SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.36 PM IST

ഐഷയുടെ പരാമർശം രാജ്യദ്രോഹ കുറ്റം തന്നെയാണ്, അന്ന് സംഭവിച്ചത് ഇത്; ലക്ഷദ്വീപ് ച‌ർച്ച വഴിതിരിച്ചുവിട്ട ബി ജെ പിയുടെ യുവമുഖം ബി ജി വിഷ്‌ണു സംസാരിക്കുന്നു...

vishnu

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതോടെ ദ്വീപുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും മറ്റൊരു മുഖം കൈവന്നിരിക്കുകയാണ്. ഐഷ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശമാണ് വിവാദമായത്. സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ അന്ന് ബി ജെ പി പ്രതിനിധിയായി പങ്കെടുത്തത് യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ ബി ജി വിഷ്‌ണുവാണ്. ബി ജി വിഷ്‌ണു കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു...

അന്നത്തെ ചാനൽ ചർച്ചയിൽ ശരിക്കും എന്താണ് നടന്നത്?

കേന്ദ്രസർക്കാർ കൊവിഡിനെ ബയോവെപ്പണായി ലക്ഷദ്വീപിൽ ഉപയോഗിച്ചുവെന്നാണ് ചാൻൽ ചർച്ചയിൽ ഐഷ സുൽത്താന പറഞ്ഞത്. പറഞ്ഞുകഴിഞ്ഞുടൻ ഈ പ്രസ്‌താവന തെറ്റാണെന്നും പിൻവലിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. വാക്‌തർക്കത്തിനിടെ ഇത് ഗൗരവമുളളതാണെന്ന് മോഡറേറ്റർ ഇടപെട്ട് പറഞ്ഞു. പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നോയെന്ന ചോദ്യത്തിന് താൻ അതിൽ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു ഐഷ സുൽത്താന പറഞ്ഞത്. വീണ്ടും വീണ്ടും തർക്കിച്ച് ഇത് പിൻവലിക്കണമെന്നും അല്ലാതെ ചർച്ച മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലെന്നും ഞാൻ പറഞ്ഞു. ചർച്ച അവസാനിക്കാൻ സമയമായപ്പോഴും പ്രസ്‌താവനയിൽ അവർ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് പല മാദ്ധ്യമങ്ങളിലും അവർ ആദ്യം മാപ്പ് പറയുകയും പ്രസ്‌താവന തെറ്റായി ചിത്രീകരിച്ചുവെന്ന് പറയുകയുമൊക്കെ ചെയ്‌തു. പ്രസ്‌താവനയിൽ ഉറച്ച്നിൽക്കുന്നുവെന്ന് പറഞ്ഞ അവർ പിന്നീട് അതും മാറ്റി പറഞ്ഞു.

ഈ വിഷയത്തിൽ താങ്കൾ തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നാണല്ലോ അറിഞ്ഞത്?

രാജ്യദ്രോഹത്തിനും, കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞാൻ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പരാതി നൽകിയത്. അത് യുവമോർച്ചയുടെ ഔദ്യോഗിക പരാതിയാണ്. പിന്നീട് വിവിധ സ്ഥലങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പരാതി നൽകി. നാളിതുവരെ കേരളത്തിലെ പൊലീസ് ആ പരാതികളിൽ കേസെടുക്കാൻ തയ്യാറായിട്ടില്ല.

പരാതികളിൽ പിന്നീട് ഫോളോഅപ്പ് നടത്തിയിരുന്നോ?

കന്‍റോൺമെന്‍റ് സി ഐയെ വിളിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി പറയുന്നില്ല. അത് പരിശോധിക്കുകയാണെന്നും ഒന്നുമായിട്ടില്ലെന്നുമൊക്കെയാണ് അദ്ദേഹം പറയുന്നത്. ഇവിടെ പരാതി നൽകിയ ശേഷമാണ് ലക്ഷദ്വീപ് ബി ജെ പി അദ്ധ്യക്ഷൻ തൊട്ടടുത്ത ദിവസം കവരത്തി പൊലീസിൽ പരാതി നൽകുന്നത്. കവരത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കേരളത്തിൽ പൊലീസ് സംവിധാനം ഇതുവരെ വ്യക്തമായ അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല. അതൊരു വീഴ്‌ചയാണ്. പൊതുയിടത്തിൽ വന്നിരുന്ന് ഇത്തരമൊരു പരാമർശം നടത്തുമ്പോൾ അത് അന്വേഷിക്കാനുളള ബാദ്ധ്യത പൊലീസിനുണ്ട്.

കേസ് രജിസ്റ്റർ ചെയ്യാത്തതിനു പിന്നിൽ രാഷ്‌‌ട്രീയമാണെന്നാണോ കരുതുന്നത്?

കേരളത്തിലെ പൊലീസ് കേസെടുക്കാത്തതിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. അത് സി പി എമ്മിന്‍റെ നിലപാടാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഐഷ സുൽത്താനയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുളള പ്രവർത്തനങ്ങൾക്ക് എൽ ഡി എഫിന്‍റെ പിന്തുണയുണ്ട്. ഒരുപാട് കാലങ്ങളായി രാജ്യത്ത് നിന്ന് ഐസിസിൽ ചേർന്നവരിൽ ഏറ്റവും കൂടുതൽ പോയത് കേരളത്തിൽ നിന്നാണ്. ദ്വീപിന്‍റെ വിഷയം എന്നതിനെക്കാൾ മതപരമായ വിഷയമായി ഇതിനെ മാറ്റാനാണ് ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നത്.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ തുടങ്ങുന്നത്. എന്നാൽ ഐഷ സുൽത്താനയുടെ പരാമർശത്തിൽ പിടിച്ച് സംഭവം വഴിമാറി പോകുന്നതാണ് പിന്നീട് കണ്ടതാണ്. ഇത് വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുളള ബി ജെ പി ശ്രമമല്ലേ?

ലക്ഷദ്വീപ് ഫോറത്തിന്‍റെ വക്താക്കൾ തന്നെ ഐഷ സുൽത്താനയെ തളളിപ്പറഞ്ഞിട്ടുണ്ട്. ഇതൊരു രാജ്യവിരുദ്ധ പരാമർശമാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ചർച്ച ചെയ്യപ്പെടും. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചാണ് വാർത്തകൾക്ക് പ്രാധാന്യം വരുന്നതും അത് പിന്നോട്ട് പോകുന്നതും.

ലക്ഷദ്വീപ് അഡ്‌മിനിസ്‌‌ട്രേറ്ററുടെ പരിഷ്‌കാരങ്ങളെ കേരളത്തിലെ ബി ജെ പി ഘടകം പിന്തുണയ്‌ക്കുമ്പോഴും ലക്ഷദ്വീപ് ഘടകത്തിന് അതിനോട് യോജിപ്പ് ഇല്ലെന്നാണല്ലോ?

അത് നേരത്തെ ബി ജെ പിയിൽ നിന്ന് വിട്ടുപോയ ആൾക്കാരാണ്. അവരാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപ് ബി ജെ പി ഘടകം അഡ്‌മിനിസ്‌‌ട്രേറ്റർക്ക് ഒപ്പം തന്നെയാണ്.

ഈ ഭരണപരിഷ്‌കാരങ്ങളിലൂടെ ബി ജെ പി ശരിക്കും ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്താണ്?

അവിടെ കഴിഞ്ഞദിവസങ്ങളിൽ സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചത് നഴ്‌സിംഗ് കോളേജും ആശുപത്രിയുമൊക്കെ സ്ഥാപിക്കാനാണ്. അവിടെ മത്സ്യവും നാളികേരവുമല്ലാതെ പ്രകൃതി വിഭവങ്ങൾ വളരെ കുറവാണ്. എഴുപത് ശതമാനം ആൾക്കാരും ഇതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടണമെങ്കിൽ ദ്വീപിൽ വികസനപ്രവർത്തനങ്ങളുമുണ്ടാകണം. അത് ടൂറിസവുമായി ബന്ധപ്പെട്ട് മാത്രമേ അവിടെ നടപ്പിലാക്കാൻ പറ്റുകയുളളൂ. മറ്റൊരു മേഖലയുമായി ബന്ധപ്പെട്ട് വികസന പ്രവർത്തനങ്ങൾ അവിടെ നടപ്പിലാക്കാൻ സാധിക്കില്ല. ലക്ഷദ്വീപ് മാത്രമല്ല ആൻഡമാൻ നിക്കോബാറിനെയൊക്കെ ഉൾപ്പെടുത്തി വിശദമായ ഒരു പദ്ധതി കേന്ദ്രം നേരത്തെ തയ്യാറാക്കിയിരുന്നു. അതിനായൊരു വികസന സമിതിയുമുണ്ട്. ആൻഡമാനിൽ പദ്ധതി പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോവുകയാണ്. അവിടെ പ്രത്യേകിച്ച് എതിർപ്പൊന്നുമില്ല.

രാജ്യദ്രോഹ കേസിൽ ഹൈക്കോടതിയുടെ ഒരു ഉത്തരവ് ഇപ്പോൾ വന്നിട്ടുണ്ടല്ലോ. അതിനെ എങ്ങനെയാണ് നോക്കികാണുന്നത്?

സി പി എമ്മാണ് ഐഷ സുൽത്താനയ്‌ക്ക് നിയമപരമായ സഹായവുമായി കോടതിയിലെത്തിയത്. അവർക്ക് അനുകൂലമായ ഒരു വിധി കോടതിയിൽ നിന്നുണ്ടായിട്ടില്ല. അവരോട് പൊലീസിന് മുന്നിൽ ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ കേസ് നിലനിൽക്കുമെന്ന് അവരുടെ അഭിഭാഷകന് തന്നെയറിയാം. കാരണം അത്തരമൊരു പരാമർശമാണ് അവർ നടത്തിയിട്ടുളളത്. പ്രഥമദൃഷ്യട്യാ പരാമർശത്തിൽ തെറ്റുണ്ടെന്ന് കോടതിയ്ക്ക് മനസിലായത് കൊണ്ടാണ് അവരോട് ലക്ഷദ്വീപ് പൊലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളം കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. ഇതിനെ പ്രതിരോധിക്കാൻ ബി ജെ പി എന്തെങ്കിലും ആസൂത്രണം ചെയ്യുന്നുണ്ടോ?

കേരളത്തിൽ സി പി എം ഒരു വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ട്. അതിനു കരുത്ത് പകരാൻ വേണ്ടിയാണ് മതപരമായ വിഷയമായി ഇതിനെ ഉയർത്തി ജനങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്നത്. യു ഡി എഫും എൽ ഡി എഫും കേരളത്തിൽ ഈ വിഷയത്തെ വഷളാക്കുകയാണ്. ഇന്‍റർനെറ്റ് അടക്കമുളള വിഷയങ്ങളിൽ ലക്ഷദ്വീപ് ജനത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണും. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന സമയത്താണ് ദ്വീപ് ജനതയുടെ യാത്ര പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത്.

ഇന്‍റർനെറ്റിന് പരിഹാരം കാണുമെന്ന് പറയുന്ന നിങ്ങളല്ലേ അവിടെ ഈ സമരമൊക്കെ നടന്നപ്പോൾ നെറ്റിന്‍റെ വേഗത കുറച്ചത്?

ഇല്ല, അവിടെ 4ജി നെറ്റ് ലഭിക്കുന്നത് കവരത്തിയിൽ മാത്രമാണ്. മറ്റ് ദ്വീപുകളിലൊന്നിലും 4ജി സംവിധാനം എത്തപ്പെട്ടിട്ടില്ല. ഇതിനു പരിഹാരം കാണാൻ അയ്യായിരം കോടിയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതിനുവേണ്ടി ഒപ്‌ടിക്കൽ ഫൈബർ‌ കണക്‌ടിവിറ്റി വർദ്ധിപ്പിക്കാനുളള തീരുമാനവുമെടുത്തിട്ടുണ്ട്.

ഓലയും തേങ്ങയും വരെ സ്വന്തം പറമ്പിൽ ഇടരുതെന്ന് പറയുന്ന ഒരു ഭരണകൂടത്തെ എങ്ങനെയാണ് ജനങ്ങൾ അംഗീകരിക്കുന്നത്?

അതൊക്കെ തെറ്റിദ്ധാരണ മുലം പറയുന്ന കാര്യങ്ങളാണ്. നാളികേരം അവിടത്തെ പ്രധാനപ്പെട്ട ഉത്‌പനമാണ്. തെങ്ങിന്‍റെ മറ്റ് ഉത്പനങ്ങൾ, തൊണ്ട് മുതലയാവ അവിടെ കൃത്യമായി സംസ്‌‌കരിക്കപ്പെടുന്നില്ല. ഇത് പലപ്പോഴും കൂട്ടിയിടുകയാണ്. ദ്വീപ് സന്ദർ‌ശിക്കുന്ന ആർക്കും ഇത് മനസിലാകും.

പ്രഫുൽ പട്ടേലിന് പിന്നിലെ കടിഞ്ഞാൺ ബി ജെ പി തന്നെയാണോ? അതോ ചിലർ പറയും പോലെ മോദിക്കും നിയന്ത്രിക്കാൻ പറ്റാത്ത ശക്തിയാണോ ഇദ്ദേഹം?

അദ്ദേഹത്തിന്‍റെ അധികാര പരിധിയിൽ നിന്നുകൊണ്ടുളള വികസന പ്രവർത്തനങ്ങളാണ് അവിടെ നടത്തുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെടുക്കുന്ന തീരുമാനത്തിനപ്പുറം ഈ രാജ്യത്ത് ഒരാൾക്കും ഒരു തീരുമാനവുമെടുക്കാനാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHADWEEP, AISHA SULTHANA, BJP, PRABHUL PATEL, B G VISHNU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.