SignIn
Kerala Kaumudi Online
Saturday, 31 July 2021 10.40 AM IST

ജനവിരുദ്ധതയാണ് രാജ്യ വിരുദ്ധത, സർക്കാരിനെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സ്പീക്കര്‍

mb-rajesh

തിരുവനന്തപുരം: ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എം.ബി. രാജേഷ്. രാജ്യദ്രോഹം സംബന്ധിച്ച 124 എ വകുപ്പ് പ്രയോഗിക്കുന്നതിന്റെ കാര്യത്തിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം സ്വാതന്ത്ര്യാനന്തരം നിരന്തരമായി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ നിരവധി പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയ പ്രിവി കൗൺസിലിന്റെ 1944 ലെ വ്യാഖ്യാനമുൾപ്പെടെയുള്ള പഴയ വിധികളെ നിരാകരിച്ചു കൊണ്ടാണ് 1962 ൽ സുപ്രീം കോടതി കേദാർനാഥ് സിങ്ങ് കേസിൽ വിധി പുറപ്പെടുവിച്ചത്. 124 എ വകുപ്പ് ഭരണഘടനയുടെ അനുഛേദം 19 (1) (എ) ഉറപ്പു നൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ് എന്ന കാര്യത്തിൽ സംശയമില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

ആത്യന്തികമായി നോക്കിയാൽ ജനവിരുദ്ധതയാണ് രാജ്യ വിരുദ്ധത. ഭരണഘടനയുടേയും വികസിതമായ ജനാധിപത്യ സങ്കൽപ്പനങ്ങളുടേയും വെളിച്ചത്തിലും 124 എ വകുപ്പിന്റെ ലക്കും ലഗാനുമില്ലാത്ത ദുരുപയോഗത്തിന്റെ പശ്ചാത്തലത്തിലും ഈ വകുപ്പിന്റെ സാംഗത്യത്തേയും സാധുതയേയും കുറിച്ച് വ്യാപകമായ പൊതുസംവാദം ഉയർന്നു വരേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ നിയമം ഉത്ഭവിച്ച ഇംഗ്ലണ്ടിൽ പോലും ഇന്ന് ഈ വകുപ്പ് നിയമ പുസ്തകത്തിന് പുറത്താണെന്ന് കൂടി വരുമ്പോൾ. കൊളോണിയൽ മർദ്ദനോപകരണമായ 124 എ സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടാവുമ്പോഴും സ്വതന്ത്രരായ ഒരു ജനതക്കു മേൽ പ്രയോഗിക്കപ്പെടുന്നത് യഥാർത്ഥ രാജ്യസ്നേഹികൾക്കാർക്കും അംഗീകരിക്കാനാവുകയില്ലെന്നും സ്പീക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യദ്രോഹ കേസുകളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളുടെ തൊട്ടു പിന്നാലെ ലക്ഷദ്വീപിൽ വീണ്ടും ഒരു രാജ്യദ്രോഹക്കേസ് ചുമത്തിയിരിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ചലച്ചിത്ര പ്രവർത്തകയും എഴുത്തുകാരിയുമായ ആയിഷ സുൽത്താനയാണ്.ഒരു ടെലിവിഷൻ ചർച്ചയിൽ ഭരണകൂട നടപടികളെ വിമർശിച്ചതിനാണ് രാജ്യദ്രോഹക്കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കേസ് സംബന്ധിച്ച 124 - A ബ്രിട്ടീഷ് കോളനി വാഴ്ച്ചയെ അരക്കിട്ടുറപ്പിക്കാനായി ആവിഷ്ക്കരിച്ചതാണ്. കൊളോണിയൽ ഭരണകൂടത്തെ വിമർശിച്ചവർക്കെല്ലാം നേരെ വ്യാപകമായി ഈ വകുപ്പ് ദുരുപയോഗിക്കപ്പെട്ടു. ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയും ഭഗത് സിങ്ങും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയാടാനുപയോഗിച്ച ആയുധമാണീ വകുപ്പ് എന്നോർക്കണം.ഒരു പക്ഷേ കൊളോണിയൽ കാലത്തിനു ശേഷം ഈ വകുപ്പ് ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെട്ടത് സമീപകാലത്താണ്. രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല എഴുത്തുകാർ കലാസാംസ്കാരിക പ്രവർത്തകർ, ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ എന്നിവരെല്ലാം സമീപകാലത്തായി രാജ്യദ്രോഹ ഖഡ്ഗത്തിനിരയായിക്കൊണ്ടിരിക്കുന്നു.

രാജ്യദ്രോഹം സംബന്ധിച്ച 124 - A വകുപ്പ് പ്രയോഗിക്കുന്നതിന്റെ കാര്യത്തിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം സ്വാതന്ത്ര്യാനന്തരം നിരന്തരമായി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ നിരവധി പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയ പ്രിവി കൗൺസിലിന്റെ 1944 ലെ വ്യാഖ്യാനമുൾപ്പെടെയുള്ള പഴയ വിധികളെ നിരാകരിച്ചു കൊണ്ടാണ് 1962 ൽ സുപ്രീം കോടതി കേദാർനാഥ് സിങ്ങ് കേസിൽ വിധി പുറപ്പെടുവിച്ചത്.

" 124- A വകുപ്പ് ഭരണഘടനയുടെ അനുഛേദം 19 (1) (a) ഉറപ്പു നൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിൻ്റെ വ്യക്തമായ ലംഘനമാണ് എന്ന കാര്യത്തിൽ സംശയമില്ല" എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.public violence, public disorder എന്നിവക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ മാത്രമേ 124-Aയുടെ പരിധിയിൽ വരൂ എന്നാണ് കോടതി വ്യക്തമാക്കിയത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പല വിധികളിൽ സുപ്രീം കോടതി ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്." അഭിപ്രായപ്രകടന സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥയുടെ പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് " എന്നാണ് മറ്റൊരു വിധിയിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ജാവേദ് ഹബീബ് കേസിൽ ഡൽഹി ഹൈക്കോടതി അടുത്ത കാലത്ത് വ്യക്തമാക്കിയത്.

"സർക്കാരിനെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്" എന്നത്രേ.മാത്രമല്ല, 1995 ലെ ബൽവന്ത് സിങ്ങ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ ഒരു വ്യക്തി നടത്തുന്ന ആനുഷംഗിക പരാമർശമോ, മുദ്രാവാക്യം വിളിപോലുമോ 124-Aയുടെ പരിധിയിൽ വരില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.അന്താരാഷ്ട്ര നിയമങ്ങളും പരിഷ്കൃത ലോകവുമെല്ലാം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പരമപ്രധാനമായി പരിഗണിക്കുന്നു. അപ്പോഴാണ് ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ ഒരു പരാമർശത്തിൻ്റെ പേരിൽ ആയിഷ സുൽത്താന എന്ന ചലച്ചിത്ര പ്രവർത്തക ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തപ്പെടുന്നത്!

ഇന്ത്യൻ ശിക്ഷ നിയമത്തിൽ, സ്വാതന്ത്ര്യ പൂർവകാലത്തെ കൊളോണിയൽ അടിച്ചമർത്തലിന്റെ ക്രൂരമായ ഉപകരണമായിരുന്ന 124 - A ഇപ്പോഴും തുടരുന്നതിൻ്റെ ഭരണഘടനാപരമായ സാംഗത്യവും സാധുതയും തന്നെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. സുപ്രീം കോടതി അതു സംബന്ധിച്ച ഹർജികൾ പരിഗണിച്ചു കൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. രാജ്യസ്നേഹം / രാജ്യദ്രോഹം എന്നിവയെല്ലാം പുനർ നിർവചിക്കപ്പെടേണ്ട സമയമാണിത്.. സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപന്നമായ ഭരണഘടന ഉറപ്പ് തരുന്ന ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷണമല്ലേ രാജ്യസ്നേഹപരമായ പ്രവൃത്തി? ഭരണഘടനാവകാശം കവരുന്നതല്ലേ രാജ്യദ്രോഹമായി കണക്കാക്കേണ്ടത്? ജനങ്ങളും അവരുടെ മൗലികാവകാശങ്ങളും കൂടി ഉൾച്ചേരുന്നതാണ് ആധുനിക രാഷ്ട്ര സങ്കൽപ്പം.ആത്യന്തികമായി നോക്കിയാൽ ജനവിരുദ്ധതയാണ് രാജ്യ വിരുദ്ധത.

ഭരണഘടനയുടേയും വികസിതമായ ജനാധിപത്യ സങ്കൽപ്പനങ്ങളുടേയും വെളിച്ചത്തിലും 124 A വകുപ്പിന്റെ ലക്കും ലഗാനുമില്ലാത്ത ദുരുപയോഗത്തിന്റെ പശ്ചാത്തലത്തിലും ഈ വകുപ്പിന്റെ സാംഗത്യത്തേയും സാധുതയേയും കുറിച്ച് വ്യാപകമായ പൊതുസംവാദം ഉയർന്നു വരേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ നിയമം ഉത്ഭവിച്ച ഇംഗ്ലണ്ടിൽ പോലും ഇന്ന് ഈ വകുപ്പ് നിയമ പുസ്തകത്തിന് പുറത്താണെന്ന് കൂടി വരുമ്പോൾ.കൊളോണിയൽ മർദ്ദനോപകരണമായ 124 - A സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടാവുമ്പോഴും സ്വതന്ത്രരായ ഒരു ജനതക്കു മേൽ പ്രയോഗിക്കപ്പെടുന്നത് യഥാർത്ഥ രാജ്യസ്നേഹികൾക്കാർക്കും അംഗീകരിക്കാനാവുകയില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MB RAJESH, SPEAKER, KERALA, AISHA SULTANA, LAKSHADWEEP, BJP, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.