തിരുവനന്തപുരം : ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം കൊവാക്സിന്റെ 97500 ഡോസ് ഇന്നലെ തിരുവനന്തപുരത്ത് എത്തി. ഇത് റീജിയണൽ വാക്സിൻ സ്റ്റോറിലേക്ക് മാറ്റി.ആവശ്യമുള്ള ജില്ലകൾക്ക് ഇന്ന് വിതരണം ചെയ്യും. നാളെ മുതൽ കുത്തിവയ്പ്പ് വീണ്ടും തുടങ്ങും.
കൊവാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നതോടെ രണ്ടാം ഡോസ് എടുക്കേണ്ടവർ പ്രതിസന്ധിയിലായിരുന്നു. അതേസമയം, ഇന്നലെ കൊവിൻ വെബ്സൈറ്റിലൂടെ കൊവാക്സിൻ രണ്ടാം ഡോസ് കുത്തിവയ്പ്പിനുള്ള സ്ലോട്ടുകൾ തുറന്നു. മിനിട്ടുകൾക്കുള്ളിൽ എല്ലാം കാലിയായി. അതേസമയം കൂടുതൽ കൊവീഷീൽഡും സംസ്ഥാനത്ത് എത്തി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീൽഡും കേന്ദ്രം അനുവദിച്ച ആറു ലക്ഷം ഡോസ് കൊവീഷീൽഡാണ് വെള്ളിയാഴ്ച എത്തിയത് . ഇത് കൂടാതെ കേന്ദ്രം ലഭ്യമാക്കിയ 1,55,650 ഡോസ് കൊവീഷീൽഡും ഇന്നലെ എത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി വിതരണം ചെയ്യാൻ തുടങ്ങി. കൊവിഷീൽഡിന്റെ സ്റ്റോക്കും സംസ്ഥാനത്ത് പരിമിതമായിരുന്നു. ജൂലായ് മുതൽ ആവശ്യാനുസരണം മുടക്കമില്ലാതെ വാക്സിൻ ലഭ്യമാക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടാൽ സംസ്ഥാനത്ത് വാക്സിനേഷനായുള്ള കാത്തിരിപ്പ് ഒഴിവാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടൽ.
വാക്സിൻ കണക്ക്
ഇതുവരെ ലഭിച്ചത് 1,21,75,020 ഡോസ്
സംസ്ഥാനം വാങ്ങിയത് 13,42,540
കൊവീഷീൽഡ് 12,04,960
കൊവാക്സിൻ 1,37,580
കേന്ദ്രം നൽകിയത് 1,08,32,480
കൊവീഷീൽഡ് 97,90,330
കൊവാക്സിൻ 10,42,150
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |