SignIn
Kerala Kaumudi Online
Saturday, 20 April 2024 1.04 AM IST

പഠിക്കാൻ വേണം ഓ‌ർഡിനൻസ്...!

college

രാഷ്ട്രീയവും അഭിപ്രായ ഭിന്നതകളുമെല്ലാം മാറ്റിവച്ച് എല്ലാവരും ശ്രദ്ധയോടെ പരിഗണിക്കേണ്ട ഒരു വിഷയമാണിത്. പ്ലസ്ടു, ബിരുദ കോഴ്സുകൾ വിജയിച്ച്, സമാന്തരമായി ഉപരിപഠനം തേടുന്ന ഒന്നരലക്ഷത്തിലേറെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഉചിതമായ തീരുമാനമെടുക്കേണ്ട സമയം. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഓർഡിനൻസിറക്കുന്ന സർക്കാർ, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദൂര, പ്രൈവറ്റ് പഠനം അനുവദിച്ച് ഓർഡിനൻസ് ഇറക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാം. സദുദ്ദേശത്തോടെ സർക്കാർ രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ തുടങ്ങാനുള്ള യു.ജി.സി അനുമതി ലഭിക്കാത്തതാണ് പ്രശ്നം. കഴിഞ്ഞ ഫെബ്രുവരിയിൽ സർവകലാശാലയെ യു.ജി.സി അംഗീകരിച്ചിരുന്നു. പക്ഷേ, കോഴ്സുകൾ തുടങ്ങാൻ യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി വേണം. 19 ബിരുദ, ഒൻപത് ബിരുദാനന്തര ബിരുദ കോഴ്സുകൾ തുടങ്ങാനാണ് സർവകലാശാലയുടെ ലക്ഷ്യം. കോഴ്സുകളുടെ സിലബസും പ്രോജക്ട് റിപ്പോർട്ടും യു.ജി.സിക്ക് സമർപ്പിച്ച് അംഗീകാരം നേടണം. കൊവിഡ് സാഹചര്യത്തിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ പോർട്ടൽ തുറക്കാത്തതിനാലാണ് അപേക്ഷിക്കാനാവാത്തതെന്നാണ് സർവകലാശാല പറയുന്നത്. യു.ജി.സി എല്ലാവർഷവും രണ്ടുതവണ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നതാണ്. ഇക്കൊല്ലം ഇതുവരെ ക്ഷണിച്ചിട്ടില്ല. സെപ്തംബറിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങണമെന്നിരിക്കെ, അതിവേഗത്തിൽ അനുമതി നേടിയെടുത്ത് കോഴ്സുകൾ തുടങ്ങുക ശ്രമകരമാണ്.

ഓപ്പൺ സർവകലാശാലയുടെ ആക്ട് പ്രകാരം കേരള, കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകൾക്കൊന്നും ഓപ്പൺ, വിദൂര കോഴ്സുകൾ നടത്താനാവില്ല. ഓപ്പൺ, വിദൂരപഠനം ശ്രീനാരായണ സർവകലാശാലയിൽ മാത്രമാക്കിയിരിക്കുകയാണ്. കഴിഞ്ഞവർഷം മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് കേരളയിൽ വിദൂര, ഓപ്പൺ കോഴ്സുകൾ തുടങ്ങാൻ അനുമതി നേടിയെടുത്തു. ഈ ഉത്തരവിന്റെ ബലത്തിൽ കാലിക്കറ്റ് സർവകലാശാലയും കോഴ്സുകൾ തുടങ്ങി. നാക് സ്കോർ മൂന്നിനു മുകളിലുള്ള സർവകലാശാലകൾക്ക് യു.ജി.സി വിദൂര, ഓപ്പൺ പഠനം അനുവദിക്കും. കേരളയ്ക്കും കാലിക്കറ്റിനും ഈ യോഗ്യതയുണ്ട്. പക്ഷേ, ചട്ടപ്രകാരം വിലക്കുള്ളതിനാൽ രണ്ട് സർവകലാശാലകളും വിദൂരപഠനത്തിന് അനുമതി പുതുക്കാൻ അപേക്ഷിച്ചിട്ടില്ല.

90 ശതമാനം മാർക്കുള്ളവർക്കു പോലും കോളേജുകളിൽ പ്രവേശനം കിട്ടില്ലെന്നിരിക്കെയാണ്, വിദൂര, പ്രൈവറ്റ് പഠനത്തിന് സംവിധാനമില്ലാത്ത സ്ഥിതിയുണ്ടാവുന്നത്. നഗരപ്രദേശങ്ങളിൽ 95 ശതമാനത്തിലേറെ മാർക്കുള്ളവർക്കുപോലും ബിരുദ പ്രവേശനം ലഭിക്കാൻ പ്രയാസം. ഇത് കുട്ടികളിലുണ്ടാക്കുന്ന ആശങ്ക ചില്ലറയല്ല. കോളേജുകളിൽ പഠനാവസരം ലഭിക്കാത്തവരുടെ ഉപരിപഠനത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ എല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പുന:സ്ഥാപിച്ചുള്ള ചട്ടഭേദഗതിക്കായി ഓർഡിനൻസ് ഇറക്കേണ്ടിവരും. ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിക്കുന്നത് കാത്തിരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോവും. അവർക്ക് കോഴ്സുകളുടെ സിലബസും പ്രോജക്ട് റിപ്പോർട്ടും യു.ജി.സിക്ക് സമർപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. മറ്റ് സർവകലാശാലകളിലെ അദ്ധ്യാപകരെയടക്കം ഓപ്പൺ സർവകലാശാലയിലേക്ക് മാറ്രണം. പഠനസാമഗ്രികളും പഠനകേന്ദ്രങ്ങളും സജ്ജമാക്കണം. ധൃതഗതിയിൽ ഇതൊന്നും നടപ്പാക്കാനാവില്ല. കോഴ്സുകൾ നടത്താനുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും സർവകലാശാലയ്ക്കില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബഡ്‌ജറ്റിൽ നൂറുകോടി വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവയെല്ലാം സജ്ജമാകാൻ സമയമെടുക്കും. തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലും ഓപ്പൺ സർവകലാശാലകളുണ്ടെങ്കിലും മറ്റ് സർവകലാശാലകളിൽ ഓപ്പൺ, വിദൂര പഠനം തടഞ്ഞിട്ടില്ല. കേരളത്തിൽ പഠനസൗകര്യമില്ലെങ്കിൽ കുട്ടികൾക്ക് അന്യസംസ്ഥാന സർവകലാശാലകളെ ആശ്രയിക്കേണ്ടിവരും. നിലവിലെ നിയമപ്രകാരം അന്യസംസ്ഥാന സർവകലാശാലകൾക്ക് കേരളത്തിൽ പഠനകേന്ദ്രങ്ങൾ തുടങ്ങാനോ പരീക്ഷ നടത്താനോ കഴിയില്ല. പരീക്ഷയെഴുതാൻ അതിർത്തി കടക്കേണ്ട സ്ഥിതിയാവും വിദ്യാർത്ഥികൾക്കുണ്ടാവുക.

ഈ കണക്കുകൾ കാണുക

കഴിഞ്ഞവർഷം പ്ലസ്ടു വിജയിച്ച് ഉപരിപഠന യോഗ്യത നേടിയത് 3,19,782 വിദ്യാർത്ഥികളാണ്. വി.എച്ച്.എസ്.ഇ വിജയിച്ച് ഉപരിപഠന യോഗ്യത നേടിയത് 18,137പേരും. സേ പരീക്ഷയെഴുതി പതിനായിരത്തിലേറെപ്പേർ ഉപരിപഠനത്തിന് യോഗ്യരായി. എന്നാൽ വിവിധ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ സീറ്റുകൾ ഇങ്ങനെയാണ്-

കേരള സർവകലാശാല

ബിരുദം- 26,974,

ബിരുദാനന്തര ബിരുദം- 3457

കാലിക്കറ്റ് സർവകലാശാല

ബിരുദം- 59,486,

ബിരുദാനന്തരബിരുദം- 7629

എം.ജി.സർവകലാശാല

ബിരുദം- 69,363

ബിരുദാനന്തരബിരുദം- 17,094

കണ്ണൂർ സർവകലാശാല

ബിരുദം- 15,410

ബിരുദാനന്തരബിരുദം- 2186

രക്ഷയ്ക്കെത്തിയത് ഹൈക്കോടതി

കഴിഞ്ഞവർഷം സമാനമായ പ്രതിസന്ധിയുണ്ടായപ്പോൾ, ഹൈക്കോടതിയാണ് വിദ്യാർത്ഥികളുടെ രക്ഷയ്ക്കെത്തിയത്. മറ്റു സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളും ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റാനും കോഴ്സുകളെല്ലാം ഓപ്പൺ സർവകലാശാലയിൽ മാത്രമാക്കാനുമുള്ള ഓർഡിനൻസിലെ 51(2) വകുപ്പ് സ്റ്റേ ചെയ്ത ഹൈക്കോടതി, മറ്റ് സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് സൗകര്യമൊരുക്കി. ഇതുപ്രകാരമാണ് കേരള, കാലിക്കറ്ര് സർവകലാശാലകളിൽ ഓപ്പൺ, വിദൂരപഠനം കഴിഞ്ഞവർഷം നടത്തിയത്. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദൂര പഠനകേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖലാ കേന്ദ്രങ്ങളാക്കുമെന്നാണ് ഓർഡിനൻസിലുള്ളത്. അവിടുത്തെ അദ്ധ്യാപകരെ ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റും.

ലക്ഷ്യം മറന്ന് സർവകലാശാല

ഓപ്പൺ സർവകലാശാലയിൽ ആദ്യവർഷം ഒരുലക്ഷത്തോളം കുട്ടികൾക്ക് പഠനാവസരമുണ്ടാകുമെന്നും തൊഴിൽ നൈപുണ്യ, തൊഴിലധിഷ്‌ഠിത, റീ -സ്കിൽ കോഴ്സുകളും വിദേശഭാഷാ പഠനവും തുടങ്ങുന്നതോടെ കൂടുതൽ തൊഴിൽ സാദ്ധ്യതകളുണ്ടാവുമെന്നുമാണ് സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ ജോലിചെയ്യുന്നവർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ പകർന്നുനൽകാനുള്ള കോഴ്സുകൾ രൂപപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ജോലി ചെയ്യുന്നവർക്ക് പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന, അൽഗോരിതം ഡിസൈൻ, ഡേറ്റാ സയൻസ് തുടങ്ങിയ റീ -സ്‌കില്ലിംഗ് കോഴ്സുകൾ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി.

സംസ്ഥാനത്ത് നിലവിൽ ആർട്സ് വിഷയങ്ങൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ സയൻസ് വിഷയങ്ങളിൽ മാത്രമാണ് വിദൂരപഠനമുള്ളത്. ഓപ്പൺ സർവകലാശാലയിലും ഈ കോഴ്സുകൾ തുടങ്ങണം. ലാബ് അടക്കമുള്ള സൗകര്യങ്ങൾ പങ്കിടാൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി ധാരണാപത്രം ഒപ്പിട്ട ശേഷം കൂടുതൽ സയൻസ് കോഴ്സുകൾ തുടങ്ങുകയാണ് വേണ്ടത്. വിദേശഭാഷകൾ അഭ്യസിക്കാൻ പ്രത്യേക കേന്ദ്രമുണ്ടാക്കണം. ഫ്രഞ്ച്, ജർമ്മൻ ജാപ്പനീസ്, ചൈനീസ്, അറബിക്, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഡിപ്ലോമാ കോഴ്സുകൾ തുടങ്ങണം. ഇതിനു പുറമേ ട്രാൻസലേഷൻ സ്റ്റഡീസ് (വിവർത്തനപഠനം) കേന്ദ്രവുമുണ്ടാവണം. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ഭാഷാപഠനം വഴിയൊരുക്കും.

അതിരൂക്ഷമായ തൊഴിലില്ലായ്‌മയ്ക്ക് പരിഹാരമെന്നോണം, വേഗത്തിൽ തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളാണ് തുടങ്ങേണ്ടത്. മറ്റ് സർവകലാശാലകളിലും കോളേജുകളിലും നിലവിൽ പഠിക്കുന്നവർക്ക് ചേരാനാവുന്ന സർട്ടിഫിക്കറ്ര്, ഡിപ്ലോമ കോഴ്സുകളും തുടങ്ങണം. പ്രായപരിധിയില്ലാതെ ആർക്കും പഠിക്കാനാവുമെന്നതും കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിറുത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്ക​റ്റ് ലഭിക്കുമെന്നതും ഓപ്പൺ സർവകലാശാലയുടെ നേട്ടങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.