SignIn
Kerala Kaumudi Online
Wednesday, 21 August 2019 2.53 AM IST

സ്ത്രീകളുടെ സ്വയംഭോഗവും രതിമൂർച്ഛയും വിവാദങ്ങളും: ഡോക്ടർമാർക്ക് പറയാനുള്ളത്

social

സോഷ്യൽ മീഡിയയിൽ ലൈംഗികതയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി സ്ത്രീകൾ രംഗത്തെത്തിയിരിക്കുന്ന കാലമാണിത്. സ്ത്രീകളുടെ സ്വയംഭോഗത്തെയും രതിമൂർച്ഛയെയും കുറിച്ചുള്ള ചർച്ചകൾ അടുത്തകാലത്ത് വിവാദങ്ങളിലേക്ക് വഴിതെളിച്ചിരുന്നു. ഇതിനെ പിന്തുണച്ചും എതിർത്തും ഒട്ടേറെപേരാണ് രംഗത്തെത്തിയത്. ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഐ.എം.എയുടെ വെബ്സൈറ്റിലാണ് ഈവിഷയത്തിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ഐ.എം.എയുടെ പോസ്റ്റ് ഇങ്ങനെ

സ്ത്രീകളുടെ സ്വയംഭോഗവും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

ശ്രീലക്ഷ്മി അറയ്ക്കൽ എന്ന യുവതി ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ വൈറലാണ്. സ്ത്രീകളിലെ സ്വയംഭോഗത്തെപ്പറ്റിയാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത്. ശ്രീലക്ഷ്മി സ്വാനുഭവം മുൻനിറുത്തി എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഒട്ടേറെ തർക്കവിതർക്കങ്ങൾ നടക്കുന്നുണ്ട്. രതി എന്നതുപോലെതന്നെ സ്വയംഭോഗവും തികച്ചും വ്യക്തിപരവും വ്യക്ത്യധിഷ്ഠിതവുമായ കാര്യമാണ്. ഒരാള്‍ക്ക് രതിയിൽ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം പോലെതന്നെയാണ് സ്വയംഭോഗം ചെയ്യാനുള്ള സ്വാതന്ത്ര്യവും. രതിയെപ്പറ്റി സമൂഹത്തിൽ പല തെറ്റായ ധാരണകളും നിലനിൽക്കുന്നതുപോലെതന്നെ സ്വയംഭോഗത്തെപ്പറ്റിയും തെറ്റിദ്ധാരണകളുണ്ട്. എന്താണ് സ്വയംഭോഗമെന്നും ലൈംഗികാരോഗ്യവും സ്വയംഭോഗവും തമ്മിലുള്ള ബന്ധമെന്തെന്നും പരിശോധിക്കാം.

രണ്ടു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾ തങ്ങളുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നതും അതുപയോഗിച്ച് വിവിധതരത്തില്‍ കളിക്കാൻ ശ്രമിക്കുന്നതും വളർച്ചയുടെ ഘട്ടങ്ങളിൽ സ്വാഭാവികമാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തും സ്പർശം നല്‍കുന്ന അനുഭവം കുട്ടികൾഅറിഞ്ഞുതുടങ്ങുന്നത് ഇങ്ങിനെയാണ്. ലൈംഗികാവയവത്തിലാകുമ്പോൾ അത് ചിലപ്പോൾ കുറച്ചുകൂടി രസകരമാകും. സ്വയംഭോഗത്തിന്റെ തുടക്കവും ഇവിടെയാണ്. എന്നാൽ മുതിർന്നവര്‍ ഇതിനെ എന്തോ അപരാധമെന്ന രീതിയിൽ കാണുകയും കുട്ടികളെ വഴക്കുപറയുകയും ചെയ്യുന്നു. ഇതോടെ ആ ‘രസം’ തെറ്റായ ഒന്നായി കുട്ടികൾക്കു തോന്നുകയും അവർ ആശങ്കയിലാകുകയും ചെയ്യും. മതപരമായ ചില ചിന്തകളും ഇതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള കാരണമാണ്.


ഒരു കുട്ടിയുടെ ശാരീരികവും മാനസ്സികവുമായി വളർച്ചപോലെതന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക വളർച്ചയും. അതിന്റെ ഭാഗംകൂടിയാണ് ഇത്തരം പ്രവൃത്തികൾ. കൊച്ചുകുട്ടികൾ മറ്റുള്ളവരുടെ മുന്നിൽവെച്ച് ലൈംഗികാവയവത്തിൽ പിടിക്കുന്നതുംമറ്റും മാതാപിതാക്കളിലും കണ്ടുനില്‍ക്കുന്നവരിലുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾമാത്രമാണ് ഇവിടെ പ്രശ്നമാകുന്നത്.

എന്താണ് സ്വയംഭോഗം?

പുരുഷന്മാരിൽ സർവസാധാരണവും സ്ത്രീകളിൽ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങൾ സ്വയം ഉത്തേജിപ്പിച്ച് രതിമൂർച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂർഛ അനുഭവിക്കാൻ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വയംഭോഗം ചെയ്തില്ലെന്നുകരുതി കുഴപ്പമൊന്നും സംഭവിക്കാനുമില്ല.

സ്വയംഭോഗം ഒരു സാധാരണ സ്വഭാവമാണോ?

മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാൽ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിൽ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.

സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നത് മോശം കാര്യമാണോ?

വിദേശസിനിമകളിലും മറ്റും സ്ത്രീകളുടെ സ്വയംഭോഗം സാധാരണമായി കാണാറുണ്ട്. പക്ഷേ, ഇന്ത്യയിൽ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്കാരത്തിൽ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവർ ഭയക്കുന്നു. വേണ്ടത്ര രതിമൂർച്ഛ ലഭിച്ചില്ലെങ്കിൽപോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാൽ പറയുന്നവർ സംസ്കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും.

സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികൾ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെൻസിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്.

സ്ത്രീകൾക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാൻ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതിൽ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാൻ സ്വയംഭോഗം ഉപകരിക്കും.

സ്വയംഭോഗം സ്ത്രീകൾക്ക് ഹാനികരമാണോ?

അല്ലേയല്ല. ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കാതിരിക്കുക.

സ്ത്രീകൾ ദിവസവും സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമാണോ?

ചില സ്ത്രീകളിൽ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊർജ്ജത്തെ ഒരുതരത്തിലും ചോർത്തിക്കളയുകയോ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കിൽ അത് മാനസ്സിക സമ്മർദ്ദം വർധിക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയായി സ്വയംഭോഗം മാറുന്നു.

ഒരു സ്ത്രീയ്ക്ക് ആഴ്ചയിൽ എത്രതവണ സ്വയംഭോഗം ചെയ്യാം?

അത് ഓരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നവരും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവരും ഒരുതവണപോലും ചെയ്യാത്തവരുമുണ്ടാകും. ലൈംഗികപ്രവൃത്തികള്‍ സ്വാഭാവികമാണെങ്കിലും മറ്റെന്തുംപോലെ അധികമായാൽ അതും അപകടമാണ്. സ്വയംഭോഗതാല്‍പര്യം മറ്റു ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ക്രിയാത്മകമായ മറ്റ് പ്രവർത്തനങ്ങളിൽ നിന്നും വഴിതിരിച്ചുവിടുന്നുവെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കപ്പെടണം.

പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സ്വയംഭോഗം പകരമാകുമോ?

രണ്ടിനേയും രണ്ടായി കാണണം. ഒരു സ്ത്രീയെന്ന നിലയിൽ ശരീരത്തെ കൂടുതൽ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അപകടമാണ്.

സ്വയംഭോഗത്തെ പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്നത് ഇനിപ്പറയുന്ന സാഹചര്യങ്ങളിലാണ്:

പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോൾ

പങ്കാളി രോഗബാധിതനാണെങ്കിൽ

പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളിൽ

എപ്പോഴാണ് സ്ത്രീകളുടെ സ്വയംഭോഗം അനാരോഗ്യകരമാകുന്നത്?

മറ്റൊരാളുടെ അണുബാധയുള്ള ജനനേന്ദ്രിയത്തിൽ സ്പർശിച്ചശേഷം സ്വയംഭോഗം ചെയ്യുന്നതും യോനീഭാഗങ്ങളിൽ ശക്തമായി ഉരസുന്നതും മറ്റുള്ളവരുമായി ലൈംഗിക ഉപകരണങ്ങൾ പങ്കിടുന്നതും ലൈംഗികജന്യ രോഗങ്ങൾക്ക് കാരണമായേക്കാം.

സ്വയംഭോഗം സ്ത്രീകൾക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്?

വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ കൂടുതൽ ഉത്പാദിപ്പിക്കാനും ഇത് ഉപകരിക്കും. വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനത്തിനും ഉത്തമമാണ്.

സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളർത്താനും സ്വയം ബോധവല്‍ക്കരണത്തിനും സഹായകമാണ്. ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്.

പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതൽ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂർഛ ലഭിക്കുന്നപക്ഷം അത് ഹൃദ്രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും.

സ്ത്രീകളിലെ രതിമൂർഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും. രക്തചംക്രമണവും ഹൃദയമിടിപ്പും വർധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.

ആർത്തവ വിരാമം സംഭവിച്ചവരിൽയോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാൽ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാൽ ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വർധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും.

അമിത സ്വയംഭോഗത്തിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്?

കൂടുതലായി ഉരസലുണ്ടാകുന്നത് ലൈംഗികാവയവങ്ങൾ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകൾക്കും വഴിതെളിക്കും.

പങ്കാളിയുമായുള്ള അകൽച്ചയ്ക്ക് വഴിതെളിക്കും.

ഒരേതരത്തിലുള്ള തുടർച്ചയായ സ്വയംഭോഗം, രതിമൂർഛയിലെത്താന്‍ അതുമാത്രമേ മാർഗമുള്ളൂ എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.

അമിതമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിങ്ങൾക്ക് അതൊരു വേദനയാകുമ്പോൾ

മറ്റു കാര്യങ്ങളിൽ നിന്നെല്ലാം മാറി ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുമ്പോൾ

പങ്കാളിയുമായുള്ള ലൈംഗികബന്ധത്തിൽ നിന്ന് പൂര്‍ണമായും മാറി സ്വയംഭോഗത്തിൽ മാത്രം സുഖം കണ്ടെത്തുമ്പോൾ

സ്വയം സ്ഥിരമായും വല്ലാതെയും മുറിവേല്‍പിക്കുമ്പോൾ

സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ സമയമുണ്ടായിട്ടും സ്വയം സന്തോഷം കണ്ടെത്താനാണ് ശ്രമമെങ്കിൽ

അമിത ലൈംഗികാസക്തിയുള്ളതായി തോന്നുകയും സ്വയം സന്തോഷിപ്പിക്കാനുള്ള ത്വരയുമായി പോരാടുകയും ചെയ്യേണ്ടിവരുമ്പോൾ

ജനനേന്ദ്രിയത്തിൽ വേദന, വരൾച്ച, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുമ്പോൾ

അമിത സ്വയംഭോഗം തടയാൻ എന്തു ചെയ്യണം?

അത്തരമൊരവസ്ഥയിൽ ചികിത്സ തന്നെയാണ് വേണ്ടത്. ഒരു ഡോക്ടറെ കണ്ട് സംസാരിക്കുക. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ചികിത്സ തേടുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.