SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.43 AM IST

അവ്യക്ത ഉത്തരവുകൾക്കു പിന്നിൽ ഗൂഢലക്ഷ്യം

muttil

സർക്കാർ ഏതെങ്കിലും വിഷയത്തിൽ ഉത്തരവിറക്കുമ്പോൾ അത് വ്യക്തവും സംശയങ്ങൾക്കിട നൽകാത്തതുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് ഉത്തരവ് വ്യാഖ്യാനിക്കപ്പെടാമെന്നു വന്നാൽ ദുരന്തമായിരിക്കും ഫലം. പട്ടയ ഭൂമിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്ന വൻ വിവാദങ്ങൾക്കു കാരണം ഇതുപോലൊരു ഉത്തരവാണെന്നു കാണാം. ഉത്തരവിലെ അവ്യക്തത തത്‌പരകക്ഷികൾ ആവോളം മുതലാക്കി എന്നു തെളിഞ്ഞുകഴിഞ്ഞു. വെട്ടാവുന്നത്ര മരങ്ങൾ മുറിച്ചുകടത്തി. അവ്യക്തമായ ഉത്തരവിന്റെ മറവിൽ ലോപമില്ലാതെ നടന്ന മരം മുറി സംസ്ഥാനത്തെയാകെ നടുക്കിയ വാർത്തയായപ്പോഴാണ് അതിനു കാരണമായ വിവാദ ഉത്തരവ് ഏതെന്ന വിവരം പരസ്യമാകുന്നത്. സർക്കാരിനു മാത്രം അവകാശപ്പെട്ട മരങ്ങൾ പോലും വനംകൊള്ള തൊഴിലാക്കിയവർ രായ്ക്കുരാമാനം മുറിച്ചു കടത്തിക്കൊണ്ടു പോയെന്നാണു വിവരം. കഴിഞ്ഞ ഒക്ടോബർ 20-ന് ഇറക്കിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ് വ്യാപകമായ മരം കൊള്ളയ്ക്ക് വഴിവച്ചതത്രെ. ഇത്തരത്തിൽ ഒരു സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെടണമെങ്കിൽ അതിനു പിന്നിൽ തീർച്ചയായും സ്വാർത്ഥമോഹികളുടെ കറുത്ത കരങ്ങളും കാണണമല്ലോ. നിരപരാധിത്വം സ്ഥാപിക്കാനുള്ള മത്സരം നടക്കുമ്പോഴും ഉത്തരവു ചമച്ച താപ്പാനകൾ അകത്തളങ്ങളിൽ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാകണം. എത്രയോ വിദഗ്ദ്ധരുടെ കൈകളിലൂടെ കടന്നാണ് ഓരോ സർക്കാർ ഉത്തരവും പുറത്തുവരുന്നത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിലെ 'അവ്യക്തത" അന്നൊന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയതെന്താണ്? 1964-ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിൽ ചന്ദനമൊഴികെ മറ്റു ഏതു മരവും മുറിക്കാൻ അനുവാദമുണ്ടെന്നു വ്യാഖ്യാനിച്ചാണ് 2020 ഒക്ടോബർ 20-ലെ റവന്യൂ ഉത്തരവ് ദുരുപയോഗപ്പെടുത്തിയതത്രെ. പട്ടയം ലഭിച്ച ഭൂമിയിൽ ഉടമ നട്ടുപിടിപ്പിച്ചതാണെങ്കിൽ പോലും ചന്ദനം, തേക്ക്, ഇരുൾ, വീട്ടി മരങ്ങൾ മുറിക്കാൻ ഭൂവുടമയ്ക്ക് അധികാരമില്ലെന്ന് മൂലനിയമത്തിൽ സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ വർഷത്തെ വിവാദ ഉത്തരവിറക്കിയവർ ഇതൊന്നും കാണാതിരിക്കാൻ തരമില്ല. അവ്യക്തതയോടെ പുതിയ ഉത്തരവിറക്കിയാലേ ഗൂഢമായ ലക്ഷ്യം നിറവേറ്റാനാകൂ എന്നു മനസിലാക്കിത്തന്നെയാകണം അതിനു ഒരുമ്പട്ടതെന്നു വ്യക്തം. വെട്ടിക്കൊണ്ടുപോയ എല്ലാ തടികളും കണ്ടുപിടിച്ച് സർക്കാരിലേക്ക് കണ്ടുകെട്ടിയെന്നു വാദിച്ചാൽ പോലും ഇതിനു പിന്നിൽ നടന്ന അതിഭീകരമായ കൊള്ളയുടെ ഗൗരവം ഒട്ടും കുറച്ചു കാണാനാവില്ല.

റവന്യൂ സംബന്ധമായ ഏതു ഉത്തരവുകളും എപ്പോഴും ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് ഇവിടെ സാധാരണമാണ്. ഉത്തരവുകളിൽ നേരിയ പഴുതെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതു മുതലെടുക്കാൻ ആളുകളുണ്ടാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ അതിനാവശ്യമായ വഴിയൊരുക്കുകയും ചെയ്യും.

കർഷകരുടെ നിരന്തരമായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് 2020 ഒക്ടോബറിലെ ഉത്തരവിറക്കിയതെന്നു പറയുന്നുണ്ട്. എന്നാൽ തേക്കും വീട്ടിയും ഇരുളും ഉൾപ്പെടെ വെട്ടാൻ അനുവാദമില്ലാത്ത മരങ്ങളും മുറിച്ചുമാറ്റുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടന്ന ഈ തീവെട്ടിക്കൊള്ള ആരുടെയും ശ്രദ്ധയിൽ പെട്ടതുമില്ല. അവിശ്വസനീയവും വിചിത്രവുമായ ഇതുപോലുള്ള വനം കൊള്ളകൾക്കു കുപ്രസിദ്ധി നേടിയ നാടാണിത്. അതുകൊണ്ടുതന്നെ അതിശയം തോന്നേണ്ടതില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUTTIL CASE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.