SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.36 PM IST

ശീലങ്ങൾ ദുശീലമാകരുത് !

health

ശീലങ്ങൾ നല്ലതാണ്. എന്നാൽ അവ ചില കുഴപ്പങ്ങളുണ്ടാക്കും. എന്തൊക്കെയാണ് ശീലിക്കുന്നത് എന്നത് അനുസരിച്ചാണ് നല്ലതാണോ കുഴപ്പമാണോ സംഭവിക്കാൻ പോകുന്നതെന്ന് തീരുമാനിക്കപ്പെടുന്നത്. ശാരീരിക, മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ് ശീലിക്കേണ്ടത്. അല്ലാത്തവ അറിയാതെയാണ് ശീലിച്ചു പോയതെങ്കിൽപോലും അത് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്നത് മുൻകരുതലുകൾ സ്വീകരിക്കാൻ സഹായിക്കും.

എന്തൊക്കെ കാര്യങ്ങൾ അധികമായി ശീലിക്കുന്നവർക്ക് എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. രാത്രിയിൽ വളരെ താമസിച്ച് ഉറങ്ങി ശീലിച്ചവർ രാവിലെ വൈകിയാണ് എഴുന്നേൽക്കുന്നതെങ്കിൽ പോലും ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനും ആവശ്യത്തിന് ഉറക്കം ലഭിച്ചതിന്റെ ക്ഷീണക്കുറവും അനുഭവപ്പെടാറില്ല. വളരെ നേരം ഉറങ്ങുന്നവർക്ക് ബുദ്ധിക്കു തെളിച്ചവും കുറയും. അത്രയുംനേരം ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനാൽ മസ്‌തിഷ്കത്തിന് ശരിയായ ഉന്മേഷത്തോടെ പ്രവർക്കാൻ സാധിക്കണമെന്നില്ല. രാവിലെ എഴുന്നേറ്റ ഉടനെ വായ കഴുകുകയും പല്ല് തേയ്ക്കുകയും ചെയ്യാത്തവർക്ക് വായിലുണ്ടാകുന്ന ചില രോഗങ്ങളുടെ അണുബാധ വയറ്റിലേക്ക് കൂടി ബാധിക്കാൻ കാരണമാകും.
ശരിയായ വിശപ്പ് കുറയുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. രാവിലെ മലശോധന ചെയ്ത് ശീലിക്കാത്തവരിൽ ഗ്യാസ്, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ, അസിഡിറ്റി, മലബന്ധം, വയറുവേദന, ക്രമേണ അർശസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളുമുണ്ടാകും.

ദേഹത്ത് തൈലം പുരട്ടി മിതമായ വ്യായാമം ചെയ്തു ശീലിച്ചാൽ ശരീരത്തിന് ദൃഢത, എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന വിധമുള്ള മെയ് വഴക്കം, ശാരീരിക, മാനസിക ആരോഗ്യവും ഉന്മേഷവും, വിശപ്പ്, വാതശമനം, ദുർമേദസ്സിന്റെ ക്ഷയം, രോഗപ്രതിരോധശേഷി തുടങ്ങിയവ ലഭിക്കും. രാവിലെ വെറും വയറ്റിൽ തന്നെ കുളിച്ച് ശീലിച്ചാൽ ശരിയായ വിശപ്പും ദഹനവും ശരീരബലവും ലഭിക്കും.
ചൂടാക്കാത്ത വെള്ളത്തിൽ കുളിക്കുന്നത് പ്രമേഹം, അമിതചൂട്, നേത്രരോഗങ്ങൾ എന്നിവയുള്ളവർക്ക് നല്ലതാണ്. ചൂടുള്ള വെള്ളത്തിൽ തലകുളിച്ച് ശീലിച്ചാൽ മുടിയുടെ ബലവും കാഴ്ചശക്തിയും കുറയുകയും തലമുടി എളുപ്പത്തിൽ നരയ്ക്കുകയും ചെയ്യാം. തല ഒഴികെയുള്ള ഭാഗം ചൂട് വെള്ളത്തിൽ കുളിക്കുന്നവർക്ക് ശരീരബലമുണ്ടാകും.

പ്രഭാതഭക്ഷണത്തിനുമുമ്പ് നല്ലചൂടുള്ള ചായ, കാപ്പി, കൂടെ ബിസ്ക്കറ്റ് തുടങ്ങിയവ കഴിച്ചു ശീലിച്ചവർക്ക് ഗ്യാസും വിശപ്പില്ലായ്മയും മലബന്ധവും ഉണ്ടാകും. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ അവർക്ക് അസിഡിറ്റി, ഗ്യാസ്, അൾസർ തുടങ്ങിയ ദഹനപ്രശ്നങ്ങളും ശരീര വിളർച്ചയുമുണ്ടാകും. ബുദ്ധി, ഓർമ്മശക്തി എന്നിവ കുറയുകയും ചെയ്യും.

സമയത്ത് ഭക്ഷണം കഴിക്കാത്തവരിലും ഇത്തരം ബുദ്ധിമുട്ടുകൾ വർദ്ധിക്കും. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ച് ശീലിക്കുന്നവർക്ക് വിളർച്ച രോഗം ഒഴിവാക്കാം. അധികമായി ചൂടും എരിവും അച്ചാറും മസാലയും വറുത്തതും കഴിക്കുന്നവർക്ക് അസിഡിറ്റി, ഗ്യാസ്, അൾസർ, അർശസ്, അർബുദം തുടങ്ങിയ രോഗങ്ങളുണ്ടാകാം. മാംസാഹാരം പ്രത്യേകിച്ചും റെഡ്മീറ്റ് കഴിക്കുന്നവർക്ക് ദഹനപ്രശ്നങ്ങളും അർബുദവും പ്രത്യേകിച്ചും കുടലിനെ കേന്ദ്രീകരിച്ചുള്ള അർബുദവും ഉണ്ടാകും. മധുരവും കിഴങ്ങുവർഗ്ഗങ്ങളും ധാന്യാഹാരങ്ങളും എളുപ്പം ദഹിക്കാത്തവയും അമിതമായി ശീലിക്കുന്നവർക്ക് മെറ്റബോളിസത്തെ ബാധിക്കുന്നത് തൈറോയ്ഡ്, പ്രമേഹം, പൊണ്ണത്തടി, പി.സി.ഒ.ഡി എന്നിവയുണ്ടാകാനുള്ള സാദ്ധ്യത വർധിക്കുന്നു. പകലുറക്കമുള്ളവർക്ക് ദഹനപ്രശ്നങ്ങളും പ്രമേഹവും അമിതവണ്ണവും തൈറോയിഡുമുണ്ടാകും. അസിഡിറ്റിക്കുള്ള ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർക്ക് പാൻക്രിയാസ് ഗ്രന്ഥിയിലും പിത്താശയത്തിലും കല്ലുകൾ രൂപപ്പെടാം. വേദനാസംഹാരികൾ കഴിക്കുന്നത് ശീലമാക്കിയവർക്ക് വേദന സഹിക്കാനുള്ള കഴിവും മനോബലവും കുറയുകയും അസിഡിറ്റിയും അൾസറും ഉണ്ടാകുകയും ചെയ്യാം. അലർജി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവരിൽ ക്രമേണ മരുന്നിന്റെ അളവ് വർദ്ധിപ്പിക്കേണ്ടി വരികയും മയക്കം,ഉന്മേഷമില്ലായ്മ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യും. ചില സ്റ്റിറോയ്ഡുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ അസ്ഥികൾക്കും കാഴ്ചശക്തിക്കും വൃക്കയുടെ പ്രവർത്തനങ്ങൾക്കും തകരാറുകളുണ്ടാകാം.രോഗപ്രതിരോധശേഷിയും കുറയാം.

തണുത്തവെള്ളം

ദഹനപ്രശ്നങ്ങളുണ്ടാക്കും


മദ്യം, കോള, സോഡാ, ഇൻസ്റ്റൻറ് കോഫി, പ്രിസർവേറ്റീവുകൾ അടങ്ങിയ ഭക്ഷണം തുടങ്ങിയവ സ്ഥിരമായി ഉപയോഗിച്ചാൽ അസിഡിറ്റി,അൾസർ, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാകാം. അരിഷ്ടാസവങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ അമിതവിശപ്പും അസിഡിറ്റിയും വർദ്ധിക്കാം.
ശരീരമനങ്ങാതെ അധികമായി വിശ്രമിക്കുന്നവർക്ക് ആലസ്യവും ഉറക്കക്കുറവും പൊണ്ണത്തടിയും ഹൃദ്രോഗവുമുണ്ടാകാം. അമിതാദ്ധ്വാനം ശീലമാക്കിയവർക്ക് ശരീരം മെലിയുകയും വാത രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും. തൈര് കഴിക്കുന്നത് ശീലമാക്കിയവർക്ക് സന്ധികളിൽ നീരും വേദനയുമുണ്ടാകാം. തണുത്ത വെള്ളം കുടിക്കുന്നവർക്ക് ദഹനപ്രശ്നങ്ങളും സൈനസൈറ്റിസും വണ്ണക്കൂടുതലുമുണ്ടാകാം. മൈദ, ആട്ട, ഉപ്പിലിട്ടത് തുടങ്ങിയവ ശീലമാക്കിയവർക്ക് ദഹനപ്രശ്നങ്ങളും മലബന്ധവുമുണ്ടാകാം.

ഉറക്കമില്ലെങ്കിൽ

മാനസികവിക്ഷോഭം

ഭക്ഷണത്തിന് മണവും നിറവും രുചിയും നൽകുന്ന കൃത്രിമ വസ്തുക്കൾ ശീലമാക്കിയവരിൽ ദഹനപ്രശ്നങ്ങൾ, പാൻക്രിയാസ് ഗ്രന്ഥിയുടെ കുഴപ്പങ്ങൾ, അർബുദം തുടങ്ങിയവയാണ് കാണുന്നത്.
അമിതമായി പുളിയുള്ളവ ശീലിച്ചവരിൽ വൃക്കയിലും മൂത്രപഥത്തിലും കല്ലിന്റെ അസുഖം വർദ്ധിക്കും.

അമിതമായും അവ്യക്തമായതും കാണാൻ ശ്രമിക്കുന്നത് കാഴ്ചയെ ബാധിക്കും. അമിതമായും വളരെ നേർത്ത ശബ്ദത്തിലുള്ളവയും കേൾക്കാൻ ശ്രമിക്കുന്നത് കേൾവിയെ ബാധിക്കും.
വെള്ളം ആവശ്യത്തിന് കുടിക്കാതിരുന്നാൽ ശരീര പ്രവർത്തനങ്ങൾ താറുമാറാകുകയും തലവേദന,പേശിവേദന, മൂത്രാണുബാധ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യും. പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം ഇവ ശീലിച്ചവരുടെ ശാരീരിക മാനസിക ആരോഗ്യം തകരാറിലാകും. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ അത് ബാധിക്കും.
ആവശ്യത്തിന് ഉറക്കമില്ലാത്തത് മാനസിക വിക്ഷോഭം വർദ്ധിപ്പിക്കുകയും ദഹന പചനപ്രശ്നങ്ങളും ഉന്മേഷക്കുറവുമുണ്ടാക്കുകയും ചെയ്യും. രാത്രിയിലെ ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങി ശീലിക്കുന്നത് ദഹന പ്രശ്നങ്ങളും സന്ധി വേദനയും വാത രോഗങ്ങളുമുണ്ടാക്കും.
ചുരുക്കിപ്പറഞ്ഞാൽ ഒരു കാര്യം ശീലിക്കുന്നതിന് മുമ്പ് അതിന്റെ ഗുണവും ദോഷവും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.