SignIn
Kerala Kaumudi Online
Saturday, 20 April 2024 7.23 AM IST

പ്രതിഷേധിക്കുന്നവർ എല്ലാം ഭീകരരല്ല

photo

ജനങ്ങൾക്ക് സുഗമമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് പാർലമെന്റ് നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ചില നിയമങ്ങളെ പൊതുജനങ്ങൾ തന്നെ കരിനിയമങ്ങളെന്ന് വിളിക്കാറുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസ എന്ന നിയമത്തെ കരിനിയമമെന്ന് വിളിച്ചത് ആ നിയമം രാഷ്ട്രീയ പ്രതിയോഗികളെയും മറ്റും വിചാരണ കൂടാതെ എത്രനാൾ വേണമെങ്കിലും ജയിലിലിടാൻ വേണ്ടി ദുരുപയോഗം ചെയ്തപ്പോഴാണ്. ലാലുപ്രസാദ് യാദവ് മിസ കരുതൽ തടങ്കൽ പ്രകാരം ജയിലിൽ കിടന്നപ്പോൾ ജനിച്ച പെൺകുട്ടിക്ക് മിസ എന്ന് പേരിട്ടത് ആ നിയമത്തെ പരിഹസിക്കാൻ വേണ്ടിയായിരുന്നു. സാധാരണ കുറ്റങ്ങൾക്ക് പോലും ഇത്തരം ആണവശക്തിയുള്ള നിയമങ്ങൾ എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയാൽ പാർലമെന്റ് ആ നിയമം പാസാക്കിയതിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകും.

പ്രതിഷേധിക്കാനുള്ള അവകാശം നിയമലംഘനമല്ലെന്നും അതിന്റെ പേരിൽ തീവ്രവാദ കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്താനാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

ഡൽഹി കലാപത്തിൽ ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥിനികളായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ വിദ്യാർത്ഥി ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്ക് ഒരു വർഷത്തിനുശേഷം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ലാഘവത്തോടെ ഭീകരവിരുദ്ധ നിയമം ചുമത്തിയ പൊലീസിനെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്തു. വിമതസ്വരം അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകരപ്രവർത്തനവും തമ്മിലുള്ള അതിർ വരമ്പ് ഭരണകൂടം മായ്‌ച്ച് കളഞ്ഞതായാണ് കോടതി നിരീക്ഷിച്ചത്. ''പ്രതി​ഷേധി​ക്കാനുള്ള അവകാശം പവി​ത്രമാണ്. പ്രതി​ഷേധം സമാധാനപരം ആയി​രി​ക്കണം. എങ്കി​ലും പ്രതി​ഷേധങ്ങൾ ചി​ലപ്പോൾ നി​യമം അനുവദി​ക്കുന്ന പരി​ധി​ ലംഘി​ക്കാറുണ്ട്. ഇങ്ങനെ പരി​ധി​ ലംഘി​ച്ചാൽ പോലും അത് യു.എ.പി​.എ നി​യമം നി​ർവചി​ക്കുന്ന ഭീകര പ്രവർത്തനത്തി​ന്റെ പരി​ധി​യി​ൽ വരി​ല്ല ''. കോടതി​ നടത്തി​യ ഈ നി​രീക്ഷണം അധി​കാരി​കളുടെ കണ്ണ് തുറപ്പി​ക്കേണ്ടതാണ്. ദുർബുദ്ധി​കളാണ് ഭീകരപ്രവർത്തനം നടത്തുന്നത്. മറഞ്ഞി​രുന്നാവും അവർ അത് നടത്തുക. അല്ലാതെ പൊലീസി​ന് ഫോട്ടോ എടുക്കാൻ പാകത്തി​ൽ പ്ളക്കാർഡും പി​ടി​ച്ച് റോഡി​ലൂടെ പ്രകടനം നടത്താൻ തയ്യാറാകി​ല്ല. ഇത് മനസി​ലാക്കാൻ കഴി​യാത്തവരല്ല നിയമപാലകർ. മി​ക്കപ്പോഴും ഭരി​ക്കുന്ന രാഷ്ട്രീയ കക്ഷി​കളെ സുഖി​പ്പി​ക്കാൻ വേണ്ടി​യാണ് അനാവശ്യ സന്ദർഭങ്ങളി​ൽ പൊലും ആദ്യം തന്നെ ഇതെടുത്ത് പ്രയോഗി​ക്കുന്നത്. യു.എ.പി.എ ചുമത്തി​യാൽ ഒരു കോടതി​ക്കും ഉടനെ ജാമ്യം അനുവദി​ക്കാനാവി​ല്ല. നി​യമം ചുമത്തി​യത് തെറ്റായാണോ ശരി​യായാണോ എന്നൊക്കെ നി​ർണയി​ക്കപ്പെട്ടു വരുമ്പോഴേക്കും അറസ്റ്റി​ലാകുന്ന പ്രതി​ ഏറെക്കാലം കാരാഗൃഹവാസം അനുഭവിച്ചിരി​ക്കും. ഈ ദുരവസ്ഥ ഒഴി​വാക്കേണ്ടതി​ലേക്കാണ് ഡൽഹി​ ഹൈക്കോടതി​യുടെ നി​രീക്ഷണം വിരൽചൂണ്ടുന്നത്.

എതി​ർ ശബ്ദങ്ങളാണ് പലപ്പോഴും ഭരണാധി​കാരി​കളെ നേർവഴി​ക്ക് നയി​ക്കാൻ പ്രേരി​പ്പി​ക്കുന്നതെന്ന വസ്തുത കാണാതി​രുന്നുകൂടാ.

പുരാണ യുദ്ധങ്ങളി​ൽ പോലും ദേവന്മാർ നി​ലനി​ല്‌പി​ല്ലാതെ വരുന്ന ഏറ്റവും ഒടുവി​ലാണ് ബ്രഹ്മാസ്ത്രം പ്രയോഗി​ക്കുന്നത്. ഇത്തരം നി​യമങ്ങളും ഏറ്റവും അവസാനം അത് അർഹി​ക്കുന്നി​ടത്തു മാത്രം പ്രയോഗി​ക്കാനുള്ളതാണ്. ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപി​ക്കൽ എന്നി​വയുമായി​ ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങൾ ജയി​ലി​ൽ കി​ടന്ന തൻഹക്കെതി​രെ കുറ്റപത്രത്തി​ലി​ല്ല. ആയുധങ്ങളും കണ്ടെടുത്തി​ട്ടി​ല്ല. എങ്കി​ലും ഈ വി​ദ്യാർത്ഥി​ക്കെതി​രെ ചുമത്തി​യത് ഭീകരവി​രുദ്ധ നി​യമമാണ്. നി​രുത്തരവാദപരമായി​ ഇത്തരം നി​യമങ്ങൾ ദുരുപയോഗം ചെയ്യുന്ന നി​യമപാലകർക്കെതി​രെയും കോടതി​കൾ നടപടി​കൾ സ്വീകരി​ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.