SignIn
Kerala Kaumudi Online
Thursday, 25 April 2024 4.09 PM IST

കറുത്തവന്റെ ആഘോഷമായി ജൂൺ ടീൻത്

june-teenth

ഫെഡറൽ അവധിദിനമാക്കി ബൈഡൻ

കൊളോണിയൽ കാലം മുതൽ അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്തം എന്ന കറുത്ത വർഗീയ ഭീകരത എന്നന്നേക്കുമായി അവസാനിപ്പിച്ചതിന്റെ സ്മരണ പുതുക്കുന്ന ദിവസമാണ് ജൂൺ ടീൻത് എന്നറിയപ്പെടുന്ന ജൂൺ 19. 1865 ജൂൺ 19നാണ്‌ ടെക്സസ്‌ ഗാൽവസ്‌റ്റണിൽ തടവിലാക്കപ്പെട്ട കറുത്ത വംശജരെ വിട്ടയക്കുന്നതായി സൈന്യം പ്രഖ്യാപിച്ചത്‌. അടിമകളെ സ്വതന്ത്രരാക്കിക്കൊണ്ടുള്ള എബ്രഹാം ലിങ്കന്റെ പ്രഖ്യാപനത്തിന്‌ രണ്ടര വർഷം കഴിഞ്ഞായിരുന്നു ഇത്‌. ഇനിയാരും ആരുടെയും അടിമയല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ആഫ്രോ അമേരിക്കൻ ജനത ജൂൺ 19,​ ജൂൺടീൻത് ആയി ആഘോഷിച്ചു തുടങ്ങി. വിമോചനദിനം, അമേരിക്കയുടെ രണ്ടാം സ്വാതന്ത്ര്യ ദിനം എന്നും ജൂൺടീൻത് അറിയപ്പെടുന്നു. കഴിഞ്ഞ വർഷം കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ളോയിഡിനെ അമേരിക്കൻ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ലോകമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴായിരുന്നു ജൂൺടീൻത് ആഘോഷിച്ചത്.

കലാപത്തിന്റെ ഒടുവിലത്തെ രണ്ട് രക്തസാക്ഷികളാണ് ജോർജ് ഫ്ലോയിഡും റെയ്ഷാർഡ് ബ്രൂക്കും .

ഇക്കുറി ജോർജിന്റെ കൊലയാളികൾക്ക് കടുത്ത ശിക്ഷ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ലോകം.

എന്നാൽ ഇക്കുറി ജൂൺടീൻത് ശ്രദ്ധേയമാകുന്നത് ജോ ബൈഡൻ സർക്കാരിന്റെ അവധിദിന പ്രഖ്യാപനത്തോടെയാണ്.

അടിമത്തം അവസാനിപ്പിച്ചതിന്റെ ഓർമയ്ക്കായി ജൂൺ 19 ഫെഡറൽ ഹോളിഡേ ആയി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രതിനിധി സഭ 14ന് എതിരെ 415 വോട്ടിനാണ് ബിൽ പാസാക്കിയത്. പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തിനായി അയച്ചു. ബൈഡൻ ഒപ്പു വച്ചാലുടൻ ഇത് നിയമമാകും. സെനറ്റ് ബിൽ ഏകകണ്ഠമായി പാസാക്കിയിരുന്നു. 1983ൽ ‘മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ദിനം’ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പുതുതായി ഒരു അവധിദിനം തീരുമാനിക്കുന്നത്. ന്യൂയോർക്കിലടക്കം വിവിധ സ്റ്റേറ്റുകളിൽ ജൂൺടീൻതിന് പൊതു അവധിയായിരുന്നു. ദേശീയതലത്തിലെ പന്ത്രണ്ടാമത് അവധിദിനമാണിത്.

പ്രതീക്ഷയുടെ ആഘോഷം

അമേരിക്കയുടെ സാമൂഹ്യ ജീവിതത്തിൽ എല്ലാക്കാലത്തും കറുത്ത വർഗക്കാർ നിന്ദിതരും പീഡിതരുമായിരുന്നു. കൊളോണിയൽ കാലം മുതൽ നഗ്നമായ വംശീയകലാപം നിലനിൽക്കുന്നുണ്ട്. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ കാലത്ത് ഏകദേശം നാലു വർഷക്കാലം തെക്കനമേരിക്കയും വടക്കനമേരിക്കയും തമ്മിൽ നടന്ന വംശീയ കലാപം അമേരിക്കയുടെ ചരിത്രത്തിലെ രക്തരൂക്ഷിതമായ ആഭ്യന്തര കലാപമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1865 ഡിസംബറിൽ ഭരണഘടനയുടെ 13-ാം ഭേദഗതിയിലൂടെ അടിമത്തത്തിന് ലിങ്കൺ അടിവരയിട്ടു.

ആഫ്രോ അമേരിക്കൻ വംശജരുടെ 150 വർഷത്തോളം നീണ്ട കാത്തിരിപ്പിന്റെ കഥയാണ് ജൂൺടീൻതിന് പറയാനുള്ളത്. അടിമത്തത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നുള്ള മോചനദിനം ഫെഡറൽ അവധിയായി പ്രഖ്യാപിക്കണമെന്നത് അവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. അടുത്തിടെ നിരവധി ആക്ടിവിസ്റ്റുകൾ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ടെക്‌സസിലെ അടിമകളായ ആഫ്രിക്കൻ അമേരിക്കക്കാരുടെ വിമോചനത്തിന്റെ വിളംബരമായാണ് ദിനം ആചരിക്കുന്നത്. കറുത്തവർഗക്കാരെ അടിമകളായി പരിഗണിച്ചിരുന്ന വൃത്തികെട്ട രീതി അവസാനിപ്പിച്ച അവസാന സംസ്ഥാനമാണ് ടെക്‌സസ്. 1862ലെ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനു പിന്നാലെ 1865 ജൂൺ 19നായിരുന്നു ഇത് സംബന്ധിച്ച വിളംബരമുണ്ടായത്.

പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടിമകളെ സ്വതന്ത്ര രാക്കിക്കൊണ്ടുള്ള എമാൻസിപ്പേഷൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ചതോടെ ഭൂരിഭാഗം അടിമകളും സ്വാതന്ത്ര്യം പ്രാപിച്ചുവെങ്കിലും, ടെക്സസിൽ അടിമത്തം തുടരുകയായിരുന്നു. ലിങ്കന്റെ പ്രഖ്യാപനത്തിന് രണ്ടര വർഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തിന്റെ ചുംബനം തേടി ടെക്സസിലെ അടിമകൾ കാത്തിരുന്നു. അന്നത്തെ യൂണിയൻ ആർമി 1865 ജൂൺ 19 ന് ഗാൽവെസ്റ്റണിൽ എത്തിയാണ് അവസാന അടിമയേയും മോചിപ്പിക്കാൻ ഉത്തരവിട്ടത്.

അന്നു മുതൽ, ആഫ്രിക്കൻ അമേരിക്കക്കാർ ആ ദിവസം ജൂൺടീൻത് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു. ടെക്സസിൽ ഔദ്യോഗിക സംസ്ഥാന അവധിയാണ് ഈ ദിവസം. ഇത് 40 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്ടും അംഗീകരിച്ചിരുന്നു.


ഡൊണാൾഡ് ട്രംപും ജൂൺടീൻതും

കഴിഞ്ഞ വർഷം ജൂൺ 19ന് രാജ്യമെങ്ങും വംശീയ നീതിക്കായുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെ തിരഞ്ഞെടുപ്പ് റാലി നടത്താനുള്ള അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. കൂടാതെ, റാലിക്കായി തുൾസ തിരഞ്ഞെടുത്തതും വിവാദത്തിനിടയാക്കി. അമേരിക്കൻ ചരിത്രത്തിൽ കറുത്ത വംശജർക്കെതിരെ ഏറ്റവും നീചമായ ആക്രമണം നടന്ന സ്ഥലമാണ് തുൾസ. 1921ൽ ബ്ലാക്ക് വാൾസ്ട്രീറ്റ് എന്നറിയപ്പെടുന്ന തെരുവിൽ വെളുത്ത വർഗക്കാരായ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ 300ഓളം കറുത്ത വംശജരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങളും വീടുകളുമൊക്കെ തകർക്കപ്പെട്ടിരുന്നു.

എന്നാൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജൂൺടീൻത് റാലിയെ ട്രംപ് ന്യായീകരിക്കുകയാണുണ്ടായത്. ജൂൺ 19 ഒരു ആഘോഷദിനമാണ്. തിരഞ്ഞെടുപ്പ് റാലിയും ഒരു ആഘോഷമായി കരുതുക. രാഷ്ട്രീയ ചരിത്രത്തിൽ ഒരു പാർട്ടിയോ വ്യക്തിയോ ഇത്തരത്തിൽ റാലി സംഘടിപ്പിച്ചിട്ടില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ വാക്കുകൾ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. അമേരിക്കൻ ചരിത്രത്തിൽ തുൾസയുടെ പ്രാധാന്യത്തെ ട്രംപ് അവഹേളിച്ചുവെന്നായിരുന്നു ആരോപണം. ചരിത്രത്തോടുള്ള വെളുത്തവർഗ മേധാവിത്വവാദികളുടെ കണ്ണടയ്ക്കലാണിതെന്ന് അന്ന് സെനറ്ററായിരുന്ന കമലഹാരിസ് പ്രതികരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS SCAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.