SignIn
Kerala Kaumudi Online
Thursday, 28 March 2024 6.25 PM IST

ഓൺലൈനിൽ ആര് പഠിപ്പിക്കും ?​

class

സ്കൂൾ തുറന്നതോടെ അദ്ധ്യാപകരെക്കാൾ വലിയ തിരക്കിലാണ് അമ്മമാർ. വീട്ടുപണിക്കൊപ്പം കുട്ടികളെ അടുത്തിരുത്തി പഠിപ്പിക്കണം. ജോലിക്കാരായ അമ്മമാരുടെ പെടാപ്പാട് പറയുകയും വേണ്ട. ചെറിയ ക്ലാസുകളിലെ കുസൃതി കുട്ടികളെ ഒരക്ഷരം പഠിപ്പിക്കാൻ ഗുസ്തി പിടിക്കേണ്ട അവസ്ഥയിലാണ്. അദ്ധ്യപകരുടെ ക്ലാസും നിർദ്ദേശങ്ങളും പിന്തുണയും ഓൺലൈനായി കൂടെയുള്ളപ്പോഴാണ് ഈ സ്ഥിതി. ഓൺലൈൻ ക്ലാസ് എത്ര കേട്ടാലും കുട്ടികളെ കൂടെ ഇരുത്തിത്തന്നെ പഠിപ്പിക്കണമെന്നാണ് അദ്ധ്യാപകരുടെ നിർദ്ദേശം. അടിത്തറയ്ക്ക് ഉറപ്പില്ലെങ്കിൽ പിന്നെ കെട്ടിപ്പൊക്കുന്നതിനൊന്നും ഉറപ്പുണ്ടാവില്ലെന്നത് അമ്മമാരുടെ ആധി കൂട്ടുന്നുണ്ട്.

സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളുടെ ഓൺലൈൻ യോഗം വിളിച്ച് ക്ലാസിൽ വരുത്തേണ്ട മാറ്റങ്ങളും നിർദ്ദേശങ്ങളും ചോദിച്ചറിഞ്ഞാണ് പുതിയ അദ്ധ്യായന വർഷത്തിന് തുടക്കമിട്ടത്. സൂം ആപ്പ് മുഖേനെയുള്ള ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഓരോ വിഷയത്തിനും പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ഓരോ കുട്ടികളുടെയും പഠന വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഈ കാഴ്‌ചകൾക്കിടയിലാണ് മലപ്പുറത്തെ സർക്കാർ സ്കൂളുകളുടെ ദയനീയാവസ്ഥ. എൽ.പി മുതൽ ഹൈസ്കൂൾ വരെ ആയിരത്തിലധികം അദ്ധ്യാപകരുടെ കുറവുണ്ട്. ഇതിൽത്തന്നെ അദ്ധ്യാപകർ ഏറ്റവും കുറവ് ആദ്യാക്ഷരം നുകരാനെത്തുന്ന എൽ.പി സ്കൂളുകളിലാണ്. സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരെ വെല്ലുന്ന കഴിവും യോഗ്യതകളുമുള്ള നിരവധി അദ്ധ്യാപകർ മലപ്പുറത്തെ സർക്കാർ സ്കൂളുകളിലുണ്ട്. പത്ത് അദ്ധ്യാപക‌ർ ആവശ്യമായ സ്കൂളിൽ പകുതി അദ്ധ്യാപകർ പോലുമില്ലെങ്കിൽ പിന്നെയുള്ളത് ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ഓട്ടപ്പാച്ചിലാവും.

ഈ മാസം 14 മുതൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ തുടങ്ങും. മലപ്പുറം ജില്ലയിലെ എൽ.പി സ്കൂളുകളിലെ അദ്ധ്യാപകരുടെ കുറവ് വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധി തീർക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ അദ്ധ്യയന വർഷം 700ഓളം അദ്ധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. ഈ വർഷം വിരമിച്ചവരുടെ എണ്ണം കൂടി ചേർത്താൽ ഒഴിവുകൾ ഇനിയും ഉയരും. പ്രധാനാദ്ധ്യാപകന് പുറമെ ഒരു സ്ഥിരാദ്ധ്യാപകൻ പോലുമില്ലാത്ത 13 സ്‌കൂളുകൾ മലപ്പുറത്തുണ്ട്. ഇവിടങ്ങളിൽ പ്രധാനാദ്ധ്യാപകരാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുന്നത്. ഓൺലൈൻ ക്ലാസിന് അതത് സ്‌കൂളുകളിലെ അദ്ധ്യാപകർ തന്നെ വേണമെന്ന പുതിയ നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ കുറവ് മൂലം ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്ന ആശങ്ക ശക്തമാണ്. കൊവിഡിന് മുമ്പ് താത്കാലിക അദ്ധ്യാപകരെ നിയമിച്ചാണ് പാഠ്യ,​ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്. കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞതോടെ താത്കാലിക അദ്ധ്യാപക നിയമനങ്ങൾ നടന്നിരുന്നില്ല.

ഇഴഞ്ഞിഴഞ്ഞ് നിയമനം

കേസുകളിൽ കുരുങ്ങി ജില്ലയിലെ എൽ.പി സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ഒഴിവ് നികത്തുന്നത് നീണ്ടതാണ് പ്രതികൂലമായത്. 2018 ഡിസംബറിൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം മലപ്പുറത്ത് 779 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കിയായിരുന്നു എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനിടെ റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കൂടുതൽ പേർക്ക് നിയമനം നൽകാൻ ആഗസ്റ്റ് 24 ന് ട്രൈബ്യൂണൽ വിധി പുറപ്പെടുവിപ്പിച്ചു. ഇതിനെതിരെ പി.എസ്.സി കോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെ നിയമനം നീണ്ടുപോയി. കൊവിഡ‌ിന് പിന്നാലെ നിയമനങ്ങൾ ഇഴഞ്ഞാണ് മുന്നോട്ടു നീങ്ങുന്നത്. ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ കാണിച്ച അലംഭാവവും വിനയായി.

ചെറിയ ക്ലാസുകളിലെ കുട്ടികളെ കൃത്യമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുക എന്നത് തന്നെ രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. ഹോംവർക്കുകളും സംശയങ്ങളും അതത് സ്കൂളുകളിലെ അദ്ധ്യാപകർക്ക് വാട്സ് ആപ്പ് മുഖേനെയാണ് കൈമാറുന്നത്. കഴി‍ഞ്ഞ അദ്ധ്യയന വർഷത്തിൽ പല സ്കൂളുകളിലും അദ്ധ്യാപകരുടെ കുറവ് മൂലം കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാനായിരുന്നില്ല. കൊവിഡിന് മുമ്പ് താത്കാലിക അദ്ധ്യാപകരെ നിയമിച്ചായിരുന്നു പഠനം മുന്നോട്ടു കൊണ്ടുപോയിരുന്നത്.

പകൽ കൊവിഡ് ഡ്യൂട്ടി,​

രാത്രി പഠിപ്പിക്കൽ

പുതിയ അദ്ധ്യായന വർഷം തുടങ്ങിയിട്ട് രണ്ടാഴ്ചയോളം ആകാറായി. സർക്കാർ,​ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരെ ഇതുവരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് പിൻവലിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ 10,​500 അദ്ധ്യാപകരുണ്ട്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് മൂന്ന് ദിവസത്തിനിടെ മാത്രം പുതുതായി രണ്ടായിരത്തോളം അദ്ധ്യാപകരെ കൂടി കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിൽ നല്ലൊരു പങ്കും എൽ.പി,​ യു.പി ക്ലാസുകളിലെ അദ്ധ്യാപകരാണ്. അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച നടപടി സർക്കാർ തിരുത്താത്തിടത്തോളം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. കുട്ടികളെ ആര് പഠിപ്പിക്കുമെന്ന ചോദ്യത്തിന് കൊവിഡ് ഡ്യൂട്ടിക്കൊപ്പം അദ്ധ്യയനവും മുന്നോട്ടു കൊണ്ടുപോവണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി കെ.എസ്. കുസുമം പറയുന്നത്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ,​ ആരോഗ്യ കേന്ദ്രങ്ങൾ,​ സിവിൽ സപ്ലൈസ്,​ ചെക്ക്പോസ്റ്റ്,​ എയർപോർട്ട്,​ റെയിൽവേ എന്നിങ്ങനെ മിക്കയിടങ്ങളിലും അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഇതുമൂലം വിദ്യാർത്ഥികളുടെ സംശയ ദുരീകരണത്തിനും പാഠ്യ പ്രവർത്തനങ്ങൾക്കുമായി രൂപവത്കരിച്ച വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവമാകാൻ അദ്ധ്യാപകർക്ക് കഴിയുന്നില്ല. പലപ്പോഴും രാത്രിയിലാണ് ഓൺലൈൻ ക്ലാസ് സംബന്ധിച്ച പ്രവർത്തനങ്ങളിൽ അദ്ധ്യാപകർ മുഴുകുന്നത്.

അദ്ധ്യാപകരുടെ കൃത്യമായ നിർദ്ദേശങ്ങളും പിന്തുണയുമുണ്ടായിട്ടും കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ പെടാപ്പാട് പെടുമ്പോഴാണ് പല സ്കൂളുകളിലും അദ്ധ്യാപകർ തന്നെ ഇല്ലാത്ത അവസ്ഥ. അദ്ധ്യാപകരുടെ കൊവിഡ് ഡ്യൂട്ടി റദ്ദാക്കിയാൽ മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല മലപ്പുറത്തെ പ്രതിസന്ധി. താത്‌കാലിക അദ്ധ്യാപകരെ നിയമിച്ചാണ് ജില്ലയിലെ സ്കൂളുകളിൽ അദ്ധ്യായനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. കൊവിഡിന് ശേഷം ഡിജിറ്റൽ ക്ലാസ് ആയതിനാൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കേണ്ടി വന്നില്ല. എന്നാൽ ഇത്തവണ അതത് സ്കൂളുകളിലെ അദ്ധ്യാപകർ ഓൺലൈനായി കൂടി ക്ലാസെടുക്കണം. സാധാരണഗതിയിൽ അദ്ധ്യയന വ‌ർഷം തുടങ്ങും മുൻപേ താത്‌കാലിക അദ്ധ്യാപകരെ നിയമിക്കാറാണ് പതിവ്. കൊവിഡിന് ശേഷം അദ്ധ്യയന രീതികൾ ആകെ മാറിയതോടെ താത്‌കാലിക അദ്ധ്യാപകരുടെ നിയമനത്തിലടക്കം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ലഭിക്കേണ്ടതുണ്ട്. മലപ്പുറത്തെ നിരവധി പഞ്ചായത്തുകൾ കണ്ടെയ്‌ൻമെന്റ് സോണുകളിലായതിനാൽ താത്‌കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള അഭിമുഖങ്ങൾ ഓൺലൈനായി നടത്തേണ്ടിവരും. ഇതടക്കം അദ്ധ്യായന വർഷത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY, ONLINE CLASS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.