SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.24 AM IST

കൊവിഡിനെ പടിക്കുപുറത്ത് നിർത്താനായി ഈ മന്ത്രം മുറുകെ പിടിക്കുക, ഗർഭിണികൾ അറിയേണ്ടതെല്ലാം

pregnant

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലരും ഗർഭകാലത്തെ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലമായിട്ടാണ് കാണുന്നത്. വൈറസിന്റെ ഒന്നാം തരംഗത്തെക്കാളേറെ രണ്ടാം തരംഗം ഗർഭിണികളെ കൂടുതൽ ഭയപ്പെടുത്തുന്നു.

അമിതമായ ഭയവും ഉത്കണ്ഠയും ഗർഭകാലത്ത് നല്ലതല്ല. അനാവശ്യമായ പേടി മാറ്റിവെച്ച് ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോവുകയാണ് കൊവിഡ് കാലത്ത് ഗർഭിണികൾ ചെയ്യേണ്ടത്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഗർഭിണികൾക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും, ഗർഭിണിയോ ഗർഭസ്ഥ ശിശുവോ കൊവിഡ്മൂലം മരിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയമായ തുടർപഠനങ്ങളുടെ അടിസ്ഥാനത്തിലെ ആധികാരികമായ വിവരങ്ങൾ ലഭ്യമാകൂ.

കൊവിഡ് കാലത്ത് അടിവരയിട്ട് പറയേണ്ട കാര്യമാണ് ഗർഭാവസ്ഥ രോഗമല്ല എന്നതാണ്. ഗർഭിണി രോഗിയുമല്ല. ഗർഭം അനുബന്ധരോഗങ്ങളിൽ (കോ മോർബിഡിറ്റി) പെടുന്നുമില്ല. അതിനാൽ തന്നെ, ഗർഭിണികൾ കൊവിഡിനെ ഭയപ്പക്കേണ്ടതില്ല. ഗർഭാവസ്ഥ ശരീരത്തിലും രോഗപ്രതിരോധ ശേഷിയിലും പല മാറ്റങ്ങളും ഉണ്ടാക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്നുമാത്രം.

ഗർഭിണികൾക്കും മറ്റുള്ളവരെപ്പോലെ തെന്ന കൊവിഡ് ബാധിച്ചേക്കാം. കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സിച്ചാൽ സാധാരണഗതിയിൽ രോഗം ഭേദമാവുകയും ചെയ്യും. എന്നാൽ, രോഗം മൂർച്ഛിക്കുന്നത് പ്രശ്‌നം സങ്കീർണ്ണമാക്കും. അമിതഭാരം, പ്രായക്കൂടുതൽ, ഹൈപ്പർ ടെൻഷൻ, പ്രമേഹം എന്നിവ ഗർഭിണികളിൽ കോവിഡ് ഗുരുതരമാക്കാൻ കാരണമാകാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.

കൊവിഡ് കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

1. എസ്എംഎസ്

കൊവിഡിനെ പടിക്കുപുറത്ത് നിർത്താനായി എസ്എംഎസ് എന്ന ത്രയക്ഷരി മന്ത്രം മുറുകെ പിടിക്കുക. Sanitaisation (ശുചിത്വം), Mask ( മാസ്‌ക്), Social distancing (ശാരീരിക അകലം) എന്നതാണ് എസ്എംഎസ് സൂചിപ്പിക്കുത്.

• അണുബാധ ഒഴിവാക്കാനായി ഗർഭകാലത്ത്് ശ്വസനശുചിത്വം പാലിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറയ്ക്കുക.


• കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടാതിരിക്കുക.
• കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
• സോപ്പും വെള്ളവും ലഭ്യമാകാത്തപ്പോൾ സാനിറ്റെസർ ഉപയോഗിക്കുക.
• രോഗബാധക്ക് സാദ്ധ്യത കൂട്ടുന്ന ആൾക്കൂട്ടം പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
• അടിയന്തിര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോഴും ആളുകളുമായി ഇടപഴകേണ്ടി വരുമ്പോഴും മാസ്‌ക് ഉപയോഗിക്കുക
• സാദ്ധ്യമെങ്കിൽ ഇരട്ട മാസ്‌ക്ക് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
• സാമൂഹിക അകലം നിർബന്ധമായും പാലിക്കുക.

2. ഗർഭകാല പരിശോധനകൾ

ഗർഭകാല പരിശോധനകളും കുത്തിവെപ്പുകളും മുടക്കേണ്ടതില്ല. എന്നാൽ, അനാവശ്യമായി ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കുക. പരിശോധന മുടക്കുന്നതും അയൺ ഫോളിക്ക് ആസിഡ് ഗുളികകൾ കഴിക്കാതിരിക്കുന്നതും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും. കുഞ്ഞിന് തൂക്കക്കുറവ്, പ്രായത്തിനനുസരിച്ച് വളർച്ച ഉണ്ടാകാതിരിക്കുക എന്നിവയും ഇതുമൂലം ഉണ്ടാകാം.


• പ്രസവത്തിന് മുമ്പ് അഞ്ച് പ്രാവശ്യവും പ്രസവശേഷം മൂന്ന് പ്രാവശ്യവുമാണ് സാധാരണയായി പരിശോധനക്കായി പോകേണ്ടത്.
• അനാവശ്യ സ്‌കാനിങ്ങുകൾ ഒഴിവാക്കണം.

3. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ

വീട്ടിലുണ്ടാക്കുന്ന ആഹാരം സമയത്ത് ചൂടോടെ കഴിക്കുക. ഭക്ഷണത്തിൽ ധാരാളം നാരുകൾ (ഫൈബർ) ഉൾപ്പെട്ടതായി ഉറപ്പുവരുത്തണം. തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക. ഒരു കിലോയ്ക്ക് 30 മില്ലി ലീറ്റർ എന്ന തോതിൽ ശരീരഭാരത്തിനനുസരിച്ച് പ്രതിദിനം വെള്ളം കുടിക്കണം എതാണ് ആരോഗ്യകരമായ ജീവിത ശൈലി. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കുക. പറ്റാവുന്ന തരത്തിൽ ഡോക്ടറുടെ ഉപദേശമനുസരിച്ച് വ്യായാമം ചെയ്യുക.

• ഫ്രഷ് പച്ചക്കറികളും പഴങ്ങളും കഴിക്കുക.
• ദിവസവും 5 ഗ്രാം ഉപ്പു മതി.
• പ്രതിദിനം ആറു സ്പൂൺ പഞ്ചസാരയിൽ കൂടുതൽ കഴിക്കരുത്.
• ഗർഭിണികൾക്കാവശ്യമായ പോഷകങ്ങൾ അടങ്ങിയ മീനും അണ്ടിപരിപ്പും പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കാം.
• ലഹരി പദാർത്ഥങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.


4. കൊവിഡ് വാക്‌സിനേഷൻ

ഇന്ത്യയിൽ നിലവിൽ ഗർഭിണികൾക്ക് കൊവിഡ് വാക്‌സീൻ നൽകേണ്ടതില്ല എന്നതാണ് സർക്കാരിന്റെ തീരുമാനം.

• വിവരങ്ങൾക്ക് കടപ്പാട്: യുനിസെഫ്, ഡോ.എൻ.എസ് അയ്യർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, COVID 19, PREGNANT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.