SignIn
Kerala Kaumudi Online
Monday, 26 July 2021 9.04 AM IST

ഓടാമ്പൽ നീക്കിയ ഒറ്റമുറി 'ദാമ്പത്യം'

sajitha

പാലക്കാട്: വർഷം 2010. ഇലക്ട്രിക്കൽ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു നെന്മാറ അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശി റഹ്മാൻ. അയൽപക്കത്തെ പതിനെട്ടുകാരിയായ സജിത,​ റഹ്മാന്റെ വീട്ടിലെ നിത്യസന്ദർശകയായിരുന്നു. റഹ്മാന്റെ സഹോദരിയെ കാണാനായിരുന്നു എത്തിയിരുന്നത്. സജിത വരുമ്പോഴോക്കെ റഹ്മാൻ വീട്ടിൽ ഉണ്ടാവുമായിരുന്നില്ല. വല്ലപ്പോഴും കാണാറുണ്ടെന്ന് മാത്രം. ചിലപ്പോൾ ഒരു ചെറുചിരി,​ അല്ലെങ്കിൽ ഒരു കുശലാന്വേഷണം.. ഇതിനിടെ ഇവർക്കിടയിലെ സൗഹൃദം സാവധാനം ബലപ്പെടുകയായിരുന്നു. ഏതോ ഒരു നിമിഷത്തിൽ ഇരുവരും പ്രണയബദ്ധരായി. പിന്നെ പിരിയാൻ കഴിയാത്ത വിധം അടുക്കുകയും ചെയ്തു. ഇതോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ,​ അയൽക്കാരാണെങ്കിലും ഇരുവീട്ടുകാരും എതിർക്കുമെന്ന് ഭയന്ന് അവർ ബന്ധം ഒളിച്ചുവച്ചു. ഒളിച്ചോടാനുള്ള ധൈര്യക്കുറവ് കൊണ്ടുമാത്രമാണ് ഇന്ന് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന ദാമ്പത്യ ഒളിച്ചുകളിക്ക് അവർ തയ്യാറായത്.

 ദശാബ്ദം നീണ്ട 'ദിവ്യ ദാമ്പത്യം'

സജിതയ്ക്ക് ഹൃദയം മാത്രമല്ല റഹ്മാൻ പകുത്തുനൽകിയത് തന്റെ കൊച്ചുവീട് കൂടിയാണ്. ടോയ്‌ലെറ്റ് പോലുമില്ലാത്ത ഒരാൾക്ക് കഷ്ടിച്ച് മാത്രം കിടക്കാൻ കഴിയുന്ന ഒരു കൊച്ചുമുറിയായിരുന്നു റഹ്മാൻ പ്രണയിനിക്ക് വേണ്ടി ഒരുക്കിയത്. അതും മാതാപിതാക്കളായ ശാന്തയും വേലായുധനും അറിയാതെ. അപ്പോഴും സജിത തെല്ലും എതിർപ്പോ നീരസമോ പ്രകടിപ്പിച്ചില്ല. എല്ലാം തങ്ങളുടെ നല്ലതിന് വേണ്ടിയാണെന്ന ഉറച്ച മനസോടെ റഹ്മാന്റെ നല്ലപാതിയായി ആ യുവതി നിലകൊണ്ടു. പകൽ ചുവരുകളോട് മൗനമായി സംസാരിക്കുമായിരുന്ന സജിത,​ രാത്രിയിൽ റഹ്മാന്റെ നെഞ്ചിലെ ചൂടുപറ്റി തന്റെ ഭാവി മുന്നിൽ കണ്ട് സ്വപ്‌നങ്ങൾ നെയ്തു. അങ്ങനെ പത്തുവർഷക്കാലം. ഇപ്പോഴിതാ സംഭവബഹുലമായ ആ 'ഇരുട്ടറ' വാസത്തിന് ഒരു തിരശീല വീണിരിക്കുന്നു. ഇനി റഹ്മാനുമൊപ്പമുള്ള സാധാരണ ദാമ്പത്യ ജീവിതത്തിന്റെ പുഷ്‌കലകാലമാണ് അവർക്ക് മുന്നിലുള്ളത്. എന്നാൽ,​ അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നമ്മുടെ നാട്ടിൽ റഹ്മാനും സജിതയും വിമർശനത്തിന് അതീതരല്ല. പ്രണയിനിയെ കൂട്ടിലടച്ച് സംരക്ഷിച്ച യുവാവിന് ചിലർ വീരപരിവേഷം നൽകുമ്പോൾ ഒറ്റമുറിക്കുള്ളിൽ സർവസ്വാതന്ത്ര്യവും നിഷേധിച്ച് സ്ത്രീയെ അടച്ചിട്ടത് ചോദ്യം ചെയ്യുന്ന മറുവിഭാഗവുമുണ്ട്.


 അവിശ്വസനീയം ഈ ഒളിജീവിതം

മൂന്നു മുറിയും ഇടനാഴിയും മാത്രമുള്ള കൊച്ചുവീടാണ് റഹ്മാന്റേത്. ഇലക്ട്രിക് ജോലിയിൽ വിദഗ്ധനായ റഹ്മാൻ മുറി പൂട്ടാൻ മുറിക്ക് അകത്തും പുറത്തും സ്വയം തയ്യാറാക്കിയ യന്ത്രസംവിധാനം ഘടിപ്പിച്ചിരുന്നു. സ്വിച്ചിട്ടാൽ ഓട്ടോമാറ്റിക്കായി ലോക്കാവുന്ന ഓടാമ്പലും സജ്ജീകരിച്ചു. ജനൽപ്പാളി ഇളക്കിമാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പിറകിലൊരു ടേബിളും പിടിപ്പിച്ചാണ് പ്രണയിനിക്ക് സുരക്ഷയൊരുക്കിയത്. ഈ മുറിയിലിരുന്നാൽ വീട്ടിൽ വരുന്നവരെയും പോകുന്നവരെയും വാതിൽപാളിയിലൂടെ കാണാൻ കഴിയും. ഇങ്ങനെ ആളില്ലാത്ത സമയത്താണ് രാത്രികാലങ്ങളിൽ ജനൽമാറ്റി പുറത്തിറങ്ങിയാണ് ടോയ്ലെറ്റിൽ പോകുകയും തുണി അലക്കുകയും ചെയ്യുന്നതെന്നാണ് യുവതി പറയുന്നത്. ഇടയ്ക്കിടെ പുറത്ത് ആളില്ലെന്ന് ഉറപ്പാക്കിയാൽ അടുക്കള ഭാഗത്തെല്ലാം പോകാറുണ്ടെന്നും സജിത പറയുന്നു. ഈ സമയങ്ങളിലൊന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽപ്പെട്ടില്ല. ഈ കാലയളവിൽ റഹ്മാന്റെ വീടിന്റെ മേൽക്കൂര പുതുക്കി പണിതിരുന്നു. കൂടാതെ സഹോദരിയുടെ വിവാഹവും നടന്നു. ഈ അവസരങ്ങളിലൊന്നും വീട്ടുകാർ ആരും മുറിയിലെ സജിതയെ കണ്ടില്ലെന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്.

റഹ്മാൻ പണിക്ക് പോയി മടങ്ങിവന്നാൽ മുറിയിലെ ടി.വി ഉച്ചത്തിൽ വയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും. ഒറ്റയ്ക്ക് മുറിയിൽ കഴിയുന്ന യുവതിക്ക് ടി.വിയുടെ ശബ്ദം കേൾക്കുന്നതിനായി ഇയർഫോൺ നൽകിയിരുന്നു. കുടുംബത്തിന് സംശയം തോന്നാതിരിക്കാൻ റഹ്മാൻ മാനസിക വിഭ്രാന്തിയുള്ളപോലെ പെരുമാറി.

കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ചു. വീട്ടിലെ സ്ഥിതിയും മോശമായിവന്നു. ഭക്ഷണംപോലും പ്രതിസന്ധിയായപ്പോഴാണ് വീടുവിട്ട് ഇറങ്ങാൻ തീരുമാനിച്ചത്. മൂന്നുമാസം മുമ്പാണ് ജോലിക്കെന്ന വ്യാജേന റഹ്മാൻ വീടുവിട്ടിറങ്ങിയത്. നെന്മാറ വിത്തിനശേരിയിൽ ഒരു വാടക വീടും കണ്ടെത്തിയിരുന്നു. അന്ന് വൈകിട്ടോടെ ആരുമറിയാതെ സജിതയെയും വാടകവീട്ടിലെത്തിച്ചു. കഴിഞ്ഞദിവസം സഹോദരൻ നെന്മാറ ടൗണിൽ വച്ച് റഹ്മാനെ കണ്ടതോടെയാണ് പത്തുവർഷം നീണ്ട ഒളിച്ചുകളി പുറംലോകം അറിഞ്ഞത്.

സ്വീകരിച്ച് മാതാപിതാക്കൾ,​

എതിർത്ത് ഭർതൃകുടുംബം

മരിച്ചെന്ന് കരുതിയ മകൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതോടെ സജിതയെ കാണാൻ നെഞ്ചുപൊട്ടുന്ന വേദനയുമായി മാതാപിതാക്കളെത്തി. അയിലൂർ കാരക്കാട്ടുപറമ്പിലെ വീട്ടിൽ നിന്നാണ് സജിതയുടെ അച്ഛൻ വേലായുധനും അമ്മ ശാന്തയും ബന്ധുവും കൂടി വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് എത്തിയത്. മകൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതോടെ കാണാനുള്ള ആഗ്രഹമുണ്ടായെന്നാണ് ഇരുവരും പറഞ്ഞത്. ഇത്രയും നാൾ ഒരു വിളിപ്പാടകലെ എന്റെ മകളുണ്ടായിരുന്നുവെന്ന് മനസിനെ വിശ്വസിപ്പിക്കാനാകുന്നില്ല. നീണ്ട പത്തുവർഷം ആരുമറിയാതെ അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. വിശേഷങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു. പൊലീസ് വർഷങ്ങൾ അന്വേഷിച്ചിട്ടും മകളെ കണ്ടെത്താതെ വന്നപ്പോൾ ഏതെങ്കിലും നാട്ടിൽ ജീവിച്ചിരിപ്പുണ്ടാകുമെന്ന് സ്വയം സമാധാനിച്ചു... സജിതയുടെ അമ്മ ശാന്ത മകളെ കണ്ടശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും അമ്പരപ്പ് മാറിയിട്ടില്ലായിരുന്നു. പഴയ 18 വയസുകാരിയിൽ നിന്ന് ഒരുപാട് മാറിപ്പോയി. കുഞ്ഞമ്മയുടെ വീട്ടിലേക്ക് അമ്പലത്തിലെ പ്രസാദം കൊടുക്കാൻ പോയ കുട്ടിയുടെ മുഖമാണ് ഓർമ്മയിലുള്ളത്. ഈ ഒളിച്ചുകളി നേരത്തെ അവസാനിപ്പിക്കാമായിരുന്നുവെന്നും സജിതയുടെ മാതാപിതാക്കൾ പറഞ്ഞു.

എന്നാൽ,​ മകൻ യുവതിയെ വീട്ടിലൊളിപ്പിച്ചുവെന്നത് നുണയാണെന്ന് റഹ്മാന്റെ മാതാപിതാക്കൾ പറയുന്നു. ഒളിപ്പിച്ചുവെന്ന് പറയുന്ന മുറി പൂർണമായി കെട്ടിയടച്ചതല്ല. തൊട്ടപ്പുറത്ത് തങ്ങളാണ് കിടന്നത്. രാത്രിയിൽ മകൻ നെഞ്ചത്തടിക്കുന്നതും കരയുന്നതും കേൾക്കാറുണ്ട്. മറ്റൊരാളുടെ സാന്നിദ്ധ്യം ഇത്രയും വർഷത്തിനിടെ ഒരിക്കൽ പോലും തോന്നിയിട്ടില്ല. മാത്രവുമല്ല,​ ഇടയ്ക്ക് വീടുപണി നടന്ന സമയത്ത് മുറിക്കകത്ത് ആളുകൾ കയറിയിരുന്നു. അന്ന് മുറിയിലെ അലമാരയിൽ ഒളിച്ചിരുന്നുവെന്നതും നുണയാണെന്നാണ് അവരുടെ പക്ഷം. സമുദായത്തിന്റെ തീരുമാനം അനുസരിച്ചേ ഇരുവരെയും വീട്ടിൽ കയറ്റാനാകൂ എന്നും ഇവർ പറയുന്നു.

മതം മാറ്റിയിട്ടില്ല

വീട്ടുകാരെ ഭയന്നാണ് സജിതയെ ഇത്രയുംകാലം വീട്ടിൽ ഒളിപ്പിച്ചത്. 10 വർഷമായി ഭാര്യയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകേണ്ട അസുഖങ്ങളൊന്നും വന്നിട്ടില്ല. പനിയും തലവേദനയും വരുമ്പോൾ പാരസെറ്റമോൾ വാങ്ങിക്കൊടുക്കുമായിരുന്നു. താൻ പട്ടിണിയായാലും ഒരുനേരം പോലും സജിതയ്ക്ക് ഭക്ഷണം നൽകാതിരുന്നിട്ടില്ല. വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നവരാണ് രണ്ടുംപേരും. സജിതയെ മതം മാറ്റിയെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. ഭാര്യയുടെ പേര് ഇപ്പോഴും സജിത എന്നുതന്നെയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത തങ്ങളെങ്ങിനെയാണ് മതം മാറുന്നത് എന്നും റഹ്മാൻ ചോദിക്കുന്നു. പത്തു വർഷം ഒരു മുറിയിൽ അടച്ചു പൂട്ടി കഴിഞ്ഞ അനുഭവം പറഞ്ഞു മനസിലാക്കാൻ കഴിയില്ല. ഭർത്താവ് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ വീട്ടുകാർ വിളിച്ചിരുന്നു. ഇപ്പോൾ അമ്മയെ കണ്ടപ്പോൾ സന്തോഷവും സമാധാനവുമായെന്ന് സജിതയും പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.