SignIn
Kerala Kaumudi Online
Monday, 14 June 2021 8.19 AM IST

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത വിടവാങ്ങി

kk

കൊൽക്കത്ത:ഇന്ത്യൻ സിനിമയിലെ ബംഗാളി ഇതിഹാസമായ സംവിധായകനും, തിരക്കഥാകൃത്തും വിഖ്യാത കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു.

ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ ഇന്നലെ രാവിലെ എട്ട്

മണിയോടെ ഉറക്കത്തിലായിരുന്നു അന്ത്യം. വൃക്ക രോഗത്തിന് സ്ഥിരമായി ഡയാലിസിസ് നടത്തിയിരുന്നു. മികച്ച സിനിമയ്ക്കും സംവിധായകനും ഉൾപ്പെടെ പത്തിലേറെ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ചെറുപ്പത്തിലേ കൽക്കട്ട ഫിലിം സൊസൈറ്റിയിൽ ലോക ക്ലാസിക്കുകൾ കണ്ടുവളർന്ന ബുദ്ധദേബ് കോളേജിലെ ഇക്കണോമിക്സ് അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്. സത്യജിത് റേയും മൃണാൾസെന്നും തിളങ്ങിനിന്ന കാലത്താണ് ബുദ്ധദേബ് സിനിമയുടെ ഭാഷയിൽ കവിതകൂടി ചേർത്ത് ജീവിതത്തിന്റെ തീവ്രതയും ബംഗാളിന്റെ ചോരയിൽ അലിഞ്ഞ നക്സൽ രാഷ്‌ട്രീയവുമൊക്കെ വരച്ചിട്ടത്.

1980 -1990 കാലത്ത് ഗൗതം ഘോഷ്, അപർണ സെൻ തുടങ്ങിയവർക്കൊപ്പം ബംഗാളി സമാന്തര സിനിമയുടെ നടുനായകരിൽ ഒരാളായി. 1978ൽ ഇറങ്ങിയ ദൂരത്വ ആണ് ആദ്യ സിനിമ. ഇരുപതിലേറെ സിനിമകളും നിരവധി ഡോക്കുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്.

മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ചു തവണ നേടി - ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവ. ഉത്തര (2000), സ്വപ്നേർ ദിൻ (2005) എന്നീ സിനിമകൾ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി. ദൂരത്വ, തഹാദെർ കഥ എന്നിവയ്ക്ക് മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ദൂരത്വ, ഗൃഹജുദ്ധ, ആന്ധി ഗലി എന്നീ സിനിമകൾ ബംഗാളിലെ നക്സൽ പ്രസ്ഥാനത്തെക്കുറിച്ചുള്ളതായിരുന്നു.

2013ൽ പൂർത്തിയാക്കി കഴിഞ്ഞവർഷം ഒ.ടി.ടിയിൽ റിലീസായ അൻവർ കാ അജീബ് കിസ ആണ് അവസാന സിനിമ. ബംഗാളിക്കൊപ്പം ഹിന്ദിയിലും അദ്ദേഹം സിനിമകൾ എടുത്തു.

ബെർലിൻ, സ്‌പെയിൻ (ലൈഫ് ടൈം അച്ചീവ്‌മെന്റ് ), വെനീസ് (മികച്ച സംവിധായകൻ ), ലോക്കാർണോ (ക്രിട്ടിക്സ്, സ്പെഷ്യൽ ജൂറി), കാർലോവി വാരി (സ്പെഷ്യൽ ജൂറി) തുടങ്ങിയ വിവിധ ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടിയിട്ടുണ്ട്.

കവി എന്ന നിലയിലും പ്രശസ്തനായിരുന്നു. സ്യൂട്ട്‌കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രേഷ്ഠ കബിത, ഭോമ്പോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയ കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ സോഹിനി.

അളകനന്ദ, രാജേശ്വരി എന്നിവർ പുത്രിമാരാണ്,

ബുദ്ധദേബ് ദാസ്ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ അനുശോചിച്ചു.

1944 ഫെബ്രുവരിയിൽ പുരുളിയയിലാണ് ബുദ്ധദേബ് ജനിച്ചത്. അച്ഛൻ റെയിൽവേയിൽ ഡോക്ടറായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BUDHADEB
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.