SignIn
Kerala Kaumudi Online
Saturday, 20 April 2024 8.29 PM IST

കളഭവും സുഗന്ധവും തന്ന രമേശൻ നായർ

s-rameshan-nair

ചന്ദനത്തിന്റെയും തുളസിയുടെയും സുഗന്ധം നമുക്കിഷ്ടമാണ്. രണ്ടിലുമുണ്ട് ഒരു ആത്മീയ സൗരഭം. ചന്ദനം വിഗ്രഹങ്ങളിൽ മുഴുക്കാപ്പിന് ഉപയോഗിക്കും. ഭക്തജനങ്ങൾ പ്രസാദമായി നെറ്റിയിലണിയുന്നു. തുളസിപ്പൂമാല ദേവീദേവന്മാർക്ക് പ്രിയങ്കരം. സ്‌ത്രീകൾ അത് മുടിച്ചാർത്തിൽ വിശുദ്ധിയുടെ പ്രതീകമായി ചൂടുന്നു. അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻനായരുടെ വാങ്‌മയങ്ങളിൽ ഈ രണ്ടു സുഗന്ധവും നമുക്ക് അനുഭവിക്കാനാകും.

തമിഴും മലയാളവും സംസ്‌കൃതവും ഒരുപോലെ ഹൃദിസ്ഥമായിരുന്നു രമേശൻ നായർക്ക്. ആഴമേറിയ കവിതകളും ഈണത്തിനും മുകളിൽ തല ഉയർത്തിനിൽക്കുന്ന ഗാനങ്ങളും ഒരേപോലെ രചിക്കാനായത് വിപുലമായ പദശേഖരം സ്വന്തമായുള്ളതു കൊണ്ടാണ്. കവിതയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാനങ്ങളിലും നാടകങ്ങളിലും ലേഖനങ്ങളിലും സർഗമുദ്ര പതിപ്പിച്ചു. പന്ത്രണ്ടാംവയസിൽ തുടങ്ങിയ കവിതാപ്രണയം മലയാളത്തിന് കഴമ്പുള്ളതും വ്യത്യസ്തവുമായ നിരവധി കാവ്യസമാഹാരങ്ങൾ സമ്മാനിച്ചു. ജന്മപുരാണം എന്ന കാവ്യാഖ്യായിക രചിച്ചത് യൗവന കാലത്ത്. തമിഴും മലയാളവും കൈകോർത്തു നിൽക്കുന്ന കന്യാകുമാരി ജില്ലയിലെ കുമാരപുരത്തു ജനിച്ച കവിക്ക് രണ്ടു ഭാഷകളിലെയും ക്ളാസിക് കൃതികളുമായി ഉറ്റബന്ധമായിരുന്നു. തിരുവള്ളുവരുടെ തിരുക്കുറൽ, ഇളങ്കോവടികളുടെ ചിലപ്പതികാരം എന്നിവയുടെ വിവർത്തനം മലയാളത്തെ അണിയിച്ച രത്നഹാരങ്ങളാണ്. അറുനൂറോളം സിനിമാഗാനങ്ങൾ, മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ. ഇതിൽ വനമാല, മയിൽപ്പീലി, പുഷ്‌പാഞ്ജലി എന്നിവയിലെ ഗാനശേഖരങ്ങൾ ഭക്തജനങ്ങളുടെ നാവിലും മനസിലും മായാതെ നിൽക്കുന്നവ. ഉള്ളൂർ, ഇടശ്ശേരി, കുമാരനാശാൻ, പൂന്താനം, കേരള പാണിനി പുരസ്കാരങ്ങൾ, കേന്ദ്ര - കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ, തമിഴ്‌നാട് സർക്കാരിന്റെ വിശിഷ്ട സാഹിത്യ പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

ഭക്തിഗാനങ്ങളുടെയും ചലച്ചിത്ര ഗാനങ്ങളുടെയും പെരുമയിലും പൊലിമയിലും മനസിലെ കെടാവിളക്കായ കവിതയെ അദ്ദേഹം ജീവിതത്തിന്റെ പൂമുഖവാതിൽക്കൽ തന്നെ പ്രതിഷ്ഠിച്ചു.

യുഗപുരുഷനായ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദാർശനിക കൃതികളും ഇനിയുമെത്രയോ നൂറ്റാണ്ടുകൾക്ക് പഠിക്കാനും വ്യാഖ്യാനിക്കാനുമുള്ളവ. മാത്രമല്ല അനശ്വരമായ മുഹൂർത്തങ്ങൾ നിറഞ്ഞ അറിവിന്റെ ആഴമേറിയ ഖനികളുമാണ്. ഹൃദയം കൊണ്ടും ചിന്ത കൊണ്ടും അതിലേക്കടുക്കാൻ അപൂർവം പേരേ ശ്രമിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

കെ. സുരേന്ദ്രൻ, പെരുമ്പടവം ശ്രീധരൻ, കെ.പി. അപ്പൻ, എസ്. രമേശൻനായർ എന്നിവർ അതിലെ ചില ദിവ്യമുഹൂർത്തങ്ങളെ സർഗാത്മകതയിൽ ചാലിച്ച് കൃതികൾ രചിച്ചു. അവ അമൂല്യ കൃതികളുമായി. രമേശൻനായരുടെ മാസ്റ്റർപീസെന്നു പറയാവുന്നത് ഗുരുപൗർണമി എന്ന കൃതിയാണ്. ഗുരുവിന്റെ ജീവിതവും ദർശനവും 25 അദ്ധ്യായങ്ങളിലായി അദ്ദേഹം ഈ കൃതിയിൽ കാവ്യാത്മകമായി ആവിഷ്കരിച്ചു. 2018ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ കൃതി രചിച്ചശേഷം അനുഭവിച്ചറിഞ്ഞ ആത്മസംതൃപ്തി പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അളന്നു തീർക്കാൻ കഴിയാത്ത ആകാശം - തപസ്യ പോലെ നീണ്ട രചനാവേളയിൽ അനുഭവിച്ചു എന്ന കവിയുടെ സൂചന മതി ഗുരുചൈതന്യത്തിന്റെ ഉയരമറിയാൻ.

കേരളകൗമുദിയുമായി എക്കാലവും അടുത്ത ബന്ധമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. മലയാളത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആ വേർപാടുണ്ടാക്കിയ ദുഃഖത്തിൽ കേരളകൗമുദിയും പങ്കുചേരുന്നു. കവിതാപൂജാരി മറഞ്ഞെങ്കിലും ഗാനമാലകളിലെ തുളസിപ്പൂമണവും കാവ്യപ്രസാദത്തിലെ ചന്ദന സുഗന്ധവും നമുക്കൊപ്പമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.