ഇറ്റാലിയൻ കവി ഡാന്റെയുടെ വിശ്വപ്രസിദ്ധമായ ഡിവൈൻ കോമഡി ബഹിരാകാശത്തേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നു.! നരകം, ശുദ്ധീകരണ സ്ഥലം, പറുദീസ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് മഹാകവി ഡാന്റെ തന്റെ വിഖ്യാത കൃതിയായ ഡിവൈൻ കോമഡിയെ വിഭജിച്ചിരിക്കുന്നത്. ദൈവത്തിന്റെ അടുത്തേക്കുള്ള ഒരു ആത്മാവിന്റെ യാത്ര മനോഹരമായി വിവരിക്കുന്ന ഡാന്റെയുടെ ഡിവൈൻ കോമഡിയെന്ന മഹാകാവ്യം ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സാഹിത്യ സൃഷ്ടികളിൽ ഒന്നാണ്.
ഇപ്പോഴിതാ, ടൈറ്റാനിയം - സ്വർണ ലോഹസങ്കര ഷീറ്റുകളിൽ മൈക്രോ ലിഖിത രൂപത്തിൽ എഴുതപ്പെട്ട ഡിവൈൻ കോമഡി കൃതിയുടെ സമ്പൂർണ കോപ്പി ബഹിരാകാശത്തേക്ക് അയക്കാൻ പോവുകയാണ്. ഡാന്റെ തന്റെ പുസ്തകത്തിൽ വർണിച്ചിരിക്കുന്ന നക്ഷത്രങ്ങൾക്കിടെയിലൂടെയുള്ള യാത്ര ഇതോടെ യാഥാർത്ഥ്യമാവുകയാണ്. സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന ബഹിരാകാശത്ത് കൂടി ഡിവൈൻ കോമഡിയും ഒഴുകി നടക്കും.
ഡാന്റെ മരിച്ചതിന്റെ 700ാം വാർഷികമാഘോഷിക്കുന്ന ഈ വർഷം ഡിവൈൻ കോമഡിയുടെ നിരവധി സ്പെഷ്യൽ എഡിഷനുകളാണ് പുറത്തിറങ്ങുന്നത്. അക്കൂട്ടത്തിൽ വ്യത്യസ്തമായ ഒന്നാകണമെന്ന് കരുതിയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് ഇറ്റലിയിലെ ബൊലോന്യയിലുള്ള പബ്ലിഷിംഗ് ഹൗസ് വൃത്തങ്ങൾ പറയുന്നു. 1321ലാണ് ഡാന്റെ അന്തരിച്ചത്. 14,200 വരികളും 32,000 വാക്കുകളും ഉൾക്കൊള്ളുന്ന ഡിവൈൻ കോമഡി 11 x 17 വലിപ്പമുള്ള രണ്ട് ഷീറ്റുകളിലായാണ് രേഖപ്പെടുത്തുന്നത്. രണ്ട് ഷീറ്റുകളിലും കവിതയുടെ മുഴുവൻ ഭാഗവും ഉണ്ടാകും.
ഇതിൽ ഒരെണ്ണം ബഹിരാകാശത്ത് സ്വതന്ത്രമാക്കും. മറ്റേത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രികരുടെ ഒപ്പ് ശേഖരിച്ച് 2022ൽ ഭൂമിയിൽ തിരികെയെത്തിക്കും. ഈ വർഷം അവസാനം കസഖിസ്ഥാനിലെ ബയ്ക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള റഷ്യയുടെ സോയൂസ് മിഷനിലൂടെയാണ് ഡിവൈൻ കോമഡി ബഹിരാകാശത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |