SignIn
Kerala Kaumudi Online
Thursday, 05 August 2021 12.46 PM IST

ഫോറൻസിക് ഫലം കാത്ത് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വീട്ടുകാർ

anju

കോട്ടയം : ബി.കോം വിദ്യാർത്ഥിനിയായിരുന്ന അഞ്ജു പി.ഷാജിയുടെ ഓർമ്മകൾക്ക് ഒരാണ്ട്. പരീക്ഷയിൽ കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതരുടെ മാനസികമായ പീഡനങ്ങളിൽ പൊറുതിമുട്ടി മീനച്ചിലാറ്റിൽ അഞ്ജു ജീവനൊടുക്കിയിട്ട് ഒരാണ്ട് തികയുമ്പോഴും ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെപ്പറ്റി അന്വേഷിക്കാനോ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാനോ കേസ് അന്വേഷിക്കുന്ന പൊലീസിനായില്ല.

അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് അഞ്ജുവിന്റെ മാതാപിതാക്കളുടെ ആവശ്യം.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിനിയായിരുന്നു പൊടിമറ്റം പൂവത്തോട്ട് അഞ്ജു പി.ഷാജി.

കഴിഞ്ഞവർഷം ജൂൺ ആറിനാണ് ചേർപ്പുങ്കലിലെ ബി.വി.എം.കോളേജിൽ പരീക്ഷയെഴുതാനെത്തിയ അഞ്ജുവിനെ കാണാതാകുന്നത്. പിറ്റേന്ന് അഞ്ജുവിന്റെ ബാഗ് മീനച്ചിലാറിന്റെ തീരത്ത് നിന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്ന് ഹാളിൽ നിന്ന് അഞ്ജുവിനെ പുറത്താക്കുകയായിരുന്നുവെന്നാണ് കോളേജ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ,​ പഠനത്തിൽ മിടുക്കിയായിരുന്ന അഞ്ജു കോപ്പിയടിക്കുന്ന പ്രകൃതക്കാരിയല്ലെന്നും

കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് വീട്ടുകാരുടെ ആരോപണം.

# കോപ്പിയടിക്ക്

ഉത്തരക്കടലാസിൽ തെളിവില്ല

ആത്മഹത്യക്ക് കാരണം കോപ്പിയടി ആരോപണമായതോടെ കേസ് അന്വേഷിച്ച പൊലീസ് സംഘം അഞ്ജുവിന്റെ ഉത്തരക്കടലാസ് യൂണിവേഴ്സിറ്റി അധികൃതരുടെ സഹായത്തോടെ വിശദമായി പരിശോധിച്ചെങ്കിലും കോപ്പിയടിക്ക് ഉപയോഗിച്ചതായി പറയപ്പെടുന്ന ഹാൾടിക്കറ്റിന്റെ പിൻവശത്ത് എഴുതിയിരുന്ന കാര്യങ്ങളൊന്നും അഞ്ജുവിന്റെ ഉത്തരക്കടലാസിൽ കണ്ടെത്താൻ കഴിയാതെ പോയതോടെ കോപ്പിയടി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാൽ,​ ഇക്കാര്യം ശാസ്ത്രീയമായി ഉറപ്പിക്കാൻ ഫോറൻസിക് പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന പലതിന്റെയും ഫലം അറിവാകണമെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

#ഇവിടെയും തടസം കൊവിഡ്

കോപ്പിയടിക്ക് തെളിവായി അഞ്ജുവിന്റെ ഹാൾടിക്കറ്റാണ് കോളേജ് അധികൃതർ പുറത്തുവിട്ടത്. എന്നാൽ ഹാൾടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതാണോയെന്ന കാര്യത്തിൽ വീട്ടുകാർ സംശയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

കൈയക്ഷര പരിശോധനയ്ക്കായി അഞ്ജുവിന്റെ നോട്ട്ബുക്ക്, ഹാൾടിക്കറ്റ്, പരീക്ഷാഹാളിലെ സി.സി.ടി.വി.യുടെ ഡി.വി.ആർ, ഹാർഡ് ഡിസ്‌ക്, ബാഗ്, മൊബൈൽ ഫോൺ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചെങ്കിലും ഇതിന്റെ ഫലം അറിവാകാത്തതാണ് അന്വേഷണത്തിന് തടസമായിരിക്കുന്നത്.

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കാൻ കഴിയൂവെന്നാണ് കേസ് അന്വേഷണ ചുമതലയുള്ള കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറയുന്നത്.

കൊവിഡിനെ തുടർന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ ജീവനക്കാർ കുറഞ്ഞതാണ് പരിശോധനാഫലം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

കൈയ്യക്ഷരം സംബന്ധിച്ച ഫോറൻസിക് ഫലം ലഭിച്ചശേഷമേ കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ പറഞ്ഞു.

കാരണം മാനസികപീഡനം

സി.ബി.ഐ വരണം

'' പോയിവരാം അമ്മേ.. നല്ലപോലെ പരീക്ഷയെഴുതാൻ പ്രാർത്ഥിക്കണം'' ബി.കോം വിദ്യാർത്ഥിനിയായ അഞ്ജു പി.ഷാജി അമ്മയോട് പറഞ്ഞ അവസാനത്തെ വാക്കുകളാണിത്. പിന്നെ ആ മകൾ മടങ്ങി വന്നില്ല. മകൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരായവരെ എത്രയുംവേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് ഇവരുടെ ആവശ്യം.

മകൾ ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളൊന്നുമില്ല. പരീക്ഷയെഴുതിയ കോളേജിലെ അധികൃതർ മാനസികമായി വിഷമിപ്പിച്ചിട്ടുണ്ടാകണം. അല്ലാതെ അവൾ ആത്മഹത്യ ചെയ്യില്ലെന്ന് അഞ്ജുവിന്റെ അമ്മ പറയുന്നു. വീട്ടിൽ പറയാത്ത ഒരു കാര്യവുമില്ല. സംഭവ ദിവസം മകൾക്ക് മാനസിക വിഷമം ഏൽക്കേണ്ടിവന്നതാണ് മരണത്തിന് പിന്നിലുള്ള കാരണം.

അവൾ കോപ്പിയടിക്കില്ലെന്നാണ് വിശ്വാസം. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷ നൽകണമെന്നാണ് ആവശ്യമെന്ന് അഞ്ജുവിന്റെ അമ്മ സജിത ഷാജി പറഞ്ഞു. നിലവിലെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്.

നിലവിലെ അന്വേഷണത്തിലും ഉദ്യോഗസ്ഥരിലും വിശ്വാസമില്ല. കേസന്വേഷണത്തിൽ ബാഹ്യസമ്മർദ്ദമുണ്ടെന്നും മാതാപിതാക്കളായ പി.ഡി.ഷാജി, സജിത എന്നിവർ ആരോപിച്ചു. പണം തന്ന് കേസ് ഒതുക്കി തീർക്കാൻ തങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടായെന്നും അവർ വെളിപ്പെടുത്തി.

അഞ്ജുവിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് സി.ബി.ഐ. ഏറ്റെടുത്ത് യഥാർത്ഥ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കണം.

മകളുടെ കൈയക്ഷരം ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. അന്വേഷണം വേഗത്തിലാക്കി കുടുംബത്തിന് നീതിവാങ്ങി നൽകണമെന്നാണ് ഇവരുടെ ആവശ്യം.

#അന്വേഷണം ഇതുവരെ

• ചേർപ്പുങ്കലിലെ ബി.വി.എം. കോളേജിൽ പരീക്ഷയെഴുതാൻപോയ അഞ്ജുവിനെ ജൂൺ ആറിന് കാണാതായി.

• ജൂൺ7: അഞ്ജുവിന്റ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തി.

•ജൂൺ 8: ബാഗ് കണ്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം മീനച്ചിലാറ്റിൽനിന്ന് കണ്ടെത്തി.

• കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു അത്മഹത്യചെയ്യാൻ കാരണമെന്ന് വീട്ടുകാർ ആരോപിച്ചു.

• കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ അഞ്ജു ഹാൾടിക്കറ്റ് പുറത്തുവിട്ടു. കൈയ്യക്ഷരത്തിൽ സംശയമെന്ന് വീട്ടുകാർ. അന്വേഷണം തുടങ്ങി.

• ജൂൺ 9: അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളുടെ പ്രതിഷേധം.

• കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ 92 പേരുടെ മൊഴിയെടുത്തു. ബി.വി.എം. കോളേജിലെ പ്രിൻസിപ്പൽ, ഇൻവിജിലേറ്റർമാർ, അഞ്ജു പഠിച്ചിരുന്ന കോളേജിലെ അദ്ധ്യാപകർ, സഹപാഠികൾ, അടുത്തിരുന്ന് പരീക്ഷയെഴുതിയവർ, വീട്ടുകാർ, അയൽവാസികൾ തുടങ്ങിയവരുടെ മൊഴിയാണ് ശേഖരിച്ചത്.

• കൈയക്ഷര പരിശോധനയ്ക്കായി അഞ്ജുവിന്റെ നോട്ടുബുക്ക്, ഹാൾടിക്കറ്റ്, പരീക്ഷഹാളിലെ സി.സി.ടി.വിയുടെ ഡി.വി.ആർ, ഹാർഡ് ഡിസ്ക്, ബാഗ്, മൊബൈൽ ഫോൺ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി ഹാജരാക്കി.

• കോളേജിന്റെ നടപടികൾ തെറ്റെന്ന് വൈസ് ചാൻസലർ. കുട്ടിയുടെ ഹാൾടിക്കറ്റ് പരസ്യമാക്കിയതും ദൃശ്യങ്ങൾ പുറത്തുവിട്ടതും തെറ്റെന്ന് സർവകലാശാലാ സമിതി കണ്ടെത്തി. പരീക്ഷാച്ചുമതലയിൽനിന്ന് ആരോപിതനെ മാറ്റി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.