SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.40 PM IST

കളഞ്ഞു കിട്ടിയ തങ്കം

ramesan-nair

'കളഞ്ഞുകിട്ടിയ തങ്കം' എന്നൊരു പേരുണ്ട് എസ്. രമേശൻ നായർക്ക്. നാലു വയസുള്ളപ്പോൾ കന്യാകുമാരിക്കടുത്ത കൽക്കുളത്തെ വീട്ടിൽ നിന്നും കാണാതായി. അതും ഒരു ഓണാഘോഷ വേളയിൽ. വീട്ടിലെ ഓണാഘോഷങ്ങളൊക്കെ കറുത്തുകരുവാളിച്ചു. പിന്നീട് കുറേ അകലെ ഒരിടത്തുനിന്ന്, ഒരു ഭിക്ഷാടനക്കാരിയിൽ നിന്ന് കണ്ടുകിട്ടി. അങ്ങനെയാണ് കളഞ്ഞുകിട്ടിയ തങ്കം ആയത്. കിട്ടിയത് കൽക്കുളത്തെ ആ കുടുംബത്തിനു മാത്രമല്ല, മലയാളക്കരയ്ക്കാകെയാണ്.

അന്നു കണ്ടുകിട്ടിയില്ലായിരുന്നെങ്കിലോ? മലയാള കവിതയ്ക്ക് എസ്. രമേശൻ നായർ എന്ന പ്രിയപ്പെട്ട കവി ഉണ്ടാകുമായിരുന്നില്ല.

എനിക്ക് സഹോദര തുല്യനായിരുന്നു അദ്ദേഹം. എന്റെ കവിത എവിടെ കണ്ടാലും എന്നെ വിളിക്കും. അതിലെ ഞാൻ കാണാത്ത പ്രത്യേകതകൾ എനിക്കു വിശദീകരിച്ചു തരും. പല പതിറ്റാണ്ടുകൾ നീണ്ട സൗഹൃദമാണ് ഞങ്ങൾക്കിടയിലുള്ളത്. ചില ആഴ്ചകൾക്കു മുമ്പ് ഫോണിൽ വിളിച്ചു. 'സുഖമില്ല, പക്ഷേ ആരോടും പറയേണ്ട.' ഇത്രമാത്രമേ പറഞ്ഞുള്ളൂ. പിന്നെ നീണ്ട മൗനം. ആ മൗനമാണ് വെള്ളിയാഴ്ച മരണത്തിൽ ലയിച്ചത്.

ഇരുപതാം നൂറ്റാണ്ടിലെ ദേവാവതാരമായി ശ്രീനാരാണ ഗുരുവിനെ അവതരിപ്പിക്കുന്ന ഉൽകൃഷ്ട കൃതിയായ 'ഗുരുപൗർണമി'യാണ് എസ്. രമേശൻനായരുടെ മാസ്റ്റർപീസ്! ഗുരുപൗർണമി എന്ന കൃതിക്കാണ് രമേശൻനായർക്കു കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. ശ്രീനാരായണ ഗുരുവിനെ കാലവും ലോകവും വേണ്ടപോലെ അറിഞ്ഞിട്ടില്ലായെന്ന് രമേശൻ നായർ എപ്പോഴും പറയുമായിരുന്നു. ഗുരുവിന്റെ മഹത്വം ലോകത്തെ അറിയിക്കുക എന്നത് തന്റെ ജന്മദൗത്യമാണെന്ന് അദ്ദേഹം കരുതി.

ഗുരുവിന്റെ ജീവിതവും ദർശനവും ഭാവാത്മകമായ കാവ്യദീപ്തിയോടെ അവതരിപ്പിച്ചിട്ടുള്ള കാവ്യാഖ്യായികയാണത്. ജന്മപുരാണം എന്ന കാവ്യാഖ്യായിക യൗവ്വനം കടക്കുന്നതിനു മുമ്പുതന്നെ എഴുതിയിട്ടുള്ള കവിയാണ് രമേശൻ നായർ.

കവിതയിൽ എന്നും പാരമ്പര്യവിശുദ്ധിയുടെ പാതകളിലൂടെ നടന്നു. ഒരു ഫാഷനും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. പുതിയ തലമുറയ്ക്ക് സ്വീകാര്യനാവാൻ അദ്ദേഹം ഒരിക്കലും താൻ അല്ലാതായില്ല. ഭാവാത്മകമായി അദ്ദേഹം എഴുതിയിട്ടുള്ള ശ്ലോകങ്ങൾ, മുക്തകങ്ങൾ എന്നിവയൊക്കെ മലയാള കാവ്യസംസ്‌കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പ്പിന്റെ ഭാഗമാണ്. മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഓരോന്നും ഓരോ നിലയ്ക്കു വ്യത്യസ്തം. നാന്നൂറ്റിയമ്പതു ചലച്ചിത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് മനസുപകർന്നു വയ്ക്കുന്ന തരത്തിലുള്ള പ്രണയ ഗാനങ്ങളാണ്.

ജന്മപുരാണം പോലുള്ള ഉൽകൃഷ്ട കവിതകൾ നേരത്തേ തന്നെ എഴുതിയിരുന്നെങ്കിലും എസ്. രമേശൻ നായർ ശ്രദ്ധേയനായത് ശതാഭിഷേകം എന്ന നാടകത്തിന്റെ രചനയിലൂടെയാണ്. അന്ന് ആകാശവാണിയിലായിരുന്നു ജോലി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയും മകൻ കെ. മുരളീധരനെയും ഇരുവർക്കുമിടയിലെ രാഷ്ട്രീയബന്ധത്തെയും മുൻനിർത്തി ആക്ഷേപഹാസ്യ സ്വഭാവത്തിൽ എഴുതിയതാണ് ഈ കൃതി എന്ന വിമർശനമുയർന്നു. ഏതായാലും രമേശൻ നായർ തന്റെ തട്ടകമായ തിരുവനന്തപുരത്തു നിന്നും സ്ഥലംമാറ്റപ്പെടുകയും പിന്നീട് അദ്ദേഹം അതിന്റെ തുടർച്ചയായി സ്വയം വിരമിക്കുകയായിരുന്നു. പിന്നീടാണ് ചലച്ചിത്ര ഗാനരചനയിലേക്കു കാര്യമായി തിരിഞ്ഞത്.

മലയാള കാവ്യരംഗത്ത് പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിൽ ഉണ്ടായിരുന്ന ബലവത്തായ ഒരു കണ്ണിയാണ് വെള്ളിയാഴ്ച വൈകിട്ട് അറ്റുപോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESAN NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.