SignIn
Kerala Kaumudi Online
Friday, 26 April 2024 2.18 AM IST

മെരിറ്റ് സംസ്‌കാരത്തിന് സ്വാഗതം

merit

സംസ്ഥാനത്തിന്റെ പുരോഗതി പിന്നോട്ടടിക്കുന്ന പല പ്രവർത്തനശൈലികളും നമ്മുടെ നാട്ടിൽ നടമാടുന്നുണ്ട്. അതിലൊന്നാണ് ശുപാർശാ സംസ്കാരം. മിക്ക നിയമനങ്ങളും ശുപാർശകൾക്ക് വിധേയമായിട്ടാണ് നടക്കുന്നത്. ശുപാർശയില്ലെങ്കിൽ കാര്യം നടക്കില്ലെയെന്ന ചിന്ത പൊതുജനത്തിന്റെ സിരകളിൽ കടന്നുകൂടിയിട്ട് വർഷങ്ങളേറെ ആയിട്ടുണ്ട്. ഇത് ഒരു രോഗം പോലെ പ്രകടമായി കാണുന്നതും നിയമന രംഗത്താണ്. ഗവൺമെന്റ് പ്രവർത്തനത്തിന്റെ ഭൂരിഭാഗം വഹിക്കുന്നത് കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിട്ടികൾ, യൂണിവേഴ്സിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയാണ്. അവിടങ്ങളിലെ ഉയർന്ന തസ്തികകളിലെ നിയമനം നോട്ടിഫൈ ചെയ്താൽ തത്‌പര കക്ഷികൾ ഉടൻ നിയമനം നടത്താൻ അധികാരപ്പെട്ട ആളുകളെയോ ഇന്റർവ്യൂ ബോർഡ് അംഗങ്ങളെയോ കണ്ടുപിടിച്ച് ശുപാർശയ്ക്കായുള്ള നെട്ടോട്ടമായിരിക്കും. ഈ ഓട്ടം ചെന്നു നിൽക്കുന്നത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും മതമേലദ്ധ്യക്ഷൻമാരുടെയും ജാതി സംഘടനാ നേതാക്കന്മാരുടെയും പാർട്ടി ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നതന്മാരുടെയും അടുത്തായിരിക്കും. ഒടുവിൽ ശുപാർശകൾക്കൊന്നും പോകാത്ത മാന്യന്മാരും യോഗ്യന്മാരും തഴയപ്പെടുകയും ശുപാർശയുമായി നടന്ന രണ്ടാം തരക്കാരിൽ ഒരാൾ ജോലി തട്ടിയെടുക്കുകയു ചെയ്യും. അത് തീർച്ചയായും സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയേയും പുരോഗതിയെയും ബാധിക്കുമെന്ന് ഉറപ്പാണ്.

നിയമനങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഗവൺമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും ഈ ശുപാർശാ സംസ്കാരം പുഴുക്കുത്തായി കടന്നുകൂടും. കൈക്കൂലിക്ക് പിടിക്കപ്പെട്ട പല ഉദ്യോഗസ്ഥരും വളരെ കൂളായി നടക്കുകയും ഏതാനും മാസം കഴിയുമ്പോൾ സസ്പെൻഷനും അനന്തര നടപടികളും പിൻവലിക്കപ്പെട്ട് സസന്തോഷം സർവീസിൽ തിരികെ കയറുകയും ചെയ്യുന്നു. പാർട്ടി പ്രവർത്തകരുടെ ശക്തമായ ഇടപെടൽ ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു.

നാട്ടിൽ നിയമവും നീതിയും കാത്തുസൂക്ഷിക്കേണ്ട പൊലീസ് ഭരണത്തിൽ ശുപാർശാ സംസ്കാരത്തിന്റെ ശക്തി വളരെ വലുതായിട്ടാണ് പലപ്പോഴും അനുഭവപ്പെടുന്നത്. കുറ്റക്കാരെ കുറ്റവിമുക്തരാക്കാനും കുറ്റം ചെയ്യാത്തവരെ കുറ്റക്കാരാക്കാനും ആ ശക്തിക്ക് കഴിവുണ്ട്. ഈ ശുപാർശാ സംസ്‌കാരം പൂർണമായി തുടച്ചുമാറ്റാൻ കഴിയില്ലെങ്കിലും അതിന്റെ ശക്തിയും വ്യാപ്തിയും പരമാവധി കുറയ്‌ക്കാനെങ്കിലും അഴിമതി രഹിത സദ്ഭരണം കാഴ്ചവയ്ക്കാൻ ദൃഢപ്രതിജ്ഞ ചെയ്തിട്ടുള്ള രണ്ടാം പിണറായി സർക്കാരിനു കഴിയുമെങ്കിൽ അതൊരനുഗ്രഹമായിരിക്കും. ഭരണം നന്നാകും, നാട് നന്നാകും, വേണമെങ്കിൽ ചക്ക വേരേലും കായ്ക്കുമെന്നാണല്ലോ പ്രമാണം.

എം. ശിവദാസ്

റിട്ട.ലേബർ കമ്മിഷണർ

തിരുവനന്തപുരം

വിമുക്തഭടന്മാരോട് കനിവു കാട്ടണം

കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കേന്ദ്ര പെൻഷൻകാർക്കും വിമുക്തഭടന്മാർക്കും ക്ഷാമബത്ത കുടിശിക വരുത്തിയിരിക്കുകയാണ്. 35 ഉം 40 ഉം വയസിൽ പട്ടാളത്തിന്റെ യൗവനം നിലനിറുത്താൻ നിർബന്ധിത പെൻഷൻ ആയി വരുന്നവരാണ് ഭൂരിഭാഗവും. തുടർന്ന് പറക്കമുറ്റാത്ത മക്കളുമായി ജീവിതം ആരംഭിക്കേണ്ടി വരുന്നു. പെൻഷൻ മാത്രമാണ് വിമുക്തഭടന്മാരുടെ ഏക ആശ്രയം. ഇടക്കിടയ്ക്ക് കിട്ടുന്ന
ക്ഷാമബത്ത ഒരു കനിവ് മാത്രമാണ്.

ഈ ലോക്ക് ഡൗൺ കാലത്ത് മാർജിൻഫ്രീ, നീതി സ്റ്റോറുകൾ തുറന്നിരിക്കുമ്പോഴും വിമുക്തഭടന്മാർക്ക് നിത്യോപയോഗ സാധനങ്ങൾ കിട്ടുന്ന സ്‌ഥാപനങ്ങൾ തിരുവനന്തപുരത്ത് പാങ്ങോടും മറ്റ് മേഖലകളിലും തുറന്ന് പ്രവർത്തിക്കുന്നില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇടപെട്ട് വിമുക്തഭടന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം.

ശാന്തിവിള പത്മകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MERIT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.