ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 23 മരണം. 30ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ10 പേരുടെ നില ഗുരുതരമാണ്. ഖുസ്ദാർ ജില്ലയിലെ ഖാർഗിൽ ഇന്നലെ പുലർച്ചയാണ് അപകടമുണ്ടായത്. അതിവേഗത്തിൽ വളവ് തിരിയുന്നതിനിടെ ബസ് റോഡരികിലെ ചെളിക്കുണ്ടിൽ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. ബസിൽ അനുവദിനീയമായതിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നെന്നും ചില യാത്രക്കാർ ബസിന് മുകളിലിരുന്നായിരുന്നു യാത്ര ചെയ്തിരുന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. രക്ഷാ പ്രവർത്തനത്തിനായി സൈന്യവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാർക്കാന ജില്ലയിൽ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. മരണപ്പെട്ടവരെല്ലാവരും പുരുഷന്മാരാണെന്ന് പൊലീസ് അറിയിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ മൂലം പാകിസ്ഥാനിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |