SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.18 PM IST

കഥ: ചന്ദ്രമണ്ഡലത്തിലെ കരിമ്പൂച്ച

ee

''ചന്ദ്രാ,നല്ല ഒന്നാംന്തരം വാറ്റുണ്ടെടാ, ഏലായിലെ ശശി കൊണ്ടുവന്ന കരിമ്പൂച്ചയെയിട്ട് വാറ്റിയതാടാ എണീരെടാ...""

ചെല്ലൻ തട്ടിവിളിച്ചപ്പോഴാണ് പാതിരാത്രിയിൽ ചന്ദ്രൻചേട്ടൻ പേടിച്ചുവിറച്ച് ചാടിപ്പിടഞ്ഞെണീറ്റത്. താഴെ പായിൽകിടന്നിരുന്ന ലീലാമ്മ എന്തോ ശബ്‌ദംകേട്ടുണർന്നു ലൈറ്റിട്ടപ്പോൾ കണ്ടത് വിയർത്ത് വിറങ്ങലിച്ച് കട്ടിലിലിരുന്നു പിച്ചും പേയും പറയുന്ന ചന്ദ്രേട്ടനെ.

''എന്താ മനുഷ്യാ എന്തുപറ്റി?""

അയാളൊന്നും മിണ്ടാതെ ഏതോ സ്വപ്‌നലോകത്തെന്നപോലെയിരുന്നു. ലീലാമ്മ മൊന്തയിലെ വെള്ളമെടുത്ത് വിറയ്‌ക്കുന്ന അയാളുടെ കയ്യിൽ കൊടുത്തു. അതു വായിലേക്കുകമിഴ്‌ത്തി നാലഞ്ചുകവിൾ വെള്ളം കുടിച്ചിട്ട് മൊന്ത തിരിച്ചുകൊടുത്ത് അയാൾ പുതപ്പെടുത്ത് തലവഴിമൂടി വീണ്ടും കിടന്നു. കുറച്ചുനേരത്തേക്ക് അനക്കമൊന്നുമില്ല.

''എടീ ലീലാമ്മോ, ഏലേലെ ശശിക്കെങ്ങനെയുണ്ട്?""

മുഖത്തുനിന്നു പുതപ്പു മാറ്റാതെ ചേട്ടൻ പതുക്കെ ചോദിച്ചു.

''ങ്ങള് ഉറങ്ങിയില്ലേ, അയാളിപ്പോഴും ആശുപത്രിയിൽ അതേ കിടപ്പാണ് വലിയ കുറവൊന്നുമില്ല. ഇടയ്‌ക്കിടയ്‌‌ക്ക് ശ്വാസം മുട്ടലങ്ങ് കൂടുമെന്നാ സരസ്വതി പറഞ്ഞത്.""

അയാളിൽ നിന്നൊരു ദീർഘനിശ്വാസമുയർന്നു. ആറ്റിൽ വെള്ളമൊഴുക്ക് കൂടുതലുണ്ടാകുമ്പോഴുള്ള ആ ശബ്‌ദവും ചീവീടുകളുടെ കരച്ചിലും മാത്രം.

"ചെറുക്കൻ വിളിച്ചാരുന്നോടീ?"

അടുത്ത ചോദ്യം.

"ആ നിങ്ങളുറങ്ങിക്കഴിഞ്ഞാ വിളിച്ചത്.""

"അവനവിടെ കൊഴപ്പമൊന്നുമില്ലല്ലോ?""

''ഇല്ല, നിങ്ങളിവിടെ കൊഴപ്പാമൊന്നുമുണ്ടാക്കാതെ അകത്തുതന്നെ ഇരിക്കണേന്ന് പറയാൻ പറഞ്ഞു. എവിടെ മൂക്കിൽ തുണിപോലും കെട്ടാതല്ലേ കാലുപറിച്ചു പായുന്നത്.""

അവർ പതുക്കെയെണീറ്റുചെന്ന് കട്ടിലിലിരുന്ന് അയാളുടെ മുഖത്തുനിന്ന് പുതപ്പുമാറ്റി നെറ്റിയിൽ കൈവച്ചുനോക്കി. ''ചെറിയ ചൂടുണ്ടോ?""

അയാൾ ഈർഷ്യയോടെ അവരുടെ കൈ പിടിച്ചെറിഞ്ഞിട്ട് പുതപ്പ് പിടിച്ചുവലിച്ചെടുത്ത് വീണ്ടും മുഖംവഴി മൂടിപ്പുതച്ചുകിടന്നു. വീണ്ടുമങ്ങനെ മൂടിപ്പുതച്ചു കിടന്നെങ്കിലും ചെല്ലനും കരിംമ്പൂച്ചയും കോഴികൂവും വരെ അയാളിൽ നിന്ന് ഒഴിഞ്ഞുപോയില്ല. പിറ്റേന്നു രാവിലെയായപ്പോഴേക്കും ചന്ദ്രൻചേട്ടന് നല്ല പനിയും വിറയലും തലചുറ്റലും. അതിയാൻ്റെ ശരീരമാകെ കിടാകിടാന്ന് വിറയ്‌ക്കുന്നു.

''കർത്താവേ ചതിച്ചോ?""

ലീലാമ്മ വിളിച്ചുകൂവി അയലത്തുകാരേയും നാട്ടുകാരെയുമെല്ലാം വിവരമറിയിച്ചു.

''ഇങ്ങേർക്ക് കൊറോണ.""

ഞങ്ങളും മറ്റ് അയൽക്കാരും കരുണാകരൻചേട്ടനും ഗോപി മെമ്പറും കൂടി നിർബന്ധിച്ചപ്പോഴാണ് അന്ന് ലീലാമ്മ ചന്ദ്രൻചേട്ടനെ ഷർട്ടും മുണ്ടും മാസ്‌കും ധരിപ്പിച്ച് ജോൺസൻ്റെ ഓട്ടോയിൽ ഹെൽത്ത്സെന്ററിൽ ആന്റിജൻ പരിശോധനക്ക് കൊണ്ടുപോയത്. "സിംഹംപോലെ നടന്നിരുന്ന ചന്ദ്രേട്ടന്റെ നനഞ്ഞ കോഴിയെപ്പോലുള്ള ഇരിപ്പുകണ്ട് ഞങ്ങളും മറ്റ്അയൽക്കാരും ഉറപ്പിച്ചു....

"ഇത് മറ്റേതുതന്നെ...""

വീടു നോക്കുന്നവൻ, നല്ല അദ്ധ്വാനി. ചേട്ടന് ആകെ ഒരു ദുശ്ശീലമേയുള്ളു. ദിവസവും ഇത്തിരി അടിയ്‌ക്കണം. കണ്ടാൽ കഴിച്ചതാണന്നാരും പറയില്ല.

കോളനിക്കാർക്കെല്ലാം നല്ല അഭിപ്രായം മാത്രം. പത്തിരുപതുകൊല്ലം മുമ്പാണ് ചന്ദ്രേട്ടൻ ലീലാമ്മയുമായി കോളനിയിൽ എത്തുന്നത്. കോട്ടയത്തെ ഏതോ ക്രിസ്‌ത്യൻ തറവാട്ടിലെ അവരെ റബ്ബർ വെട്ടാൻ ചെന്ന ചന്ദ്രൻചേട്ടൻ അടിച്ചോണ്ട് പോന്നതാണെന്നാണ് കേൾക്കുന്നത്. എന്തായാലും ഇപ്പോൾ അവർക്ക് ഇരുപതുവയസുള്ള ഒരു മകനുണ്ട്. ഇതുവരെയും ലീലാമ്മയെ തിരക്കി വീട്ടുകാരാരും ഇവിടെങ്ങും വന്നിട്ടില്ല. ആദ്യം വാടകയ്‌ക്കായിരുന്നു താമസം, പിന്നെ ആറ്റിറമ്പത്ത് താമസിച്ച ഒരുകുടുംബം കോളനി വിട്ടുപോയപ്പോൾ ആ വീടും അഞ്ചുസെന്റ് പറമ്പും വിലക്കു വാങ്ങി. മകനെ നല്ലരീതിയിൽ പഠിപ്പിച്ചു ചെറുക്കനിപ്പോൾ ബാംഗ്ലൂര് പഠിക്കുകയും ജോലിചെയ്യുകയും കൂടി ചെയ്യുന്നു.

നേരത്തെ അവരുടെകൂടെ ചേട്ടന്റെ വയസായ അമ്മയുണ്ടായിരുന്നു, തങ്കമ്മത്തള്ള.

ആറ്റിൽ കുളിയ്‌ക്കാൻ പോയതാ കാൽ വഴുതിയൊന്നുവീണു. പിന്നെ നൂന്നിട്ടില്ല, കുറെനാള് ഒരേ കിടപ്പ്. ലീലാമ്മ ദിവസേന കുരുശടിയിൽ കത്തിച്ച മൊഴുകുതിരിയുടെ ഫലം കൊണ്ടാവും ഒരുദിവസം തള്ള കിടന്നുതൂറുന്ന പരിപാടി നിർത്തി, പിറ്റേദിവസം പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്ന പരിപാടിയും. ഹെൽത്ത് സെന്ററിൽ ചെന്ന് സ്രവം കൊടുത്തിട്ട് തിരികെവന്ന് കുടിയ്‌ക്കാൻ കഞ്ഞി കൊടുത്തപ്പോൾ വായ്‌ക്ക് രുചി തോന്നാത്തതിനാലും തലചുറ്റൽ തോന്നിയതിനാലും കുറച്ചു വെള്ളംമാത്രം കുടിച്ചയാൾ കട്ടിലേക്കേറി പഴയതുപോലെ മുടിപ്പുതച്ചു കിടന്നു.

സംഭവിച്ചെതെല്ലാം പിന്നീടൊരു ദിവസം ചന്ദ്രൻ ചേട്ടൻ തന്നെയാ എന്നോടുപറഞ്ഞത്. ലോക്ക് ഡൗണായിരുന്നതിനാൽ എനിക്ക് അലൂമിനിയം ഫാബ്രിക്കേഷൻ പണിയുണ്ടായിരുന്നില്ല. അപ്പോഴാണ് പമ്പ് ഓപ്പേററ്റർ സാറ് വിളിച്ചുപറയുന്നത്. "മോനെ... വാക്‌സിനെടുക്കാൻ പോണം, ഞാൻ വരാൻ കുറച്ചുവൈകും, മോട്ടറൊന്നടിക്കണേ.""

ഞങ്ങളുടെ വീട്ടിലാണേ പമ്പ് ഹൗസിന്റെ താക്കോൽ സൂക്ഷിക്കുന്നത്. മോട്ടറടിക്കാൻ പോകുന്നത് എനിക്കൊത്തിരി ഇഷ്‌ടമുള്ള കാര്യമായിരുന്നു ആരെയും കൂസാതെ പമ്പ് ഹൗസിലിരുന്നു അക്കരക്കടവിലെ കുളിസീനുകൾ കാണാം. വെള്ളംവരവ് കൂടുതലായതിനാൽ സീനുകൾ കുറവായിരിക്കുമെങ്കിലും പ്രതീക്ഷ കൈവിടാതെ സാറിനോട് ഒ.കെ പറഞ്ഞു. പമ്പ്ഹൗസ് തുറന്നു മോട്ടോർ ഓണാക്കിയിട്ട് കിഴക്കോട്ടുള്ള ജനൽ മലക്കെതുറന്ന് നയനസുഖമുള്ള കാഴ്‌ചക്കായി പരതുമ്പോഴാണ് പുറത്തൊരു കാൽപ്പെരുമാറ്റം, ചന്ദ്രേൻ ചേട്ടൻ. ആറിന്റെ തീരത്ത് പമ്പ് ഹൗസിന് തെക്കുവശത്തായാണ് ചേട്ടനും കുടുംബവും താമസിക്കുന്നത്.
''അസുഖമൊക്കെ മാറി. ഇപ്പോൾ സുഖമായല്ലോ ചേട്ടാ...""

മുഖത്ത് നല്ല ക്ഷീണം കണ്ടപ്പോഴാണ് കുശലാന്വേഷണം അങ്ങനെയായത്.

''എന്തോ പറയാനായെന്റെ ചെറുക്കാ, ഒരോരോ കാലക്കേട്.""

കസേര മാറ്റിയിട്ട് പുള്ളി സൂക്കേട് വന്ന വഴി പറയാൻ തുടങ്ങി. കുറച്ചുദിവസമായി ആരോടും മിണ്ടാതെയും പറയാതെയുമിരുന്നതിന്റെ കേട് ആ ചോദ്യത്തിനുത്തരമായി പുള്ളിയങ്ങ് തീർത്തു. നീയിനിയിതൊന്നും വേറെയാരോടും പറയാൻ നിൽക്കേണ്ടാന്നും പറഞ്ഞാണ് ചേട്ടൻ തുടങ്ങിയത്. രാത്രിയിൽ ചേട്ടൻ പേടിച്ച് വിറച്ചെണീറ്റദിവസം പകൽ ഏതാണ്ട് ഉച്ചകഴിഞ്ഞ് മൂന്നുമണിയായിക്കാണും. ലീലാമ്മ നോക്കുമ്പോൾ ചന്ദ്രൻചേട്ടൻ വടക്കോട്ട് വച്ചുപിടിക്കുന്നു. ''നിങ്ങളിത് എങ്ങോട്ടാ മനുഷ്യാ... രോഗം കൂടി ആൾക്കാരെല്ലാം ചത്തു കൊണ്ടിരിക്കുകയാ, ആരും വെളിയിൽ ഇറങ്ങരുതെന്നാ സർക്കാര്‍ ഓർഡര്‍, അങ്ങോട്ടുചെല്ല് പോലീസ് പിടിച്ചോളും അതുമല്ലെങ്കിൽ കൊറോണ...""

ലീലാമ്മ വെപ്രാളപ്പെട്ട് അയാളെ തടയാൻ ശ്രമിച്ചെങ്കിലും നീ പോടീ പുല്ലേ, പോലീസ് തൊലിക്കുമെന്ന് പറഞ്ഞു കഴുത്തിൽക്കിടന്ന തോർത്തെടുത്ത് തലയിൽകെട്ടി ചേട്ടൻ മുളവേലി മാറ്റി റബ്ബർത്തോട്ടത്തിലൂടെ ഒറ്റനടത്തം. പോ പോയി കൊറോണയും കൊണ്ടുവാന്ന് പറഞ്ഞ് ലീലാമ്മ കലിതുള്ളി അകത്തേക്ക് കയറിയപ്പോഴാവും കസേരയിൽ കിടക്കുന്ന മാസ്‌ക്ക് അവർ കണ്ടത്.

അതുമെടുത്തുകൊണ്ട് ''എടാ.. കാലാ ഇതോടിട്ടോണ്ട് പോടോ..."" എന്നു വിളിച്ചുകൂവിപ്പറഞ്ഞു കൊണ്ടവർ വേലിക്കൽ വരെ ചെന്നെങ്കിലും തിരിഞ്ഞുപോലും നോക്കാതെ അയാൾ റബ്ബർതോട്ടത്തിലൂടെ നടന്നുപോയി, തന്റെ തലവിധിയെ പഴിച്ചോണ്ട് ലീലാമ്മ അകത്തോട്ടും. മഴ കനത്തതിനാൽ ആറ്റുതീരത്തുള്ള രണ്ടേക്കറിൽ കിടക്കുന്ന തോമാച്ചന്റെ റബ്ബറും വെട്ടേണ്ടാന്നു പറഞ്ഞതോണ്ട് രണ്ടുദിവസമായി ചന്ദ്രൻചേട്ടൻ ഒരു പണിയുമില്ലാതെ ഒരേ കെടപ്പായിരുന്നു. എല്ലാ ദിവസവും വെട്ടും കഴിഞ്ഞ് കടത്തുവള്ളത്തിൽ ആറുകടന്ന് ബിവറേജിൽ പോയി ഒരു ചെറുതും വാങ്ങിവന്നു ഒറ്റക്കിരുന്നടിക്കുന്നതാണ് ശീലം. കുടിയ്‌ക്കുന്നതിന് കൂട്ടുപിടിക്കുന്നത് ലീലാമ്മക്കും ചെക്കനുമിഷ്‌ടമല്ല. കോവിഡും ലോക്ഡൗണുമൊക്കെയായതോടെ ബിവറേജുംപൂട്ടി. നാടെങ്ങും രോഗം, കഴിഞ്ഞദിവസം 'പുല്ല് വേണ്ടാ" ന്നങ്ങ് തീരുമാനിച്ചതാപോലും, പക്ഷേ പറ്റുന്നില്ല, ആകെയൊരു അസ്വസ്ഥത, തൊണ്ടവരൾച്ച. എക്സൈസുകാര്‍ പിടിച്ചതിൽപ്പിന്നെ കടയിലെ സുരയും വാറ്റ് പരിപാടി നിർത്തി. ആറ്റിൻകരയിലൂടെ കാട്ടിലേക്കുള്ള നടപ്പാതയിൽക്കൂടി ഒരു കിലോമീറ്റർ നടന്നാൽ കാടിനോട് ചേർന്നുള്ള ചെല്ലന്റെ ഷെഡ്ഡിൽ നല്ല സ്വയംബൻ വാറ്റ് കിട്ടുമെന്ന് കഴിഞ്ഞവർഷം ലോക്ക് ഡൗണിന്റെ സമയത്ത് വള്ളക്കാരൻ പൗലോസാണ് പറഞ്ഞുകൊടുത്തത്. മുട്ടുവന്നപ്പോൾ രണ്ടുമൂന്നുതവണ പോയിട്ടുണ്ട്. അരവാങ്ങിക്കൊണ്ടുവന്നാൽ രണ്ടു ദിവസമടിക്കാം 400 രൂപ കൊടുത്താലെന്താ പന്തംപോലെ കത്തും പോലും. പമ്പ് ഹൗസിനടുത്തെത്തിയപ്പോൾ മോട്ടോറിന്റെ ശബ്‌ദം കാതടപ്പിച്ചു.

ഓണാക്കിയിട്ട് ഓപ്പറേറ്റർ സാറ് ജനാലക്കരികിൽ വാരിക കയ്യിൽ വച്ചിരിക്കുന്നു. കണ്ണ്, മൂക്കറ്റത്തിരുന്ന കണ്ണാടിയുടെ ലെൻസിന് മുകളിൽക്കൂടി അക്കരക്കടവിലായിരുന്നു. അത് പറഞ്ഞപ്പോഴാണ് ഞാൻ പതുക്കെയെണീറ്റ് ചേട്ടനിരുന്നതിനടുത്തുള്ള തടിപ്പെട്ടിയിൽ ചെന്നിരുന്ന് തുറന്നിട്ട ജനാലയിലൂടെ അക്കരയിലെ റബ്ബർമരങ്ങളുടെ തലപ്പുകളുടെ ചാഞ്ചാട്ടം വെറുതെ നോക്കിക്കൊണ്ടിരുന്നത്. മുമ്പിലെ കമ്യൂണിസ്റ്റുപച്ചയെ വകഞ്ഞു മാറ്റിക്കൊണ്ട് ചേട്ടൻ വീണ്ടും മുന്നോട്ടുനടന്നപ്പോഴാണ് ആറ്റിൽ ചൂണ്ടയിട്ടോണ്ടിരുന്ന കോളനിയിലെ മോഹനന്റെ മോന്റെ കുശലാന്വേഷണം. ഇതിലൊക്യേ എങ്ങോട്ടാന്ന്... വടക്കിത്തിരി മരം വെട്ടാനുണ്ടെന്ന് പൗലോസ് പറഞ്ഞു, ഒന്നുനോക്കീട്ടും വരട്ടെയെന്ന് പറഞ്ഞു രക്ഷപ്പെട്ടു.

ഈ അടാപിടി മഴയത്താരാണ് റബ്ബറ് വെട്ടിക്കുന്നതെന്ന് ചെറുക്കൻ ചോദിക്കുമെന്ന് ചേട്ടൻ കരുതിയെങ്കിലും ഭാഗ്യത്തിന് ചോദിച്ചില്ല പോലും റബ്ബർ മരങ്ങൾക്കിടയിലൂടെയുള്ള ആ വഴിയിൽ ആരേയും കണ്ടില്ല. ജനവാസം തീരെ കുറഞ്ഞയിടം. ചേട്ടൻ നടത്തത്തിന്റെ വേഗത കൂട്ടി. ചെല്ലന്റെ ഷെഡ് ഒരൊറ്റപ്പെട്ട സ്ഥലത്തായിരുന്നു അടുത്തെങ്ങും മറ്റുവീടുകളൊന്നും ഉണ്ടായിരുന്നില്ല. എവിടെ നിന്നോ വന്നു, കാടിനോടുചേർന്ന് അഞ്ചു സെന്റ് കുറഞ്ഞവിലയ്‌ക്ക് കിട്ടിയപ്പോൾ വാങ്ങിയതാണ് പോലും. കട്ട കെട്ടി ഷീറ്റിട്ട വീട്. വീടിനടുത്തെത്തി, മുറ്റത്ത് പ്ലാസ്റ്റിക് കവറിനാൽ മൂടപ്പെട്ട രണ്ടുരൂപങ്ങൾ, ബഹിരാകാശ സഞ്ചാരികളേപ്പോലെ. കുറെയകലെയായി രണ്ടു പൊലീസുകാരും മറ്റു രണ്ടുപേരും. പെട്ടെന്ന് ചന്ദ്രേട്ടൻ മടക്കികുത്തിയിരുന്ന കൈലിമുണ്ട് ഒന്നൂടെപൊക്കി ചെറുവട്ടക്കൂട്ടങ്ങൾക്കും പുല്ലാഞ്ഞികൾക്കുമിടയിൽ കുത്തിയങ്ങിരുന്നു.

അവർ നിന്നിടത്തുനിന്ന് കുറേക്കൂടി മാറി ഒരു ജെ.സി.ബി തുമ്പിക്കൈകൊണ്ട് ഭൂമി തുരന്നുകൊണ്ടിരിക്കുന്നു. മുമ്പിലെ കാഴ്‌ചയ്‌ക്ക് തടസമായിരുന്ന വട്ടയിലകൾ ഒതുക്കി അയാൾ നോക്കി. വീടിനകത്തുനിന്ന് ചെല്ലന്റെ ഭാര്യയും ചെക്കനും കൂടി കയ്യിലും കാലിലും പിടിച്ചുകൊണ്ട് വളരെ പാടുപെട്ട് ഒരുചാക്കുകെട്ട് പൊക്കിക്കൊണ്ടു വരുമ്പോലെ ആരെയോ എടുത്തോണ്ട് വരുന്നു. കൊറച്ചൂടെ കഴിഞ്ഞാണ് അത് ചെല്ലനെ തന്നെയാണന്ന് ചേട്ടന് മനസിലായത്.... അയാൾ തന്നെയാണല്ലോ നോക്കുന്നത്. ചെല്ലൻ, തന്നെ ദാ.. തലയാട്ടി വിളിക്കുന്നു. ഇയാളിതെങ്ങനെ എന്നെ കണ്ടു. ചേട്ടന് സംശയം.

"വാടോ നല്ല സ്വയംബൻ ഇരുപ്പുണ്ടെന്നാണോ? അതോ വന്നൊന്ന് രക്ഷിക്കടോന്നാണോ?""

ഒരു പിടിയുമില്ല. മുതുക് കട്ടിളപ്പടിയിൽ ശക്തിയായിട്ടിടിച്ചപ്പോഴും അയാളനങ്ങിയില്ല.

''എളുപ്പം വാടോ, രക്ഷിക്കടോ.""

എന്നപോലെ ഒന്നൂടെ തലകൊണ്ട് വിളിച്ചതുപോലെ ചേട്ടനപ്പോഴും തോന്നി. കൊലുന്നനെയുള്ള ചെക്കനും തള്ളേംകൂടി ഒരുവിധം അയാളെ കട്ടിളപ്പടിയ്‌ക്കിപ്പുറം കൊണ്ടുവന്നപ്പോഴും ഭാരം താങ്ങാനാവാതെ അവർ പൊത്തോന്നു താഴെയിട്ടപ്പോഴും അയാൾ ദയനീയമായി ചേട്ടനെ നോക്കിക്കൊണ്ട് കിടന്നു. പെണ്ണുമ്പുള്ള കുനിഞ്ഞ് മാക്‌സിയുടെ തുമ്പ് പൊക്കി മൂക്കുചീറ്റി തുടച്ചിട്ട് തലയിൽ കൈവെച്ചുകൊണ്ടും ചെക്കൻ ഭിത്തിയോട് ചേർന്നുംനിന്നും കൈ മടക്കി തലയിൽവെച്ച് ഏങ്ങലടിച്ച് കരഞ്ഞോണ്ടു നിന്നപ്പോഴാണ് കവറിട്ട മനുഷ്യൻ ചെല്ലനെ കുറച്ചുകൂടി മുന്നോട്ട് മാറ്റിയിടാനും ജെ.സി.ബിയോട് അടുത്തോട്ടുവരാനും ആഗ്യം കാട്ടിയത്. ചെറുക്കനും തള്ളയുംകൂടി പൊക്കാൻ നോക്കിയിട്ട് കട്ടശരീരമുള്ള ചെല്ലനൊട്ട് പൊന്തൊന്നേ. വയറും വീർത്തിട്ടുണ്ട്. ഒടുവിൽ കവറു ധരിച്ചയാൾ പറഞ്ഞതനുസരിച്ച് അവർ കരഞ്ഞുകൊണ്ട് ചെല്ലനെയുരുട്ടിയുരുട്ടി കൊണ്ടുപോയപ്പോഴും ആ കൈകൾ ചേട്ടന് വിളിക്കുമ്പോലെ ചലിച്ചുപോലും. ജെ.സി.ബിയുടെ തുമ്പിക്കയ്യുടെ അറ്റത്തുള്ള പിളർന്നവായിലേക്ക് ഒരുവിധം തള്ളിയിട്ടുകൊടുത്തു.

അത് തോണ്ടിയെടുത്തയാളെ കൊണ്ടുപോയപ്പോൾ അവർ അലമുറയിട്ടു കരയാൻതുടങ്ങി. ചെല്ലനെ ചത്തപട്ടിയെ കുഴിയിലേക്കിടുമ്പോലെ തട്ടിയിട്ടിട്ട് വശങ്ങളിൽക്കിടന്ന മണ്ണ് കുഴിയിലേക്ക് ജെ.സി.ബി നീക്കിയിടാൻ തുടങ്ങിയപ്പോഴാണ് അടുത്തുള്ള പൊന്തക്കാട്ടിൽ നിന്ന് ഒരു കരിമ്പൂച്ച ചേട്ടന് മുമ്പിലായി വന്നുവീണതും ചേട്ടനെ നോക്കി വല്ലാത്തൊരു ശബ്‌ദമുണ്ടാക്കിയിട്ട് പിടഞ്ഞിണീറ്റ് ഓടിയതും. ഞെട്ടി, ഉഷ്‌ണിച്ചുവിയർത്ത ചേട്ടൻ തലയിൽക്കെട്ടിയിരുന്ന തോർത്തെടുത്ത് മൂക്കും വായയുമടക്കം ചുറ്റിയൊരു കെട്ടുകെട്ടിയിട്ട് ചാടിയെണിറ്റീട്ട് തെക്കോട്ടൊരു ഓട്ടമായിരുന്നു. കാടുംപടലും ചവിട്ടിമെതിച്ചുകൊണ്ടും കുറ്റിച്ചെടികളാകുന്ന പ്രതിബന്ധങ്ങളൊക്കെ ചാടിക്കടന്നും വാണംവിട്ടതുപോലെയുള്ള ഓട്ടം.

റബ്ബർക്കൂട്ടങ്ങൾക്കിടയിൽ ഇരുട്ടുവീഴാൻ തുടങ്ങിയിരുന്നതിനാൽ ആ മാരത്തോൺ ആരും കണ്ടില്ല, അപ്പോഴേക്കും പമ്പ്ഹൗസും പൂട്ടിയിരുന്നു. വേലി കടന്ന് ചന്ദ്രൻ ചേട്ടൻ ഓടിവന്ന് വീട്ടിൽ കയറുമ്പോൾ ഭാഗ്യം ലീലാമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോയിരിക്കുകയായിരുന്നു. മുഖത്തുകെട്ടിയിരുന്ന തോർത്തഴിച്ച് ശരീരമാകെയൊന്ന് തുടച്ച് കാലുംമുഖവുംപോലും കഴുകാതെ അയാൾ കട്ടിലേക്കേറി ഒറ്റക്കെടപ്പ്. വെള്ളോം ചുമന്നോണ്ടു വന്ന ലീലമ്മ കട്ടിലെക്കിടക്കുന്ന ചന്ദ്രേട്ടനെ കണ്ടപ്പോഴാണ് ആ വെളിപ്പെടുത്തൽ നടത്തിയത്

''ആ വന്നോ, മനുഷ്യാ. എവിടായിരുന്നു...നിങ്ങള് അറിഞ്ഞോ കാട്ടിറമ്പത്ത് താമസിച്ചിരുന്ന ഏതോ ഒരു വാറ്റുകാരന്റെ വീട്ടിൽ അയാൾക്കും തള്ളയ്‌ക്കും മോനുമെല്ലാം കൊറോണായായിരുന്നു. ഇന്

നയാള് ചത്തപ്പോഴാണ് അസുഖമായിരുന്നെന്നുപോലും അറിയുന്നതെന്ന്...""

ചേട്ടനനങ്ങിയില്ല. വെള്ളോം കലോം അടുക്കളയിൽ കൊണ്ടുവച്ചിട്ട് കട്ടിലിനടുത്തേക്കുവന്ന ലീലാമ്മാ 'കൂച്ചാനൊങ്ങാനം ആ ഭാഗത്തെങ്ങാനും പോയിരുന്നോ മനുഷ്യാ... എന്നുചോദിച്ചപ്പോൾ ഉള്ളൊന്ന് ആളിയെങ്കിലും ചേട്ടൻ അനങ്ങിയില്ല പോലും മുടിപ്പുതച്ചങ്ങ് കിടന്നു, ഉള്ളിലെ കിടുകിടുപ്പ് ഇരട്ടിച്ചു. രാത്രിയിൽ ചക്ക വേവിച്ചതും കഞ്ഞിയുമെടുത്തുവച്ച് ലീലമ്മ ഒത്തിരി വിളിച്ചിട്ടും അയാൾ എണീറ്റില്ല. പതംപറഞ്ഞും കരഞ്ഞുമിരുന്ന ലീലാമ്മ ഒടുവിൽ ദേഷ്യം വന്നിട്ട് അത്താഴോം കഴിച്ചിട്ട് പാത്രമൊക്കെ കഴുകിപ്പെറുക്കിവച്ചിട്ട് കർത്താവേ രക്ഷിക്കണമേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ച് കിടന്നു. കണ്ണീലോട്ടുറക്കം പിടിച്ചപ്പോഴാണ് ചന്ദ്രൻ ചേട്ടൻ ചാടിയെണീറ്റിരുന്ന് പിച്ചുംപേയും പറയുന്നതുകണ്ടത്. ആശുപത്രിയിൽ നിന്ന് ലീലാമ്മയുടെ പഴയ നോക്കിയഫോണിലേക്ക് വിളിവന്നപ്പോഴേക്കും ലീലാമ്മ കുരിശടിയിലേക്ക് പത്താമത്തെകവർ മെഴുകുതിരിയും നേർന്നുകഴിഞ്ഞിരുന്നു... നെഗറ്റിവ്, എങ്കിലും നാലുദിവസം കഴിഞ്ഞൊന്നൂടെ പരിശോധിക്കണം.... ലീലാമ്മയിൽ ദീർഘനിശ്വാസം. ചന്ദ്രൻ ചേട്ടന്റെ പനിക്കും കുളിരിനും ഒരു കുറവുമില്ലാത്തതിനാൽ അഞ്ചാംദിവസവും രാവിലെതന്നെ ലീലാമ്മ അയാളെ കൊണ്ടുപോയി സ്രവം കൊടുത്തു, അപ്പോഴും ഫലം നെഗറ്റീവ്. ചന്ദ്രൻചേട്ടന് കോവിഡൊന്നും വന്നില്ല, പക്ഷേ ആ കുളിരുംപനിയും അയാളെ വിട്ടുമാറാതെ നിലകൊണ്ടു. ചെല്ലനും പിന്നെയാ കരിമ്പൂച്ചയും ഏതാണ്ട് മൂന്നാഴ്‌ചയോളം ചന്ദ്രമണ്ഡലത്തിൽ ഭ്രമണം ചെയ്‌തുകൊണ്ടേയിരുന്നു...!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHA, WEEKLY, KATHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.