SignIn
Kerala Kaumudi Online
Wednesday, 16 June 2021 6.16 AM IST

പത്ത് രൂപയുടെ ഊണിന്റെ വില

kk

ദാരിദ്ര്യം മൂലം വിശപ്പ് അനുഭവിച്ചിട്ടുള്ളവർ അതിനെക്കാൾ വലിയ ഒരു പ്രശ്നം ലോകത്തിലില്ല എന്ന് പറയും. ലോക ജനസംഖ്യയുടെ കാൽ ശതമാനത്തോളം പേരെങ്കിലും ഇപ്പോഴും നേരിടുന്ന പ്രതിസന്ധിയാണ് ദാരിദ്ര്യം മൂലമുള്ള വിശപ്പ്. ഈ മഹാമാരിയുടെ കാലത്ത് വിശപ്പ് എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നവർ കേരളത്തിലും കുറവല്ല. പലർക്കും ജീവിക്കാൻ വരുമാനമില്ലാതെ ആയിരിക്കുന്നു. അവനവന്റെ വിശപ്പിനെക്കാൾ പലർക്കും വലുതാണ് ഉറ്റവരുടെ വിശപ്പ്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും സംഘടനകളും മറ്റും നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യം വിസ്മരിക്കുന്നില്ല. മഹാമാരിയുടെ ആരംഭത്തിന് മുമ്പ് പ്രമുഖ ക്ഷേത്രങ്ങളും പള്ളികളും മറ്റും നിത്യേനയെന്നോണം അന്നദാനം നടത്തിയിരുന്നു. അവിടെ ആഹാരം കഴിക്കാൻ എത്തിയവരെല്ലാം വിശ്വാസത്തിന്റെ പേരിൽ മാത്രം വന്നവരാകണമെന്നില്ല..ഈ പശ്ചാത്തലത്തിലാവണം പത്ത് രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഒരു പദ്ധതി തുടങ്ങുമെന്ന് കൊച്ചി കോർപ്പറേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ സ്വാഗതാർഹമാണ്. ഉച്ചയ്ക്കും രാത്രിയിലും പത്ത് രൂപയ്ക്ക് ഭക്ഷണം നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ഭക്ഷണ വിതരണ ശൃംഖല ആരംഭിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ ഇത്തരമൊരു സംരംഭം മുന്നോട്ടുകാെണ്ടുപോകാൻ ഉദാരമതികളായ നിരവധി വ്യവസായികൾ സഹായിക്കും. കൊവിഡ് ബാധിതനായ മേയർ അഡ്വ. എം. അനിൽകുമാർ രോഗമുക്തനായി തിരിച്ചെത്തിയാലുടൻ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എറണാകുളം നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടൽ കേന്ദ്രീകൃത പാചകശാലയായി മാറ്റും. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന കോർപ്പറേഷന്റെ സ്ഥലമാണിത്. കോർപ്പറേഷന്റെ കിയോസ്കുകൾ വഴി ഭക്ഷണം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് മുന്നോടിയായി ലിബ്ര ഹോട്ടൽ നവീകരിക്കുന്നതിന്റെ പണി നടന്നുവരികയാണ്. പത്തുവർഷത്തിനുശേഷം കൊച്ചി കോർപ്പറേഷൻ ഭരണത്തിലേക്ക് തിരിച്ചുവന്നിരിക്കുന്ന എൽ.ഡി.എഫ് തുടക്കം കുറിക്കുന്ന ഈ പദ്ധതി നല്ല രീതിയിൽ തുടർന്നുകൊണ്ട് പോയാൽ രാജ്യത്തുള്ള മറ്റ് കോർപ്പറേഷനുകൾക്കും ഇത് മാതൃകയായി മാറും. കെട്ടിഘോഷിച്ച് തുടങ്ങുന്ന ഇതുപോലുള്ള പല പദ്ധതികളും അൽപ്പായുസായി മാറുകയാണ് പതിവ്. അത് ഇവിടെ സംഭവിക്കരുത്. വില കുറഞ്ഞാലും ഭക്ഷണത്തിന്റെ രുചി കുറയരുത്. അത് മാത്രം ശ്രദ്ധിച്ചാൽ ഇതൊരു വിജയമായി മാറാതിരിക്കില്ല. തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകളിൽ വില കുറവാണ്. പക്ഷേ രുചിയുടെ കാര്യത്തിൽ ഒരു കുറവുമില്ല. സ്റ്റാലിൻ ഭരണത്തിൽ വന്നിട്ടും അമ്മ കാന്റീനുകളുടെ പ്രവർത്തനത്തിന് യാതൊരു തടസവും ഉണ്ടായിട്ടില്ല. മാത്രമല്ല ഇത്തരം ഒരു കാന്റീൻ അടിച്ച് തകർത്ത സ്വന്തം പാർട്ടിയിലെ പ്രവർത്തകരെ വിലങ്ങ് വയ്ക്കാനും ഉത്തരവിട്ടു. മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന പരമസത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ആ നേതാവ് അങ്ങനെ പെരുമാറിയത്.റോഡുകളും പാലങ്ങളും വരുന്നതു മാത്രമല്ല വികസനം. ഇത്തരം ഭക്ഷണം ചെറിയ നിരക്കിൽ നൽകുന്നതും ജനോപകാരപ്രദമായ വികസനം തന്നെയാണ്.

തമിഴ്‌നാടിന് പുറമെ കർണാടക, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും സർക്കാർ തലത്തിൽ ഇത്തരം പദ്ധതികൾ നടന്നുവരുന്നുണ്ട്. ഇതിനെല്ലാം വഴികാട്ടിയായത് ഒരു രൂപയ്ക്ക് ഇഡ്ഡലിയും അഞ്ച് രൂപയ്ക്ക് ചോറും സാമ്പാറും നൽകുന്ന തമിഴ്നാട്ടിലെ മുന്നൂറോളം വരുന്ന അമ്മ കാന്റീനുകളാണ്.

കൊച്ചി കോർപ്പറേഷൻ തുടങ്ങുന്ന പത്ത് രൂപയുടെ ഊണ് പദ്ധതി വലിയ വിജയമാകട്ടെ എന്നാശംസിക്കുന്നു. വിശക്കുന്നവന് പത്ത് രൂപയുടെ ഊണ് വിലമതിക്കാനാവാത്തതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.