SignIn
Kerala Kaumudi Online
Friday, 30 July 2021 8.11 PM IST

'മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന അവർക്ക് തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ ഉണ്ടായത് ആനന്ദമാണ്'; പാർവ്വതി തിരുവോത്തിനെ രൂക്ഷമായി വിമർശിച്ച് കുറിപ്പ്

parvathy-thiruvoth

നടി പാർവ്വതി തിരുവോത്ത് പല വിഷയങ്ങളിലും കൈക്കൊള്ളുന്ന നിലപാടുകൾക്ക് ആത്മാർഥതയില്ലെന്ന ആരോപണവുമായി ഫേസ്ബുക്ക് കുറിപ്പ്. ലൈംഗികാരോപണം നേരിടുന്ന റാപ്പർ വേടന്റെ(ഹിരൺദാസ് മുരളി) ക്ഷമാപണ പോസ്റ്റിന് പാർവ്വതി തിരുവോത്ത് ലൈക്ക് നൽകിയതും പിന്നീട് ഇക്കാര്യത്തിൽ ഖേദപ്രകടനം നടത്തിയതും വാർത്തയായ പശ്ചാത്തലത്തിൽ കിരൺ എ ആർ എന്ന യുവാവാണ് നടിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. സ്യൂഡോ പൊളിറ്റിക്കൽ എന്നും എലീറ്റ് ഫെമിനിസ്റ്റെന്നും വിളിക്കാവുന്ന നടിയാണ് പാർവ്വതി തിരുവോത്തെന്നും നടി പല വിഷയങ്ങളിലും സ്വീകരിച്ചിട്ടുള്ള നിലപാടുകളിലും ഇരട്ടത്താപ്പ് സമീപനം പ്രകടമാണെന്നും തന്റെ കുറിപ്പിലൂടെ കിരൺ ആരോപിക്കുന്നു. നടിയുടെ രാഷ്ട്രീയനിലപാടുകൾക്ക് തൊലിപ്പുറത്ത് മാത്രമാണ് നിലനിൽപ്പുള്ളതെന്നും കുറിപ്പിലൂടെ കിരൺ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു.

കുറിപ്പ് ചുവടെ:

'ഒരേ വിഷയം പലരുടെയും കാര്യത്തിൽ വരുമ്പോ പ്രിവിലേജുകളനുസരിച്ചു പല നിലപാടുകളെടുക്കുന്ന, സ്യൂഡോ പൊളിറ്റിക്കലെന്നോ എലീറ്റ് ഫെമിനിസ്റ്റെന്നോ കൃത്യമായി വിളിക്കാവുന്ന ഒരു നടിയുണ്ടെങ്കിൽ അത് പാർവതി തിരുവോത്താണ്. അവരുടെ രാഷ്ട്രീയവുമതേ ലിംഗനീതിവിഷയങ്ങളിലെ നിലപാടുകളുമതേ, രണ്ടും തൊലിപ്പുറമേ കാണുന്ന പുരോഗമനങ്ങളാണ്.

കസബ വിഷയത്തിലെ ഒരു സീനിന്റെ പേരിൽ കനത്ത പ്രതികരണം നടത്തിയ, അർജുൻ റെഡ്ഢി സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചു ഘോരഘോരം വിമർശനമുന്നയിച്ച, ഈ രണ്ട് വിഷയത്തിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത സ്ത്രീപക്ഷ നിലപാടെടുത്ത അവർക്ക് പക്ഷെ അടുപ്പമുള്ളവർ നിർമിച്ച സിനിമയിലുണ്ടായ അലൻസിയർ ആരോപിതനാവുകയും പിന്നീട് സത്യമെന്ന് സമ്മതിക്കുകയും ചെയ്ത metoo വിഷയത്തിൽ നാവ് പൊങ്ങിയില്ല. സിനിമയിൽ എഴുതിവെക്കപ്പെട്ട ഒരു സീനിലെ പൊളിറ്റിക്കൽ കറക്ട്നെസ് വിചാരണയ്ക്ക് വിധേയമാക്കുന്നതിന്റെ നാലിലൊന്ന് ശുഷ്‌കാന്തി ഇവിടെ കണ്ടില്ല. കാണില്ല വർമസാറേ, അതങ്ങനാ..

രാഷ്ട്രീയവിഷയങ്ങളിലൊന്നടങ്കം മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന അവർക്ക് പക്ഷെ, തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ വന്നത് ആനന്ദമാണ്. പള്ളിയുടെ മനോഹാരിത ഇറ്റിറ്റുവീഴുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ്. കൃത്യമായി ന്യൂനപക്ഷവർഗീയവാദം കാണിച്ച, നടന്ന സംഭവത്തെ തിരശീലയിലേക്ക് പകർത്തിയ ടേക് ഓഫ് സിനിമ ഇസ്ലാമോഫോബിക്കാണെന്നായിരുന്നു മറ്റൊരു വാദം. പക്ഷെ അതിന്റെ തെളിവുകൾ സീനുകളും ഡയലോഗുകളും ചേർത്തു തെളിയിക്കാനാവശ്യപ്പെട്ടപ്പോ, സംവിധായകനടക്കം അവർക്കെതിരെ രംഗത്തുവന്നപ്പോ പാർവതിയ്ക്ക് മിണ്ടാട്ടം മുട്ടി. പറയുന്ന നിലപാടുകൾ സ്വന്തമല്ലാത്തപ്പോ, കൈയിലെ രാഷ്ട്രീയം കൂടെയുള്ള "ടീമിന്റെ" പാവയായിട്ടാവുമ്പോ പിന്നെ അങ്ങനെയല്ലേ പറ്റൂ.

ദിലീപ് വിഷയത്തിൽ നടിക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമ്മ സംഘടന വിട്ട, WCC എന്ന ബദലിന് രൂപം നൽകിയവരിൽ പ്രധാനിയായ ഇവർക്ക് പക്ഷെ അതേ സംഘടനയിലുള്ള വിധു വിൻസന്റെന്ന വനിതാ സംവിധായികയുടെ ജനുവിനായ ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ സംഘടനയിൽ വർഗ-അസമത്വം ഉണ്ടെന്നും എലീറ്റ് ക്ളാസിനെ പ്രതിനിധീകരിക്കുന്നവരാണ് അതിന്റെ തലപ്പത്തെന്നും പറയാതെ പറഞ്ഞ വിധു വിൻസന്റിന് അവരാകെ കൊടുത്ത മറുപടി എഫ്ബിയിൽ ഒരു നാലു വരി കാല്പനിക കവിതയും പിന്നെ ചോദ്യങ്ങൾക്കല്ലാത്ത മറുപടികളുമാണ്. അതായതുത്തമാ, ഞങ്ങളെ ബഹുമാനിച്ചു ഞങ്ങടെ കൂടെ നിൽക്കുന്ന പെണ്ണുങ്ങളെ മാത്രമേ ഞങ്ങൾ ഫെമിനിസ്റ്റുകളായി കൂട്ടുള്ളൂ എന്ന്.

ഇത്രയെല്ലാമായിട്ടും കാര്യമായി പരിക്കേൽക്കാതെ, പരസ്യമായി പൂച്ച് പുറത്താവാതെ പോകുമ്പഴാണ് ഗായകൻ വേടൻ, അയാളുൾപ്പെട്ട റേപ്പ് കേസിൽ "നിഷ്കളങ്കമായ" മാപ്പപേക്ഷ നടത്തുന്നത്. ഉപാധികളില്ലാതെ സ്ത്രീകളോട് ഐക്യപ്പെടുന്ന, നൂറുശതമാനം ഇരയോട് കൂറ് പുലർത്തുന്ന പാർവതി തിരുവോത്തിന്റെ ലൈക്ക് പക്ഷെ അതിൽ തെളിഞ്ഞു കാണുന്നുണ്ട്. കൊടിയ ക്രൈം ചെയ്ത് കൃത്യമായ നിയമമനുസരിച്ചു ശിക്ഷയനുഭവിക്കേണ്ട ഒരുത്തൻ മാപ്പ് പറഞ്ഞാൽ അവൻ ചക്കരക്കുട്ടനാവുന്നത് ഏതു വകുപ്പിലാണെന്നൊന്നും ചോദിക്കരുത്.
സ്വത്വവാദികൾക്ക് ലിംഗനീതി വിഷയത്തിൽ ഇത്തിരി ഇളവുകളൊക്കെ ആകാമെന്ന് രാഷ്ട്രീയം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീമിലെ പരാരി-പരിവാരങ്ങൾ പറഞ്ഞുകാണണം. അല്ലെങ്കിൽ, കൈയിലുണ്ടായിരുന്ന ആപ്പിൾത്തൊലി പുരോഗമനം പുറത്തുചാടിയത് ഇങ്ങനായിരിക്കണം..

പാർവതിയോട് പറയാനുള്ളത്..

നിങ്ങളുടെ ഉള്ളിലുണ്ടെന്നു നിങ്ങളവകാശപ്പെടുന്ന ഫെമിനിസമെന്ന രാഷ്ട്രീയധാരയ്ക്ക് ആദ്യമുണ്ടാകേണ്ട ക്വാളിറ്റി വർഗ-ജാതിഭേദമന്യേ ഇൻക്ലൂസീവ് ആവുക എന്നതാണ്. എലൈറ്റ്‌ ക്ലാസ്സ് കാഴ്ച്ചപ്പാടുകളും മതത്തിൽ മുങ്ങിയ രാഷ്ട്രീയചിന്തയും മാടമ്പിത്തരവും ബാധിച്ച നിങ്ങളെപ്പോലെയുള്ള സ്യൂഡോ വിഗ്രഹങ്ങളല്ല ലിംഗനീതിയുടെ സമരത്തിന് മുഖമാകേണ്ടത്. അങ്ങനെയായാൽ ഇവിടെ നൂറ് അലൻസിയർമാർക്കത് വളമായിത്തീരും. വേടനെപ്പോലെ മാപ്പ് പറഞ്ഞാൽ പുണ്യാളനാക്കുന്നതാണ് സ്ത്രീപീഡനമെന്നു കരുതാൻ ആളുണ്ടാവും. നാളെ ജനപ്രിയനോ മറ്റാരെങ്കിലുമോ മാപ്പ് പറഞ്ഞാലുമില്ലേലും അങ്ങേരെ വെളുപ്പിക്കാൻ ഇവിടെ ആളുകൾ ക്യൂ നിൽക്കും (ഇപ്പോഴും കുറവൊന്നുമില്ല).

നിങ്ങളെ ആയുധമാക്കുന്ന പരിവാരങ്ങൾ അവരുടെ മിഷൻ നിങ്ങളിലൂടെ കൂടുതൽ വൃത്തിയായി ഒളിച്ചുകടത്തും. ലിംഗനീതിയെന്നത് ഒരു നേർവരയല്ലെന്നും അതിൽ പലവിധ അടരുകളെ സമന്വയിപ്പിച്ചു പോരേണ്ട ആവശ്യകതയുണ്ടെന്നു കരുതുന്ന വിധു വിൻസന്റിനെപ്പോലെയുള്ള വർഗ്ഗബോധമുള്ളവർ ഇനിയുമിനിയും പാർശ്വവൽക്കരിക്കപ്പെടും. നല്ലൊരു കാരണത്തിന്റെ പേരിലാരംഭിച്ചെന്ന് ഞങ്ങളൊക്കെ ഇപ്പോഴും വിശ്വസിക്കാനിഷ്ടപ്പെടുന്ന wcc പോലൊരു സംഘടനയുടെ ലക്ഷ്യങ്ങൾ തന്നെ വഴിമാറ്റപ്പെടും. ജനുവിനായ ഇൻക്ലൂസിവ് ഫെമിനിസം പറയുന്ന എല്ലാ പെണ്ണുങ്ങളുടെയും സമരങ്ങളെ നിങ്ങളുടെ ഇരട്ടത്താപ്പ് റദ്ദ് ചെയ്തുകളയും.


വർഗ്ഗബോധത്താൽ സംഘടിച്ച്, തങ്ങൾക്ക് നേരെ നീളുന്ന അസമത്വങ്ങൾക്ക് എതിരെ നിശ്ശബ്ദമായും അല്ലാതെയും സമരം നയിക്കുന്ന ഇന്നാട്ടിലെ പെണ്ണുങ്ങൾക്ക് നിങ്ങൾക്കില്ലാത്ത ഒരു ഗുണമുണ്ട്. ഒഎൻവി അവാർഡിന് വൈരമുത്തുവിനെ പരിഗണിച്ചതിൽ പ്രതിഷേധം ആളിക്കത്തിച്ചതിന്റെ മൂന്നാംപക്കം, റേപ്പ് ചെയ്തവൻ പറയുന്ന മാപ്പിനോട് നിമിഷാർദ്ധം കൊണ്ട് ഐക്യപ്പെടുന്ന നിങ്ങളെപ്പോലെ
അവരുടെ ആദർശം ഫേക്കല്ല എന്നതാണത്. അതുകൊണ്ട് ഇതുപോലെ ഇനിയും നിലാവത്ത് കൂവി അവരുടെ സമരങ്ങളെ നിറംകെടുത്തരുത്.. !

#Vedan #ParvathyThiruvothu #RapeCase #genderequality #feminism'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, POLITICAL STAND, FEMINISM, SHE, INDIA, PARVATHY THIRUVOTHU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.