SignIn
Kerala Kaumudi Online
Friday, 19 April 2024 4.20 AM IST

വീണപൂവാകുന്ന ഭാഷകൾ

kk

ഒക്ടോബർ 4, 2013 അതിപുരാതനമായ ബോ എന്ന ഭാഷ അത് സംസാരിക്കുവാൻ കഴിവുള്ള ഏക വ്യക്തിയുടെ മരണത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. വാർദ്ധക്യ കാലത്ത് സംസാരിക്കാൻ കൂട്ടില്ലാത്തതിനാൽ തനിക്കു ചുറ്റുമുള്ള പൂക്കളോടും മരങ്ങളോടും സംസാരിച്ചു നടക്കുന്നത് അവരുടെ അയൽക്കാർ കണ്ടിരുന്നു. (ജി.എൻ ദേവി, പീപ്പിൾസ് ലിങ്ക്വിസ്റ്റിക്ക് സർവേ ഓഫ് ഇന്ത്യയുടെ കർത്താവ് )
ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന 1500 നും 2000 നും ഇടയ്ക്ക് ഭാഷകളാണ് ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായത്. കേൾക്കുമ്പോൾ അപരിചിതത്വവും അതിഭാവുകത്വവും തോന്നുമെങ്കിലും ഭാഷാമരണം നമ്മളെ സംബന്ധിച്ച് ഒരു വലിയ യാഥാർത്ഥ്യമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏകദേശം 750 നടുത്ത് ഭാഷകളുള്ള ഇന്ത്യയിൽ 420ഓളം ഭാഷകൾ നിലനില്പിന്റെ ഭീഷണി നേരിടുന്നു. മലയാളമടക്കമുള്ള മുഖ്യധാരാ മാതൃഭാഷകൾക്ക് അത്ര വലിയ ഭീഷണിയുള്ളതായി തോന്നില്ലെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും അപ്രത്യക്ഷമാകലിന്റെ പാതയിലാണെന്നുള്ളതാണ് സത്യം.
പരിസ്ഥിതി വൈവിദ്ധ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് സാംസ്‌കാരിക വൈവിദ്ധ്യവും. ചുറ്റുമുള്ള പരിസ്ഥിതിയുമായും മറ്റു
സംസ്‌കാരങ്ങളുമായും സംവദിച്ചിട്ടാണ് ഓരോ സംസ്‌കാരവും പരിണമിക്കുന്നതും വളരുന്നതും.

അതിജീവനത്തിനായും ജീവിത വിജയത്തിനായും മറ്റൊരു ഭാഷയെ ആശ്രയിക്കേണ്ടി വരുന്ന ഏതൊരു സമൂഹത്തിലും സംഭവിക്കുന്നതാണ്
ഭാഷാമരണം. മലയാളം പോലുള്ള ഭാഷകൾ ഇതിന്റെ പകുതി ദൂരം ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഭൂരിഭാഗവും മലയാളികളുള്ള
കേരളത്തിനു പുറത്തെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന ഈ
ലേഖകൻ നിത്യേന കേൾക്കുന്ന ഒരു വാചകമാണ് 'സർ, എനിക്ക് മലയാളം
സംസരിക്കാനേ അറിയൂ , എഴുതാനും വായിക്കാനും ശീലിച്ചിട്ടില്ല.' രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി നൂറിൽപ്പരം വിദ്യാർത്ഥികൾ നിറഞ്ഞിരിക്കുന്ന ക്ലാസ് മുറികളിൽ സ്വന്തം മാതൃഭാഷയിൽ എഴുത്തും വായനയും അറിയാവുന്ന കുട്ടുകളുടെ എണ്ണം മിക്കപ്പോഴും പത്തിനും താഴെയാണ്.
ദ്വിഭാഷികളും ബഹുഭാഷികളും ആയിരുന്ന നമ്മുടെ പൂർവികരിൽ നിന്നും വ്യത്യസ്തമായി തീർത്തും ഏകഭാഷികളായി നമ്മുടെ പുതിയ തലമുറ വാർത്തെടുക്കപ്പെടുന്നത് നിസഹായതയോടെ മാത്രമേ നമുക്ക് കാണുവാൻ കഴിയുന്നുള്ളൂ. വിദ്യാഭാസവും ഭാഷാമരണവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെകാലം മുതൽ തുടർന്ന് പോരുന്ന പാഠ്യഭാഷാ നയങ്ങൾ ഇന്ത്യയിലെ മാതൃഭാഷകളെല്ലാം തന്നെ ഒരു ഉന്നത വിദ്യാഭാസം കൈവരിക്കാൻ തടസമാണെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സർക്കാരുകളും ഈ നയം തന്നെ തുടർന്ന് പോന്നു.
ഔദ്യോഗികമായി 22 ഭാഷകളെ മാത്രം അംഗീകരിച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് പത്തു ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ഭാഷകളുടെ പട്ടികയിൽ മാത്രം 60 ഓളം ഭാഷകളുണ്ട്. ഇവയൊന്നും തന്നെ ഔദ്യോഗികഭാഷാ പട്ടികയിലുള്ളതല്ല. ഇംഗ്ലീഷിനെ അന്ധമായി എതിർക്കുക എന്നത് പോലെ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ് ഇംഗ്ലീഷിനെ അന്ധമായി സ്‌നേഹിക്കുക എന്നതും. ഭാഷകളുടെ അർത്ഥപൂർണമായ ഒരു സഞ്ചയം ഉണ്ടാക്കുക എന്നതിലാണ് കാര്യം. ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന എത്രയോ ജനവിഭാഗങ്ങൾ ഉന്മൂലനാശത്തിലേക്ക് നയിക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം അന്യഭാഷകളെ ആശ്രയിച്ചു നിൽക്കുന്ന നമ്മുടെ സാമൂഹ്യവികസന മാതൃകകളാണ്. മലയാളം പോലുള്ള ഭാഷകളുടെ കാര്യത്തിൽ ഉന്നത വിജയങ്ങൾ കൈയെത്തിപ്പിടിക്കാനുള്ള ശ്രമങ്ങളാണ് ഭാഷയുടെ ജീർണതക്ക് കാരണമെന്ന് എളുപ്പത്തിൽ കാണാവുന്നതാണ്. ഇംഗ്ലീഷിലെ പ്രാവീണ്യമാണ് ജീവിതവിജയത്തിന് അത്യാവശ്യം എന്നത് എല്ലാത്തിനും മീതെയുള്ള ഒരു സത്യമായി നമ്മൾ ഇന്ന് അംഗീകരിച്ചിരിക്കുന്നു. ആളുകൾ കൂട്ടമായി ഇംഗ്ലീഷിലേക്ക് ചേക്കേറുന്നതിന്റെ പൊരുൾ ഈ അന്ധവിശ്വാസമല്ലാതെ വേറൊന്നുമല്ല. പഴയ തലമുറയിലെ ഒരുപാട് ആളുകൾ ഇംഗ്ലീഷ് ഭാഷ അറിയാത്തതിന്റെ പേരിൽ അനുഭവിച്ച മാനസികഭാരം പറയാൻ പറ്റാത്തത്രയും വലുതാണ്. തങ്ങളുടെ കുട്ടികളെ ഈ അപകടത്തിൽ നിന്നും രക്ഷിക്കാനാണ് സാധാരണ മാതാപിതാക്കൾ ശ്രമിക്കുക. അതിനവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ഭാഷാ സമരങ്ങളെ പ്രാദേശിക വികാരം പൊക്കിപ്പിടിക്കുന്ന പ്രാദേശിക ദേശീയതാ മുന്നേറ്റങ്ങളായും ഇംഗ്ലീഷിനോടു നിതാന്തമായ ശത്രുതയിൽ ഏർപെട്ടിരിക്കുന്നതുമായും ചിത്രീകരിക്കാനാണ് മിക്കവർക്കും താത്‌പര്യം. നേരെ തിരിച്ചാണ് കാര്യം എന്നുള്ളതാണ് സത്യം. പലവിധ ഭാഷകളും അതുവഴി വൈവിദ്ധ്യമാർന്ന പല സംസ്‌കാരങ്ങളും സമൂഹത്തിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോദ്ധ്യമുള്ള , അതേ സമയം സ്വന്തം ഭാഷയെ സ്‌നേഹിക്കുകയും ഷോപ്പിംഗ് മാളുകൾ കെട്ടിപ്പൊക്കി നേടുന്ന പുരോഗമനത്തിന്റെ അപകടം തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവബോധത്തിൽ നിന്നാണ് ഭാഷസമരങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ നൂറിൽപ്പരം വർഷങ്ങളായി ശോഷണം വന്നുകൊണ്ടിരിക്കുന്ന വൈവിദ്ധ്യം ഇപ്പോൾ അപകടകരമായ ഒരു ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇതിനെ തിരിച്ചറിയാതിരിക്കുന്നതും ഇതിനോട് പുറംതിരിഞ്ഞു നിൽക്കുന്നതും ചരിത്രപരമായ ഒരു തെറ്റാവും.

(ലേഖകൻ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി
അദ്ധ്യാപകനാണ്
)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAYALAM LANGUAGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.