SignIn
Kerala Kaumudi Online
Thursday, 18 April 2024 6.53 AM IST

കലാപത്തിന്റെ കാവൽക്കാരൻ

pazhavila-ramesan

പഴവിള വിടപറഞ്ഞിട്ട് രണ്ടുവർഷം. മഹാകവികളുടെയും കവിയശ പ്രാർത്ഥികളുടെയും സാമീപ്യം ഇഹ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച പഴവിളയ്ക്ക് പരലോകത്തും അത്തരം സൗഹൃദങ്ങളുടെ കുറവുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. അയ്യപ്പപണിക്കർ മുതൽ എ. അയ്യപ്പൻ വരെ നീളുന്ന കാവ്യ വൈവിദ്ധ്യങ്ങൾക്കിടയിൽ കലാപങ്ങൾ ഉണ്ടാക്കുകയായിരിക്കും താങ്കൾ ഇപ്പോൾ.

കൗമാരകാലത്ത് കൗമുദിയുടെ സഹപത്രാധിപരായ താങ്കൾ പ്രഭാഷണ സിംഹമായിരുന്ന കെ. ബാലകൃഷ്ണനെ കുറിച്ചെഴുതിയ ജ്വരജല്‌പനങ്ങൾ കൗമാരത്തിൽ വായിച്ച കാലം മുതലാണ് എനിക്ക് താങ്കളെ പരിചയം. പിന്നെ വിശേഷാൽ പതിപ്പുകളിൽ അച്ചടിച്ചുവന്ന കായലും വേവാതെ കല്ലിച്ചുപോയ ധാന്യങ്ങളും സ്വാന്തവും ബോധിയും പിറവിയുമൊക്കെ പ്രതിഭയുടെ വിവേചിച്ചറിയാൻ കഴിയാത്ത ഒരു മിന്നലാട്ടം എനിക്ക് മുന്നിൽ വെളിപ്പെടുത്തി. എന്റെ കലാലയകാലം മുതലാണ് നമ്മൾ തമ്മിൽ പരിചയപ്പെടുന്നത്. അപ്പോൾ താങ്കൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുടെ ചുമതലയിൽ. ഒരുപാട് കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും ഒക്കെ ആയി ആ കാലം സമ്പന്നമായിരുന്നു. കടമ്മനിട്ടയും കുരീപ്പുഴയും നീലമ്പേരൂരും റോസ്‌മേരിയും മാത്രമല്ല സുബ്രഹ്മണ്യ ദാസിനെയും ഷാജി ഷൺമുഖത്തിനെയും പുലിയൂരിനെയും അൻവറിനെയും പോലെ സർവതലമുറക്കാരും അന്ന് അരങ്ങുകളിൽ സജീവമായിരുന്നല്ലോ. കാവ്യബന്ധത്തിനപ്പുറം കാഴ്ചപ്പാടുകളിൽ ഉണ്ടായിരുന്ന ഒരു പുരോഗമന പരതയും നമ്മുടെ സൗഹൃദത്തിന് ആഴമുണ്ടാക്കി.

പലപ്പോഴും ഗദ്യരചനയിൽ താങ്കൾക്കുള്ള വേഗതയും അനുസ്യൂതതയും എന്നെ അത്‌ഭുതപ്പെടുത്തിയിട്ടുണ്ട്. മഴത്തോർച്ചയ്ക്ക് ശേഷമുള്ള മരപ്പെയ്‌ത്തുപോലെ അതീവ നാടകീയമായ ജീവിത അനുഭവങ്ങളുടെ മഴത്തോർച്ചയിൽ താങ്കൾക്ക് ഒാർമ്മകളുടെ മരപ്പെയ്‌ത്ത് എന്നും കൂട്ടായിരുന്നു. അടിയന്തരാവസ്ഥകാലത്ത് കസ്റ്റഡിയിലായ കൊച്ചുനാരായണനെ മോചിപ്പിക്കാൻ ഇടപെട്ടതും കണ്ടച്ചിറയിലും പെരിനാട്ടും ഒക്കെ ഉണ്ടായ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും പ്രമുഖ സാഹിത്യ പ്രതിഭാസങ്ങളുടെ ഇരുളടഞ്ഞ സ്വാർത്ഥ ചെയ്തികളും ഇടവപ്പാതി മഴപോലെ മുറിയാതെ പറയാൻ താങ്കൾക്ക് കഴിഞ്ഞിരുന്നു. അമർഷത്തിന്റെയും ഒരുവേള അരാജകത്വത്തിന്റെയും കാഞ്ഞിരമരം നട്ട മനസായിരുന്നു താങ്കൾക്ക്. പക്ഷേ അവിടെയും ആർദ്രതയുടെയും മാനവികതയുടെയും അനുതാപത്തിന്റെയും അല്പം പ്രദർശന പരതനിറഞ്ഞതെങ്കിലും,​ ആതിഥേയത്വത്തിന്റെയും ചന്തം പുരണ്ട ചങ്ങാത്തമായിരുന്നു താങ്കളുടേത്.

മഴയുടെ ജാലകവും മായാത്ത വരകളും ഒാർമ്മകളുടെ വർത്തമാനവുമൊക്കെ താങ്കളിലെ ഗ്രന്ഥകാരനെ ആഴത്തിലും ആധികാരികമായും അടയാളപ്പെടുത്തിയവയാണ്. താങ്കളിലെ ഗാനരചയിതാവും പിന്നിലല്ലല്ലോ. പക്ഷേ, നവമാധ്യമങ്ങളില്ലാത്ത അക്കാലത്തിന്റെ അപര്യാപ്തത കൊണ്ടാകണം ഇന്നും പലർക്കുമറിയില്ല ഇടയരാഗരമണ ദുഃഖവും സ്വർഗങ്ങൾ സ്വപ്നം കാണും

മണ്ണിൻമടിയിലുമൊക്കെ അതിവേഗത്തിലും അനായാസമായും കുറിച്ചിട്ടത് താങ്കൾ തന്നെയാണെന്ന്.

2019 ജൂൺ ആദ്യവാരത്തിൽ മഴനീറിപ്പടർന്ന ഒരു സായാഹ്‌നത്തിലാണ് നമ്മൾ അവസാനമായി കണ്ടത്. അന്ന് എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് താങ്കൾ അതീവ ശാന്തനായിരുന്നു. പതിവ് തെറിവിളികളോ പരാതികളോ ഇല്ലായിരുന്നു. അക്ഷരപ്പറ്റൊരുക്കി ആവോളം സ്നേഹം നിറച്ച് ,​ കണ്ടനാൾ മുതൽ അവധൂതയെപ്പോലെ താങ്കളുടെ ഭാര്യ, ഞങ്ങളുടെ രാധചേച്ചി അരികിൽ തന്നെയുണ്ടായിരുന്നു. ദശാബ്ദത്തിലേറെയായി മുറിച്ചു മാറ്റപ്പെട്ട കാൽ താങ്കളെ ലോക് ഡൗണിലാക്കിയിരുന്നല്ലോ. കൊവിഡിനു മുൻപേ ക്വാറന്റൈനിൽ ആയ മനുഷ്യൻ, ആത്മവിശ്വാസത്തിന്റെ ആൾ രൂപമായ മനുഷ്യൻ എന്നോട് പങ്കുവച്ചത് പോകുന്നതിനു മുൻപ് അടുത്തുള്ളൊരു കടയിൽ നിന്നും ബർഗർ കഴിക്കാനുള്ള ആഗ്രഹമായിരുന്നു. അതുവാങ്ങി നൽകി അടുത്തദിവസം വീണ്ടും വരാമെന്ന പതിവുറപ്പും നൽകി ഞാൻ യാത്ര പറഞ്ഞപ്പോൾ നിർമ്മമവും എന്നാൽ ശിശുസഹജവുമായ പുഞ്ചിരി കലർന്ന താങ്കളുടെ ആ നോട്ടം എന്താണ് അർത്ഥമാക്കിയത്. രണ്ട് പകലിരവുകൾക്കു ശേഷമുള്ള പ്രഭാതത്തിൽ റാണി മോഹൻദാസ് എന്നെ ഫോണിൽ വിളിച്ചുണർത്തി നമ്മൾ അനാഥരായിരിക്കുന്നു, ആ ആൽമരം കടയറ്റു വീണു എന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് എന്റെ മനസിൽ ഒറ്റക്കാലുള്ള ഒരു ബുദ്ധപ്രതിമ ഉയർന്നത് ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAZHAVILA RAMESAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.