SignIn
Kerala Kaumudi Online
Saturday, 20 April 2024 2.13 AM IST

മാർട്ടിൻ ഒരു ചെറിയ മീനല്ല !!

martin

കൊച്ചി: യുവതിയെ ഫ്ളാറ്റിൽ ദിവസങ്ങളോളം തടഞ്ഞുവച്ച് അതിക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് വലിയ സമ്പത്തിനുടമ. ഉന്നത ബന്ധങ്ങളും വിപുലമായ സൗഹൃദവലയവും വൻ സാമ്പത്തിക ശേഷിയും കൈവരിച്ച് വിലസിയത് മയക്കുമരുന്ന് ഇടപാടിലൂടെയും പലി​ശ ഇടപാടി​ലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ടാണെന്ന് സൂചന. സിന്തറ്റിക് ഡ്രഗ്ഗുകളായിരുന്നുവത്രെ ഇയാളുടെ പ്രധാന പ്രത്യേകത. ആഡംബര കാറുകളിൽ സഞ്ചരിച്ച് കൊച്ചിയിലെ ആഡംബര ഫ്ളാറ്റുകളിൽ താമസിച്ചാണ് ഇയാൾ യുവതികളെ ആകർഷിച്ചിരുന്നതും വലിയ ഇടപാടുകൾ നടത്തിയിരുന്നതും. ഓഹരി ബിസിനസിലാണെന്ന വ്യാജേനയായിരുന്നു സൗഹൃദങ്ങളും ഇടപാടുകളുമെല്ലാം.

തൃശൂർ പുറ്റേക്കര ഏഴാംകല്ലിലാണ് മാർട്ടിന്റെ വീട്. ഇവിടെ കാൽവരി മ്യൂസിക് ഒഫ് മദർ തെരേസ എന്ന പേരിൽ സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോസഫിന്റെ മകനാണ്. ഓട്ടോ ഡ്രൈവറായിരുന്ന ജോസഫ് ഇപ്പോൾ വലിയ സമ്പത്തിന് ഉടമയാണ്. ജോസഫിനും മകൻ മാർട്ടിനും വൻ തുകകൾ പലിശയ്ക്ക് നൽകുന്ന ബിസിനസും ഉണ്ടെന്ന് സൂചനയുണ്ട്. മാർട്ടിന്റെ അനുജൻ പഠനം കഴിഞ്ഞ് നിൽക്കുകയാണ്. സഹോദരന്റെ ഇടപാടുകളുമായി ഇയാൾക്ക് ഒരു ബന്ധവുമില്ല. വീടിനടുത്തുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കാടുപിടിച്ചു കി​ടക്കുന്ന ഭൂപ്രദേശമാണ് മാർട്ടിന്റെയും സംഘത്തിന്റെ താവളം. ഇവിടെയാണ് കൊച്ചി നഗരം വിട്ട ശേഷം ആദ്യം ഒളിവിൽ താമസിച്ചത്. പൊലീസ് പിന്നാലെയെത്തിയപ്പോൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു.

തൃശൂർ മുണ്ടൂരിലെ ഒറ്റപ്പെട്ട സ്ഥലത്തെ കെട്ടിടത്തിന്റെ ടെറസിൽ കണ്ടെത്തിയ മാർട്ടിനെ നാട്ടുകാരുടെ സഹായത്തോടെയാണ് വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടിയത്. മുണ്ടൂരിൽ ചതുപ്പും കുറ്റിക്കാടുകളും നിറഞ്ഞ ഉൾപ്രദേശത്തെ താമസമി​ല്ലാത്ത കെട്ടിടത്തിന്റെ ടെറസിലായിരുന്നു ഒളിവാസം. ഡ്രോൺ നിരീക്ഷണത്തിൽ ലഭിച്ച സൂചനയെത്തുടർന്ന് പൊലീസിന്റെ മൂന്നംഗ സംഘം കെട്ടിടത്തിന് സമീപമെത്തി. ഇതറിഞ്ഞതോടെ ടെറസിൽ നിന്ന് ചാടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. മാർട്ടിനെ കൊച്ചിയിൽ നിന്ന് ഒളിവിൽ പോകാൻ സഹായിച്ച മൂന്നു സുഹൃത്തുക്കളെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഒളിത്താവളം മനസിലാക്കിയത്. പാവറട്ടി പറക്കാട്ട് വീട്ടിൽ ധനീഷ് (29), കൈതപ്പറമ്പ് കണ്ടിരുത്തി വീട്ടിൽ ശ്രീരാഗ് (27), കിരാലൂർ പരിയാ‌‌ടൻ വീട്ടിൽ ജോൺ ജോയ് (28) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ബി​.എം.ഡബ്ല്യുവും ഇന്നോവയും ഉൾപ്പെടെ മൂന്ന് ആഡംബര കാറുകളും മാർട്ടിനെ തൃശൂരിൽ എത്തിച്ച സ്വിഫ്റ്റ് കാറും ഒരു ബൈക്കും പിടിച്ചെടുത്തു.

മുങ്ങിയത് ബുധനാഴ്ച പുലർച്ചെ

പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്യുമ്പോഴാണ് മാർട്ടിൻ കാക്കനാട് ഫ്ളാറ്റിൽ നിന്ന് മുങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 4.31 ന് ഫ്ളാറ്റിൽ നിന്ന് സുഹൃത്തിനൊപ്പം മാർട്ടിൻ തിടുക്കത്തിൽ പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചി​രുന്നു. ഇതോടെയാണ് പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയത്.

പുതിയ പരാതി

മാർട്ടിനും സുഹൃത്ത് സുധീറും ചേർന്ന് മേയ് 31ന് കാക്കനാട്ടെ വാടകഫ്ളാറ്റിൽ വച്ച് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് ഇൻഫോ പാർക്കിൽ ജോലിക്കാരിയായ യുവതി വനി​താ പൊലീസി​ൽ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ഇവരുടെ ഫ്ളാറ്റിലെത്തി മാർട്ടിൻ യുവതിയെ മർദിച്ചു. ഒരു ദിവസം താമസിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലൈംഗിക അതി​ക്രമം നടത്തി​യതായി​ പരാതി​യി​ലി​ല്ല. ദീർഘനാളായി​ മാർട്ടി​നെ അറി​യാവുന്നവയാളാണ് യുവതി​. ഇവരുടെ സുഹൃത്തി​നെയാണ് മാർട്ടി​ൻ മറൈൻഡ്രൈവി​ലെ ഫ്ളാറ്റി​ൽ പൂട്ടി​യി​ട്ട് പീഡി​പ്പി​ച്ചത്.

 മുകളിൽ ഡ്രോൺ, താഴെ പൊലീസ്

ജോസഫിനെ പിടികൂടാൻ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയത് തനി നാടൻ ഓപ്പറേഷൻ. നാട്ടുകാരെയും മറ്റും അറിയിക്കാതെ പ്രതിയെ പൊക്കുന്ന പതിവ് തന്ത്രത്തിൽ നിന്ന് ജനകൂട്ടത്തെ മുഴുവൻ കളത്തിലിറക്കിയാണ് കാടും ചതുപ്പും തോടുമെല്ലാം താണ്ടി മാർട്ടിൻ ജോസഫിനെ വലയിലാക്കിയത്. പൊലീസിനൊപ്പം മാർട്ടിൻ വേട്ടയിൽ പങ്കെടുത്തത് മുന്നൂറോളം നാട്ടുകാരാണ് . കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചി സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ നിസാറും സംഘവും ഇയാളുടെ ഒളിങ്കേതത്തിന് ചുറ്റും വലവീശി നിലയുറപ്പിച്ചിരുന്നു. എന്നാൽ ഫോൺ ഉപയോഗം ഇല്ലാതായതോടെ ആണ് പൊലീസിന് അൽപ്പം ബുദ്ധിമുട്ട് സൃഷ്ടിച്ചത്. കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി നിഴൽ പൊലീസ് സംഘവും രംഗത്തിറങ്ങിയതോടെയാണ് ചേമഞ്ചിറയിൽ മാർട്ടിനെ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ അനന്ത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് ഇവിടം വളഞ്ഞെങ്കിലും പക്ഷേ അവരെ കബളിപ്പിച്ച് സമീപത്തെ പാടത്തിനു നടുവിലൂടെ മാർട്ടിൻ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിടാൻ ഭാവമില്ലായിരുന്നു. പ്രതിയുടെ പിന്നാലെ പായാൻ രണ്ട് ഡ്രോണുകൾ വട്ടമിട്ടു പറന്നു. ഇതോടെ മാർട്ടിൻ ഓടിക്കയറിയത് ഒരു ഫ്ളാറ്റിലേക്കായിരുന്നു. ചെളിയും കാടും അരയ്‌ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാർട്ടിൻ അവിടെ നിന്ന് സമീപത്തെ അയ്യംകുന്ന് ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് അടുത്തുള്ള വീടിന് പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങളും നാട്ടുകാരും ഇവിടേക്ക് പാഞ്ഞെത്തി ഇവിടം വളഞ്ഞതോടെ ഒടുവിൽ കീഴടങ്ങുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ആദ്യം പണവും ഭക്ഷണവും നൽകിയ മൂന്നു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിലൂടെ തന്നെയാണ് മാർട്ടിൻ ഇവിടെ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചത്. മാർട്ടിനെ പിടികൂടിയ ഉടനെ നാട്ടുകരിൽ ചിലർ പ്രതിയെ കൈകാര്യം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പൊലീസിന്റെ അഭ്യർത്ഥന കേട്ട അവർ പിൻവാങ്ങുകയായിരുന്നു. ചെറുപ്പം മുതൽ തന്നെ ക്രിമിനൽ സ്വഭാവം പുറത്തെടുത്തിരുന്ന ഇയാൾക്കെതിരെ പാവറട്ടി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും അടിപിടി കേസും നിലവിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MARTIN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.