സീതത്തോട് വഴി ധാരാളം വിനോദസഞ്ചാരികൾ പോകും, പ്രകൃതി രമണീയമായ സ്ഥലങ്ങൾ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങളിലെ മനുഷ്യജീവിതം സുഖകരവും സന്തുഷ്ടവുമാണോ? സാമൂഹ്യപ്രവർത്തകനായ സാബു ചോദിക്കാറുണ്ട്. അതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലാത്തവർ ഒരുനിമിഷം അതേപ്പറ്റി ആലോചിക്കും. മൂന്നാറിലും ഊട്ടിയിലും നൈനിറ്റാളിലും ജീവിക്കുന്നവരെല്ലാം ഭാഗ്യവാന്മാരാണോ? കാറ്റ് കടന്നുചെല്ലാത്ത സ്ഥലമുണ്ടാകും. പക്ഷേ ദുഃഖം കടന്നുചെല്ലാത്ത ഏത് ഇടമുണ്ടാകും ഭൂമിയിൽ.പ്രത്യേകിച്ച് മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ. മനുഷ്യൻ ഇനിയും കണ്ടെത്താത്ത ദ്വീപുകളിൽ സുഖവും ദുഃഖവുമില്ല. ഏത് സ്ഥലത്തും മനുഷ്യനാണ്സുഖവും ദുഃഖവും ചുമന്നെത്തിക്കുന്നത്. സ്വന്തം ജീവിതത്തിന്റെ സംവിധായകരാണ് ഓരോ മനുഷ്യനും. തിരക്കഥയും സംഭാഷണവും ഏതാണ്ട് ഒരുങ്ങിക്കഴിയുമ്പോൾ കാണാമറയത്തിരുന്നു ഏതോ നിർമ്മാതാവ് എല്ലാം വെട്ടിത്തിരുത്തുന്നു. യുഗ്മഗാനം ചിത്രീകരിക്കേണ്ടിടത്ത് ശോകഗാനം വരുന്നു. സാബു സ്വന്തം ജീവിതത്തെ ഉദാഹരിച്ച് പറയാറുണ്ട്. നല്ലൊരു കർഷകനാണ്. സാബു വിതച്ചാൽ പൊന്നുകൊയ്യും എന്നാണ് നാട്ടുകാരുടെ ബഹുമതി. സാബുവിനെ കണി കണ്ടാൽ അന്നത്തെ ദിവസം ശുഭകരം എന്നും ചിലർ വിശേഷിപ്പിക്കും. മനസിന്റെ നന്മയാണ് അതിന് കാരണമെന്ന് പറയുന്നവരും കുറവല്ല. മൂത്തമകൾ അച്ഛനെപ്പോലെ വലിയ പ്രകൃതിസ്നേഹി, ജന്തുസ്നേഹിയുമാണ്.
കല്യാണം കഴിഞ്ഞുപോയപ്പോൾ ശാകുന്തളത്തിലെ പോലെ മുല്ലവള്ളിയും പൂക്കളുമൊക്കെ കരഞ്ഞില്ലെന്നേയുള്ളൂ. പക്ഷേ ആ ഹൃദയത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞവർ കുറവ്.. ജീവിതമാകട്ടെ തിരികെ സ്നേഹിക്കാനും മറന്നു. ഒരിക്കൽ സ്വകാര്യബസിൽ വീട്ടിലേക്ക് വരുമ്പോൾ ഒരു അപകടം.. മറ്റൊരു ബസിലിടിച്ചതാണ്.. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരി പിടഞ്ഞുമരിച്ചത് മൂത്തമകളുടെ മടിയിൽ കിടന്ന്. അത് വലിയ ആഘാതമായി. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഓർക്കാപ്പുറത്ത് മറ്റൊരു ആഘാതം കൂടി.. ഭർത്താവിന് മറ്റൊരു ബന്ധം കൂടിയുണ്ടെന്ന്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം അച്ഛനോട് തന്നെ നേരിട്ടുപറഞ്ഞു. ഇനി ആ ബന്ധം വേണ്ട. മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്യരുത്. ഭർത്താവ് ക്ഷമ പറഞ്ഞുവന്നെങ്കിലും അവളുടെ മനസിളകിയില്ല. കാരണം ഭർത്താവിന്റെ രണ്ടാംബന്ധത്തിലെ സ്ത്രീ ഗർഭിണിയാണെന്ന് ആശുപത്രിയിൽ വച്ചേ അറിഞ്ഞിരുന്നു. ഇനി രണ്ടുപേരെക്കൂടി എന്തിന് ശപിക്കപ്പെട്ടവരാക്കണം. അച്ഛൻ ഒന്നും മറുപടി പറഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും സാബു അതിന് ഉത്തരം തേടിനടക്കുന്നു. സ്വന്തം ജീവിതം കോമഡിയോ ട്രാജഡിയോ എന്നറിയാതെ.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |