കൊച്ചി: മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ്രതിക്ക് ജോലിക്കായി വിദേശത്തേക്ക് പോകാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതിയായ കോഴഞ്ചേരി സ്വദേശി അരുൺ ബേബി യു.എ.ഇയിൽ പോകാൻ അനുമതി തേടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി അനുവദിച്ചത്. ജനറൽ ഇലക്ട്രിക്കൽ എൻജിനിയറായ ഹർജിക്കാരന്റെ വിസ കാലാവധി ജൂലായ് 15 ന് അവസാനിക്കുന്നതിന് മുൻപ് യു.എ.ഇയിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകുമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകണം. വിചാരണ നടക്കുന്ന ദിവസങ്ങളിൽ ഹാജരാകാൻ അഭിഭാഷകനെ നിയോഗിക്കണം. ഹിയറിംഗ് ദിവസങ്ങളിലെല്ലാം അഭിഭാഷകൻ ഹാജരാകുമെന്ന് സത്യവാങ്മൂലത്തിൽ ഉറപ്പു നൽകണം. പ്രതി ഹാജരല്ലെന്ന കാരണത്താൽ കോടതിയുടെ തെളിവെടുപ്പു നടപടികളെ എതിർക്കരുത്. പ്രതി സ്ഥലത്തില്ലെന്ന പേരിൽ കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടരുത്, എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |