36 തദ്ദേശസ്ഥാപനങ്ങളിൽ പോസിറ്റിവിറ്റി 10 ശതമാനത്തിൽ താഴെ
കോട്ടയം : ലോക്ക് ഡൗണിനെത്തുടർന്ന് കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ ജില്ലയിൽ 36 തദ്ദേശസ്ഥാപന മേഖലകളിൽ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പത്തുതമാനത്തിൽ താഴെയായി. ഏഴു ഗ്രാമപഞ്ചായത്തുകളിൽ അഞ്ചിൽ താഴെയാണ്. രണ്ടാം തരംഗത്തിൽ ആദ്യമായി ശനിയാഴ്ച പത്തു ശതമാനത്തിൽ താഴെയെത്തിയ (9.64) ജില്ലയുടെ പ്രതിദിന പോസിറ്റിവിറ്റി ഇന്നലെ വീണ്ടും കുറഞ്ഞ് 9.05ലെത്തി. ഒരു ഘട്ടത്തിൽ പോസിറ്റിവിറ്റി എല്ലാ മേഖലകളിലും 20 ശതമാനത്തിനു മുകളിലായിരുന്നു. 50 ശതമാനം കടന്ന പഞ്ചായത്തുകളുമുണ്ട്. നിലവിൽ 20 നും 30 നും ഇടയിലുള്ളത് ആറു ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും അവ കർശനമായി പാലിക്കുന്നതിനും എല്ലാ വിഭാഗം ആളുകളും സഹകരിച്ചതാണ് രോഗവ്യാപന തോത് കുറയുന്നതിൽ നിർണായകമായതെന്ന് ജില്ലാ കളക്ടർ എം.അഞ്ജന പറഞ്ഞു. പോസിറ്റിവിറ്റി താഴ്ന്നെങ്കിലും ദിവസവും അഞ്ഞൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണം. ദുരന്തനിവാരണ അതോറിറ്റിയുടെയും പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജാഗ്രതാ സംവിധാനവും ക്വാറന്റൈൻ നിരീക്ഷണവും സജീവമായി തുടരും. കൊവിഡ് പരിശോധനയും വാക്സിനേഷനും ഊർജ്ജിതമാക്കുമെന്നും അവർ പറഞ്ഞു.
മുന്നിൽ തൃക്കൊടിത്താനം
27.79 ശതമാനമുള്ള തൃക്കൊടിത്താനമാണ് ഏറ്റവും മുന്നിൽ. ഭരണങ്ങാനം (2.74), കുറവിലങ്ങാട് (3.43), തലയോലപ്പറമ്പ് (3.89), മരങ്ങാട്ടുപിള്ളി (4.17), മീനച്ചിൽ (4.77), വെള്ളാവൂർ (4.84), വൈക്കം (4.95) എന്നിവയാണ് അഞ്ചിൽ താഴെ പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകൾ.
പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും കൊവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച പാടില്ല. രോഗലക്ഷണങ്ങളുള്ളവർ സമ്പർക്കം ഒഴിവാക്കാനും പരിശോധനയ്ക്ക് വിധേയരാകാനും ശ്രദ്ധിക്കണം
എം.അഞ്ജന, ജില്ലാ കളക്ടർ
ഇന്നലെ 622 പേർക്ക് കൊവിഡ്
ജില്ലയിൽ ഇന്നലെ 622 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 621 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 268 പുരുഷൻമാരും 276 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 846 പേർ രോഗമുക്തരായി. 4978 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 31824 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കോട്ടയം നഗരസഭാ പരിധിയിലാണ് ഇന്നലെ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്. 73 പേർക്ക്, രണ്ടാമത് പനച്ചിക്കാട് :
43.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |