SignIn
Kerala Kaumudi Online
Thursday, 25 April 2024 6.40 PM IST

മോഹവലയിലെ മീനുകൾ

tharayil

പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ സമാനമായ മറ്റൊരു തട്ടിപ്പ് കൂടി പത്തനംതിട്ടയിൽ പുറത്തുവന്നിരിക്കുന്നു. ഒാമല്ലൂർ ആസ്ഥാനമായ തറയിൽ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയെയും കുടുംബത്തെയും കാണാതായത് നിരവധി നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി. കാലപരിധി കഴിഞ്ഞ നിക്ഷേപത്തുക തിരിച്ചു നൽകാതെയായിരുന്നു ഒളിച്ചോട്ടം. പോപ്പുലറിനോളം വളർന്നില്ലെങ്കിലും തറയിൽ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ എണ്ണം ചെറുതല്ല. ഒാമല്ലൂർ, പത്തനംതിട്ട, അടൂർ, പത്തനാപുരം ശാഖകളായി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സ്ഥാപനം തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. നൂറ് കോടിയോളം രൂപയാണ് തറയിൽ ഫിനാൻസിലെ ആകെ നിക്ഷേപമെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. പൊലീസിന്റെ വിപുലമായ അന്വേഷണത്തിലൂടെയും പരാതികളുടെ എണ്ണത്തിലൂടെയും മാത്രമേ ആകെ നിക്ഷേപത്തുക സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂ. രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് പോപ്പുലറിൽ നട‌ന്നെന്നാണ് കണക്കാക്കിയിട്ടുള്ളത്.

തറയിൽ ഫിനാൻസ് ഉടമ സജിസാമും കുടുംബവും ഇൗ കടുത്ത ലോക് ഡൗൺ കാലത്തും പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയിരിക്കുന്നു. തത്‌കാലം രക്ഷപെട്ടു നിൽക്കാനുള്ള വഴി പൊലീസ് ഒരുക്കിയോ എന്നും നിക്ഷേപകരിൽ സംശയം നിലനിൽക്കുന്നു. പോപ്പുലർ ഫിനാൻസിലെ തട്ടിപ്പ് പുറത്തുവന്നപ്പോഴും പ്രതികൾ അജ്ഞാത കേന്ദ്രത്തിലായിരുന്നു. ദിവസങ്ങൾക്ക് ശേഷം പൊലീസിൽ കീഴടങ്ങി. അതേപോലെ തറയിൽ ഫിനാൻസ് ഉടമയും തങ്ങളുടെ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സജി സാം രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

പഠിക്കാതെ പണം പെരുപ്പിക്കുന്നവർ

സമ്പാദ്യം എങ്ങനെയെങ്കിലും ഇരട്ടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പലരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ മോഹവലയത്തിൽ വീഴുന്നത്. പെൻഷൻ കിട്ടിയ തുകയും വസ്തുവിറ്റ് ലഭിച്ച തുകയും ചിട്ടിയടിച്ചതുമൊക്കെ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കാതെ ഉയർന്ന പലിശ മോഹിച്ച് സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയാണ്. നിക്ഷേപങ്ങൾക്ക് 13 മുതൽ 15 ശതമാനം വരെ പലിശയാണ് സ്വകാര്യ ഫിനാൻസുകൾ വാഗ്ദാനം ചെയ്യുന്നത്. ദേശസാൽകൃത ബാങ്കുകളിൽ എട്ട് ശതമാനത്തിൽ താഴെയാണ് പലിശ. സ്ഥിരനിക്ഷേപങ്ങൾ എന്ന പേരിലാണ് സ്വകാര്യ ഫിനാൻസുകൾ സർട്ടിഫിക്കറ്റ് നൽകുന്നത്.

സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളുടെ തട്ടിപ്പുകൾ പുറത്തു വരുന്നത് ഇതാദ്യമല്ല. അടുത്തിടെ പുറത്തുവന്ന വലിയ തട്ടിപ്പുകളിലൊന്നായിരുന്നു പോപ്പുലർ ഫിനാൻസിലേത്. പോപ്പുലർ ഫിനാൻസ് സ്ഥിരനിക്ഷേപം എന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകർക്ക് നൽകിയത് ഷെയർ ഹോൾഡർമാർക്ക് നൽകുന്ന ലിമിറ്റഡ് ലയബലിറ്റി സർട്ടിഫിക്കറ്റായിരുന്നു. തറയിൽ ഫിനാൻസും ഇതേ സർട്ടിഫിക്കറ്റ് നൽകിയാണ് നിക്ഷേപകരെ കബളിപ്പിച്ചത്. ഷെയർ ഹോൾഡർ സർട്ടിഫിക്കറ്റ് നൽകിയാൽ സ്ഥാപന ഉടമകൾക്കാണ് നേട്ടം. സ്ഥാപനം നഷ്ടത്തിലാണെന്ന് കണക്ക് നിരത്തിയാൽ ആ നഷ്ടം നിക്ഷേപകർ സഹിക്കണം. സ്ഥാപന ഉടമകൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായാൽ വേഗം കേസുകളിൽ നിന്ന് ഉൗരിപ്പോരും. ഇൗ തന്ത്രമാണ് ഇപ്പോൾ പോപ്പുലർ ഫിനാൻസ് ഉടമകൾ അഭിഭാഷകർ മുഖേന പയറ്റിക്കൊണ്ടിരിക്കുന്നത്. പോപ്പുലർ ഫിനാൻസ് വലിയ നഷ്ടത്തിലാണെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. കേസ് സി.ബി.എെ അന്വേഷിക്കുന്നതു കൊണ്ട് ഹർജി വിചാരണ കോടതി മുൻപാകെ സമർപ്പിക്കാൻ കോടതി നിർദേശിച്ചിരിക്കുകയാണ്.

കോടീശ്വരൻമാർ ഒളിഞ്ഞിരിക്കുന്നു

പോപ്പുലർ ഫിനാൻസ്, തറയിൽ ഫിനാൻസ് തട്ടിപ്പുകൾ പുറത്തു വന്നപ്പോൾ പരാതികൾ നൽകിയത് സാധാരണക്കാരായിരുന്നു. പരമാവധി പത്ത് ലക്ഷം വരെ നഷ്ടപ്പെട്ടവർ. രണ്ടായിരം കോടിയുടെ പോപ്പുലർ തട്ടിപ്പ് കേസിലും നൂറ് കോടിയുടെ തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിലും പണം നഷ്ടപ്പെട്ട കോടീശ്വരൻമാർ അനവധിയുണ്ട്. വിവാഹാവശ്യത്തിനും ചികിത്സയ്ക്കും പണം ലക്ഷ്യമിട്ട് ഉയർന്ന പലിശ മോഹിച്ചവരാണ് പരാതി നൽകിയ സാധാരണക്കാരിൽ ഏറെയും. എന്നാൽ, കോടികൾ നിക്ഷേപിച്ചവർ ഇപ്പോഴും കാണാമറയത്ത് ഇരിക്കുന്നു. അവർ പരാതികളുമായി രംഗത്ത് വന്നാൽ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. പൊലീസിനും ഇ.ഡിക്കും മുന്നിലെത്തേണ്ടി വരും. അതുകൊണ്ട് എല്ലാം നിരീക്ഷിച്ച് കഴിയുക എന്നതാണ് ഇവരുടെ തന്ത്രം.

തട്ടിപ്പുകളുടെ പരമ്പര

പണം എവിടെ നിക്ഷേപിച്ചാലാണ് നഷ്ടപ്പെടാതെ കിടക്കുക എന്നൊരു ചോദ്യം പത്തനംതിട്ടക്കാരുടെ മനസിലുണ്ട്. തട്ടിപ്പുകളുടെ പരമ്പര തന്നെയാണ് രണ്ടു വർഷത്തിനുള്ളിൽ നടന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പിനെ തുടർന്ന് സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളെ വിശ്വസിക്കരുതെന്ന് ഭരണകൂടങ്ങളുടെ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് ദേശസാൽകൃത ബാങ്കായ കാനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നടന്ന തട്ടിപ്പ് പുറത്ത് വന്നത്. ലോക് ഡൗൺ മറയാക്കി നിക്ഷേപകരുടെ 8.13 കോടിയുമായി കടന്നത് മുൻ നേവി ഉദ്യോഗസ്ഥൻ കൂടിയായ ബാങ്ക് ജീവനക്കാരനാണ്. കാലാവധി പൂർത്തിയായ സ്ഥിര നിക്ഷേപത്തുക തട്ടിയെടുത്ത് കുടുംബസമേതം മുങ്ങിയ പ്രതി വിജീഷ് വർഗീസിനെയും കുടുംബത്തെയും ബംഗളൂരുവിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെട‌ുത്തത്.

ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടാൽ, ബാങ്കുകൾ തന്നെ നിക്ഷേപകരുടെ തുക തിരികെ നൽകണമെന്നാണ് റിസർവ് ബാങ്ക് നിയമം. അതുകൊണ്ട് നിക്ഷേപകർക്ക് വലിയ ആശങ്കകൾക്ക് അടിസ്ഥാനമില്ല. എന്നാൽ, ദേശസാൽകൃത ബാങ്കുകളിലും വലിയ കൊള്ള നടക്കുമെന്ന് തെളിയിക്കുന്നതായിരുന്നു കാനറാ ബാങ്കിലെ സംഭവം. അതിന്റെ അലയൊലി കെട്ടടങ്ങും മുൻപാണ് തറയിൽ ഫിനാൻസ് തട്ടിപ്പ് പുറത്തുവന്നത്. സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നാൽ നിക്ഷേപകരുടെ തുക തിരികെ ലഭിക്കാൻ പോകുന്നില്ലെന്ന വലിയ സത്യം ഉൾക്കൊള്ളാതെയാണ് പണം എറിഞ്ഞു കൊടുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.