SignIn
Kerala Kaumudi Online
Friday, 25 June 2021 6.23 PM IST

'ഒരു നേതാവിനോടും ബാദ്ധ്യതയില്ല '

k-sudhakaran

കെ.പി.സി.സിപ്രസിഡന്റായി നിയമിതനായ കെ.സുധാകരൻ വലിയ ആത്മവിശ്വാസത്തിലാണ്.പാർട്ടിയെ അടുത്ത തിരഞ്ഞെടുപ്പിൽ വിജയത്തിലെത്തിക്കുകയെന്ന വലിയ ദൗത്യമാണ് തനിക്കു മുന്നിലുള്ളതെന്നും അതിനായി പാർട്ടിയെ സജ്ജമാക്കുമെന്നും കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വളരെ വൈകിയോ ഈ സ്ഥാനലബ്ധി?

രാഷ്ട്രീയത്തിൽ അങ്ങനെയാണ് .എന്നെക്കാൾ പ്രവർത്തിച്ച എത്രയോപേർ അംഗീകാരം കിട്ടാതെ ഇരിപ്പില്ലേ.ആ നിലയിൽ ഞാൻ ഭാഗ്യവാനാണ്. പാർട്ടി എനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ തന്നു.ഞാനൊരു അസംതൃപ്ത രാഷ്ട്രീയക്കാരനേ അല്ല.

തകർന്നുകിടക്കുന്ന കോൺഗ്രസിനെ

പുനരുജ്ജീവിപ്പിക്കുക അത്ര എളുപ്പമാണോ?

എളുപ്പമാണ്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളും സി.പി.എമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം 0.26 ശതമാനം മാത്രമാണ്.അത് റിക്കവർ ചെയ്യാൻ എളുപ്പമായ മാർജിനാണ്.തിരിച്ചുവരാൻ പറ്റാത്ത പരാജയമാണ് എന്ന വാദം ശരിയല്ല.ഭീകരമായ പരാജയത്തിന്റെ ലക്ഷണമല്ല ഈ വോട്ട് വ്യത്യാസം.കേരളത്തെ അഞ്ച് കൊല്ലം കൂരിരുട്ടിൽ നിറുത്തിയ സർക്കാരും ഒരു മുഖ്യമന്ത്രിയുമായിരുന്നില്ലേ.

പക്ഷേ അവരെ ജനം വീണ്ടും തിരഞ്ഞെടുത്തു?

അതിന്റെ കാരണമാണ് ഞാൻ പറയുന്നത്.കള്ളക്കടത്തുമുതൽ ഡോളർക്കടത്തുവരെ എല്ലാ വഴിവിട്ട പ്രവർത്തനങ്ങളും നടത്താൻ നേതൃത്വം കൊടുത്ത ഒരു മുഖ്യമന്ത്രി മത്സരിച്ചപ്പോൾ ആ മുഖം സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ അവസരം കിട്ടിയില്ല.

പ്രതിപക്ഷം നിരന്തരമായി പല ആരോപണങ്ങളും

ഉന്നയിച്ചിരുന്നില്ലേ?

മുഖ്യമന്ത്രിയെ രക്ഷിച്ചത് കൊവിഡാണ്.ആ മാരക രോഗത്തിനു മുന്നിൽ നാട് കീഴടങ്ങിയപ്പോൾ ചട്ടങ്ങളും നിയമങ്ങളും വന്നു.സഞ്ചരിക്കാനും ആൾക്കൂട്ടങ്ങൾ കൂടുന്നതിനും നിയന്ത്രണങ്ങൾ വന്നു.സർക്കാരിന്റെ കൊള്ളരുതായ്മകൾ പൊതുജനങ്ങളോട് പറയാൻ ഞങ്ങൾക്ക് അവസരം കിട്ടിയില്ല.

സർക്കാരിനെ വിശ്വസിച്ചതുപോലെ ജനങ്ങൾ

പ്രതിപക്ഷത്തെ വിശ്വസിക്കാത്തതല്ലേ?

എന്തുകൊണ്ടെന്ന് ചോദിച്ചാൽ കൊവിഡിന്റെ സാഹചര്യം സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് അവർ രാഷ്ട്രീയമായി മുതലെടുത്തു. സർക്കാരിന്റെ കിറ്റ് കൊടുക്കാൻ നിയോഗിച്ചതെല്ലാം അവരുടെ പാർട്ടിക്കാരെ മാത്രമായിരുന്നു.മാസങ്ങൾ പട്ടിണികിടക്കുമ്പോൾ അത്തരമൊരു കിറ്റ് ദൈവത്തിന്റെ സംഭാവനയായി ജനം കണ്ടു.ഞങ്ങളുടെ പ്രവർത്തകർക്ക് വോളന്റീയർ കാർഡ് നൽകിയതേയല്ല. കിറ്റും പെൻഷനുമൊന്നും പാർട്ടിഫണ്ടല്ല.പക്ഷേ ഇതു കൊണ്ടു കൊടുത്തവർ പിണറായി തന്നതാണെന്നേ പറഞ്ഞുള്ളു.

അതേ സർക്കാരല്ലേ തുടരുന്നത്.കിറ്റും ക്ഷേമപ്രവർത്തനങ്ങളും തുടരും.

അതിനെ കോൺഗ്രസ് എങ്ങനെ കൗണ്ടർ ചെയ്യും?

എല്ലാക്കാലവും കൊവിഡ് ഉണ്ടാവില്ലല്ലോ.ഈ മഹാമാരി മാറണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്.കുറച്ചുകഴിയുമ്പോൾ കൊവിഡ് പിന്നോട്ടുപോകും അപ്പോൾ ഞങ്ങൾക്ക് അവസരം കിട്ടും.ഇതെല്ലാം പലിശസഹിതം ജനങ്ങളോട് പറയും.

ബൂത്ത് തലം മുതൽ കോൺഗ്രസിനെ സജീവമാക്കാൻ

മാന്തിക വടി വല്ലതുമുണ്ടോ?

അതിന് മാന്ത്രികവടിയൊന്നും വേണ്ട. താഴെത്തട്ടിൽ പ്രവർത്തകരും ആളുകളും ഉണ്ട്.മെഷിനറി ഉണ്ട് പക്ഷേ മെക്കാനിസം പെർഫക്ടല്ലായിരുന്നു,ആക്ടീവല്ലായിരുന്നു,.വാർഡ് തലം മുതൽ നല്ല സ്മാർട്ട് പ്രവർത്തകൻമാരെക്കൊണ്ടുവരും. മൂന്നുമാസം കൊണ്ട് ഞങ്ങൾ ഓരോ പ്രദേശത്തെയും പാർട്ടി അനുഭാവികളെയും പ്രവർത്തകൻമാരെയും വിളിച്ച് കൺവൻഷൻ നടത്തി പ്രതിനിധികളെ തിരഞ്ഞെടുക്കും.അങ്ങനെ കമ്മിറ്റികൾ സജ്ജമാക്കും.പ്രത്യയശാസ്ത്രം ഒന്നുമല്ല ജനം നോക്കുന്നത്.

' അവരുടെ ജീവിതത്തെ സഹായിക്കുന്നതാരാണ് ' .അതേ ജനം നോക്കുകയുള്ളു.പാർടി ജനങ്ങളിൽ നിന്ന് ഒരുപാട് അകന്നുപോയി.കഴിവുകെട്ട നേതാക്കൻമാരെ വച്ച് കമ്മിറ്റി ഉണ്ടാക്കിയതാണ് കാരണം.അവരുടെ പ്രവർത്തനരാഹിത്യം ജനങ്ങളിൽ നിന്ന് പാർടിയെ അകറ്റി.അത് മാറും.

താങ്കൾ ഈ പദവിയിലെത്താൻ വൈകിയതുപോലും കോൺഗ്രസിലെ

ഗ്രൂപ്പ് പോരല്ലേ.അതെങ്ങനെ പരിഹരിക്കും?

അത് പരിഹരിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.എല്ലാവരും പാഠം പഠിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. സ്വന്തം ഗ്രൂപ്പ്. സ്വന്തം ശിഷ്യൻ,സ്വന്തം പ്രവർത്തകർ എന്നുള്ളത് ഇനി നടക്കില്ല.ഈ കാര്യം ഗ്രൂപ്പ് മാനേജർമാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.ബോധ്യപ്പെട്ടില്ലേൽ സധൈര്യം നടപടിയിലേക്ക് കടക്കും.

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞതല്ലാതെ

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പളിയും

താങ്കളുടെ പേര് നിർദ്ദേശിച്ചിരുന്നില്ല,?

ഞാൻ ഒരാളോടും എന്നെ പ്രസിഡന്റാക്കണമെന്ന് പറഞ്ഞിട്ടില്ല. എ.കെ.ആന്റണിയെക്കണ്ട് പറഞ്ഞിട്ടില്ല.രാഹുൽഗാന്ധിയുമായി നല്ല അടുപ്പമുണ്ടായിട്ടും ആവശ്യപ്പെട്ടിരുന്നില്ല. ഈ പദവി ഞാൻ ചോദിച്ചുതന്നതല്ല.എന്നെ വിളിച്ചുതന്നതാണ്.

ഉമ്മൻചാണ്ടി രമേശ് അച്ചുതണ്ടിനെ തകർക്കാൻ താങ്കളെ

കേന്ദ്രത്തിൽ നി്ന്ന് കെട്ടിയിറക്കിയതാണോ?

ഒന്നുമല്ല.രാഹുൽഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും ഓഫീസുകളിലേക്കുപോയ ഈ മെയിലുകളും ,സോഷ്യൽമീഡിയയിലൂടെ വന്ന പ്രവർത്തകരുടെ വികാരവും,എ.ഐ.സി.സി നേതാക്കൻമാർ വ്യത്യസ്തതലങ്ങളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തിനൽകിയ റിപ്പോർട്ടുമാണ് അടിസ്ഥാനം. കോൺഗ്രസ് സജീവമാകണമെങ്കിൽ കെ.സുധാകരനെ കൊണ്ടുവരണമെന്ന് മഹാഭൂരിപക്ഷം അഭിപ്രായപ്പെട്ടു. അങ്ങനെയൊരു പ്രഷർ പാർടിയുടെ പ്രവർത്തകൻമാരിൽ നിന്നും വന്നപ്പോൾ അതിനുനേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്ന് നേത്യത്വം മനസിലാക്കി.

ആ പൊതു അഭിപ്രായമാണോ താങ്കളെ പ്രസിഡന്റാക്കിയത്?

അതേ.അല്ലാതെ ഇവിടുത്തെ ഒരു നേതാവിനോടും എനിക്ക് ബാധ്യതയില്ല.

കെ.സി.വേണുഗോപാലാണ് താങ്കളെ കൊണ്ടുവന്നതെന്ന് വ്യഖ്യാനമുണ്ടല്ലോ?

കെ.സി.വേണുഗോപാൽ ആ അഭിപ്രായത്തെ അംഗീകരിച്ചിട്ടുണ്ട്.ഉൾക്കൊണ്ടിട്ടുണ്ട്.അത് സത്യമാണ്.

ഗ്രൂപ്പ് അപ്രസക്തമാവില്ലെന്നാണ് കെ.സി.ജോസഫ് പറഞ്ഞത്.?

അത് കെ.സി.ജോസഫിന്റെ അഭിപ്രായം.അതദ്ദേഹം പുസ്കകത്തിൽ എഴുതിവച്ചോട്ടെ.പ്രായോഗികമായി കാണിച്ചുകൊടുക്കാം. ഗ്രൂപ്പിസത്തിനുവേണ്ടി വാദിക്കുന്നവർ ഈ പാർട്ടിയിൽ അവഗണിക്കാൻ കഴിയുന്ന ചെറിയൊരു വിഭാഗമാണ്.ഞാൻ ഗ്രൂപ്പുണ്ടാക്കിയിട്ടില്ല.ഗ്രൂപ്പ് നീക്കങ്ങളെ വകവയ്ക്കില്ല.എല്ലാവരുമായും ചർച്ചകൾ നടത്തും. പക്ഷേ അവർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കാൻ,അവരുടെ ഇംഗിതത്തിനു വഴങ്ങാൻ കെ.സുധാകരനെ കിട്ടില്ല.സീനിയർ നേതാക്കളുടെ സർവ്വീസിനെ വിസ്മരിക്കില്ല. അവരുടെ അഭിപ്രായങ്ങൾ കേൾക്കും.

വിമർശകർ പറയുന്നത് താങ്കൾ വെട്ടൊന്ന് തുണ്ടം രണ്ടെന്ന നിലപാടുകാരനാണെന്നാണ്.?

വെട്ടാനല്ല,മുറിക്കാനും അറിയും.അനുനയം വേണ്ടിടത്ത് അനുനയമാകും.എന്നാൽ ഒന്നും സാധിക്കാത്തിടത്ത് എന്ത് ചെയ്യും.

കോൺഗ്രസിലെ ഏറ്റവും വലിയ സി.പി.എം വിരുദ്ധനാണോ?

സി.പി.എം വിരുദ്ധനല്ല.അക്രമവിരുദ്ധനാണ്.സി.പി..എം നടത്തുന്ന അക്രമങ്ങളെയാണ് വിമർശിക്കുന്നത്.അല്ലാതെ സി.പി.എമ്മിനെയല്ല.ഏത് പാർടിക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഈ നാട്ടിലുണ്ട്.അത് സമ്മതിക്കാതെ വന്നാൽ എതിർക്കും.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ വികസന പ്രവർത്തനങ്ങളിൽ

താങ്കൾ സർക്കാരുമായി സഹകരിക്കുമോ?

നാടിന്റെ വികസനത്തിൽ സഹകരിക്കും.

പിന്നാക്ക ദളിത് പക്ഷങ്ങളെ കോൺഗ്രസ് അവഗണിക്കാൻ തുടങ്ങിയിട്ട് നാളുകളായി .അതിൽ മാറ്റം വരുമോ?

ബോധപൂർവ്വമായ അവഗണനയായിരുന്നില്ല.ആ വിഷയം പാർട്ടിയിൽ നിരന്തരമായി ഞാൻ വാദിച്ചിരുന്നു.സാമുദായിക സന്തുലിതാവസ്ഥയും വനിതാ സംവരണവുമൊക്കെ ഇനി നിർബന്ധമായും പാലിക്കും.

( അഭിമുഖത്തിന്റെ പൂർണ രൂപം കൗമുദി ടിവി.ഞായർ രാത്രി എട്ടിന് സംപ്രേഷണം ചെയ്യും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K SUDHAKARAN, KPCC
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.