SignIn
Kerala Kaumudi Online
Friday, 19 April 2024 10.53 PM IST

മൂന്നാംതരംഗം എത്തുമ്പോൾ

covid

കൊവിഡ് രണ്ടാംതരംഗത്തിന്റെ മൂർദ്ധന്യത്തിലാണ്, ലോകത്തിന്റെ ഇതര ഭാഗങ്ങളോടൊപ്പം ഇന്ത്യയും കേരളവും. രണ്ടാം തരംഗം ഒരു മാസത്തോളം നീളുമെന്നും വൈകാതെ മൂന്നാം വരവുണ്ടാകുമെന്നും മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നു. ആശങ്കാജനകമാണ് മൂന്നാംവരവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ. കുട്ടികളിൽ രോഗവ്യാപനം വർദ്ധിച്ചേക്കാമെന്ന നിഗമനമാണ് അതിൽ ഭയാനകം.
ഒന്നാംതരംഗത്തിൽ രാജ്യത്തുടനീളം മൂന്നു മുതൽ നാലുവരെ ശതമാനം കുട്ടികളിൽ രോഗലക്ഷണം പ്രകടമായിരുന്നു. രണ്ടാംതരംഗത്തിൽ അത് ഗണ്യമായി ഉയർന്നു. വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികളെ രോഗം ബാധിച്ചു. ജൂലായ് പകുതിയോടെ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തിൽ അത് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഒന്നാം വരവിൽ കേരളം അതീവജാഗ്രതയോടെ കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ശ്രമിച്ചു. അതുകൊണ്ട് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന പ്രതീക്ഷ ജനിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന അവബോധം ജനങ്ങളിൽ ഊട്ടിയുറപ്പിക്കാനും സാധിച്ചു. പ്രവാസികളായ നമ്മുടെ സഹോദരങ്ങളെപ്പോലും അതിനുവേണ്ടി നാം മുൾമുനയിൽ നിറുത്തി. അതേസമയം എന്തും നേരിടാൻ കേരളം സുസജ്ജമാണെന്ന പ്രചാരണവും 'കേരളം നമ്പർ വൺ' എന്ന പ്രചാരണപ്രതിച്ഛായയും ജനങ്ങളിൽ അമിത ആത്മവിശ്വാസത്തിനും അതുവഴി നേരിയ തോതിലെങ്കിലും അലംഭാവത്തിനും വഴിയൊരുക്കിയെന്ന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിൽ നാം കണ്ടു. അതിൽ നാമെല്ലാം ഒരുപോലെ ഉത്തരവാദികളാണ്. ഒന്നാംവരവിൽ പ്രതിരോധപ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിൽ കേരളം മുൻപന്തിയിലായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽകോളേജ് തലം വരെയുള്ള ആരോഗ്യ ശൃംഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് നാം മുൻഗണന നല്കി. നമ്മുടെ ത്രിതല പഞ്ചായത്തുകളുടെയും സന്നദ്ധപ്രവർത്തകരുടെയും ഏകോപനം അതിൽ പ്രധാന പങ്ക് വഹിച്ചു.

എന്നാൽ രണ്ടാംവരവിൽ കേരളം പകച്ചുനിൽക്കുന്ന അവസ്ഥയാണ്. മുന്നറിയിപ്പുകൾ ധാരാളമുണ്ടായിട്ടും അതിനൊത്ത് അടിസ്ഥാന സൗകര്യങ്ങളുയർത്താൻ നമുക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പു വിജയമുറപ്പിക്കുന്നതിലായി കൂടുതൽ ശ്രദ്ധ. രോഗനിർണയ പരിശോധനകൾ അല്‌പമൊന്ന് ഊർജിതപ്പെടുത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. അപ്രതീക്ഷിതമായി മരണനിരക്ക് ഉയർന്നു കൊണ്ടിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് അതാണ്. ഒന്നും രണ്ടും തരംഗങ്ങളിൽ കൊവിഡ് ബാധിച്ചവർ, ഇപ്പോഴും ചികിത്സയിലുള്ളവർ, മരിച്ചവർ, പോസ്റ്റ്‌ കൊവിഡ് മരണങ്ങൾ, പോസ്റ്റ്‌ കൊവിഡ് രോഗികൾ, കൊവിഡ് മുക്തരായശേഷം പൊടുന്നനെ മരിച്ചവർ ഉൾപ്പെടെയുള്ളവരുടെ എണ്ണം ഭയാനകമാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിനെക്കാൾ എത്രയോ അധികമാണ് യഥാർത്ഥസംഖ്യ. ഇന്റൻസീവ് കെയറും വെന്റിലേറ്റർ സൗകര്യങ്ങളുമുള്ള, കിടക്കളോടു കൂടിയ ആശുപത്രികളുടെ എണ്ണം സ്വകാര്യ മേഖലയിൽ ഉൾപ്പെടെ തികച്ചും അപര്യാപ്തമാണെന്ന് ബോദ്ധ്യമായിരിക്കുന്നു.

ഒന്നാംതരംഗത്തിൽ സമർപ്പണത്തോടെ സേവനരംഗത്ത് പ്രവർത്തിച്ചിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കു രണ്ടാംവരവിലെ ജോലിഭാരം താങ്ങാനാവുന്നതിലും അപ്പുറമാണ്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിൽ സർക്കാർ യാതൊരു ഏകോപന നടപടിയും സ്വീകരിക്കാതെ ഗ്രാമപ്പഞ്ചായത്തുകളെ ചുമതല ഏല്പിച്ചിരിക്കുന്നു. താലൂക്കാസ്ഥാനങ്ങളിലുള്ള ആശുപത്രികളിൽ പോലും മതിയായ ഇന്റൻസീവ്‌ കെയർ, വെന്റിലേറ്റർ സൗകര്യങ്ങളോ 24 മണിക്കൂർ പ്രവർത്തിക്കുന്ന സംവിധാനമോ ഇല്ല. പ്രതിദിന മരണക്കണക്കുകളിൽ ഏറെ പിന്നിലായിരുന്ന കേരളം ഇന്ന് ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ്. രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള മരണം 10,000 കടക്കാൻ കാരണം രോഗികളുടെ ബാഹുല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്. വിവിധ ജില്ലകളിലായി 56,2253 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്.
1,34000 പേർ രോഗം സ്ഥിരീകരിച്ച് വിവിധതലങ്ങളിൽ ചികിത്സയിലാണ്. പോസ്റ്റ് കൊവിഡ് മരണനിരക്കും കൂടുകയാണ്. അതൊന്നും കൊവിഡ് മരണക്കണക്കുകളിൽ ഉൾപ്പെടുന്നുമില്ല. രണ്ടാംതരംഗത്തിൽ മാത്രം 719 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിലും അത് സംഭവിക്കുന്നു. ആരോഗ്യപ്രവർത്തകർ പോലും സുരക്ഷിതരല്ല. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാംതരംഗം മുൻകൂട്ടിക്കണ്ട് ഇപ്പോൾ തന്നെ അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണം. ആരോഗ്യവകുപ്പിന്റെ പൂർണനിയന്ത്രണം മറ്റു പല സംസ്ഥാനങ്ങളും ചെയ്തിരിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യഭരണ രംഗങ്ങളിലെ വിദഗ്ധരുൾപ്പെട്ട ഒരു ടാസ്‌ക്‌ഫോഴ്സ് ഏറ്റെടുത്ത് 24 മണിക്കൂർ നിരീക്ഷണവും നടപടികളും ത്വരിതപ്പെടുത്തണം. എല്ലാ വകുപ്പുകളുടെയും ബജറ്റിൽ നിന്ന് അത്യന്താപേക്ഷിതമല്ലാത്ത ചെലവുകൾ വെട്ടിച്ചുരുക്കിയും ധൂർത്ത് ഒഴിവാക്കിയും കൊവിഡ് പ്രതിരോധചികിത്സാ സംവിധാനങ്ങൾക്കായി അധികധനം നീക്കിവയ്ക്കണം. എല്ലാ ജില്ലകളിലും താലൂക്ക് ആസ്ഥാനങ്ങളിലുമെങ്കിലും പൂർണസന്നാഹങ്ങളോടെ ശിശുപരിപാലന കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസൻട്രേറ്ററുകളും ഉറപ്പാക്കണം. ആവശ്യത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്ത് വിന്യസിക്കണം. രോഗനിർണയത്തിനും ചികിത്സയ്ക്കും സൗജന്യ സംവിധാനം, എല്ലാവർക്കും സൗജന്യ വാക്സിനേഷൻ,
സോഫ്റ്റ് ലോക്ക് ഡൗൺ എന്നിവ ഉറപ്പുവരുത്തണം, പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെക്കൊണ്ടുവരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം. അതിനുള്ള ഡാറ്റാ വിശകലനം, ദ്രുതപഠനം എന്നിവ ഊർജിതപ്പെടുത്തണം, പ്രതിരോധചികിത്സാ പ്രോട്ടോക്കോൾ യഥാസമയം പുതുക്കണം. അവയ്‌ക്കെല്ലാമുള്ള ബജറ്റ് പ്രൊവിഷനോടെ 100 ദിവസത്തെ ആരോഗ്യ കർമ്മപരിപാടിയാണ് നമുക്കിന്നാവശ്യം. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ വന്നാൽ വികസനക്ഷേമ പ്രവർത്തനങ്ങൾക്കെന്താണ് പ്രസക്തി ?


(മുൻ ഡെപ്യൂട്ടി സ്പീക്കറും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID THIRD WAVE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.