SignIn
Kerala Kaumudi Online
Thursday, 25 April 2024 7.47 PM IST

മഴക്കാലം,​ പലരോഗം...

health

പകർച്ചവ്യാധികളല്ലാത്ത നിരവധി രോഗങ്ങൾ ഉണ്ടാകുകയും വർദ്ധിക്കുകയും ചെയ്യുന്ന സമയമാണ് മഴക്കാലം. മഴക്കാലരോഗങ്ങൾ ബാധിക്കാൻ മഴ നനയണമെന്നില്ല. പലവിധ വേദനകൾ മഴക്കാലത്ത് വർദ്ധിക്കും.സന്ധികൾ വേദനിക്കുന്നതിനൊപ്പം അനക്കാനും പ്രയാസമുണ്ടാകും.അനക്കിയാൽ ഉളുക്ക് വീഴുകയും ചെയ്യാം. ഒരു കുഴപ്പവുമില്ലാതിരുന്നയാൾക്ക് സാധാരണ ചെയ്യുന്ന കാര്യങ്ങൾ ചെയ്താൽ പോലും പിറ്റേന്ന് കഴുത്തോ നടുവോ പുറമോ ഉളുക്കിയെന്നിരിക്കും. തറയിൽക്കിടക്കുന്നവർക്ക് അതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കഴുത്തിലും തോളിനുമുണ്ടായ വേദന വകവയ്ക്കാതെ വീണ്ടും ജോലിയിലേർപ്പെടുന്നവർക്ക് തലവേദനയും തലകറക്കവും കൈകൾക്ക് പെരുപ്പും ഉണ്ടാകാറുണ്ട്. തണുപ്പടിക്കുകയോ തണുപ്പിച്ചവ കഴിക്കുകയോ ചെയ്താൽ ഇത് വീണ്ടും വഷളാകും.

മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയവ മഴക്കാലത്ത് വർദ്ധിക്കും.പുളിയുള്ളവയും തണുത്തവയും കഴിക്കുകയോ പകലുറങ്ങുകയോ ചെയ്താൽ ഇവയെല്ലാം കൂടുതൽ വഷളാകും. മുഖം കുനിക്കാൻ പ്രയാസമുള്ള വിധം ഭാരവും ശബ്ദ വ്യത്യാസവും തൊണ്ടവേദനയും സൈനസൈറ്റിസും വർദ്ധിക്കും. ഫാൻ, എയർകണ്ടീഷ്ണർ എന്നിവയുടെ ഉപയോഗം കൂടിയുണ്ടെങ്കിൽ മൂക്കടഞ്ഞ് വായിൽ കൂടി ശ്വാസം വിടേണ്ടി വരുന്നതിനാൽ
വായവരൾച്ച, ടോൺസിലൈറ്റിസ്, ചുമ എന്നിവയുണ്ടാകാം. ക്രമേണ പല്ലിന്റെ നിര ഉന്തി വരികയും ചെയ്യാം. പാലുൽപ്പന്നങ്ങളും പാലും ഉപയോഗിക്കുന്നവർക്ക് മറ്റു കാരണങ്ങളില്ലാതെ തന്നെ ഇവ വർദ്ധിക്കുന്ന കാലമാണ് മഴക്കാലം. ചുമയും ശ്വാസംമുട്ടുമുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

മാംസാഹാരം

രാത്രി ഒഴിവാക്കണം

ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും വേദനയെ വർദ്ധിപ്പിക്കാൻ കൂടി കാരണമാകാമെന്നതിനാൽ എളുപ്പം ദഹിക്കുന്ന ഭക്ഷണമായാലും മിതമായും കൃത്യസമയത്തും കഴിക്കാൻ ശ്രദ്ധിക്കണം. രാത്രിയിലെ ആഹാരം വളരെ ശ്രദ്ധിക്കേണ്ടതാണ്. ദഹിക്കാൻ പ്രയാസമുള്ളതും എണ്ണ ചേർത്തതും മാംസാഹാരവും രാത്രി ഒഴിവാക്കണം. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കണം. അത് കഴിഞ്ഞാൽ ആവശ്യമെങ്കിൽ കുറഞ്ഞ അളവിൽ ചുക്ക് വെള്ളം കുടിക്കുക. പൊതുവേ മലബന്ധമുള്ളവർ ചുക്ക് വെള്ളത്തിനുപകരം ചൂടുവെള്ളമാണ് കുടിക്കേണ്ടത്. മഴക്കാലത്ത് ഒരുകാരണവശാലും ഫ്രിഡ്ജിൽ നിന്ന് തണുത്തിരിക്കുന്ന വെള്ളമോ കടകളിൽനിന്ന് ചൂടാക്കാത്ത വെള്ളമോ ജ്യൂസോ കുടിക്കരുത്. പുളിയുള്ള പഴങ്ങൾ ഒഴിവാക്കുക. പ്രത്യേകിച്ചും രാത്രിയിൽ.

ഫംഗസ് ബാധയെ

കരുതണം

മഴ കാരണം ചുവരിലും വസ്ത്രങ്ങളിലും ഈർപ്പമുള്ളതിനാൽ
ഫംഗസ് പിടിക്കാം. ഇത് കാരണം തുടർച്ചയായി തുമ്മലുള്ള അലർജി രോഗക്കാരിൽ അവ വർദ്ധിക്കാം. കാരണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതും അലർജി കുറയ്ക്കുന്നതുമായ മരുന്നുകൾകൂടി ഉപയോഗിക്കണം. ആസ്ത്മാ രോഗികളും തുടർച്ചയായും ശക്തിയായും ചുമയുള്ളവരും മഴക്കാലത്ത് തുടക്കത്തിലേതന്നെ മരുന്നുകൾ വർദ്ധിപ്പിക്കേണ്ടി വരും. അതിനായി നിലവിലെ മരുന്നുകൾ തുടരുന്നതിനൊപ്പം ആയുർവേദ ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള മരുന്നുകൾ ഉൾപ്പെടുത്തുകയും രോഗവർദ്ധനവുണ്ടാക്കുന്ന ഭക്ഷണവും മറ്റു ശീലങ്ങളും ഒഴിവാക്കുകയും വേണം.

സന്ധിവേദനയുടെ

കാലം

മുട്ടിനും കഴുത്തിനും തോളിനും കൈകാൽക്കുഴകൾക്കും നടുവിനുമുള്ള വീക്കവും വേദനയും അനക്കാനുള്ള പ്രയാസവും സാധാരണ വർദ്ധിക്കുന്ന കാലമാണിത്. താരതമ്യേന അവ പ്രധാന സന്ധികളുമാണല്ലോ? നടുവേദനയ്ക്കൊപ്പം കാലുകളിലേക്കുള്ള പെരുപ്പും കഴപ്പും വർദ്ധിക്കാം. കഴുത്തുവേദനയ്ക്കൊപ്പം കൈകളിലേയ്ക്കുള്ള പെരിപ്പിനൊപ്പം തലവേദനയും തലകറക്കവും ഓക്കാനവുമുണ്ടാകാം.
ഒരുവശം ചരിഞ്ഞു കിടക്കുന്നവരിൽ കഴുത്ത് വേദന കൂടുകയും മലർന്ന് കിടക്കുന്നവരിൽ നടുവേദന കൂടുകയും ചെയ്യാം. രോഗത്തിനനുസരിച്ച് ഏത് രീതിയിൽ ഇരിക്കണമെന്നും കിടക്കണമെന്നുമുള്ള കാര്യങ്ങൾ കൂടി ചികിത്സകനോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്.

കിട്ടുന്നത് കഴിച്ച്

വണ്ണം കൂട്ടരുത്

മഴക്കാലത്ത് വിശപ്പ് കൂടുമെന്നതിനാൽ കിട്ടുന്നതൊക്കെ കഴിച്ച് വണ്ണം കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. മധുരം, തണുപ്പ്, കിഴങ്ങുവർഗ്ഗങ്ങൾ, പായസം, ഉഴുന്ന്, മാംസാഹാരം പകലുറക്കം എന്നിവയെല്ലാം വണ്ണം വർദ്ധിപ്പിക്കുമെന്നതിനാൽ വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. മെലിഞ്ഞിരിക്കുന്നവർക്ക് വണ്ണം കൂട്ടുന്നതിന് സഹായകമായ കാലമാണിത്. എന്നാൽ മഴക്കാലമായതിനാൽ ഒഴിവാക്കണമെന്ന് പറഞ്ഞവ അവരും ശീലിക്കരുത്.

ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളും പലകാരണങ്ങളാൽ മഴക്കാലത്ത് വർദ്ധിക്കാം.മഴവെള്ളത്തിലും ചെളിവെളളത്തിലും അഴുക്കുചാലിലും ചവിട്ടുന്നവർ,കാലിൽ മുറിവുള്ളവർ, പാദത്തിൽ വെടിച്ച് കീറലും വിരലുകൾക്കിടയിൽ ഫംഗസ് ബാധയുമുള്ളവർ, കുഴിനഖമുള്ളവർ തുടങ്ങിയ പ്രശ്നമുള്ളവർ ഇവ ശ്രദ്ധിച്ചേ മതിയാകൂ.

വസ്ത്രധാരണം ശ്രദ്ധിക്കുന്നതിലൂടെ തണുപ്പേറ്റുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കുവാനും കൊതുക് ,വെളിച്ചം കണ്ട് പറന്നെത്തുന്ന ഷഡ്പദങ്ങൾ എന്നിവയുടെ ഉപദ്രവം കുറയ്ക്കാനും ഒരു പരിധി വരെ സാധിക്കും. കൊതുക് വല ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും. മഴക്കാലത്ത് തെന്നിവീണുണ്ടാകുന്ന ചതവുകളും സന്ധി ഉളുക്കലും അസ്ഥി ഒടിയലും വർദ്ധിക്കാം. വാഹനങ്ങളിൽ നിന്നുമുള്ള വീഴ്ചകളിൽ കുഴപ്പമില്ലെന്ന് തോന്നുന്നവ പോലും പിന്നീട് വലിയ വേദനയോടെ ചികിത്സയ്ക്ക് എത്താറുണ്ട്. മഴയും തണുപ്പുമല്ലേയെന്ന് കരുതി ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മലബന്ധവും മൂത്രത്തിൽ അണുബാധയും ശരീരം വലിഞ്ഞു മുറുകുകലും തലവേദനയുമുണ്ടാകാം.


ജീരകം, അയമോദകം, ഷഡംഗ ചൂർണ്ണം, ചുക്ക് മുതലായവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കേണ്ടത്. തൊണ്ടവേദന ആരംഭിക്കുമ്പോൾ തന്നെ ഔഷധങ്ങളിട്ട് തിളപ്പിച്ചാറ്റിയ ഇളം ചൂടുവെള്ളം കവിൽ കൊള്ളുകയും ലേപനങ്ങൾ തൊണ്ടയിൽ പുരട്ടുകയും ചെയ്യുക.

വേദന മാറാൻ പെട്ടെന്ന് ശമനം കിട്ടുന്ന താൽക്കാലിക മാർഗ്ഗങ്ങൾ നോക്കാതെ ആയുർവേദ മരുന്നുകൾ പുരട്ടുകയും കഴിക്കുകയും വേദനയുള്ള ഭാഗത്തിന് വിശ്രമം നൽകുകയും വേണം. വായിൽ വരുന്ന പേര് പറഞ്ഞ് ഡോക്ടറുടെ നിർദ്ദേശമില്ലാത്ത മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന റിസൾട്ട് പൊട്ടക്കണ്ണൻ മാവിലെറിയുന്ന പോലെയാണ്.

കേരളത്തിൽ ജീവിക്കുന്ന 80 ശതമാനത്തിലേറെ പേർക്കും ഏതെങ്കിലുമൊക്കെ ആയുർവേദ മരുന്നുകളുടെ പേരറിയാം. അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന രീതിയിൽ ചികിത്സയെ കാണുന്നത് അപകടം ചെയ്യും. മഴക്കാലത്ത് വർദ്ധിക്കുന്ന ബുദ്ധിമുട്ടുകൾ മാറുന്നതോടെ എല്ലാം ശരിയായിക്കൊള്ളുമെന്ന് കരുതി അസുഖം വർദ്ധിപ്പിക്കരുത്. തുടക്കത്തിലേ ശരിയായ ചികിത്സ ചെയ്താൽ വളരെ വേഗം രോഗശമനമുണ്ടാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, RAIN, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.