SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 AM IST

കടൽ കൊലക്കേസിന് ശുഭാന്ത്യം

enrica-lexie

കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യബന്ധന ബോട്ടിലെ രണ്ട് തൊഴിലാളികൾ കടലിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച സംഭവം രാജ്യമാകെ ചർച്ചയാകുകയും മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു. സംഭവം നടന്ന് ഒൻപതര വർഷം പിന്നിടുമ്പോൾ സുപ്രീം കോടതിയുടെ ഇടപെടലിൽ കേസിന് ശുഭാന്ത്യമുണ്ടായിരിക്കുന്നു. രണ്ട് രാജ്യങ്ങൾ ഉൾപ്പെട്ട സംഭവമായതിനാൽ നയതന്ത്രബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാതെയാണ് രാജ്യത്തെ പരമോന്നത കോടതിയുടെ തീർപ്പാക്കൽ. കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വെടിവയ്പിൽ മരിച്ച രണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും അപകടത്തിനിരയായ മത്സ്യബന്ധന ബോട്ടിന്റെ ഉടമയ്ക്കുമായി 10 കോടി രൂപ ഇറ്റലി നഷ്ടപരിഹാരമായി നൽകും. നാല് കോടി രൂപ വീതം മരിച്ചവരുടെ ബന്ധുക്കൾക്കും രണ്ട് കോടി രൂപ ബോട്ടുടമയ്ക്കും ലഭിക്കും. ഇറ്റാലിയൻ സർക്കാർ തുക കേരള ഹൈക്കോടതിക്ക് കൈമാറും.

2012 ഫെബ്രുവരി 15 നാണ് 'സെന്റ് ആന്റണീസ്"എന്ന ബോട്ടിൽ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളായ കൊല്ലം മൂതാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്റ്റിൻ- 50), തിരുവനന്തപുരം കളിയിക്കാവിള നിദ്രവിള ഇരയിമ്മൻതുറയിൽ അജീഷ് പിങ്കി (21) എന്നിവർ വെടിയേറ്റ് മരിച്ചത്. സ്വകാര്യ കപ്പലായ 'എന്റിക്ക ലക്സി' യിലെ ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോൺ, മാസി മിലാനോ ലത്തോറെ എന്നിവരായിരുന്നു വെടിയുതിർത്തതിന് പ്രതികളായത്.

വർഷങ്ങളായി നടന്നുവന്ന കേസിനൊടുവിൽ ഇറ്റലി നൽകിയ നഷ്ടപരിഹാരം ന്യായമെന്ന് വിലയിരുത്തി കടൽകൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നുവന്ന എല്ലാ കേസുകളും സുപ്രീം കോടതി അവസാനിപ്പിച്ചു. എന്നാൽ രാജ്യാന്തര ട്രൈബ്യൂണലിന് നൽകിയ ഉറപ്പനുസരിച്ച് ക്രിമിനൽ കേസന്വേഷണം ഇറ്റലി ആരംഭിക്കണമെന്നും കേന്ദ്ര, കേരള സർക്കാരുകൾ കേസന്വേഷണവുമായി സഹകരിക്കണമെന്നും ജഡ്ജിമാരായ ഇന്ദിര ബാനർജി, എം.ആർ ഷാ എന്നിവരുടെ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികളുടെ ഭാഗം കേട്ട ശേഷം തുക വീതിച്ചു നൽകാൻ ഒരു ജ‌‌ഡ്ജിയെ ചുമതലപ്പെടുത്തണമെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ബെഞ്ച് നി‌ദ്ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അവരുടെ താത്പര്യ പ്രകാരം തുക കൈമാറാനോ ബാങ്കിൽ നിക്ഷേപിക്കാനോ ഉള്ള ഉത്തരവ് കേരള ഹൈക്കോടതിയാണ് നൽകേണ്ടത്. സെന്റ് ആന്റണീസ് ബോട്ടുടമ കന്യാകുമാരി പൂത്തുതുറൈ സ്വദേശി ഫ്രെഡി ജോൺ ബോസ്ക്കോയ്ക്ക് പണം ചെക്കായി കൈമാറണം. കൊല്ലപ്പെട്ടവരുടെ കുടുംംബങ്ങൾക്കും ബോട്ടുടമയ്ക്കും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞവർഷം മേയ് 21 നാണ് രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചത്. നാവികർ ഇറ്റാലിയൻ സർക്കാർ ഉദ്യോഗസ്ഥരായതിനാൽ അവർക്ക് സംരക്ഷണമുണ്ടെന്നും ഇന്ത്യയ്ക്ക് അവർക്കെതിരെ അധികാരം പ്രയോഗിക്കാനാകില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.

വിവാദമായ കേസ്

2012 ഫെബ്രുവരി 15 ന് പതിവ് പോലെ നീണ്ടകരയിൽ നിന്ന് 11 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ടതാണ് സെന്റ് ആന്റണീസ് ബോട്ട്. തീരത്ത് നിന്ന് 20. 5 നോട്ടിക്കൽ മൈൽ അകലെ വച്ച് രാത്രിയിൽ രണ്ട് മത്സ്യതൊഴിലാളികൾക്ക് വെടിയേറ്റു. സിംഗപ്പൂരിൽ നിന്ന് ഈജിപ്‌തിലേക്ക് പോയ 'എൻറിക്ക ലക്സി" കപ്പലിന്റെ സുരക്ഷാ ചുമതലയുള്ളവരായിരുന്നു സാൽവത്തോറെ ജിറോണും, മാസി മിലാനോ ലത്തോറെയും. രണ്ട് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കൊല്ലത്തെത്തിച്ചതോടെ വൻ പ്രതിഷേധം ഉയർന്നു.

കപ്പലിലെ ജീവനക്കാരിൽ 19 പേർ ഇന്ത്യക്കാരായിരുന്നു. ഇറ്റലിയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തലത്തിലേക്കും രാജ്യങ്ങളുടെ പരമാധികാരാവകാശങ്ങൾ ഹനിയ്ക്കുന്ന തലത്തിലേക്കും മാറിയ കേസ് ഏറെ നിയമ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

2012 ഫെബ്രുവരി 15 ന് വെടിവയ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട കപ്പലിനെ തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവികസേന പിന്തുടർന്ന് ലക്ഷദ്വീപിന് സമീപം വച്ച് തടഞ്ഞു. തുടർന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്നു. 18 ന് ഇന്ത്യൻ, ഇറ്റാലിയൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. 19 ന് നാവികരായ രണ്ടുപേരെയും കേരള പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതികളായി റിമാന്റിലായ നാവികർക്ക് ജാമ്യം ലഭിക്കാതിരിക്കാൻ 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതോടെ ഇറ്റാലിയൻ സ‌ക്കാർ പ്രതിഷേധവുമായി എത്തി. രാജ്യാന്തര കപ്പൽപാതയിലാണ് സംഭവം നടന്നതെന്നായിരുന്നു അവരുടെ വാദം. മാത്രമല്ല, തങ്ങളുടെ കപ്പലിനു നേരെ വന്ന ബോട്ട് കടൽകൊള്ളക്കാരുടേതെന്ന് കരുതിയാണ് നാവികർ വെടിയുതിർത്തതെന്നായിരുന്നു ഇറ്റലിയുടെ വാദം.ഇതിനിടെ ഇറ്റാലിയൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ കപ്പലിൽ നിന്ന് വെടിവച്ച തോക്കുകൾ പൊലീസ് പിടിച്ചെടുത്തു. ഇത് കൊല്ലം കോടതിയിൽ ഹാജരാക്കി. ഇറ്റലിയുടെ പ്രധാനമന്ത്രി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ വിളിച്ച് ഖേദം അറിയിച്ചു. ജയിലിൽ കഴിഞ്ഞ പ്രതികൾ ഡിസംബറിൽ ക്രിസ്മസ് ആഘോഷിക്കാൻ ഹൈക്കോടതിയുടെ അനുമതിയോടെ ജാമ്യത്തിലിറങ്ങി ഇറ്റലിയിലേക്ക് പോയി. 2013 മാർച്ച് 10 ന് നാവികർ ഇനി ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ സുപ്രീംകോടതി രംഗത്തെത്തി. പ്രതികൾ മടങ്ങി വരുന്നതുവരെ ഇന്ത്യയിലെ ഇറ്റാലിയൻ സ്ഥാനപതി രാജ്യം വിടരുതെന്ന് കർശന ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് നാവികർ ഇന്ത്യയിൽ മടങ്ങിയെത്തി. 2014 ഡിസംബറിൽ പ്രതികൾക്ക് ഇറ്റലിയിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകി. 2015 നവംബർ 10ന് അഞ്ചംഗ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണൽ രൂപീകരിച്ചു. അതോടെ ഇന്ത്യയിലെ വിചാരണ നടപടികൾ നിർത്തിവച്ചു. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ തുടരന്വേഷണം നടത്തി. ഏഴ് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ എൻ.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കുറ്റപത്രം സമർപ്പിച്ചു. എൻ.ഐ.എ കോടതിയും രൂപീകരിച്ചു. രാജ്യാന്തര ആർബിട്രേഷൻ കോടതി മുമ്പാകെ ഇറ്റലി സമർപ്പിച്ച വാദത്തിനെതിരെ ഇന്ത്യയും എതിർവാദം സമർപ്പിച്ചു. ബോട്ടുടമ ഫ്രെഡി ജോൺ ബോസ്ക്കോയും നെതർലാൻഡ്സിലെ കോടതിയിലെത്തി സാക്ഷി മൊഴി നൽകിയിരുന്നു. തന്റെ കൺമുന്നിലാണ് രണ്ട് മത്സ്യതൊഴിലാളികളും വെടിയേറ്റ് മരിച്ചതെന്ന് മൊഴി നൽകി. 2020 മേയ് 21 നാണ് മതിയായ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധിച്ചത്. നഷ്ടപരിഹാരം എത്രയെന്ന് ഇരുരാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഈ മാസം 11 ന് ഇറ്റാലിയൻ സർക്കാർ 10 കോടി രൂപ കെട്ടിവച്ചതായി സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് അവസാനിപ്പിക്കുന്നതായി കോടതി ഉത്തരവിട്ടത്.

വിധി സ്വാഗതം ചെയ്ത്

കുടുംബാംഗങ്ങൾ

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യതൊഴിലാളി വാലന്റൈന്റെ ഭാര്യ ഡോറ, മക്കളായ ഡെറിക്ക്, ജീൻ എന്നിവർ ഇപ്പോൾ കൊല്ലം തങ്കശ്ശേരിയിലാണ് താമസം. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തെങ്കിലും പ്രതികളെ ഇന്ത്യയിൽ ശിക്ഷിക്കാനായില്ലല്ലോ എന്ന പരിഭവം മാത്രമാണ് അവർക്കുള്ളത്. ഇരയിമ്മൻതുറൈ സ്വദേശിയായ അജീഷ് പിങ്കിയുടെ രണ്ട് സഹോദരിമാർ വിവാഹിതരായി ഭർത്തൃവീടുകളിലാണ്. സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രെഡി ജോൺ ബോസ്ക്കോ ഇപ്പോൾ കടൽ ബന്ധം ഉപേക്ഷിച്ച് പാറശ്ശാലയ്ക്ക് സമീപം തുത്തൂരിൽ വീടിനോട് ചേർന്ന് ഒരു തുണിക്കട നടത്തുകയാണ്. തൊണ്ടിമുതലായ ബോട്ട് ഇപ്പോഴും നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ കിടന്ന് തുരുമ്പ് കയറി നശിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY, ENRICA LEXIE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.