തിരുവനന്തപുരം: കോപ്പഅമേരിക്ക ഫുട്ബാളിന്റെ ആരവമുയർന്നതോടെ രാഷ്ട്രീയ കേരളവും കാൽപ്പന്താവേശത്തിലാണ്. രാഷ്ട്രീയമായി ഒരു ചേരിയിലാണെങ്കിലും പലരും അർജന്റീന, ബ്രസീൽ എന്നീ ടീമുകളുടെ കാര്യം വരുമ്പോൾ രണ്ട് ചേരിയിലാണെന്നതാണ് രസകരം. അർജന്റീന ഫാനായ മുൻമന്ത്രി എം.എം മണി അർജന്റീനയുടെ കോപ്പയിലെ ആദ്യ കളിക്ക് മുൻപ് തകർപ്പൻ പോസ്റ്റുമായി രംഗത്തെത്തി.
ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല...’-ചെഗുവേരയുടെ അർജന്റീന, മറഡോണയുടെ അർജന്റീന,അർജന്റീനയുടെ ഫാൻ... ഹാഷ്ടാഗുകൾ സഹിതം ആശാൻ ഫേസ്ബുക്കിൽ കുറിച്ചു.എന്നാൽ ബ്രസീൽ ഫാനായ കടകംപള്ളി സുരേന്ദ്രൻ ഉടൻ എതിർ കമന്റുമായി പോസ്റ്റിന് താഴെയെത്തി.
ആശാനേ.. ഇത്തവണ കപ്പ് ഞങ്ങൾക്കാണ്.. മഞ്ഞപ്പട.. – ബ്രസീൽ ടീമിന്റെ ചിത്രം സഹിതം കടകംപള്ളി കുറിച്ചു.‘ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ’എന്നായിരുന്നു ഇതിന് മണിയാശാന്റെ കമന്റ്. എന്നാൽ ആശാന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് ശോഭ സുബിൻ എത്തി. മുൻ മന്ത്രി ഇ.പി. ജയരാജൻ, യു.പ്രതിഭാ എം.എൽ.എ എന്നിവരെല്ലാം അർജന്റീന ഫാൻസാണ്. മറ്റൊരു യുവ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ അർജന്റീനയേയും മെസിയേയും കുറിച്ചുള്ള പോസ്റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |