Kerala Kaumudi Online
Saturday, 25 May 2019 10.23 PM IST

ഇന്ത്യൻ കാപ്പിക്കടയുടെ നാൾവഴികളിലൂടെ... പിറന്നാൾ മുത്തശ്ശന് ആശംസ നേരാം

indian-coffee-house

മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ലോകം ആഘോഷിക്കുമ്പോൾ നമ്മുടെ കൊച്ച് കേരളത്തിൽ വടവൃഷം പോലെ പടർന്ന് പന്തലിച്ച 'ഇന്ത്യൻ കോഫി ഹൗസ്'ന്റെ പിറന്ന നാൾ ദിനം കൂടിയാണ്. രാജ്യത്ത് ഒരു ഭക്ഷ്യ സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് വളരെയേറെ സംഭാവനകൾ നൽകിയ 'ഇന്ത്യൻ കോഫി ഹൗസ്'ന്റെ വിശേഷങ്ങളും, ചരിത്രവഴികളും പ്രതിപാദിച്ച് വിഷ്ണു എ.എസ് ഫേസ്ബുക്കിലൂടെ നൽകിയ വിജ്ഞാനപ്രദമായ ഈ കുറിപ്പ് വായിക്കാം

ഇന്ത്യൻ കാപ്പിക്കടയുടെ നാൾവഴികളിലൂടെ......

ഇന്ന് മാർച്ച് 8.... നമുക്കെല്ലാം വളരെ പരിചിതമായ ഒരു റസ്റ്റോറന്റ് ശൃംഖലയുടെ കേരളത്തിലെ ജന്മനാളാണിന്ന്. തൊഴിലാളി വർഗ്ഗത്തിന്റെ ശക്തിയും അവന്റെ അവകാശങ്ങളും മനസ്സിലാക്കിക്കൊടുക്കുക മാത്രമല്ല അതിന്റെ കൂടെ മലയാളികൾക്കും ഭാരതീയർക്കും അഭിമാനമായ ഒട്ടേറെ ചരിത്രം പേറുന്ന ഒരു 'മുതുക്കൻ' റസ്റ്റോറന്റിന്റെ അറുപത്തിയൊന്നാം വാർഷികം. അതേ, കഴിഞ്ഞ ആറു ദശകത്തിലേറെയായി നമുക്കൊക്കെ പരിചിതമായ 'ഇന്ത്യൻ കോഫി ഹൗസ്' പിറന്ന നാൾ.....
ലോകമിന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോൾ അതിന്റെകൂടെ സ്മരിക്കണം 'ഇന്ത്യൻ കോഫി ഹൗസ്സ്‌' കടന്നു വന്ന നാൾവഴികളിലൂടെ.....

പുലർകാലെ വീട്ടമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഒരു കാപ്പിയും മൊത്തി ഉമ്മറത്തെ ചാരുകസേരയിൽ നടു നിവർത്തി പത്രം വായനയിൽ മുഴുകി ഒരിക്കലെങ്കിലും ദിനചര്യകളാരംഭിക്കാത്ത മലയാളികൾ നന്നേ കുറവാണ്.
ആ ഒരു ദിവസത്തിന്റെ ഊർജ്ജസ്വലതയ്ക്ക് രാവിലത്തെ ഒരു കപ്പ്
കാപ്പിയുടെ ചുവയ്ക്ക് നൽകാൻ കഴിയുന്ന ആത്മവിശ്വാസം ചെറുതല്ല.
രാവിലെ കാണുന്ന പരിചയക്കാരോട് "കാപ്പി കുടിച്ചോ ?" എന്ന ചോദ്യം മുതൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനും കാപ്പി ചുണ്ടോട് ചേർക്കുന്നവർ നമുക്ക് ചുറ്റുമിന്നും ധാരാളമുണ്ട്. ഒരു ദൈനംദിന പാനീയം എന്നതിലുപരി
അതേ, കാപ്പിയും നാമും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്.

എത്യോപ്യയിലെ ആട്ടിടയനായിരുന്ന കെൽദാ തന്റെ ആടുകൾ ഒരു പ്രത്യേക ചെടിയുടെ കായ്കൾ ഭക്ഷിച്ച് കിറുങ്ങുന്നത് ശ്രദ്ധിച്ചു.അത് അവന്റെ നാട്ടുകാർക്ക് മുന്നിലും കെൽദാ പരിചയപ്പെടുത്തി. കെൽദയുടെ നാടായിരുന്നു കഫ(കോഫി എന്ന വാക്കിന്റെ ഉത്ഭവം മനസ്സിലായെന്നു കരുതുന്നു).
പിന്നീട് മതപരമായി 'ചെകുത്താന്റെ പാനീയം' എന്ന് മുദ്രകുത്തപ്പെട്ട കാപ്പി പതിനാറാം നൂറ്റാണ്ടിൽ മാർപാപ്പയായിരുന്ന ക്ലമന്റ് എട്ടാമൻ മാമോദിസ മുക്കിയാണ് പുനർജന്മം നൽകിയത്. കാപ്പിയെക്കുറിച്ചുള്ള ചരിത്രങ്ങൾ എന്തെല്ലാം !! ഏതെല്ലാം !!!

പണ്ട് പതിനേഴാം നൂറ്റാണ്ടിൽ മക്കയിൽ തീർത്ഥാടനത്തിനു പോയ സൂഫിവര്യനായ ബാബാ ബുധൻ തന്റെ താടിരോമത്തിനുള്ളിൽ ഏഴു കാപ്പിക്കുരുക്കൾ അറേബ്യയിൽ നിന്നും കടത്തിക്കൊണ്ടു ഭാരതത്തിലെത്തിച്ചു. അന്നൊക്കെ അറേബ്യയിൽ നിന്നും കാപ്പിക്കുരുക്കൾ കടത്തുന്നത് ശിക്ഷാർഹമായ പ്രവർത്തിയായിരുന്നു, എന്തിനേറെ പറയുന്നു കയറ്റിയയക്കുന്ന കാപ്പിക്കുരുക്കൾ പോലും മുളയ്ക്കില്ല എന്നുറപ്പ് വരുത്താനായി വറുത്താണ് കയറ്റുമതി ചെയ്തിരുന്നത് പോലും.
ഇത്രയും സുരക്ഷയ്ക്കിടയിൽ നിന്നാണ് നമ്മുടെ ബാബയുടെ സാഹസം.
തന്റെ നാടായ മൈസൂരിലെത്തിയ അദ്ദേഹം ചന്ദ്രഗിരിക്കുന്നുകളിൽ താൻ കൊണ്ടുവന്ന കാപ്പിക്കുരുക്കൾ അരുമയോടെ പാകി. പിന്നീടവിടെ മുളപൊട്ടിയത് ഭാരതത്തിന്റെ കാപ്പി കൃഷിയുടെ ചരിത്രം തന്നെയായിരുന്നു. സ്വന്തം കുത്തകയായി വയ്ക്കമായിരുന്ന ഈ അപൂർവ നിധിയെ നാട്ടുകാർക്കായി "ഇതാ, നിങ്ങൾക്ക് വിശപ്പും ദാഹവും മാറ്റുന്ന അത്ഭുത പാനീയം"എന്ന ഉദ്ഘോഷണത്തോടെ നൽകിയ ആ നിസ്സ്വാർത്ഥ മനസ്സിന് ശതകോടി പ്രണാമങ്ങൾ.

പതിനെട്ടാം നൂറ്റാണ്ട് വരെ ജമന്തിയുടെയും മുല്ലയുടെയും കൂടെ വീട്ടുമുറ്റത്ത് വളർന്നിരുന്ന കാപ്പി ചെടിയുടെ അനന്തസാധ്യത കണ്ടെത്തിയത് ബ്രിട്ടീഷുകാരായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിൽ ബ്രിട്ടീഷുകാർ തലശ്ശേരിയിലെ അഞ്ചരക്കണ്ടിയിലും വയനാട്ടിലും കാപ്പിത്തോട്ടങ്ങൾ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടോടെ കാപ്പി കയറ്റുമതിയും, മൈസൂരിലും മാനന്തവാടിയിലും ഏക്കറുകണക്കിന് കാപ്പികൃഷിയും തുടങ്ങി, 1875ൽ ചന്ദ്രഗിരി മുഴുവൻ സർക്കാരിൽ നിന്നും വാങ്ങി 'ജോളി ബ്രദേഴ്‌സ്' കാപ്പി കൃഷി തുടങ്ങിയതോടെ ഭാരതത്തിൽ കാപ്പികൃഷി ഒരു വ്യവസായമായി മാറി.

ഇന്നേക്ക് 239 വർഷങ്ങൾക്ക് മുൻപ്തന്നെ 1780ൽ ഭാരതത്തിൽ ആദ്യമായിട്ടൊരു കോഫി ഹൗസ്സ്‌ കൽക്കട്ടയിൽ തുറന്നിരുന്നു. അതിന്റെ ചുവടു പിടിച്ച് 1792ൽ മദിരാശിയിലും പതിനേഴു വർഷങ്ങൾക്കിപ്പുറം 1809ൽ ബാംഗ്ലൂരിലും കോഫി ഹൗസ്സ്‌ തുറക്കപ്പെട്ടു.
വെള്ളക്കാർക്കായി മാത്രമായിരുന്നു ആദ്യകാലങ്ങളിൽ കോഫി ഹൗസിന്റെ വാതിൽ സ്വാഗതമരുളിയിരുന്നത്. ധനാഢൃതയുടെയും അഭിമാനത്തിന്റെയും ചിഹ്നങ്ങളായിരുന്നു അന്നത്തെ കോഫി ഹൗസുകൾ. മാനസികോല്ലാസത്തിനായി കൈയിലൊരു കാപ്പിയും ഇൻഡോർ ഗെയിംസുകളും പുസ്തകങ്ങളുമായി നിലനിന്ന കോഫി ഹൗസുകളെ ഇന്നത്തെ കഫേകളുടെയോ പബ്ബുകളുടെയോ മുൻഗാമിയെന്നു പറയാം.

പിൻകാലങ്ങളിൽ കാപ്പി കൃഷിയും അനുബന്ധ പ്രവർത്തികളും പുരോഗമിച്ചപ്പോൾ അവയെ നിയന്ത്രിക്കാനായി 'കോഫി സെസ്സ് കമ്മിറ്റി' എന്നപേരിലൊരു ബോർഡ് 1935ൽ സ്ഥാപിക്കപ്പെട്ടു. അതിന്റെ കീഴിലായി 1936ൽ ആദ്യമായി 'ഇന്ത്യാ കോഫി ഹൗസ്സ്‌' ബോംബെയുടെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചു.

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോക മഹായുദ്ധങ്ങളും മറ്റു കാരണങ്ങളും മൂലമുണ്ടായ വ്യാവസായിക തകർച്ചയിൽ നിന്നും കാപ്പി കൃഷിയെ കൈപിടിച്ചുയർത്താൻ 1940ൽ അന്നത്തെ ഏറ്റവും വലിയ കാപ്പിത്തോട്ടം ഉടമകളായിരുന്ന കൺസോളിഡേറ്റഡ് കമ്പനിയുടെ ചെയർമാനായിരുന്ന 'ഐവർ ബുൾ സായിപ്പിന്റെ' നേതൃത്വത്തിൽ ' കോഫി മാർക്കറ്റ് എക്സ്‌പാൻഷൻ ബോർഡ്' എന്ന പേരിലൊരു കമ്മിറ്റി സ്ഥാപിക്കാൻ സാർ.രാമസ്വാമി മുതലിയാരുടെ അധ്യക്ഷതയിൽ നടന്ന ആദ്യ 'കോഫി കണ്ട്രോൾ സമ്മേളനത്തിൽ' തീരുമാനമായി.
വിളവെടുത്ത കാപ്പിക്കുരുക്കൾ ലാഭവിലയ്ക്ക് വിൽക്കുക , മുൻകാലങ്ങളിൽ കെട്ടികിടക്കുന്ന കാപ്പിക്കുരുക്കൾ വിൽക്കാൻ വേണ്ടത് ചെയ്യുക എന്നിവയായിരുന്നു ബോർഡിന്റെ പ്രഥമോദ്ദേശം.
1942ൽ ബോർഡിന്റെ പേര് 'ഇന്ത്യൻ കോഫി ബോർഡ്' എന്നാക്കി മാറ്റി.
അന്ന് ബോർഡിന്റെ ഉടമസ്ഥതയിൽ ഭാരതമൊട്ടാകെ അൻപതോളം കോഫി ഹൗസുകൾ പ്രവർത്തിച്ചിരുന്നു.
ഇതിൽ നമ്മൾ മലയാളികൾക്കും അഭിമാനിക്കാനൊരു വകയുണ്ട്. കോഫി ബോർഡിന്റെ ആദ്യത്തെ സെക്രട്ടറിയും അന്നും ഇന്നും മാറാതെ നിൽക്കുന്ന കോഫി ഹൗസ്സ്‌ സപ്ലയർമാരുടെ യൂണിഫോം വിഭാവനം ചെയ്തതും മറ്റാരുമല്ല ആലുവാ, കീഴ്മാട് സ്വദേശിയായിരുന്ന എം.ജെ.സൈമണായിരുന്നു. കോഫി ഹൗസുകളിൽ മലയാളികളുടെ അനുപാതം കൂടാനുള്ള നിയമനങ്ങൾക്കും കാരണഭൂതൻ ശ്രീ.സൈമൺ തന്നെ..(പിന്നീട് സർക്കാർ ഇദ്ദേഹത്തെ 'റാവു ബഹാദൂർ' എന്ന സ്ഥാനം നൽകി ആദരിച്ചു)

സ്വാന്തന്ത്രലബ്ദിക്ക് ശേഷം ഒരു പതിറ്റാണ്ടുകാലം പിന്നിട്ടപ്പോൾ കഥയാകെ മാറി. കോഫി ബോർഡ് രൂപീകരിച്ച സമയത്തെ പ്രശ്നങ്ങൾ അപ്പോൾ ഇല്ലെന്നത് മാത്രമല്ല കാപ്പി കൃഷി വളരെ സുഗമമായി നടന്നു പോകുന്നതിനാൽ ഇന്ത്യൻ കോഫി ബോർഡും അനുബന്ധ സ്ഥാപനങ്ങളും പൂട്ടികെട്ടാൻ ഗവർണമെന്റ് തീരുമാനിച്ചു. അന്ന് ബോർഡിന്റെ കീഴിൽ 43 കോഫി ഹൗസുകളാണ് ഉണ്ടായിരുന്നത് കൂടെ 3 ഡിപ്പോകളും 4 കോഫി വാനുകളും അവയിലാകട്ടെ ആയിരത്തിനോടടുപ്പിച്ചു ജീവനക്കാരും, കൃത്യമായി പറഞ്ഞാൽ 1,016 ജീവനക്കാർ.

സംഗീതത്തിന്റെയും കലകളുടെയും പേരെടുത്ത പല കുലപതികളുടെയും വിഹാരകേന്ദ്രമായിരുന്നു കോഫി ഹൗസുകൾ...
രവീന്ദ്രനാഥ ടാഗോറും സുഭാഷ് ചന്ദ്രബോസും നിത്യസന്ദർശകരായിരുന്ന കോഫി ഹൗസുകൾ കാലം ചെന്നപ്പോൾ മൃണാൾ സെന്നിന്റെയും സത്യജിത് റായുടെയും അമർത്യാ സെന്നിന്റെയും മന്നാഡെയുടെ തുടങ്ങി നാനാജാതി മേഖലകളിൽ നിന്നുള്ളവരുടെ സ്ഥിരം കേന്ദ്രമായി മാറിയിരുന്നു...
ഇവിടെ പൊഴിയാത്ത സംഗീതമില്ല, ഇവിടെ വിരിയാത്ത ആശയങ്ങളില്ല...
എന്നിട്ടും ലാഭ-നഷ്ടക്കണക്കുകളുടെ തുലാസിൽ ആരോപണ വിധേയയായി അവൾ താഴിട്ടടയ്ക്കാൻ വിധിക്കപ്പെട്ടു. അല്ലെങ്കിലും വേദനയില്ലാത്ത ഇന്നലകളെ നാം ഓർക്കാറില്ലല്ലോ !!

കളസം മുറുകെ കെട്ടി, വിടർന്ന പുഞ്ചിരിയും രാജ പ്രൗഢിയാർന്ന തലപ്പാവും ധരിച്ച് അന്നന്നത്തെ അന്നത്തിന് വക തേടിക്കൊണ്ടിരുന്ന ഭാരതത്തിലെ മൂന്നാംകിട വർഗ്ഗത്തിന്റെ വയറ്റത്തടിക്കുന്ന ഈ തീരുമാനം മേലാളന്മാർ കൈക്കൊണ്ടപ്പോൾ അവർ ഒന്നോർത്തില്ല കോഫി ബോർഡ് ലേബർ യൂണിയൻ നേതാവായി ഒരു കണ്ണൂരുകാരനുണ്ടെന്ന്. ചങ്കിലെ ചോരയ്ക്കും മുറുകെ പിടിച്ച കൊടിക്കൂറയ്ക്കും രക്തവർണമാണെന്നു തിരിച്ചറിഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്.

ഇന്ത്യൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്...
മുറി-ഇംഗ്ലീഷുകൊണ്ട് മുറിയാത്ത നേരറിവുകൾ ഗർജ്ജിച്ചുകൊണ്ട് ലോക്സഭയിലെ ഭിത്തികളിൽ മാറ്റൊലികൾ സൃഷ്ടിച്ച കറകളഞ്ഞ ജനനായകൻ..
എതിർ ചേരിയിലായിരുന്നിട്ടുപോലും സാക്ഷാൽ നെഹ്രുവിന്റെ പോലും ആരാധനാപാത്രമായ ആയില്ല്യത്ത് കുറ്റ്യേരി ഗോപാലൻ നമ്പ്യാർ എന്ന പാവങ്ങളുടെ സ്വന്തം എ.കെ.ജി....

നിരന്തരമായ ചർച്ചകൾക്കൊടുവിൽ എ.കെ.ജിയുടെ ആശയത്തിൽ ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ഉടലെടുത്തു. തുടക്കത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നേരിട്ടെങ്കിലും പിന്നീട് ഇവ അടച്ചു പൂട്ടാൻ നിശ്ചയിക്കപ്പെട്ട കോഫി ഹൗസ്സുകൾ ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിച്ചു. പ്രധാനമന്ത്രി ശ്രീ.നെഹ്രുവിന്റെ പച്ചക്കൊടി കൂടി കിട്ടിയതോടെ 27 ഒക്ടോബർ 1957ൽ തൊഴിലാളികളുടെ കീഴിലുള്ള ആദ്യത്തെ 'ഇന്ത്യാ കോഫി ഹൗസ്സ്‌' ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു. ശേഷം 17 ജനുവരി 1958ൽ രണ്ടാമത്തെ 'ഇന്ത്യാ കോഫി ഹൗസ്സ്‌' ബാംഗ്ലൂരിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു.
(അധികാരം കൈമാറുന്ന വേളയിൽ ഇന്ത്യൻ കോഫി ബോർഡ് പല മുട്ടാപ്പോക്ക് നിബന്ധനകളും മുന്നോട്ട് വച്ചെങ്കിലും എ.കെ.ജിയെന്ന വിപ്ലവ സൂര്യന്റെ കീഴിലുള്ള സംഘടിത തൊഴിലാളികളുടെ പോരാട്ടവീര്യത്തിന് മുന്നിൽ അവയെല്ലാം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു.)
1959-69 കാലഘട്ടങ്ങളിൽ കോഫി ബോർഡ് വീണ്ടും കോഫി ഹൗസുകൾ തുടങ്ങാനുള്ള ശ്രമം മുന്നോട്ട് വച്ചെങ്കിലും നിയമപരമായിത്തന്നെ അതിനെ സൊസൈറ്റി ആ ഉദ്യമം പരാജയപ്പെടുത്തി.(ഇന്നും കോഫി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യാ കോഫി ഹൗസ്സ്‌ തിരുപ്പതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗുരുവായൂരിൽ ഇത്തരത്തിലുള്ള ഒരെണ്ണം പ്രവർത്തിച്ചിരുന്നെങ്കിലും 2015ൽ അത് അടച്ചുപ്പൂട്ടിയെന്നാണ് അറിവ്)

ഡൽഹിയിലും ബാംഗ്ലൂരിലും പോണ്ടിച്ചേരിയിലും ആരംഭിച്ചതിനുശേഷമാണ് 1958ൽ ഇന്ത്യാ കോഫി ഹൗസ്സ്‌ കേരള നാട്ടിൽ കാൽവയ്പ്പ് നടത്തിയത്.

indian-coffee-house

ആദ്യം എറണാകുളത്തെ കോഫി ഹൗസ്സ്‌ ഏറ്റെടുക്കാനായിരുന്നു ശ്രമമെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് ഉപേക്ഷിക്കേണ്ടി വന്നു.(അതാണ് എറണാകുളത്തുള്ള ഇന്നത്തെ ഭാരത് കോഫി ഹൗസ്സ്‌).

പിന്നീട് തൃശൂർ തെക്കേ ഗ്രൗണ്ടിലെ മംഗളോദയം കെട്ടിടത്തിൽ 200 രൂപാ വാടകയിൽ കേരളത്തിലെ ആദ്യ കോഫി ഹൗസ്സ്‌ 1958 മാർച്ച് 8ന് എ. കെ.ജി തന്നെ ഉദ്ഘാടനം ചെയ്തു. മംഗളോദയം പ്രാസാദകരുടെ ബുക്ക് ഹൗസ്സ്‌ തുടങ്ങാനിരുന്ന ആ കെട്ടിടം അന്നത്തെ കേരളാ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ശുപാർശയിലാണ് ഉടമയായ വാസുദേവൻ നമ്പൂതിരിപ്പാട് വിട്ടു നൽകിയത്. ഇന്ത്യയിലെ കോഫി ബോർഡ് വർക്കേഴ്‌സ് സൊസൈറ്റിക്ക് കീഴിലുള്ള നാലാമത്തെ കോഫി ഹൗസ്സായിരുന്നു തൃശൂർ തുടങ്ങിയത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ.ടി.കെ.കൃഷ്ണനായിരുന്നു ആദ്യ പ്രസിഡന്റ്.

കേരളാ കോഫി ബോർഡിന്റെ സ്ഥാപക നേതാക്കന്മാരിൽ ഒരാളും കോഫി ബോർഡിന്റെ കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ ശ്രീ.എൻ.എസ്.പരമേശ്വരൻ പിള്ളയുടെ പത്നിയായ ശ്രീമതി.കെ.എൻ.ലളിതയുടെയും കോട്ടയം നാട്ടാശ്ശേരി കോഫി മേക്കറായിരുന്ന ശ്രീ.വി.കെ.രാമകൃഷ്‌ണന്റെ ഭാര്യ ശ്രീമതി. ഗൗരിക്കുട്ടിയുടെയും കെട്ടുതാലി ഒഴികെയുള്ള പണ്ടങ്ങൾ വിറ്റും പ്രവർത്തകർ നുള്ളിപ്പെറുക്കി സ്വരുക്കൂട്ടിയതും ഓഹരികളും കൂടിച്ചേർന്ന 2100 രൂപയും 13 ജീവനക്കാരുമായിരുന്നു ആദ്യത്തെ മൂലധനം..
ഒരു കപ്പ് കാപ്പിയുടെ വില അന്ന് പത്തു പൈസാ.
പ്രവർത്തന സമയം ഒരു മണിക്കൂർ...
ആദ്യ ദിവസത്തെ വിറ്റുവരവ് 60 രൂപാ 99 പൈസ. ആ വർഷത്തെ ലാഭം 710 രൂപ ഏഴു പൈസ. ജോലിക്കാരുടെ ശമ്പളം 65 രൂപ...

1958 ആഗസ്റ്റ് 7ന് ശ്രീ.ടി.പി.രാഘവന്റെ അധ്യക്ഷതയിൽ തലശ്ശേരിയിൽ രണ്ടാമത്തെ കോഫി ഹൗസും പ്രവർത്തനമാരംഭിച്ചു.

ആദ്യകാലങ്ങളിൽ ഇന്ത്യാ കോഫി ഹൗസ്സ്‌ എന്നറിയപ്പെട്ടിരുന്ന സ്ഥാപനങ്ങൾ 1959 ജനുവരി 25ലെ കോഴിക്കോട് സമ്മേളനത്തിന് ശേഷം 'ഇന്ത്യൻ കോഫി ഹൗസ്സ്‌' എന്ന പേരിലേക്ക് ഐക്യകണ്ഠേന മാറ്റപ്പെടുകയായിരുന്നു. ഇന്ന് നാം കാണുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ അക്ഷര വടിവുകളും ഉടലെടുത്തത് ഈ യോഗത്തിൽ വച്ചുതന്നെ.

കേരളത്തിൽ പ്രധാനമായും കോഫി വർക്കേഴ്‌സ് സൊസൈറ്റിയുടെ രണ്ടു ശാഖകളാണ് നിലനിൽക്കുന്നത്.

1. ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നം.4227, തൃശൂർ.(1958 ഫെബ്രുവരി 10)

തിരുവനന്തപുരം,തൃശൂർ,ഇടുക്കി, പത്തനംതിട്ട, കൊല്ലം,കോട്ടയം,എറണാകുളം എന്നിവടങ്ങളിലെ പ്രവർത്തന ചുമതല ഈ സൊസൈറ്റിക്കാണ്.

2. ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നം.4317, കണ്ണൂർ.(1958 ജൂലൈ 2)

മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്,
വയനാട്‌, കോഴിക്കോട് എന്നിവടങ്ങളിലെ പ്രവർത്തന ചുമതല ഈ സൊസൈറ്റിക്കുമാണ്.

ഇന്ന് തൃശൂർ ശാഖയുടെ കീഴിൽ ഏതാണ്ട് അൻപതിലധികവും കണ്ണൂർ ശാഖയുടെ കീഴിൽ ഇരുപത്തിയഞ്ചോളം ഇന്ത്യൻ കോഫി ഹൗസ്സ്‌ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യയൊട്ടാകെ പതിമൂന്ന് സൊസൈറ്റിക്ക് കീഴിലായി നാന്നൂറിലധികം ഇന്ത്യൻ കോഫി ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ശാഖകളെന്ന ഖ്യാതി നമ്മുടെ കൊച്ചു കേരളത്തിനു തന്നെ..

1960കളിൽ ഇന്ത്യൻ കോഫി ഹൗസ് പുറത്തിറക്കിയ അന്നന്നത്തെ കാപ്പിക്കുരു പൊടിച്ച, 'ചിക്കറി' ചേരാത്ത കാപ്പിപൊടിയുടെ ഗുണമേന്മ, അതൊന്നു വേറെ തന്നെയാണ്...

ഇന്നും മറ്റൊരു നാട്ടിൽ ചെന്നാൽ നല്ലൊരു ശതമാനം മലയാളികളും ഭക്ഷണത്തിനായി ആദ്യമാശ്രയിക്കുന്നത് ഇന്ത്യൻ കോഫി ഹൗസ്സിനെ തന്നെയാണ്. ചിലർക്ക് തങ്ങളുടെ നാട്ടിലെ ഇന്ത്യൻ കോഫി ഹൗസിലിരുന്ന് ആവി പറക്കുന്ന കാപ്പിയും ബീറ്റ്‌റൂട്ടിന്റെ അമിതസാന്നിധ്യം നിറഞ്ഞ ആ കട്ലറ്റും കഴിച്ചാൽ കിട്ടുന്ന സംതൃപ്തി ചില പഞ്ചനക്ഷത്ര ഹോട്ടലുകൾ നൽകുന്നതിലും വളരെ വലുതാണ്.

ഭക്ഷണശാല എന്നതിലുപരി പലർക്കും സ്വപ്നം കാണാനൊരിടം കൂടിയാണ് ഇന്ത്യൻ കോഫി ഹൗസ്സ്‌.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശ്രീ.മോഹൻലാലും, പ്രിയദർശനും, എം.ജി.ശ്രീകുമാറും, മണിയൻപിള്ള രാജുവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് മുളപൊട്ടിയത് കോഫീ ഹൗസിന്റെ ചായകോപ്പയ്ക്ക് മുന്നിലാണ്.
ഇന്നും കൊടിവച്ച ഹോട്ടലുകളും നാവിലും കീശയിലുമൊതുങ്ങാത്ത ഭക്ഷണവും സ്വപ്നം മാത്രമായി കാണുന്നവരുടെ കൂടെ തോളോട് തോൾ ചേർന്ന് കോഫി ഹൗസ്സ്‌ നിൽപ്പുണ്ട്.
കൂട്ടുകാരോടൊപ്പം തമാശകളിൽ മുഴുകിയിരുന്നതോ കാമുകിയുടെകൂടെ സൊറ പറഞ്ഞിരുന്നതോയായ ഓർമകളാണ്.
വെളുത്ത പിൻ-ചുമരുകളിൽ ചുവന്ന അക്ഷരങ്ങളിൽ തെളിയുന്ന #Indian Coffee House എന്ന പേര് പലർക്കും എക്കാലവും മറക്കാനാകാത്ത നൊസ്റ്റാൾജിയയാണ് !! പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരമാണ്. മലയാളികൾ മാത്രമല്ല ഒരിക്കൽ ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി സിംലയിലെ ഇന്ത്യൻ കോഫി ഹൗസിനോട് മാനസികമായി വല്ലാത്തൊരു അടുപ്പമുണ്ടെന്ന് പറഞ്ഞത് ഈയവസരത്തിൽ വിസ്മരിക്കരുത്..

തുടക്കത്തിൽ ഇന്ത്യൻ കോഫി ഹൗസിൽ കാപ്പിയും ചിപ്പ്സും കട്ലറ്റും ഓംലറ്റും തുടങ്ങിയവ മാത്രമായിരുന്നെങ്കിൽ ഇന്ന് ദോശയും ഊണും മാംസാഹാരങ്ങളും തീൻ മേശയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു സമയത്ത് സ്വന്തം സ്ഥാപനത്തിൽതന്നെ നിർമിക്കപ്പെടുന്ന നല്ല ഒന്നാംതരം ഐസ്ക്രീം വരെ ഇന്ത്യൻ കോഫി ഹൗസ്സ്‌ നമുക്കായി ഒരുക്കിയിരുവെന്നത് വിസ്മയകരമായ വസ്തുതയാണ്.

സ്വപ്നങ്ങൾ നൽകുന്ന പ്രതീക്ഷയും പ്രതീക്ഷകൾ നൽകുന്ന ഭാരവും പേറി തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ പുറത്തിറങ്ങുമ്പോൾ ചെഞ്ചോപ്പണിഞ്ഞ് നമ്മുടെ മുന്നിൽ നമുക്കായി പിരിയൻ ഗോവണിയുമായി അവൾ തലയുയർത്തി നിൽപ്പുണ്ട്. രണ്ടു നൂറ്റാണ്ടിന്റെ അല്ലെങ്കിൽ ഒരു പോരാട്ടത്തിന്റെ വീമ്പ് ചെലുത്തിയ കഥ പറയാൻ അവൾ നമ്മെ മാടി വിളിക്കും.

പഴയ ഭക്ഷ്യ & സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.ഇ. ചന്ദ്രശേഖരൻ നായരുടെ ആഭിമുഖ്യത്തിലായിരുന്നു കേരളമാകെ 1974-75 കാലഘട്ടത്തിൽ മാവേലി സ്റ്റോറുകൾ മുളച്ചു പൊന്തിയത്. അന്ന് സിവിൽ സപ്ലൈസ് വകുപ്പിനായി കെ.എസ്.ആർ.ടി. സിയുടെ പക്കൽ നിന്നും ഇന്നത്തെ ഇന്ത്യൻ കോഫി ഹൗസ്സ്‌ നിലനിൽക്കുന്ന സ്ഥലം വാങ്ങി. ചില കാരണങ്ങളാൽ സപ്ലൈസ് വകുപ്പിന് സ്റ്റോർ തുടങ്ങാൻ കഴിയാതെ വന്നപ്പോൾ അതിനെ ഇന്ത്യൻ കോഫി ഹൗസിന് പാട്ടത്തിന് കൊടുത്തു. അങ്ങനെയാണ് തച്ചുശാസ്ത്രത്തിലെ ലാളിത്യം കൊണ്ടും ചിലവ് കുറഞ്ഞ രീതികൊണ്ടും 'വാസ്തുകലയിലെ ഗാന്ധി' എന്നറിയപ്പെടുന്ന പദ്മശ്രീ. ലോറൻസ് വിൽഫ്രഡ് ലൗറി ബേക്കറുടെ കരവിരുതിൽ നാമിന്ന് കാണുന്ന തമ്പാനൂരിലെ ഇന്ത്യൻ കോഫി ഹൗസ്സ്‌ തലപൊക്കിയത്. അതിനാലാണ് അതിന് 'മാവേലി കഫേ' എന്ന പേരും മുൻഭാഗത്ത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'M'നെ അനുസ്മരിപ്പിക്കുന്ന കവാടം ഉരുത്തിരിഞ്ഞതും.

ഒരു ഇന്ത്യൻ കോഫി ഹൗസിലും മാനേജർ, അക്കൗണ്ടന്റ് തുടങ്ങിയ ഉയർന്ന തസ്തികകളിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പില്ല. ആകെ പ്രവേശനം 'ജനറൽ വർക്കേഴ്‌സ്' എന്ന തസ്തികയിൽ മാത്രം. അവിടുന്ന് ഒരാൾക്ക് മൂന്ന് തവണ പ്രൊമോഷനുള്ള പരീക്ഷയിൽ പങ്കെടുക്കാം. ജയിക്കുന്നവർ ഉയർച്ചയിലേക്ക് പോകും അല്ലാത്തവർ അവരുടെ തസ്തികകളിൽ സാധാരണ വാർഷിക ശമ്പളവർധനയോടെ ഒതുങ്ങും.
ഒരു ഐ.എ.എസ്സ് പദവിക്കാരനെയും ക്ഷണിക്കാതെ ഇന്നലെകളിൽ തങ്ങളുടെ സ്ഥാപനത്തിന്റെ താഴെക്കിടയിൽ പ്രവർത്തിച്ച് അതിന്റെ ചൂടും ചൂരുമറിഞ്ഞ് പാത്രം മോറിയും എച്ചിൽ പെറുക്കിയവർക്ക് തന്നെ അതേ സ്ഥാപനത്തിന്റെ മുന്നിലെത്താൻ അവസരം സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥിതി ഒരു പക്ഷേ ഇന്ത്യൻ കോഫി ഹൗസിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.

32 ടേബിളുകളിലായി 192 ഇരിപ്പിടങ്ങളുള്ള(32×6) മാവേലി കഫേയിൽ ഞാനും പോയി. കട്ലറ്റും പുകൾപെറ്റ കാപ്പിയും കുടിച്ചു. കാപ്പി ഒന്നാംതരം. കട്ലറ്റ് ശരാശരി നിലവാരം പുലർത്തി. കൂടെ 100% ശുദ്ധമായ ഇന്ത്യൻ കോഫി ഹൗസ്സ്‌ കാപ്പിപ്പൊടിയും വാങ്ങി. 200gmsന് 100 രൂപയാണ് വില.

ഈ സമയം ജീവിതം മുച്ചക്രങ്ങളിൽ വരച്ചിടുന്ന കാക്കി തൊഴിലാളികൾ മുതൽ കേരം തിങ്ങും കേരള നാട്ടിൽ വിരുന്നു വന്ന വിദേശികൾ വരെ തമ്പാനൂരിലെ മാവേലി കഫേയിൽ കുത്തനെയുള്ള ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു, ഒന്നുമില്ലേലും സന്തോഷത്തോടെ ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നത് കാണാൻ കഴിഞ്ഞു. അതേ ഇന്ത്യൻ കോഫി ഹൗസ്സെന്നത് ഒരേ സമയം സാധാരണക്കാരന്റെയും അതേ സമയം ഒരു നാടിന്റെ തന്നെ മുഖമുദ്രയുമാണ്.

ഇനി ബീറ്റ്‌റൂട്ടിന്റെ അമിത പ്രഭാവത്തെപ്പറ്റി...
കോഫി ഹൗസ്സ്‌ തുടങ്ങിയ കാലത്ത് റേഷനായി ലഭിച്ചിരുന്ന വസ്തുവകകളിൽ ഏറ്റവും സുലഭം ബീറ്റ്റൂട്ടായിരുന്നു. അതിനാൽ അവർ വിഭവങ്ങളിൽ ബീറ്റ്‌റൂട്ടിനെ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയെന്നതാണ് പൊതുവായ ധാരണയെങ്കിലും, റിട്ടയേർഡ് കോഫി ഹൗസ്സ്‌ ജീവനക്കാരനായ ശ്രീ.കെ.പി.ശശിധരൻ പിള്ളയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു അനുഭവസാക്ഷ്യമായിരുന്നു.
1962ലാണ് മസാലദോശയെന്ന വിഭവം കോഫി ഹൗസുകളുടെ തീൻ മേശയിൽ ഇടംപിടിച്ചത്. അക്കാലത്ത് പോറ്റി ഹോട്ടലുകളിലും മറ്റും സർവ്വസാധാരണമായ ഉരുളക്കിഴങ്ങ് ഉടച്ചു മഞ്ഞൾപ്പൊടിയും ഉള്ളിയും ചേർത്ത മഞ്ഞ മസാലയ്ക്ക് പകരം 'മോഡേൺ വെജിറ്റബിൾസ്' എന്നറിയപ്പെടുന്ന ബീറ്റ്‌റൂട്ടും,ബീൻസും,ക്യാരറ്റും കൂട്ടിയൊരു ചുവന്ന മസാല ഉരുവാക്കുകയും അതിനെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഓർക്കണം,അക്കാലത്ത് ഉരുളക്കിഴങ്ങിനെക്കാൾ വിലയുണ്ട് ബീറ്റ്‌റൂട്ടിനും മറ്റും.

കാലങ്ങൾ കടന്നു പോയെങ്കിലും ബീറ്റ്‌റൂട്ടിന്റെ ചുവപ്പ് നിറം ചേർന്ന മസാലയില്ലാത്ത ഇന്ത്യൻ കോഫി ഹൗസിനെ നമുക്ക് പലർക്കും ഉൾക്കൊള്ളാൻ
ബുദ്ധിമുട്ടാണ്. ഇടയ്ക്ക് കുറച്ചു തവണ ഇത്തരം അഭിപ്രായങ്ങൾ കേട്ട് 'മഞ്ഞ മസാല' കോഫി ഹൗസ്സ്‌ പരീക്ഷിച്ചിരുന്നെങ്കിലും ബീറ്റ്റൂട്ടിനെക്കാൾ പരാതി മഞ്ഞ മസാലയുടെ ഉപയോഗത്തിനായിരുന്നു. അത്രയേറെ ജനങ്ങളുടെ മനസ്സിൽ ചുവന്ന മസാലയുള്ള കോഫി ഹൗസ്സ്‌ വിഭവങ്ങൾ നെഞ്ചോട് ചേർത്തിരുന്നു. ളാഹായിലെ ഇന്ത്യൻ കോഫി ഹൗസിലെ മഞ്ഞ മസാല വിഭവങ്ങൾ കഴിച്ച് ശബരിമല പന്തളം കൊട്ടാരത്തിലെ പ്രതിനിധിയായ ശശികുമാര വർമ്മ ചുവപ്പ് മസാല വേണമെന്ന് അഭിപ്രായം പറഞ്ഞത് ചെറിയൊരു ഉദാഹരണം മാത്രം.

ജീവിതം അക്ഷരങ്ങളിൽ വരച്ചിടുന്ന ബേപ്പൂർ സുൽത്താനും കുട്ടനാടിന്റെ കഥാകാരനും അഴീക്കോടിനും ഇന്നത്തെ ബെന്യാമിനും തുടങ്ങിയവരുടെ പ്രിയ സങ്കേതമായ ഇന്ത്യൻ കോഫി ഹൗസ്സിൽ നിന്നും കഴിച്ചുകഴിഞ്ഞ് ബിൽ തുക കിഴിച്ച് ഒരു പത്തു രൂപ കൂടി നമ്മുടെ ആഢ്യത്തമറിയിക്കാൻ സോസറിന്റെ അടിയിൽ ടിപ്പ് വയ്ക്കുമ്പോൾ ഓർക്കുക 1982ലെ സൊസൈറ്റി തീരുമാനപ്രകാരം ടിപ്പ് കിട്ടുന്ന തുകകൾ പല കോഫി ഹൗസുകളിൽ നിന്നും സമാഹരിച്ചും ജീവനക്കാരിൽ നിന്നും എല്ലാ മാസവും ശേഖരിക്കുന്ന അര ദിവസത്തെ ശമ്പളവും ചേർത്താണ് വിരമിച്ച ഇന്ത്യൻ കോഫി ഹൗസ്സ്‌ ജീവനക്കാർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. ഒരുകാലത്ത് തങ്ങളുടെ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി അവരൊഴുക്കിയ വിയർപ്പിന്റെയും ശ്വാസ-നിശ്വാസങ്ങളുടെയും ഫലമായി ഇന്നും അവർ തലയുയർത്തി വാങ്ങുന്ന അംഗീകാരമാണത്.

കാലത്തിന്റെ കുത്തൊഴുക്കിൽ ആദർശത്തിന്റെ ആഖ്യാനം മാറിമാറിഞ്ഞതിന്റെ ഫലമായി ഒട്ടേറെ വിരലുകൾ കോഫി ഹൗസിനു നേരെ ഇന്ന് ചൂണ്ടപ്പെടുന്നുണ്ട്. ഭക്ഷണത്തിന്റെ ഗുണമേന്മയും അളവും പലപ്പോഴും ചോദ്യചിഹ്നമായിട്ടുണ്ട്.
ബീറ്റ് റൂട്ട് മാത്രമേയുള്ളുവെന്നോ വൃത്തിയില്ലെന്നോ(1966-67ൽ ശുചിത്വത്തിനുള്ള തദ്ദേശീയ പുരസ്കാരം നേടിയതാണ് തിരുവനന്തപുരം ഇന്ത്യൻ കോഫി ഹൗസ്സെന്നത് ഓർക്കുക) രുചിക്ക് സ്ഥിരതയില്ലെന്നോ എന്തുതന്നെ പറഞ്ഞാലും ഇന്ത്യൻ കോഫി ഹൗസ്സ്‌ അതൊരു പ്രതീകമാണ്.
പാചകം ചെയ്തും വിളമ്പിയും കുശിനിപ്പുരയിലെ ഭിത്തികൾക്കിടയിൽ സ്വപ്നങ്ങൾ ചങ്ങലയിലിട്ട് ആരോരുമറിയാതെ എച്ചിൽപ്പെറുക്കിയും പാത്രം മോറിയും ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട ഒരു പറ്റം തൊഴിലാളികൾക്ക് അവരുടെ തന്നെ സ്ഥാപനം നടത്താനുള്ള അവസരവും ആർജ്ജവവും ഉണ്ടാക്കിക്കൊടുത്തതിന്റെ ഒരു പ്രതീകം.

പലിശ അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് മേഖയിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾ മാത്രം മുഖ്യധാരയിൽ പ്രോത്സാൽഹിപ്പിക്കപ്പെടുമ്പോൾ, കോഫീ ഹൗസ്സ്‌ പോലുള്ള ഇതര സഹകരണസംഘങ്ങളെ മാറി മാറി വരുന്ന സർക്കാരുകൾ അറിയാതെയെങ്കിലും വിസ്‌മൃതിയിലേക്ക് തള്ളിയിടുന്നുവെന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്.... എന്നാലും അതിജീവനത്തിന്റെ പാഠങ്ങൾ ഇന്ത്യൻ കോഫി ഹൗസിനാരും ചൊല്ലികൊടുക്കേണ്ട കാര്യമില്ല.
"തീയിൽ കുരുത്തതുണ്ടോ വെയിലത്തു വാടുന്നു.."

ന്യൂജെൻ കഫേകളിലും, പാർലറുകളിലും ഇന്നത്തെ തലമുറ ചേക്കേറുമ്പോൾ വെറുതെയെങ്കിലുമൊന്ന് ഓർക്കണം, ഇവർ വേണ്ടെന്നു വച്ച പലതുമാണ് ടൂറിസത്തിലും റസ്റ്റോറന്റ് വ്യവസായത്തിലും തിരിച്ചു വരുന്നത്‌. ആ തലമുറ അടിമകളായി ജനിച്ചു, അടിമകളായി വളർന്നു, സ്വാതന്ത്ര്യം പൊരുതി നേടി. ഇന്നത്തെ തലമുറ സ്വാതന്ത്രത്തിൽ ജനിച്ചു, സ്വന്തന്ത്രരായി വളർന്നു, സ്വാതന്ത്ര്യം പിറവിയിലേ നേടി. അവർ സ്വാതന്ത്രമാഘോഷിക്കാൻ അടിമത്തകാലത്തെ പഴയ രീതികൾ ഉപേക്ഷിച്ചു. പുതിയ തലമുറ ജീവിതമാഘോഷിക്കാൻ അടിമത്തത്തിന്റെ പുതിയ രീതികൾ വരവേൽക്കുന്നു.

തിരിഞ്ഞുനോക്കുമ്പോൾ കോഫീ ഹൗസ്സ്‌ എന്തു നേടിയെന്ന് ചോദിക്കുന്നവർ അറിയേണ്ട ഒന്നുണ്ട് - വെറുമൊരു ഭക്ഷണ സംസ്കാരം മാത്രമല്ല ഇന്ത്യൻ കോഫി ഹൗസ്സ്‌ മറിച്ച് അതൊരു വികാരമാണ്, മുറിച്ചുമാറ്റാൻകഴിയാത്തൊരു വൈകാരികതയാണ്.

നിനക്കെന്തറിയാമെന്നു ചോദിച്ചാൽ..... ആരാരുമറിയാത്ത ചിലരുടെ സ്വപ്നങ്ങളും, പ്രണയവും, ആശയങ്ങളും, കഥകളും പൊട്ടിച്ചിരികളും പിന്നെ കുറച്ചേറെ ഗദ്ഗദങ്ങളുടെയും കഥകൾ കോഫി ഹൗസിന്റെ ഭിത്തികൾ നമുക്കായി പൊഴിച്ചിടും...

സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും നാവിന്റെ രുചികൾക്കും അങ്കുശമിടുന്ന കാലത്തോളം ഇന്ത്യൻ കോഫി ഹൗസ്സിന്റെ അകത്തളങ്ങൾ നമുക്കായി സ്വാഗതമരുളി നിലനിൽക്കുക തന്നെചെയ്യും....

ഭാരതീയരെ കാപ്പി കുടിക്കാൻ പഠിപ്പിച്ചതിനോടൊപ്പം ഒരു ഭക്ഷണ സംസ്കാരം തന്നെ നമുക്ക് മുന്നിലേക്ക് അവതരിപ്പിച്ച ഇന്ത്യൻ കോഫി ഹൗസിനെപ്പറ്റി, കൂടെ അധികമാരും പറയാത്ത അതിന്റെ ചരിത്രത്തെപ്പറ്റി എന്റെ അക്ഷരഹാരം....

കടപ്പാട്..
1. കോഫി ഹൗസിന്റെ ചരിത്രത്തെക്കുറിച്ച് ഇന്ന് ലഭ്യമായ ഒരേയൊരു മലയാള എഴുത്തുപ്രതി. മുൻകാല കേരളാ സ്റ്റേറ്റ് കോഫി വർക്കേഴ്‌സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ.നടക്കൽ പരമേശ്വരൻ പിള്ള എഴുതിയ 'കോഫി ഹൗസിന്റെ കഥ' എന്ന പുസ്തകം.

2. I.C.B.W.S Ltd.4227, തൃശ്ശൂർ.

3. ശ്രീ.സി.പി.അജിത് കുമാർ, മാനേജർ, ഇന്ത്യൻ കോഫി ഹൗസ്സ്‌,തമ്പാനൂർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIAN COFFEE HOUSE, FOOD STORY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA