ആർക്കോട്ട് നവാബിനും അധിപനായ ഹൈദരാബാദ് നൈസാം ഗവർണർ ജനറൽ ആയി പ്രഖ്യാപിക്കുക മാത്രമല്ല, തന്റെ ആധിപത്യത്തിലുള്ള മധുര ഉൾപ്പെടെ ഉള്ള സമ്പന്നവും ശക്തവുമായ ദേശത്തിന്റെ അധിപനായി പ്രഖ്യാപിക്കുകയും ഉണ്ടായി. ജനക്ഷേമം എന്ന ആശയം നടപ്പിലാക്കി സാധാരണ നാടുവഴികളിൽ നിന്ന് വത്യസ്തനാവാൻ മുഹമ്മദ്‌ യൂസഫ് ഖാൻ ശ്രമിച്ചു. മധുരനിവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച ആർക്കോട്ട് നവാബിനെതിരെ തെളിഞ്ഞും മറഞ്ഞും നിലപാട് എടുത്തുകൊണ്ട് ജാതി-മത ഭേദമന്യേ ജനപ്രീതി നേടിയ മുഹമ്മദ്‌ യൂസ്ഫ് ഖാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട ഖാൻ സഹേബ് ആയിരുന്നു.

ഈ തരത്തിൽ പെട്ടെന്ന് ഉണ്ടായ ആ പോരാളിയുടെ വളർച്ച ബ്രിട്ടീഷ്‌-ആർക്കോട്ട് നവാബ് ശക്തികളെ അസ്വസ്ഥമാക്കി. തങ്ങളുടെ കീഴിൽ ഉണ്ടായിരുന്ന ഒരു പോരാളി ഗവർണർ എന്ന നിലയിലേക്കും, അതിലുപരി സ്വയം ഒരു രാജ ശക്തിയായി വളരുന്നതിലേക്കും തെളിയുന്ന വഴി അവരെ മരുതനായകത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചു. നവാബിന്റെ അനുവാദത്തോടെ മധുര മീനാക്ഷി ക്ഷേത്രത്തിലെ സമ്പത്ത് കവർന്ന്, ക്ഷേത്രം തകർക്കാൻ പോന്ന പടയെ മുഹമ്മദ്‌ യൂസുഫ് ഖാന്റെ മധുര പട ആർക്കോട്ട് വരെ തുരത്തി ആക്രമിച്ചതോടെ നവാബിനു മുഹമ്മദ്‌ യൂസുഫ് ഖാനോടുള്ള വൈരാഗ്യം വർധിച്ചു. യൂസഫ് ഖാന് കിട്ടി പോന്ന ജനപിന്തുണയെ ആകട്ടെ ബ്രിട്ടീഷ് ആധിപത്യത്തെയും ആശങ്കപ്പെടുത്തി.

വൈകാതെ ബ്രിട്ടീഷ് പട്ടാളം മധുരയിൽ ചെന്ന് മരുതനായകവുമായി ഏറ്റുമുട്ടിയെങ്കിലും ദയനീയമായി തോറ്റു പിൻവാങ്ങേണ്ടി വന്നു. ആ അപമാനം തന്നെ ഒരു വർഷത്തിനു ശേഷം വൻ പടയുമായി വീണ്ടും മരുതനായകത്തെ തകർക്കാൻ അവരെ മധുരയിലേക്ക് എത്തിച്ചു. ഇത്തവണ ശക്തമായ ഉപരോധം ഏർപ്പെടുത്തി കോട്ടയ്ക്കകത്തേക്ക് ജലവും ധാന്യവും എത്തിക്കുന്നത് തടയുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാർ പയറ്റിയത്. എന്നാൽ അതുകൊണ്ടും യൂസഫ് ഖാൻ നേതൃത്വം നൽകിയ ആ ജനതയുടെ മനോവീര്യം തകർക്കാനായില്ല. കുതിര മാംസം തിന്നും അവർ അതിനെ പ്രതിരോധിച്ചു. ഒരു വിധത്തിലും ശക്തമായ മരുതനായകം കോട്ടയേയും മരുതനായകത്തേയും നേരിട്ട് തകർക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ ബ്രിട്ടീഷ് സൈന്യം പതിവുപോലെ ചതി മെനഞ്ഞു. കോട്ടയിൽ സ്വാധീനവും പരിപൂർണ്ണ സ്വാതന്ത്ര്യവും ഉള്ള രണ്ടുപേരെ വശത്താക്കി എന്നും, അതല്ല, ഭീഷണിപ്പെടുത്തി വശംവദരാക്കി എന്നും ചരിത്രപരമായ രണ്ടു വാദങ്ങൾ ഉണ്ട്. എന്തുതന്നെയായാലും ആ രണ്ടുപേർ മറ്റാരുമായിരുന്നില്ല, മുഹമ്മദ്‌ യൂസഫ് ഖാന്റെ ദിവാൻ ശ്രീനിവാസ റാവുവും, മരുതനായകത്തിന്റെ പഴയ പോണ്ടിച്ചേരി സുഹൃത്തായിരുന്ന ഒരു ഫ്രഞ്ച് പൗരൻ ആയിരുന്നു എന്നും, അതല്ല, അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആയിരുന്നു എന്നൊക്കെയുള്ള വ്യക്തമല്ലാത്ത ചില വാദങ്ങൾ നിലനിൽക്കുന്നു. എന്തായാലും കോട്ടയ്ക്കകത്ത് ഒരു സുഭഹി നിസ്കാരം ചെയ്യുന്ന നിരായുധനായ മുഹമ്മദ്‌ യൂസഫ് ഖാനെ ചതിയിൽ ബ്രിട്ടീഷ് പട്ടാളത്തിന് കൈമാറുകയായിരുന്നു എന്ന ചരിത്രത്തിൽ മാത്രം മറ്റു വാദഗതികൾ ഇല്ല.

15 ഒക്ടോബർ 1764-ൽ മരുതനായകം എന്ന മുഹമ്മദ്‌ യൂസഫ് ഖാൻ തൂക്കിലേറ്റപ്പെട്ടു. രണ്ടു തവണയും തൂക്കുകയർ പൊട്ടി താഴെ വീണ മരുതനായകം മൂന്നാം തൂക്കിൽ കൊല്ലപ്പെട്ടു. മരുതനായകം എന്ന മുഹമ്മദ്‌ യൂസഫ് ഖാനെ അതിയായി ഭയന്നിരുന്ന ആർക്കോട്ട് നവാബ്, അദ്ദേഹത്തിന്റെ ശവശരീരങ്ങൾ കഷ്ണങ്ങളാക്കി. തല തിരുച്ചിയിലും, അദ്ദേഹത്തിന്റെ ഉടലിൽ അവയവം പോലെ പ്രവർത്തിച്ചിരുന്ന ഉടവാൾ പാളയംകോട്ടയിലും കാലുകളിൽ ഒന്ന് പെരിയ കുളത്തും, മറ്റൊന്ന് തഞ്ചാവൂരിലും അടക്കി. കബന്ധമാകട്ടെ മരുതനായകം ആണ്ട മധുരയിൽ തന്നെ അടക്കി. മരുതനായകത്തിന്റെ മകനുമായി കടന്നുകളഞ്ഞ ഭാര്യ മാർസിയ മകനെ വളർത്താൻ ദിവാൻ ശ്രീനിവാസ റാവുവിനെ ഏൽപ്പിക്കുന്നു. തന്റെ അന്ത്യാഭിലാഷമായി അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ആർക്കോട്ട് നവാബിന്റെയും ബ്രിട്ടീഷ് കമ്പനിയുടെയും ദൃഷ്ടിയിൽ നിന്ന് അവനെ സുരക്ഷിതനായി വളർത്തുക എന്നായിരുന്നു. അവർ അത്രമേൽ ഭയന്നിരുന്നു. ആ ഭയം ശ്രീനിവാസ റാവുവിലും പകർന്നിരുന്നു. അന്ന് കോട്ടയ്ക്കുള്ളിൽ എന്ത്‌ മറിമായം, അല്ലെങ്കിൽ ചതിയായിരുന്നു അരങ്ങേറിയത് എന്നത് ഒരു പ്രഹേളികയായി അവശേഷിക്കയാണ്. ഏതായാലും മുഹമ്മദ്‌ യൂസഫ് ഖാന്റെ മകനെ ശ്രീനിവാസ റാവു പിന്നീട് മരുതനായകമായി വളർത്തി എന്നതിലാണ് മരുതനായകത്തിന്റെ ചരിത്രം അവസാനിക്കുന്നത്.

ഇന്ത്യയിലെ മികച്ച പോരാളികളായി, പോരാളികളിലെ തലവേദനകളായി ബ്രിട്ടീഷ് തന്നെ പിൽക്കാലത്ത് അടയാളപ്പെടുത്തിയ രണ്ടുപേരുകളിൽ ഒന്ന് മരുതനായകം എന്ന മുഹമ്മദ്‌ യൂസഫ് ഖാൻ ആയിരുന്നു. മറ്റൊന്ന് മൈസൂർ ഹൈദർ വംശം. മൈസൂർ വംശത്തെ എക്കാലവും ഓർക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. അവരുടെ ഖബർ ചരിത്രമുദ്രയായി സൂക്ഷിക്കുന്നു. മധുരയിലെ മരുതനായകം കോട്ടയും, അദ്ദേഹം പാർത്ത് പോന്ന പഴയ പാണ്ഡ്യരാജാവിന്റെ കൊത്തളവും പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി ബ്രിട്ടീഷ് ഗവണ്മെന്റ് പൊളിച്ചു നീക്കി. എന്നാൽ മധുരയിലെ സമ്മട്ടിപുരത്തിൽ ചെറിയൊരു മക്കാം ഉണ്ട് മധുര മരുതനായകം എന്ന മുഹമ്മദ്‌ യൂസഫ് ഖാന്റെ പേരിൽ. ചരിത്രത്തിന്റെ ചാരം മൂടിപ്പോയ ആ ഖബറിസ്ഥാനിൽ മരുതനായകം എന്ന മുഹമ്മദ്‌ യൂസഫ് ഖാൻ അന്ത്യവിശ്രമം കൊള്ളുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARUTHANAYAKAM, KAMALHASSAN, VIPINDAS, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.