SignIn
Kerala Kaumudi Online
Saturday, 20 April 2024 8.38 AM IST

കുടുംബാന്തരീക്ഷം സൗഹൃദപരമാവണം

ccc

പ്രണയാഭ്യർത്ഥന നിരസിക്കൽ, പ്രണയത്തിൽ നിന്നുള്ള പിന്മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന അതിവൈകാരികമായ പ്രതികരണങ്ങൾ യുവാക്കൾക്കിടയിൽ ദാരുണമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നത് ഏറെ ആശങ്കയോടെ വേണം കാണാൻ. സമൂഹത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ കരുതലും ഇടപെടലുകളും ഇത്തരം വിഷയങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്.

സോഷ്യൽമീ‌ഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കക്കും പരസ്പരം കൂടുതൽ ഇടപഴകലുകൾക്ക് ഇന്ന് അവസരമുണ്ട്. അവരുടേതായ പ്രൈവസി ലഭിക്കുന്ന ഇടങ്ങളിൽ കുട്ടികൾ കൂടുതൽ സജീവവുമാണ്. മാനസികവും സാമൂഹികവുമായ ഒരുപാട് മാറ്റങ്ങൾ ഈ സാഹചര്യം വിദ്യാർത്ഥികൾക്കിടയിൽ വരുത്തുന്നു. ആരോഗ്യകരമായ ഇടപഴകലുകൾക്ക് മാത്രമല്ല, അനാരോഗ്യകരമായ പ്രവണതകൾക്കും ഇതു വഴി വയ്ക്കുന്നുണ്ട്.

മാറിയ സാഹചര്യത്തിൽ, രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കൂടുതൽ സൂക്ഷ്മമായ ഇടപെടലുകൾ ഇക്കാര്യങ്ങളിലുണ്ടാവേണ്ടതുണ്ട്. സൗഹൃദപരമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഇതിൽ പ്രധാനം. കുട്ടികൾക്ക് തങ്ങളോട് എന്തും തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. പ്രണയം, പ്രണയാഭ്യർത്ഥന, പ്രണയാഭ്യർത്ഥയുടെ നിരാസം, പ്രണയത്തകർച്ച തുടങ്ങി എന്തു കാര്യമായാലും കുട്ടികൾക്ക് തുറന്നു പറയാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. അതു സഹപാഠികളിൽ നിന്നാണെങ്കിൽ പോലും. സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണമായാലും ഭീഷണിയായാലും ഗൗരവമായി എടുക്കണം. ഇത്തരം സന്ദർഭങ്ങളിൽ വിവേകപൂർണ്ണമായ ഇടപെടൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവണം. ആവശ്യമെങ്കിൽ നിയമസഹായവും തേടണം.

ശിഥിലമായ കുടുംബബന്ധങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. മാതാപിതാക്കൾ പിരിഞ്ഞോ സ്വരച്ചേർച്ചയില്ലാതെയോ കഴിയുന്ന സാഹചര്യം കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് തടസമാവും. കുട്ടികൾ യൗവനത്തിലേക്ക് കടക്കുമ്പോൾ പെരുമാറ്റത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഉൾവലിയുന്ന സ്വഭാവം, സാമൂഹ്യമായ ഇടപെടലുകളിൽ താത്പര്യമില്ലായ്മ എന്നിവ പരിശോധിക്കുകയും അതിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും വേണം. ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ഇന്ന് വ്യാപകമാണ്. ലഹരിക്കടിമയാവുന്നവരിൽ ഉൾവലിയൽ പ്രവണത വൻതോതിൽ കാണുന്നുണ്ട്. ഇത് തക്ക സമയത്ത് കണ്ടെത്താനും ചികിത്സയ്ക്ക് വിധേയമാക്കാനും സാധിക്കണം.

വിദ്യാർത്ഥിനികളെ സമപ്രായക്കാരോ സഹപാഠികളോ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ താക്കീത് കൊടുത്തു വിടാറാണ് പതിവ്. ഈ ശല്യം നിരന്തരമാവുകയോ അസ്വാഭാവികത പ്രതിഫലിക്കുന്നതാവുകയോ ചെയ്താൽ വിഷയം ഗൗരവമായി എടുക്കണം. പ്രതിസ്ഥാനത്തുള്ളവരുടെ സാമൂഹ്യപശ്ചാത്തലവും ജീവിതസാഹചര്യവും മാനസികനിലയും വിശദമായി പരിശോധിക്കണം. പ്രശ്നങ്ങളുള്ളവർക്ക് ചികിത്സയ്ക്കും കൗൺസലിംഗിനുമുള്ള സാഹചര്യമൊരുക്കണം. തങ്ങളുടെ ചെയ്തിയിൽ പ്രതിസ്ഥാനത്തുള്ളവർക്ക് യാതൊരു കുറ്റബോധവും കാണുന്നില്ലെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

കാലത്തിന്റേതായ മാറ്റങ്ങൾ ഏറ്റവുമധികം പ്രതിഫലിക്കുന്നത് യുവാക്കളിലാണ്. അതിൽ പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ടാവും. ഇവ തങ്ങളുടെ വ്യക്തിത്വവികാസത്തിനും ഭാവിജീവിതത്തിന്റെ വിജയത്തിനുമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവുകൾ നാം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. ഇതിൽ വലിയൊരു പങ്ക് വഹിക്കാനുള്ളത് രക്ഷിതാക്കൾക്കു തന്നെയാണ്.

ഡോ. ആഷിഷ് നായർ,​ എം.ഡി സൈക്യാട്രിസ്റ്റ്,​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MURDER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.