SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.13 AM IST

പൊതുവിദ്യാഭ്യാസമേഖല,​ ഓൺലൈൻ വെല്ലുവിളികൾ

online-class

അമിതമായ കമ്പ്യൂട്ടർവത്കരണവും ഡിജിറ്റൽ സാങ്കേതിക വിദ്യയും പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് എങ്ങനെ നീതി നിഷേധിക്കുന്നു എന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റ് വെർജീനിയ യുബാക്ക് തന്റെ ''Automatic Inequality " എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് കേരളത്തിലെ വിദ്യാർത്ഥികൾ രണ്ടാം അദ്ധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. എന്നാൽ മഹാമാരിയുടെ കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാത്തതിനാൽ നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് 2020 -21 അദ്ധ്യയനവർഷം ശരിയായ രീതിയിൽ ലഭ്യമായില്ല എന്നത് വസ്തുതയാണ്. സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഒരളവുവരെ ഒാൺലൈൻ പ്ളാറ്റ് ഫോം ഉപയോഗിച്ച് താരതമ്യേന മികച്ച വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു. ഇൗ വേർതിരിവ് വരും നാളുകളിൽ സർക്കാർ- എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ആർജിക്കുന്നതിൽ നിന്നും തൊഴിൽ നേടുന്നതിൽ നിന്നും പിന്തള്ളപ്പെടാൻ കാരണമാവും.

പാഠ്യപ്രവർത്തനങ്ങളിൽ വൻതോതിലുയർന്ന വെല്ലുവിളികൾ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ എങ്ങനെയാണ് അഭിമുഖീകരിച്ചതെന്നും പൊതുവിദ്യാഭ്യാസം ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ കാര്യക്ഷമമാക്കാമെന്നുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

മഹാമാരി കാരണം സ്കൂളുകൾ അടച്ചിടേണ്ടി വന്നത് ഇന്ത്യയിലെ 320 മില്യൻ വിദ്യാർത്ഥികളുടെ അദ്ധ്യയനത്തെ സാരമായി ബാധിച്ചു. കേവലം 37.6 മില്യൻ (11.75 ശതമാനം ) വിദ്യാർത്ഥികൾക്കു മാത്രമേ വ്യത്യസ്ത ഒാൺലൈൻ പ്ളാറ്റ് ഫോമിലൂടെ വിദ്യാഭ്യാസം തുടരാൻ സാധിച്ചുള്ളൂ. (യുനെസ്‌കോ 2020, യുനിസെഫ് 2020) എന്നാൽ കേരളത്തിൽ ഒൗദ്യോഗിക കണക്ക് പ്രകാരം 43 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 40 ലക്ഷം (93 ശതമാനം) പേരും ഒാൺലൈൻ വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്നുണ്ട്. പക്ഷേ പ്രധാനപ്പെട്ട ഒരു വ്യത്യാസം പ്രകടമാണ്. സ്വകാര്യമേഖലകളിലെ സ്കൂൾ മാനേജ്മെന്റുകൾ ബോധന പ്രവർത്തനങ്ങളും മൂല്യനിർണയവും പൂർണമായി ഡിജിറ്റൽ പ്ളാറ്റ് ഫോമിലേക്ക് മാറ്റിയപ്പോൾ, ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ- എയ്ഡഡ് മേഖലയിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഒാൺലൈൻ ഇടപെടലിൽ മാത്രമായി ചുരുങ്ങി. കുട്ടികളുടെ ഹാജർ നിലയോ, എത്ര വിദ്യാർത്ഥികൾ അറിവ് നേടിയെന്ന് അളക്കാനോ നിലവിലെ രീതി പര്യാപ്തമല്ല. ഈ സമീപനം പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടുള്ള ഗൗരവം ചോർന്നു പോകാൻ കാരണമായി. അതേസമയം സ്വകാര്യസ്കൂളുകളിലെയും കേന്ദ്രീയവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജി - സ്യൂട്ട് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ബോധന പ്രക്രിയ കാര്യക്ഷമമാക്കാൻ സാധിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സർക്കാർ സ്കൂളുകൾ ഹൈടെക്‌വത്കരിച്ചതോടെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇൗ മഹാമാരിക്കാലത്ത് വിദ്യാഭ്യാസം ഒാൺലൈനിലേക്ക് മാറിയപ്പോൾ കോടികൾ മുടക്കിയ ഹൈടെക് പശ്ചാത്തല സൗകര്യം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ് . സർക്കാർ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രഖ്യാപിച്ച ഫസ്റ്റ് ബെൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത് പൊതുജന പങ്കാളിത്തത്തോടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനാണ്. എന്നാൽ ഇൗ നയത്തിൽ സ്കൂളിലെ അദ്ധ്യാപകരുടെ പങ്ക് സംശയനിവാരണത്തിനായി മാത്രം പരിമിതപ്പെടുത്തിയിരുന്നു. അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ജൈവബന്ധം പൂർണമായും നഷ്ടപ്പെടുന്ന ഇൗ നയത്തിൽ നിന്നുള്ള പുതിയ സർക്കാരിന്റെ മാറ്റം സ്വാഗതാർഹമാണ്. 2021- 22 അദ്ധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പ്ളാറ്റ് ഫോമിലൂടെ ഒാൺലൈൻ ലൈവ് ക്ളാസുകൾ നടത്താൻ നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിദ്യാർത്ഥി സമൂഹം.

നിരവധി വെല്ലുവിളികളാണ് ഡിജിറ്റൽ വിദ്യാഭ്യാസം നേരിടുന്നത്. പൊളിറ്റിക്കൽ സയന്റിസ്റ്റ് വെർജീനിയ യു ബാങ്ക് (Virginia Eubank) അമേരിക്കൻ ജനതയിൽ കണ്ടെത്തിയതുപോലെ കേരള സമൂഹത്തിൽ വിശേഷാധികാരമോ അവകാശമോ ഇല്ലാത്ത ദളിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലുമുള്ള പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ നിന്നും ബഹിഷ്കൃതമാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ വിശദമായ സർവേ നടത്തുകയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കേണ്ടതുമാണ്.

ഒാൺലൈൻ ലൈവ് ക്ളാസുകൾക്ക് ഏറ്റവും അടിസ്ഥാന പശ്ചാത്തലസൗകര്യം സുഗമമായ ഇന്റർനെറ്റ് കണക്ടിവിറ്റിയാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കുറഞ്ഞ ചെലവിൽ വീടുകളിൽ നെറ്റ് കണക്ടിവിറ്റി എത്തിക്കുകയെന്നത് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്. കേരള സർക്കാർ കെ- ഫോൺ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കൂടി ഇതുവരെ നടപ്പിലായില്ല. യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ വീടുകളിലും ഇന്റർനെറ്റ് സേവനം ചുരുങ്ങിയ ചെലവിൽ എത്തിക്കാനുള്ള നടപടികൾ പുതിയ സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

കേബിൾ ടിവി കണക്ഷനോ കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഇല്ലാത്ത ഏകദേശം മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിലുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കെ.എസ്.എഫ്.ഇയുമായി സഹകരിച്ചുകൊണ്ട് വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ് വിതരണം എങ്ങുമെത്തിയില്ല. പുതിയ സർക്കാർ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പ് ലഭ്യമാക്കാൻ നടപടി കൈക്കൊള്ളേണ്ടതാണ്.

ഒാൺലൈൻ ലൈവ് ക്ളാസുകൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസവകുപ്പിന്റെ പേരിൽ യൂസർ ഐഡി നിർമ്മിച്ച് സുരക്ഷ വർദ്ധിപ്പിക്കേണ്ടതാണ്. ഉത്തരവാദപ്പെട്ട ഉന്നത അധികാരികൾ ലൈവ് ക്ളാസുകൾ കൈകാര്യം ചെയ്യുന്ന രീതി മോണിറ്ററിംഗ് നടത്തേണ്ടതാണ്. അദ്ധ്യാപകർക്ക് സ്വന്തം വീടുകളിൽ നിന്നോ സ്കൂളിന്റെ ഇന്റർനെറ്റ് പശ്ചാത്തല സൗകര്യം ഉപയോഗിച്ചോ ക്ളാസുകൾ കൈകാര്യം ചെയ്യാൻ അനുമതി നൽകേണ്ടതാണ്.

ഒാൺലൈൻ ലൈവ് ക്ളാസുകളിൽ സാമൂഹ്യവിരുദ്ധരുടെയും മറ്റും സൈബർ ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പൊതുവിദ്യാഭ്യാസ മേഖലയിലുള്ള എല്ലാ ഒാൺലൈൻ ലൈവ് ക്ളാസുകൾക്കും സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്താൻ പൊലീസ് സൈബർ സെല്ലിന്റെ ഭാഗത്തുനിന്ന് പ്രത്യേകമായ ശ്രദ്ധ ആസൂത്രണം ചെയ്യേണ്ടതാണ്.

ഡിജിറ്റൽ പ്ളാറ്റ് ഫോമിലൂടെയുള്ള അദ്ധ്യയനം വീടുകളിലേക്ക് ചുരുങ്ങുമ്പോൾ കുട്ടികൾക്ക് പഠനത്തിനാവശ്യമായ അന്തരീക്ഷം കുടുംബങ്ങളിൽ ഒരുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം രക്ഷിതാക്കളുടെ അതീവ ശ്രദ്ധയുള്ള നിരീക്ഷണവും കുട്ടികൾക്ക് മേൽ ഉണ്ടാവേണ്ടതുണ്ട്. കാരണം ഇന്റർനെറ്റ് എന്ന മഹാസാഗരത്തിൽ വൻചുഴികളും ചതിക്കുഴികളുമുണ്ട്. നമ്മുടെ കുട്ടികളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കേണ്ടത് രക്ഷാകർത്താക്കളുടെ കടമയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE CLASS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.