SignIn
Kerala Kaumudi Online
Thursday, 25 April 2024 9.01 PM IST

കേണലിനെ അവസാനമായി യാത്രയാക്കുന്ന ഭാര്യയെയും നാലു വയസുകാരൻ മകനെയും നോക്കൂ, ഈ രാജ്യം തോൽക്കുന്നതെങ്ങനെ, ഗൽവാൻ വാർഷികത്തിൽ കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

galvan-

ഗൽവാനിൽ മാതൃരാജ്യത്തിനുവേണ്ടി 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. ഗൽവാനിലെ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും അതിർത്തിയിൽ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ചൈനയുടെ പ്രകോപനത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ഇന്ത്യയുടെ മനക്കരുത്തിന് ലോകരാജ്യങ്ങളുടെ ഇടയിലുള്ള മതിപ്പ് കൂട്ടാൻ സാധിച്ചിരുന്നു. ഗൽവാൻ വാർഷികത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാത്രി. കൊടിയ തണുപ്പ്. സ്വതവേ താഴ്ന്ന ഓക്സിജൻ നില. ബുദ്ധിമുട്ടുള്ള ഭൗതിക സാഹചര്യം.
തർക്കപ്രദേശത്ത് ശത്രു സൈനികർ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കുകയാണ് എന്ന സന്ദേശം ലഭിക്കുന്നു. കാര്യങ്ങൾ തിരക്കിവരാൻ ഒരു മേജറോട് ആവശ്യപ്പെട്ടാൽ മതി. എന്നാലും സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കി കേണൽ തന്നെ സ്ഥലത്തെത്തി. താൻ മുൻപ് കണ്ടിട്ടുള്ള സൈനികരല്ല എതിർഭാഗത്ത്. പോസ്റ്റ് സ്ഥാപിക്കുന്നതിനെ എതിർത്ത കേണലിനെ ഒരു ശത്രു സൈനികൻ പിടിച്ചു തള്ളി. ആയുധങ്ങൾ ഉപയോഗിക്കാൻ വിലക്കുണ്ട്. പക്ഷെ ശത്രുവിന്റെ ശ്രമം തടഞ്ഞേ മതിയാകൂ.
തുടർന്ന് ആയുധങ്ങളില്ലാതെ അരമണിക്കൂർ കായിക സംഘർഷം. സാരമായ പരിക്ക് ഏറ്റിട്ടും പിന്മാറാൻ കൂട്ടാക്കാതെ കേണൽ തുടർന്നു. ഒപ്പമുള്ള പരിക്കേറ്റവരെ ക്യാമ്പിലേക്ക് മടക്കി. കൂടുതൽ ആൾക്കാരെ ആവശ്യപ്പെട്ടു. നേതൃത്വം പൂർണ്ണമായി ഏറ്റെടുത്ത് ആക്രമണത്തെ പ്രതിരോധിച്ചു. കൈകൾ കൊണ്ട് ശത്രുക്കളെ കൊന്നുതള്ളി. ഇതിനിടെ വടികളും കല്ലുകളും കമ്പികളുമായി ശത്രുക്കളും തിരിച്ചടിച്ചു. കേണലിന്റെ പട്ടാളക്കാരെക്കാൾ മൂന്നിരട്ടി ആളുകളാണ് ശത്രുപക്ഷത്ത്.

സ്ഥലത്തേക്ക് ഇരച്ചെത്തി കേണലിന്റെ ബിഹാർ റെജിമെന്റിലെ കൂടുതൽ സൈനികർ. ബയണറ്റുകളും ഇരുമ്പ് ദണ്ഡുകളുമായുള്ള പ്രത്യാക്രമണം. ശത്രുക്കൾ കേണലിനും പട്ടാളക്കാർക്കും നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. കല്ലേറിൽ തലയ്‌ക്കേറ്റ ആഘാതത്തിൽ കാൽ വഴുതിയ കേണൽ താഴേക്ക് വീണു. അതിശൈത്യമാർന്ന നദിയിലേക്ക്. നിത്യതയിലേക്ക്…


സംഘർഷം തുടർന്നു. പ്രദേശത്തിന്റെ തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതു വരെ.
അനുകരണീയ നേതൃവൈഭവം, കർമ്മകുശലത, പരമത്യാഗം. കേണലിന്റെ ഈ മൂന്നു ഗുണങ്ങൾ മൂലം പ്രദേശത്തെ തൽസ്ഥിതി നിലനിർത്താൻ നമുക്ക് കഴിഞ്ഞെന്ന് ഭാരത സർക്കാർ വിലയിരുത്തി. കൊടിയ മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റിട്ടും, അവസാനശ്വാസം വരെയും സ്വന്തം മണ്ണിനെ നിലനിർത്താനും ശത്രുവിനെ ചെറുക്കാനും സഹപ്രവർത്തകരെ പ്രചോദിപ്പിക്കാനും പോരാടിയ കേണൽ ബി സന്തോഷ് ബാബുവെന്ന മുപ്പത്തിയേഴുകാരൻ തെലങ്കാനക്കാരന് രാജ്യത്തിന്റെ പരമോന്നതമായ രണ്ടാമത്തെ സൈനിക ബഹുമതി, മഹാവീർ ചക്ര, മരണാനന്തരം.

ആ രാത്രി നമുക്ക് നഷ്ടമായത് 20 പേരെ. എന്നാൽ ഇരട്ടിയിലധികം ശത്രുക്കളെ ഒടുക്കിയിട്ടാണ് അവർ പോയത്. നാലു പേരെ മാത്രമേ നഷ്ടപ്പെട്ടുള്ളൂവെന്ന ചൈനീസ് നുണ പൊളിച്ചത് അമേരിക്കൻ, റഷ്യൻ വാർത്താ ഏജൻസികൾ. കൂടുതൽ പേരെ നഷ്ടപ്പെട്ടെന്ന വാർത്ത പുറത്തുവിടുന്നത് അപമാനകരമാകുമെന്ന തോന്നൽ മൂലമാണ് ചൈന യഥാർത്ഥ കണക്കുകൾ പറയാത്തതെന്നും 35 പേരെയെങ്കിലും അവർക്ക് നഷ്ടമായിട്ടുണ്ടെന്നും അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ധരിച്ച് യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തത് 45 ചൈനാക്കാരെ ഇന്ത്യൻ പട്ടാളം കൊന്നൊടുക്കിയെന്നാണ്.

തണുത്തുറഞ്ഞ ഗാൽവൻ താഴ്വരയെ ചൂടുപിടിപ്പിച്ച ആ രാത്രിയുടെ ഓർമ്മയ്ക്ക് ഇന്ന് ഒരു വയസ്സ്. വീരസ്വർഗ്ഗം പ്രാപിച്ചവർക്ക് ആദരം. മൂന്നിരട്ടിപ്പേർ അപ്പുറത്തുണ്ടെങ്കിലും, നഷ്ടപ്പെട്ടതിന്റെ ഇരട്ടിപ്പേരെ കൊല്ലാൻ ബാക്കിയുള്ളവർ ധാരാളമെന്ന് തെളിയിച്ച ഇന്ത്യൻ സൈനികർക്ക് സല്യൂട്ട്. ചിത്രത്തിൽ, കേണലിനെ അവസാനമായി യാത്രയാക്കുന്ന ഭാര്യയെയും നാലു വയസ്സുകാരൻ മകനെയും നോക്കൂ. ഈ രാജ്യം തോൽക്കുന്നതെങ്ങനെ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GALVAN, FACEBOOK POST, GALWAN CLASH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.