SignIn
Kerala Kaumudi Online
Thursday, 25 April 2024 12.38 AM IST

ഓൺലൈൻ പഠനം കരുതലോടെ ഭക്ഷണം

health

വേനലവധി കഴിഞ്ഞ് കുട്ടികളെല്ലാം അക്ഷരലോകത്തേക്ക് മടങ്ങി ക്കഴിഞ്ഞു. വിദ്യാലയ മുറ്റത്ത് ഓടിക്കളിക്കേണ്ട സമയത്ത് വീട്ടിലെ മുറിയിൽ ഓൺലൈൻ ക്ലാസുകളിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ അവർ. കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ തത്ക്കാലം ഇതല്ലാതെ വേറെ വഴിയല്ല. വീട്ടിലാണെങ്കിലും പ്രായത്തിനനുസരിച്ചുള്ള ശാരീരികവും മാനസികവുമായ വളർച്ച അവർക്ക് ഉണ്ടാകും. എന്നിരുന്നാലും, പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സമീകൃതാഹാരം ഉറപ്പാക്കണം. ഏകദേശം 4 മുതൽ 15 വയസുവരെയാണ് സ്‌കൂൾ പഠന കാലം. ഓരോ പ്രായത്തിനും ആവശ്യമായ പോഷകങ്ങളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും.

പ്രായം: 4 മുതൽ 6 വരെ

പ്രീ സ്‌കൂൾ, എൽ.കെ.ജി, യു.കെ.ജി എന്നീ കാലഘട്ടത്തിലൂടെയാണ് ഈ പ്രായത്തിൽ കടന്നുപോകുന്നത്. ഇന്ന് ശാരീരിക വ്യായാമം കുഞ്ഞുങ്ങൾക്ക് തീരെ കുറഞ്ഞു വരികയാണ്. 15 മുതൽ 19 കിലോ ഭാരമെങ്കിലും നിലനിർത്തേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ ധാരാളം മാംസ്യം അഥവാ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. കാൽത്സ്യവും പ്രോട്ടീനും ലഭിക്കുന്നതിനായി രണ്ട് ഗ്ലാസ് പാലോ മുട്ടയോ മീനോ അല്ലെങ്കിൽ ആനുപാതികമായ അളവിൽ പയറ്, പരിപ്പു വർഗ്ഗങ്ങളോ ആഹാരത്തിൽ ഉൾപ്പെടുത്തണം. അയൺ അഥവ ഇരുമ്പിന്റെ അളവ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അതിനായി അവൽ, ശർക്കര, ഈന്തപ്പഴം, മുട്ടയുടെ മഞ്ഞക്കരു, ഇലവർഗ്ഗങ്ങൾ, റാഗി മുതലായവ നല്ലതാണ്. വിരശല്യം പ്രകടമാവുന്ന പ്രായമായതിനാൽ വ്യക്തിശുചിത്വം ഉറപ്പുവരുത്തണം. പാൽപ്പല്ലുകൾ പോയി പുതിയ പല്ലുകൾ വരുന്ന കാലമായതിനാൽ മതിയായ കാത്സ്യം ഉറപ്പാക്കണം. പാൽ കുടിക്കാത്ത കുഞ്ഞുങ്ങൾക്ക് പാൽപ്പായസം, പാലു കൊണ്ടുള്ള കസ്റ്റാർഡ്, ഷെയ്ക്ക് എന്നിവ നൽകാവുന്നതാണ്. മലബന്ധം ഒഴിവാക്കാൻ നാരുകളടങ്ങിയ പഴച്ചാറുകളും പച്ചക്കറികളും ഗുണം ചെയ്യും. പച്ചക്കറികൾ പുലാവിൽ ചേർത്തോ സ് മൂത്തിയായോ വെജിറ്റബിൾ റോൾ ഉണ്ടാക്കിയോ കൊടുക്കുക. കപ്പലണ്ടി മിഠായി, എള്ളുണ്ട എന്നിവ കൂടാതെ മോദകം, കൊഴുക്കട്ട, ചെറുപയറുപരിപ്പും അവലും ചേർന്ന ഇലയപ്പം എന്നിവ ഈ പ്രായക്കാർക്ക് ഗുണം ചെയ്യും.

പ്രായം: 6 മുതൽ 12 വരെ

ഏകദേശം ഒമ്പത് വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ അളവിൽ തന്നെ പോഷണം ലഭിച്ചാൽ മതി. എന്നാൽ 24 മുതൽ 26 കിലോ വരെ തൂക്കത്തിലെത്തിച്ചേരണം. ഈ കാലഘട്ടത്തിൽ ഊർജ്ജം കൂടുതൽ പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ഇന്നത്തെ കാലത്ത് ഏകദേശം 8 മുതൽ 13 വയസിനിടയിൽ പെൺകുട്ടികൾ പ്രായപൂർത്തിയാവുന്നു. അതുകൊണ്ടുതന്നെ, അവർക്ക് സമപ്രായക്കാരായ ആൺകുട്ടികളേക്കാൾ പ്രോട്ടീൻ അനിവാര്യമായി വരുന്നു. ശാരീരിക വളർച്ച വളരെ ഉയർന്നതോതിൽ ആയിരിക്കും. വിശപ്പ് കൂടുന്ന സാഹചര്യമായതിനാൽ കുഞ്ഞുങ്ങൾ കൂടുതൽ ബേക്കറി പലഹാരങ്ങൾ കഴിക്കാൻ സാദ്ധ്യതയുണ്ട്. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പ് പ്രാതൽ കഴിക്കാൻ ശ്രദ്ധിക്കണം. ഒരു മുട്ടയോ ഒരു ഗ്ലാസ് പാലോ ഒരു കപ്പ് പയറോ അതിൽ ഉൾപ്പെടുത്തണം. പല നിറത്തിലുള്ള ദോശയോ ഊത്തപ്പമോ പുട്ടോ ഉണ്ടാക്കി നൽകാം. ഓംലറ്റ് പാകം ചെയ്യുമ്പോൾ ധാരാളം കാരറ്റ്, സവാള എന്നിവ ചേർക്കണം. കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടുത്തിയാൽ അത് തൂക്കക്കുറവിന് ഇടയാക്കും. ആൺകുട്ടികൾക്ക് ശാരീരിക വളർച്ച കൂടുന്നതിനനുസരിച്ച് ഇരുമ്പിന്റെ അഥവാ അയണിന്റെ ആവശ്യം കൂടിവരുന്നു.

പ്രായം : 13 മുതൽ 15 വരെ

പരീക്ഷകൾ ധാരാളമുള്ള കാലമായതിനാൽ മാനസികസമ്മർദം ഏറുന്ന പ്രായമാണിത്. ഏകദേശം 45 മുതൽ 50 കിലോ വരെ തൂക്കം കുട്ടികൾക്ക് ആവശ്യമാണ്. ആൺകുട്ടികൾക്ക് ഈ പ്രായത്തിൽ കൂടുതൽ ഊർജ്ജം ആവശ്യമായിവരുന്നു. അതിനാൽ, കൂടുതൽ ഇടവേളകളിൽ ഭക്ഷണം നൽകുക. അതേസമയം, പെൺകുട്ടികൾ ഭക്ഷണത്തിൽ ട്രാൻസ് ഫാറ്റ് അഥവ പൂരിതകൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും വേണം. അല്ലാത്തപക്ഷം അണ്ഡാശയ സംബന്ധമായ പി.സി.ഒ.ഡി പോലെയുള്ള അവസ്ഥ സംജാതമാകും. ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിനെ ആഗിരണം ആൺകുട്ടികളിൽ കൂടുതലായിരിക്കും. ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ബ്രെയിൻ ഫുഡ്സ് ഉൾപ്പെടുത്തുക. മീൻ, ബെറികൾ, മഞ്ഞൾ, ബ്രോക്കോളി, മത്തങ്ങ, നട്സ്, മുഴുവനോടെയുള്ള ധാന്യങ്ങൾ എന്നിവ ശീലമാക്കണം. ദിവസേന ഒരു പഴം കഴിക്കുന്നത് പഠനമികവ് കൂട്ടാൻ സഹായിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6, കോളിൻ എന്നിവ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാരക ഫലങ്ങൾ, വിറ്റാമിൻ എ അടങ്ങിയ കാരറ്റ്, ചീര,

ബ്രൊക്കോളി അതുപോലെ വിറ്റാമിൻ ഇ അടങ്ങിയ നട്സ്, എണ്ണ മുതലായവ വിറ്റാമിൻ സി അടങ്ങിയ കിവി, ഓറഞ്ച്, മുസമ്പി, കാപ്സിക്കം, ബെറികൾ, സിങ്ക് അടങ്ങിയ കടൽ വിഭവങ്ങൾ, ബീൻസ്, നട്സ്, ഇറച്ചി, ചിക്കൻ എന്നിവ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.


ലിയ എം.ബി.പിള്ള,
ഡയറ്റീഷ്യൻ,
എസ്.യു.ടി ആശുപത്രി,

പട്ടം, തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, ONLINESTUDY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.