കാസർകോട്: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കാസർകോട് ജില്ലയിൽ രോഗ സ്ഥിരീകരണ നിരക്കിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താൽ മിക്ക തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന കൂടിയിട്ടും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ട വ്യാപനത്തിന്റെ തുടക്കത്തിൽ രോഗികളുടെ എണ്ണം വളരെ ഉയർന്ന പഞ്ചായത്തുകളിലുൾപ്പെടെ നിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബേഡഡുക്ക പഞ്ചായത്തിൽ തുടർച്ചയായ ഏഴ് ദിവസം 10 ശതമാനത്തിൽ താഴെയാണ് സ്ഥിരീകരണ നിരക്ക്. പടന്നയിൽ അഞ്ച് ദിവസമായും കാസർകോട് നഗരസഭയിൽ മൂന്ന് ദിവസമായും പത്ത് ശതമാനത്തിൽ താഴെയാണ്. പ്രതിദിന കണക്കെടുപ്പിൽ ശരാശരി 12 പഞ്ചായത്തുകളിൽ രോഗ സ്ഥിരീകരണ നിരക്ക് 10 ൽ താഴെയാണ്.
ഏറ്റവും കുറവ് രോഗികൾ ബെള്ളൂരിൽ
നൂറിൽ കൂടുതൽ പരിശോധന നടന്ന പഞ്ചായത്തുകളിൽ മധൂരിലാണ് സ്ഥിരീകരണ നിരക്ക് കൂടുതൽ. 112 പേരിൽ 62 പേരും പോസിറ്റീവായത്. ജൂൺ 14 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കുറവ് രോഗികൾ ഉള്ളത് ബെള്ളൂരിലാണ് -ആറു പേർ. ചെങ്കളയിൽ 232 പേരും, മധൂരിൽ 196 പേരും, അജാനൂരിൽ 182 പേരും ഉദുമയിൽ 163 പേരും ചികിത്സയിലുണ്ട്. ബദിയടുക്ക, ചെമ്മനാട്, കാഞ്ഞങ്ങാട്, കയ്യൂർ - ചീമേനി, കുമ്പള, മംഗൽപാടി, നീലേശ്വരം, പള്ളിക്കര, പുല്ലൂർ - പെരിയ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം നൂറിനു മുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |