SignIn
Kerala Kaumudi Online
Thursday, 25 April 2024 11.53 AM IST

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട നടൻ

sathyan

സത്യൻ എന്ന മഹാനടൻ കാലയവനികയ്‌ക്കുളളിൽ മറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്. അനക്കം തട്ടിയാൽ പത്തിവിടർത്തുന്ന നാഗത്തെപ്പോലെ, അധർമ്മം എവിടെ കണ്ടാലും ഉടനടി എതിർക്കുക സത്യന്റെ പ്രത്യേകതയായിരുന്നു.സെക്രട്ടറിയേറ്റിലും പട്ടാളത്തിലും സേവനമനുഷ്‌ഠിച്ചതിനു ശേഷമാണ് അദ്ദേഹം ആലപ്പുഴയിൽ പൊലീസ് ഇൻസ്‌പെക്ടറായി ചാർജെടുക്കുന്നത്. അക്കാലത്ത് അമ്പലപ്പുഴ ചേർത്തല താലൂക്കുകൾ സമരമുഖരിതമായിരുന്നല്ലോ.. ദിവാൻ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ മുറവിളി കൂട്ടി മുന്നോട്ടു നീങ്ങിയ തൊഴിലാളികളെ അടിച്ചമർത്താൻ പുന്നപ്ര കടപ്പുറത്ത് തമ്പടിച്ച പൊലീസ് ക്യാമ്പിലെ വേലായുധൻ നാടാരെന്ന സബ് ഇൻസ്‌പെക്ടറെ അതുവഴി വന്ന അജ്ഞാതനായ ഒരു തെങ്ങുകയറ്റ തൊഴിലാളി വാക്കത്തിക്ക് വെട്ടിക്കൊന്നശേഷം മുങ്ങി. തുടർന്നു നടന്ന വെടിവയ്പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. ജീവനോടെ പിടിക്കപ്പെട്ടവർ പിന്നീട് ചോരതുപ്പുന്ന രക്തസാക്ഷികളായി. അവരിൽ ഒരാളായിരുന്നു എക്സ് മിലിറ്ററി കൂടിയായ വാടയ്ക്കൽ ദാമോദരൻ. അക്കാലത്ത് നാട്ടിലെത്തുന്ന ചില പട്ടാളക്കാർ സമര പോരാളികൾക്ക് രഹസ്യ പരിശീലനം നൽകിയിരുന്നു. കൊലക്കേസിൽ പ്രധാന പ്രതിയായി പൊലീസ് എഴുതി ചേർത്തത് ദാമോദരന്റെ പേരായിരുന്നു. തിരുവായ്‌ക്കെതിർവാ ഇല്ലാത്തകാലം, കോടതി ദാമോദരനെ തൂക്കിക്കൊല്ലാൻ വിധിച്ചു. അന്ന് ദാമോദരന് തൂക്കിലേറ്റപ്പെട്ട ഭഗത് സിംഗിനെപോലെ 23 വയസിന്റെ ചെറുപ്പം. വിധിപ്രസ്താവം കേട്ടിട്ടും പ്രതിക്കൂട്ടിൽ അക്ഷോഭ്യനായി നിന്ന ദാമോദരൻ കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തി. മരണഭയമില്ലാത്തവരും ഭൂമിയിലുണ്ടെന്നതിന്റെ തെളിവായിരുന്നു ആ സംഭവം. വിധി പ്രഖ്യാപനത്തിനു ശേഷം
''ബഹുമാനപ്പെട്ട കോടതിയോട് ദാമോദരന് എന്തെങ്കിലും പറയാനുണ്ടോ?"

എന്ന കോടതിയുടെ ചോദ്യത്തിന്
''ബഹുമാനപ്പെട്ട കോടതിയോട് എനിക്കൊരു……..ഉം പറയാനില്ല."

എന്നു പറഞ്ഞതുകേട്ട് കോടതിപോലും ഞെട്ടിപ്പോയി..
തുടർന്ന് ദാമോദരനെയും കൂട്ടുപ്രതികളായ കുട്ടപ്പൻ, ഫ്രഞ്ചു എന്നിവരെയും വിലങ്ങുവച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ആലപ്പുഴയിലെ അന്നത്തെ പൊലീസിന്റെ ക്രൂര മർദ്ദനങ്ങളും, സെൻട്രൽ ജയിലിലെ വർഷങ്ങൾ നീണ്ട നരകയാതനകളും അനുഭവിച്ച് കൊലക്കയർ കാത്തുകഴിഞ്ഞെങ്കിലും ദാമോദരനെ തൂക്കിലേറ്റാൻ കാലമാകുന്ന കോടതി സമ്മതിച്ചില്ല. ദാമോദരനെ തൂക്കിലേറ്റാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ദിവാൻ ഭരണത്തിനു തിരശ്ശീല വീണു. തുടർന്നുവന്ന ഭരണകൂടം രാഷ്ട്രീയത്തടവുകാരെ മുഴുവൻ ഒറ്റയടിക്കു മോചിപ്പിച്ചു. കൊലമരത്തിൽനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ ദാമോദരന് നാട്ടുകാരിലാരോ വീരോചിതമായ ഒരു വിളിപ്പേരു നൽകി. 'കൊലമരം ദാമോദരൻ'. തുടർന്ന് വിവാഹിതനായ ദാമോദരൻ ആദ്യം ജനിച്ച മകന് അന്നാർക്കുമില്ലാത്ത പേരു നൽകി 'മോചിതൻ." അവകാശവാദങ്ങളുടെ കണക്കു പറയാത്ത അനേകം അജ്ഞാത ധീരന്മാരിൽ ഒരാളായി രണ്ടായിരാമാണ്ടിൽ അധികമാരുമറിയാതെ കൊലമരം കഥാവശേഷനായി.
കൊലമരത്തിന്റെ അഞ്ചയലത്തെത്തില്ലെങ്കിലും 'അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ' എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ തകഴിയുടെ മനസിൽ കൊലമരം ദാമോദരനായിരുന്നില്ലെ? ഞാൻ അങ്ങനെ വിശ്വസിക്കുന്നു. വേലായുധൻ നാടാരെ കൊലപ്പെടുത്തിയ ശേഷമാണല്ലോ പുന്നപ്രയിലും വയലാറിലും വെടിവയ്‌പ് നടന്നത്. വെടിവയ്പ്പിനു ശേഷവും ദിവാൻ സർ. സി. പി. രാമസ്വാമി അയ്യർ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചുകൊണ്ടിരുന്നു. ഇക്കാലത്താണ് സത്യനേശൻ നാടാർ പൊലീസ് ഇൻസ്‌പെക്ടറായി ആലപ്പുഴയിലെത്തുന്നത്. കായികാഭ്യാസിയും, സ്ഥിരോത്സാഹിയുമായ സത്യന്റെ വരവോടെ കവലച്ചട്ടമ്പികളും, തെമ്മാടികളും മാളങ്ങളിലൊളിച്ചു. പലർക്കും പൊതിരെ തൊഴികിട്ടി. അതോടെ, നാട്ടുകാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് സ്വസ്ഥമായി വഴിനടക്കാമെന്നായി. തുടർന്ന് ജനങ്ങൾക്കിടയിൽ മറ്റാർക്കും ലഭിക്കാത്ത ഒരു വീരപരിവേഷം അദ്ദേഹം നേടിയെടുത്തു. എന്നാൽ കഴുതകളെപ്പോലെ പണിയെടുത്തിരുന്ന മനുഷ്യജന്മങ്ങളെ അവകാശബോധമുളള തൊഴിലാളികളാക്കി മാറ്റാൻ രാപ്പകൽ പണിപ്പെട്ട ചില നേതാക്കളെ ഒറ്റുകാരുടെ വാക്കുകേട്ട് തല്ലിച്ചതച്ചത് അദ്ദേഹത്തിന് വിനയായി. ആ കുറ്റബോധം ജീവിതകാലമത്രയും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ആരും കൊതിക്കുന്ന സബ് ഇൻസ്‌പെക്ടർ ജോലി മൂന്നുകൊല്ലം തികയും മുൻപേ അദ്ദേഹം സ്വയം രാജിവച്ചത്.
തുടർന്ന് സത്യൻ വെളളിത്തിരയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് ആലപ്പുഴയിലെ ചില സിനിമാ കൊട്ടകകളിൽ സത്യന്റെ മുഖം കണ്ടാൽ കൂക്കി വിളിക്കാനും, പോസ്റ്റർ കീറാനും ആളുകളുണ്ടായി. അതെല്ലാം ഉദയാ സ്റ്റുഡിയോയിലിരുന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. എന്നാൽ തന്റെ അഭിനയകലയുടെ അപാരസിദ്ധികൾ ഒന്നൊന്നായി പുറത്തുവന്നതോടെ ആളുകൾ വിരോധമെല്ലാം വളരെ വേഗം മറന്നു. സത്യന്റെ തല്ലുകൊണ്ടവർപോലും ടിക്കറ്റെടുത്ത് അദ്ദേഹത്തിന്റെ സിനിമകൾ ആസ്വദിക്കുന്ന അവസ്ഥവന്നു. ഉദയായുടെ പരിസരത്ത് താൻ പണ്ടുപദ്രവിച്ച ചിലർ ഷൂട്ടിംഗ് കണ്ടുനിൽക്കുന്നത് മനസിലാക്കി അവരെ അടുത്തുവിളിച്ച് സംസാരിച്ച് വിതുമ്പിപ്പോയ സന്ദർഭങ്ങളുമുണ്ടായി.
അക്കാലത്താണ് ഞാൻ പഠിച്ചിരുന്ന തെക്കനാര്യാട് ലൂഥറൻ മിഷൻ സ്‌കൂളിൽ സിനിമാനടൻ സത്യൻ വരുന്നു എന്ന വാർത്ത പരന്നത്. സത്യന്റെ ജന്മനാടായ തൃക്കണ്ണാപുരത്തുകാരനും സഹപാഠിയുമായ ഞങ്ങളുടെ ഹെഡ്മാസ്റ്റർ സുശീലൻ നാടാരാണ് സ്‌കൂൾ വാർഷികം ഉദ്ഘാടനം ചെയ്യാൻ സത്യനെ ഉദയായിലെത്തി നേരിൽക്കണ്ട് ക്ഷണിച്ചത്. ഉദ്ഘാടനദിവസം ഉച്ചകഴിഞ്ഞതോടെ വിദ്യാർത്ഥികളെയും, രക്ഷകർത്താക്കളെയും കൊണ്ട് സ്‌കൂൾ ഗ്രൗണ്ട് നിറഞ്ഞു. അന്നേദിവസം ഗ്രാമത്തിലെ പ്രസിദ്ധമായ കൈതത്തിൽ ക്ഷേത്രത്തിനു സമീപമുളള റോഡരികിലെ കുറ്റിക്കാട്ടിൽ ഒരുപറ്റമാളുകൾ സത്യനെ വകവരുത്താൻ കാത്തിരിക്കുന്ന രഹസ്യം ആരുമറിഞ്ഞില്ല. ഉദയാ സ്റ്റുഡിയോയിൽ നിന്നും പുറപ്പെട്ട കാർ ക്ഷേത്രസമീപത്തെ കവലയിലെത്തി തിരിഞ്ഞതും നാട്ടുകാർ ഉരുളൻതടി പിടിച്ചിട്ട് വഴി തടഞ്ഞു. ഈ സമയം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നവർ മാരകായുധങ്ങളുമായി പാഞ്ഞുവന്ന് കാർ അടിച്ചുപൊളിക്കും മുൻപ് പിൻസീറ്റിലിരുന്ന അദ്ദേഹം ഡോർ തുറന്ന് പുറത്തുചാടി. അടി വീഴും മുൻപ് നാട്ടുകാർ ആളെ തിരിച്ചറിഞ്ഞു.
'ഉമ്മർ ….. കെ.പി. ഉമ്മർ……….? "
''ഇതെന്താ ചമ്പൽക്കാടാണോ? "
''ഞാൻ നിങ്ങളോട് എന്ത് തെറ്റു ചെയ്തു ? നിങ്ങൾ മനുഷ്യരാണോ?"
വേഗം ഉരുളൻതടി ഉരുട്ടിമാറ്റി… കാർ സ്‌കൂൾ ഗ്രൗണ്ടിലെത്തി.
വെളുവെളാ വെളുത്ത സിനിമാതാരത്തെ കണ്ട് കുട്ടികൾ ആർത്തുല്ലസിച്ചു കൈയടിച്ചു. പക്ഷെ ഉമ്മറിന്റെ ഉള്ളം കിടുകിടാ വിറയ്‌ക്കുകയായിരുന്നു. ഒന്നുരണ്ടു വാചകങ്ങളിൽ ഉദ്ഘാടനകർമ്മം നിർവഹിച്ച് ഉദയാ സ്റ്റുഡിയോയിൽ തിരിച്ചെത്തിയ ഉമ്മർ സത്യൻ മാസ്റ്ററോട് ചോദിച്ചു.
''നിങ്ങളെന്തു പണിയാ ഈ കാണിച്ചത് ? "
'' എന്തുപറ്റി? "
''ആ നാട്ടുകാരെല്ലാവരും കൂടി എന്നെ തല്ലിക്കൊന്നൂറക്കിട്ടേനെ. ദൈവാധീനം കൊണ്ടാ ഞാൻ രക്ഷപ്പെട്ടത് "
''എടോ തനിക്ക് ദൈവാധീനം ഉണ്ടെന്ന് എനിക്കറിയാം….."
അതുകൊണ്ടല്ലേ, ഞാൻ തന്നെ പറഞ്ഞയച്ചത്
':ഹ…ഹ…ഹ ….. ആൾ റൈറ്റ്."


(ലേഖകന്റെ ഫോൺ : 9495269297)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHYAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.