SignIn
Kerala Kaumudi Online
Thursday, 05 August 2021 12.15 PM IST

പെട്ടെന്ന് പണമുണ്ടാക്കണം ,​ പട്ടാപ്പകൽ മാലമോഷണം തൊഴിലാക്കി ,​ ഒടുവിൽ പൊലീസ് പിടിയിൽ

gg

തൃശ്ശൂർ : പ്രണയം തലയ്ക്ക് പിടിച്ചവർ ഒരുമിച്ച് ജീവിക്കാൻ കഴിയാതെ വന്നാൽ ആത്മഹത്യയിൽ അഭയം തേടുക നാട്ടിൽ പതിവാണ്. എന്നാൽ,​ പ്രണയലഹരിയിൽ കവർച്ചയ്‌ക്കിറങ്ങിയതാണ് രണ്ടു പേർ. തൃശൂരിലുണ്ടായ സംഭവം. എങ്ങനെയും ഒരുമിച്ച് ജീവിക്കണമെന്ന മോഹം ബാക്കിയായപ്പോൾ അതിനായി എന്തുപണിയും ചെയ്യാമെന്നായി. കൊവിഡും ലോക്ക് ഡൗണും ജോലികൾക്കുള്ള അവസരമില്ലാതാക്കിയപ്പോൾ,​ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗത്തെപ്പറ്റിയുള്ള ആലോചനയാണ് കമിതാക്കളെ മോഷണത്തിലേക്ക് നയിച്ചത്.

വെവ്വേറെ വിവാഹിതരും കുടുംബ പ്രാരാബ്ദമുള്ളവരുമായതിനാൽ രാത്രിയിലെ ഭവനഭേദനവും മോഷണവുംനടക്കില്ല. അങ്ങനെയാണ് പട്ടാപ്പകൽ വഴിയാത്രക്കാരുടെ മാലപൊട്ടിക്കാൻ തീരുമാനിച്ചത്. കേബിൾ ടി.വി സ്ഥാപനത്തിൽ ജോലിക്കാരനായ താണിക്കുടം മാറ്റാമ്പുറം സ്വദേശി വവ്വാലെന്ന് വിളിക്കുന്ന നിജിലും (28) സെയിൽസ് ഗേളെന്ന പേരിൽ വീടുവിട്ടിറങ്ങിയ വില്ലടം നെല്ലിക്കാട് സ്വദേശി ജ്യോതിഷയുമാണ് (32) തൃശൂരിലും പരിസരത്തും നടത്തിയ മാസങ്ങളായി മാലമോഷണം നടത്തിയതിന് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മാലകൾ വിറ്റുകിട്ടുന്ന പണത്തിന്റെ ചെറിയൊരുഭാഗം രുചികരമായ ഭക്ഷണത്തിനും യാത്രകൾക്കും വിനിയോഗിച്ച സംഘം,​ ഭൂരിഭാഗവും ഓഹരി വിപണികളിൽ നിക്ഷേപിച്ച് പെട്ടെന്ന് പണമുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു.

വെവ്വേറെ വിവാഹിതരും കുടുംബമായി ജീവിക്കുന്നവരുമായ ഇരുവരും

പ്രണയത്തിലായതിന് പിന്നാലെയാണ് മാല പൊട്ടിക്കാനിറങ്ങിയത്. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ഇരട്ടി സമ്പാദിച്ച് ആരുമറിയാതെ ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി. ഇതിനുവേണ്ടിയാണ് മാല പൊട്ടിക്കാൻ തുടങ്ങിയത്. ഓരോ പ്രാവശ്യവും മാല പൊട്ടിച്ച് കിട്ടുന്ന പണവും ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.

ഓഹരിവിപണിയിൽ തിരിച്ചടികിട്ടുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും. എങ്ങനയെങ്കിലും സമ്പാദ്യം വർദ്ധിപ്പിച്ച് ലക്ഷപ്രഭുവായാൽ ആരേയും വകവയ്ക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന് അവർ സ്വപ്നം കണ്ടു. എന്നാൽ ജനുവരിയിൽ ആരംഭിച്ച കവർച്ചാ പരമ്പരയ്ക്ക് കഴിഞ്ഞ ദിവസം പൊലീസ് പൂട്ടിടുകയായിരുന്നു.

കേബിൾ ടി.വിക്കാരനെ

ചതിച്ചത് സി.സി ടി.വി

ചേർപ്പ് അമ്മാടത്തുനടന്ന മാല പൊട്ടിക്കൽ കേസിൽ നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമ്മാടത്ത് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന 65 കാരിയുടെ മാല പൊട്ടിച്ച് നിജിൽ കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് സംഘം സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേബിൾ ടി.വി ജോലിക്കാരനായ നിജിൽ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാല കവരുന്നതിൽ കാമുകിയായ ജ്യോതിഷയ്ക്കും പങ്കുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പീച്ചി പൊലീസുമായി ബന്ധപ്പെട്ട് യുവതിയെയും അറസ്റ്റ് ചെയ്തു. ഇരുവരും പിടിയിലായതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിൽ തുമ്പുണ്ടാവുകയും ചെയ്തു.

വൃദ്ധകൾ നോട്ടപ്പുള്ളി

കേബിൾ ടി.വി ജോലിക്കാരനായ നിജിൽ രാവിലെ വീട്ടിൽനിന്ന് ബൈക്കുമായി ഇറങ്ങും. ഇതിനിടയിൽ സാഹചര്യം ഒത്തുവന്നാൽ കവർച്ചയും നടത്തും. ഒറ്റയ്ക്ക് നടന്നുപോകുന്ന വൃദ്ധകളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ചില സ്ഥലങ്ങളിലെ കവർച്ചയ്ക്ക് ജ്യോതിഷയും കൂട്ടിനുണ്ടായിരുന്നു. മാല പൊട്ടിച്ച് സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ട ശേഷം അന്നുതന്നെ ജൂവലറികളിൽ അത് വിൽക്കുന്നതാണ് പ്രതികളുടെ രീതി. ജ്യോതിഷയാണ് മാല വിൽക്കാൻ സഹായിച്ചിരുന്നത്. പീച്ചി, കണ്ണമ്പ്ര, തിരൂർ, മരോട്ടിച്ചാൽ, മണ്ണുത്തി, മുണ്ടത്തിക്കോട്, അമ്മാടം, വലക്കാവ് എന്നിവിടങ്ങളിലാണ് ഇവർ കവർച്ച നടത്തിയിട്ടുള്ളത്. 15 പവനിലേറെ ആഭരണങ്ങൾ ഇരുവരും കവർന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തൃശൂർ റൂറൽ എസ്.പി. ജി.പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ. എം. മഹേഷ്കുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ ടി.ജി. ദിലീപ് കുമാർ, എ.എസ്.ഐ. കെ.വിനോദ് സീനിയർ സി. പി. ഒ മാരായ കെ.ആർ.രതീഷ്മോൻ ഇ.എച്ച്. ആരിഫ്, സി.പി.ഒ.മാരായ കെ.ആർ ഗിരീഷ്, എസ്.ബിനുരാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.