തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ് വാഹനത്തിൽ വൈദ്യുതി ലൈനിൽ കുരുങ്ങി ഒടിഞ്ഞുവീണ പോസ്റ്റിനടിയിൽപ്പെട്ട് വ്യാപാരിക്ക് ദാരുണാന്ത്യം. ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്തവ്യാപാരി പേരൂർക്കട മണ്ണാമൂല സുര്യ 153 എ. രാജിൽ ആർ. രാജേഷ് (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൺകോഡിയ സ്കൂളിന് മുന്നിലായിരുന്നു അപകടം. റെഡിമിക്സ് വാഹനത്തിനു പിന്നിലായി ബൈക്കിൽ വരികയായിരുന്നു രാജേഷ്. അപകടമുണ്ടായ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റിനടിയിൽപ്പെട്ടെങ്കിലും മാരകമായ മുറിവുകളൊന്നും രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും ഷോക്കേറ്റതാണോ മരണകാരണമെന്ന് സംശയമുണ്ടെന്നും പേരൂർക്കട പൊലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുത കേബിളുകൾ മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം വിട്ടുനൽകും. ഭാര്യ:ലക്ഷ്മി, മകൾ ദേവിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |